2011, സെപ്റ്റംബർ 19, തിങ്കളാഴ്‌ച

ആൾദൈവങ്ങളും,അനാചാരങ്ങളും

ആൾദൈവങ്ങൾക്കും,അനാചാരങ്ങൾക്കും ഒരു പഞ്ഞവുമില്ലാത്ത നാടാണു നമ്മുടേത്.സന്യാസിമാരും,സിദ്ധന്മാരും,ബീവിമാരും,ദേവിമാരും ഈ അടുത്തകാലത്തായി പെരുകിവരുന്നുണ്ട് ഇന്ത്യയിലും,വിശിഷ്യാ കേരളത്തിലും.പ്രണയസാഫല്യത്തിനും,സന്താന ലബ്ദിക്കും,സാമ്പത്തിക അഭിവൃദ്ധി ക്കുമായി ആൾദൈവങ്ങളുടെ വീട്ടുമുറ്റത്ത് ക്യു നിൽക്കുന്നവരെ കാണുമ്പോൾ ജനം ഇത്ര കൂരിരുട്ടിലായിപ്പോയതോർത്ത് അത്ഭുതം തോന്നാറുണ്ട്.ദു:ഖങ്ങളകറ്റാനും,രോഗം ശമനത്തിനും ജപിച്ചുകെട്ടിയ ചരടിനും,ഊതിക്കൊടുക്കുന്ന വെള്ളത്തിനും സാധിക്കുമെന്നുള്ള മൂഡവിശ്വാസം ജനങ്ങളിൽ എങ്ങനെ എത്തപ്പെട്ടു എന്നത് ഒരു പ0ന വിഷയമാക്കേണ്ട തർക്കമറ്റ കാര്യമാണ്.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും, പറയാനെങ്കിലും ഏറെ വ്യത്യസ്തമാണു കേരളം.വിദ്യാഭ്യാസം,സാക്ഷരത,ആരോഗ്യം തുടങ്ങിയ കാര്യങ്ങളിലൊക്കെ കേരളം മറ്റു സംസ്ഥാനങ്ങളേക്കാൾ ഏറെ മുന്നിലുമാണ്.ദൈവത്തിന്റെ സ്വന്തം നാടെന്ന് വിളംബരം ചെയ്യുന്ന കേരളത്തിൽ പിന്നെങ്ങനെ നാൾക്കുനാൾ ആൾദൈവങ്ങൾ പെരുകിവരുന്നു ? അന്ധവിശ്വാസങ്ങളും,അനാചാരങ്ങളും നാൾക്കുനാൾ വർദ്ധിക്കുന്നതെന്തുകൊണ്ട് ? സമൂഹത്തിലെ താഴെതട്ടിലുള്ളവർ മാത്രമല്ല,ഉന്നത സ്ഥാനത്തിരിക്കുന്ന ഉയർന്ന ഉദ്യോഗസ്ഥരും,രാഷ്ട്രീയനേതാക്കളുമൊക്കെ ഈ ആൾദൈവങ്ങളുടെ മുമ്പിൽ സാഷ്ടാംഗം നമിക്കുന്നതെന്തിന് ? ഈ വക കാര്യങ്ങളിൽ വിശ്വാസമില്ലാത്തവരുടെ മനസ്സിൽ ഏറെ സംശയങ്ങളുണർത്തി ഉയർന്നുവരുന്ന ചോദ്യങ്ങളാണിവ.

ജാതി,മതഭേദമില്ലാതെ,വിദ്യാഭ്യാസ യോഗ്യതകളോ സാമൂഹിക പദവികളോ നോക്കാതെ എല്ലാവിഭാഗങ്ങൾക്കിടയിലും അസംഖ്യം അന്ധവിശ്വാസങ്ങൾ രൂഡമൂലമായിരിക്കുന്നു.പണ്ട് സാമൂഹിക നവോത്ഥാനപ്രസ്ഥാനങ്ങളുടെ മുന്നേറ്റങ്ങളിൽ തൂത്തെറിയപ്പെടുകയോ ദുർബ്ബലപ്പെടുകയോ ചെയ്ത സർവ്വ അനാചാരങ്ങളും പൂർവ്വാധികം ശക്തിയോടെ കേരളത്തിൽ തിരിച്ചെത്തിയിരിക്കുന്നു.അതിന്റെ ഏറ്റവും വലിയ തെളിവ് പത്രമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന വിശ്വാസത്തട്ടിപ്പുകാരുടെ പരസ്യങ്ങളാണ്. ധന ആകർഷണഭൈരവയന്ത്രം മുതൽ ശത്രുസംഹാരയന്ത്രം വരെയുള്ള അസംഖ്യം മാന്ത്രിക താന്ത്രിക ഏലസുകളും ചരടും ഭസ്മവും വരെ ഇതിൽ ഉൾപ്പെടും.മുസ്ലീം സമുദായത്തെ ലക്ഷ്യമാക്കിക്കൊണ്ട് അറബിജ്യോതിഷം പോലുള്ള നൂതനവിശ്വാസത്തട്ടിപ്പുകളുമായി സിദ്ധന്മാരും,ബീവിമാരും അരങ്ങ് വാഴുന്നു.ജിന്ന് ബാധയുടെ പഴയ തട്ടിപ്പ് രീതി ഇപ്പോഴും അഭംഗുരം തുടരുകയും ചെയ്യുന്നു.

ആൾദൈവങ്ങളുടെ പ്രചാരണം സ്വയം ഏറ്റെടുത്ത്കൊണ്ട് ചില മാദ്ധ്യമങ്ങൾ നടത്തുന്ന പ്രചാരണപ്രവർത്തനങ്ങളാണു കേരളത്തിൽ അന്ധവിസ്വാസങ്ങളുടേയും അനാചാരങ്ങളുടേയും പുനസ്ഥാപനത്തിനു പ്രധാനപങ്കുവഹിച്ചതെന്ന വസ്തുത നാം ഇവിടെ തിരിച്ചറിയണം.പ്രമുഖ പത്രങ്ങളുടേയും ചാനലുകളുടേയും ഉടമസ്ഥരും അവയുടെ തലപ്പത്തുള്ളവരും ഈ ആൾദൈവങ്ങളുടെ നിത്യ സന്ദർശകരും,ആരാധകരുമാണെന്നതും പ്രസക്തമാണ്.

ഉൽകൃഷ്ടനായ മനുഷ്യന്റെ ചിന്താശേഷിയെയാണ് അന്ധവിശ്വാസങ്ങൾ നശിപ്പിക്കുക. അനാവശ്യ ഭയത്തിന്റെ അടിമയും കപടഭക്തിയുടെ ഉടമയുമാക്കി അത് മനുഷ്യനെ മാററും. നമ്മുടെ ഭരണാധികാരികൾ പല തീരുമാനമെടുക്കുന്നതും ശാസ്ത്രീയ കണ്ടുപിടിത്തങ്ങളും പരീക്ഷണങ്ങളും നടത്തുന്നതും സന്യാസിമാരുടെയും ജ്യോത്സ്യന്മാരുടെയും പ്രവചനങ്ങളെ അടിസ്ഥാനമാക്കിയാകാറുള്ളത് അതുകൊണ്ടാണ്.

ഇന്ത്യയിലെ ഒൻപതാം ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ന വ്യക്തി പ്രധാനമന്ത്രിയാകും എന്ന് അന്താരാഷ്ട പ്രശസ്തിയുള്ള ഒരു ജോത്സ്യൻ പ്രവചിച്ചിരുന്നു. പക്ഷേ അത് പുലർന്നില്ല. കൊടുങ്കാറ്റും,പേമാരിയും,സുനാമിയും തുടങ്ങിയ പ്രകൃതി ദുരന്തങ്ങളൊന്നും ഇന്നുവരെ ഒരു ജ്യോത്സനോ,സിദ്ധനോ,ബീവിയോ,തങ്ങളോ പ്രവചിച്ചിട്ടില്ല.സ്വന്തം അച്ഛന്റെ മരണം പോലും കേരളത്തിലെ ഒരു ആൾദൈവം അറിഞ്ഞത് വിദേശത്തായിരിക്കുമ്പോഴാണ്.ഒന്നും മുൻകൂട്ടി അറിയാനുള്ള കഴിവ് ഇവർക്കൊന്നുമില്ല.എന്നിട്ടും ഇവരുടെ ആരാധകർക്ക് അതൊന്നും തിരിച്ചറിയാൻ കഴിയുന്നില്ല.ജ്യോത്സ്യന്മാരും, ബീവിമാരും, തങ്ങന്മാരും അവരുടെ ആത്മീയ കച്ചവടം ഇപ്പോഴും പൊടി പൊടിക്കുകയാണ്.

ഏർവാടിയിൽ വർഷങ്ങൾക്കു മുമ്പുണ്ടായ തീപിടിത്തത്തിൽ ഇരുപത്തിമൂന്ന് മനുഷ്യർ ഒന്നു പിടയാൻ പോലുമാവാതെ ചങ്ങലയിൽ കിടന്ന് വെന്തുമരിച്ചു.എന്നിട്ട് ഏർവാടിയിലെ ജാറ വ്യവസായത്തിന് ഒരു ക്ഷീണവും സംഭവിച്ചില്ല .വരുമാനം കുറഞ്ഞില്ല. അന്ധവിശ്വാസം മനുഷ്യന്റെ ചിന്താശേഷിയെ നശിപ്പിക്കുമെന്നുള്ളതിനു ഏറ്റവും നല്ല ഉദാഹരണം തന്നെയാണിത്. ശാസ്ത്രീയമായ വളർച്ചകൊണ്ടും, ഭൗതികമായ പുരോഗതി കൊണ്ടും അന്ധവിശ്വാസങ്ങൾ ഇല്ലാതാകുന്നില്ല എന്നത് തീർത്തും ഖേദകരം തന്നെയാണ്.

യാഥാസ്ഥികരായ മുസ്ലിംകൾക്കിടയിൽ ഏറെ പ്രചാരമുള്ള ഒരു തട്ടിപ്പ് രീതിയാണ് ഖബർ കെട്ടിപ്പൊക്കിയുള്ള ആരാധന.മുക്കിനു മുക്കിനു ഖബറുകൾ കെട്ടി ഉയർത്തി ഇന്നു ഇതൊരു വ്യവസായമായി മാറിയിരിക്കുന്നു.നിഷ്കളങ്കരായ വിശ്വാസികളുടെ ദുർബല മനസ്സിനെ ചൂഷണം ചെയ്യുന്ന ഇത്തരം തട്ടിപ്പുകളെ തിരിച്ചറിഞ്ഞു ഒറ്റപ്പെടുത്താനോ പ്രതിഷേധിക്കാനോ ആ‍രുമില്ലാതെ പോകുന്നതാണ് കഷ്ടം. സ്വയം തിരിച്ചറിഞ്ഞു ഇത് പോലുള്ള അന്ധവിശ്വാസങ്ങളിൽ നിന്നും,ആൾദൈവങ്ങളിൽ നിന്നും പിൻവലിയാൻ നമുക്കെത്ര വേഗം കഴിയുന്നുവോ അത്രയും വേഗം നാം നാശത്തിന്റെ വക്കിൽ നിന്നും മോചിതരാകും.അങ്ങനെയൊരു നല്ല നാളെയുടെ പുലരിക്ക് വേണ്ടി നമുക്ക് കാത്തിരിക്കാം...
---------------------------------------------------------------

2011, ജൂലൈ 21, വ്യാഴാഴ്‌ച

മാതൃസ്പര്‍ശം

കനം തൂങ്ങിനിൽക്കുന്ന കറുത്ത ആകാശം
അതിരുകൾ അറുത്ത്
അതിവേഗം തുഴഞ്ഞുപായുന്ന മിന്നൽ
ജാലകം തകർക്കുന്ന
ഇടിമുഴക്കത്തിന്റെ ഘോരശബ്ദം
തിമർത്ത് പെയ്യുന്ന പെരുമഴ
അകം പുറം തിരിച്ചറിയാത്ത കൂരിരുട്ട്
കിനാവെട്ടം വീഴാത്ത മയക്കത്തിലായിരുന്ന
എന്റെ നെറ്റിത്തടത്തിൽ പതിഞ്ഞത്
ശോഷിച്ച കൈവിരലുകൾ

കാലവർഷത്തിന്റെ ബീഭത്സരൂപം
താണ്ഡവമാടുന്ന അർദ്ധയാമം
ചായ്പിൽ പണ്ടെങ്ങോ തൂക്കിയിട്ട
നേർച്ചഡബ്ബയിൽ
നാണയത്തുട്ടുകളുടെ കിലുക്കം
കൂരിരുട്ടിൽ അകന്നുപോകുന്ന
അവ്യക്തമായ പദനിസ്വനം

പുറത്ത് കോരിച്ചൊരിയുന്ന പേമാരി
അകത്ത് തലയണ ചാലുകീറിയൊഴുക്ക്
അകന്ന കമ്പിളിപ്പുതപ്പ് നേരെയാക്കി
ആശ്വാസിപ്പിച്ച് തലോടിയ നിഴൽ രൂപം

മേൽക്കൂര ചോർന്നൊലിച്ച പഴയ ഓർമ്മയിൽ
അടുക്കള വാതിൽക്കൽ അലൂമിനിയപ്പാത്രം വെച്ചു
സുഭിക്ഷമായ താവളത്തിലേക്ക്
ഇപ്പോൾ സുഗന്ധം വിതറി കടന്നുപോയത്
തീർച്ചയായും, അത് ഉമ്മ തന്നെയാവണം

ആറടിമണ്ണ് തുളച്ച്
ഒലിച്ചിറങ്ങിയ മഴ
മണ്ണരിച്ച അസ്ഥിയിൽ തട്ടിയപ്പോൾ
ഉമ്മയുടെ ആത്മാവ് ഓർത്തു കാണും
ഓരോ പുതുമഴയ്ക്കും
പനിച്ചു വിറയ്ക്കാറുള്ള ഈ മകനെ.

2011, ജൂലൈ 5, ചൊവ്വാഴ്ച

സ്ത്രീ പീഡനം ‘കേരളാ മോഡൽ’

ഒരച്ഛൻ സ്വന്തം രക്തത്തിൽ പിറന്ന നാലുവയസ്സുള്ള കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച വാർത്ത ഇക്കഴിഞ്ഞ ദിവസം പത്രത്തിൽ വായിച്ചതാണു ഇങ്ങനെയൊരു ലേഖനത്തിനു പ്രചോദനമായത്. കളിപ്പാട്ടം കൊടുത്ത് കൊഞ്ചിക്കേണ്ട കൈകൾ കാമചേഷ്ടകൾ കാട്ടി തൃപ്തിയടയുന്ന വൈരുദ്ധ്യം. നാൽക്കാലികൾക്ക് തുല്യമായി മലയാളി മാറിക്കഴിഞ്ഞിരിക്കുന്നു എന്നതിനു ഏറ്റവും നല്ല ഉദാഹരണമാണിത്. തിരിച്ചറിയാനുള്ള മസ്തിഷ്കം പോലും മരവിച്ചുപോയ മനുഷ്യന്റെ ഈ കറുത്തലോകത്തേക്കുള്ള തിരിച്ചുപോക്ക് ഏറെ ഗൗരവത്തോടെ പൗരസമൂഹം വീക്ഷിക്കേണ്ടിയിരിക്കുന്നു.

സ്ത്രീപീഡനം ഇന്നൊരു വാർത്ത അല്ലാതായിരിക്കുന്നു.മൂന്നും നാലും പീഡന വാർത്തകളാണ് ഓരോ ദിവസവും പത്രങ്ങളിലൂടെ നാം അറിയുന്നത്.പീഡന വാർത്തകളില്ലാതെ പത്രങ്ങൾ ഇപ്പോൾ ഒറ്റദിവസം പോലും പുറത്തിറങ്ങാറില്ല എന്നതാണു സത്യം.

അച്ഛൻ മകളെ പീഡിപ്പിക്കുക, പിന്നീട് പലർക്കും കാഴ്ചവെച്ച് പണം സമ്പാദിക്കുക,
സ്വന്തം അമ്മയെ മാനഭംഗപ്പെടുത്താൻ കൂട്ടുകാരനെ കൊണ്ടുവന്നു സൗകര്യം ഏർപ്പെടുത്തിക്കൊടുക്കുക,
സഹോദരനും,കൂട്ടുകാരും ചേർന്നു സഹോദരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കുക..
കേൾക്കുമ്പോൾ തന്നെ അറപ്പുളവാക്കുന്ന ഇത്തരം സംഭവങ്ങൾ കേരളത്തിൽ ഇപ്പോൾ നിത്യവാർത്തകളാണ്. ഈ വാർത്തകൾക്കൊന്നും കൂടുതൽ ആയുസ്സുണ്ടാവാറില്ല.നാളെ വീണ്ടും പുതിയ പീഡനവാർത്തകൾ ഉണ്ടാകുമ്പോൾ ഇന്നത്തെ വാർത്തയുടെ ബാക്കി കഥകൾ വായനക്കാർ അറിയാറില്ല.അതിനവർക്ക് താല്പര്യവുമില്ല..കൈക്കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധകള്‍ വരെ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാവുന്നുണ്ട്. ബസ്സിലും ,റോട്ടിലും,ഓഫീസിലും,വിദ്യാലയങ്ങളിലും മാത്രമല്ല സ്വന്തം വീട്ടില്‍ പോലും പെണ്‍കുട്ടികള്‍ സുരക്ഷിതരല്ല എന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്.സാക്ഷര സുന്ദര കേരളത്തില്‍ സ്ത്രീ പീഡനം വര്‍ദ്ധിച്ചു വരുന്നു.ഭാര്യയും ഭര്‍ത്താവും ഒന്നിച്ചു വേശ്യാലയം നടത്തുന്നതും, മകളെ കൂട്ടിക്കൊടുക്കുന്ന പിതാക്കന്മാരും, വായിച്ചു മറന്നു കളയാനുള്ള വാര്‍ത്തകള്‍ മാത്രം.നിത്യേനയുള്ള സംഭവമായതിനാൽ ചരമകോളം പോലെ പീഡനകോളവും പത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്ന കാലം ഇനി വിദൂരമല്ലെന്നു തന്നെ പറയാം.

സൂര്യനെല്ലി പെൺവാണിഭമാണ് കേരളത്തെ പിടിച്ചുകുലുക്കിയ പ്രഥമ സ്ത്രീപീഡനമെന്നാണോർമ്മ.സൂര്യനെല്ലിയും,ശേഷം വിതുര പെൺവാണിഭവും മാധ്യമങ്ങൾ മാസങ്ങളോളം പരമ്പരയായി കൊണ്ടാടിയിരുന്നു.രണ്ടു സംഭവങ്ങളിലും കേരളത്തിലെ രാഷ്ട്രീയ,സാംസ്കാരിക രംഗത്തെ പ്രമുഖരായ പലരും പ്രതിപ്പട്ടികയിലുൾപ്പെട്ട വാർത്ത അന്നു കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ചു. എന്നിട്ടോ ... ഈ പ്രമുഖർക്കൊന്നും ഒരു പോറലുമേറ്റില്ല. ഇന്നും അവരൊക്കെ കൂടുതൽ അന്തസ്സോടെ വെല്ലുവിളിച്ചവരെയൊക്കെ കൊഞ്ഞനം കാട്ടി സമൂഹത്തിൽ തലയുയർത്തി നടക്കുന്നുമുണ്ട്.

കേരളത്തിലെ ഇതുവരെ നടന്ന ഏതൊരു സ്ത്രീപീഡനത്തിന്റെ കാര്യമെടുത്താലും വളരെ വ്യക്തമായി കാണാം.പീഡിപ്പിക്കുന്നവരൊക്കെ പ്രശസ്തരും,സമൂഹത്തിൽ ഏറെ സ്വാധീനമുള്ളവരുമാണെന്ന്.പീഡനത്തിനു വിധേയരാകുന്ന പെൺകുട്ടികൾ സമൂഹത്തിലെ ഏറെ താഴെതട്ടിലുള്ളവരും,നിർധനരും,ഇടത്തരക്കാരുമാണ്.
അഴിമതിയിലൂടെ സമ്പാദിച്ച കോടികളുടെ പുറത്ത്, വീർത്ത വയറുമായി അടയിരിക്കുന്നവർ വാർദ്ധക്യകാലത്തെ ലൈംഗിക തൃഷ്ണ ശമിപ്പിക്കാനുള്ള ആവേശത്തിൽ ചാടിപ്പുറപ്പെട്ട് കുടുങ്ങുന്നതാണു മുകളിൽ പരാമർശിച്ച രണ്ടു സംഭവങ്ങളിലും കാണാൻ കഴിഞ്ഞത്.
ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന പല സ്ത്രീപീഡനക്കേസുകളിലും ഒട്ടേറെ പ്രമുഖരുടെ പേരുകൾ പറഞ്ഞു കേൾക്കുന്നുമുണ്ട്.

കൂത്താടാനും,കൂടെ കിടക്കാനും തരുണീമണികളെ ലഭിക്കാൻ പഞ്ഞമുള്ള നാടല്ല നമ്മുടെ ഇന്ത്യ.നോട്ടുകെട്ടുകളെറിഞ്ഞാൽ ബോളിവുഡ്ഡിലേയും,കോളിവുഡ്ഡിലേയുമൊക്കെ തൊലിവെളുത്ത അതിസുന്ദരിമാർ നിശാശയനത്തിനായി ഏതുസമയവും തയ്യാറായി വരുമെന്നുള്ളതും വലിയ രഹസ്യമായ കാര്യവുമല്ല. എന്നിട്ടും,പിന്നെന്തിനു ഈ പട്ടിണിക്കോലങ്ങളുടെ വരണ്ടചർമ്മത്തിൽ കാമമിറക്കാൻ സമ്പന്നരും,പ്രശസ്തരും മുന്നിട്ടിറങ്ങുന്നു എന്നത് ഒരു കൗതുകമായ ചിന്തയിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്നു.
തീർച്ചയായും ഉറപ്പിച്ചു പറയണം.. ചുളിവിൽ കിട്ടുന്നതെന്തും സ്വന്തമാക്കാനും,ആസ്വാദിക്കാനുമുള്ള മലയാളിയുടെ പാരമ്പര്യശീലം ഈ കാര്യത്തിലും ആവർത്തിക്കുന്നു എന്നു തന്നെ...

സ്ത്രീ ലക്ഷ്മിയാണ്,അമ്മയാണ്,സഹോദരിയാണ്,എന്നൊക്കെയുള്ള ആപ്തവാക്യം നിറഞ്ഞസദസ്സിനു മുന്നിൽ വാതോരാതെ ഉരുവിടുന്നവർ തരം കിട്ടിയാൽ ‘അമ്മയേയും,സഹോദരിയേയും‘ വേഴ്ചക്ക് വിധേയമാക്കുന്ന നാൽക്കാലിയുടെ നാണം കെട്ട സംസ്കാരത്തിലേക്ക് എത്തപ്പെട്ട് പോയതിന്റെ കാരണം ഇതുവരെ ആരും ഒരു പoന വിഷയമാക്കിയതായി കേട്ടിട്ടില്ല.

അർദ്ധരാത്രി അമ്മയുടെ അരികിൽ നിന്നും പിഞ്ചുപൈതലിനെ പൊക്കിയെടുത്ത് കൊണ്ടുപോയി ക്രൂരമായി പിച്ഛിച്ചീന്തിയതും,സെമിത്തേരിയിൽ അടക്കം ചെയ്ത മൃതദേഹം തോണ്ടിയെടുത്ത് കാമദാഹം തീർത്തതും,അയൽവാസിയായ പെൺകുട്ടിയെ അച്ഛനും,മകനും ഒരുപോലെ പീഡിപ്പിച്ച വിചിത്ര സംഭവവും കേരളത്തിൽ നിന്നും മാത്രം കേട്ട ചില വാർത്തകളാണ്.സുന്ദരിയായ നവവധുവിനെ വീട്ടിലിരുത്തി യാത്രക്കാരിയായ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോക്കാരനും കേരളത്തിന്റെ സന്തതി.ഏതാനും വിദ്യാർത്ഥിനികളെ ഭീഷണിപ്പെടുത്തി മാസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച പ്രൊഫസർമാരും കേരളത്തിനു സ്വന്തം.മലയാളിയുടെ ഈ മനോവൈകല്യം മന്ത്രി തൊട്ട് മണൽതൊഴിലാളി വരെയുള്ളവരെ ഒരുപോലെ ബാധിച്ചിരിക്കുന്നു. സ്ത്രീകളെ പീഡിപ്പിക്കുന്ന കാര്യത്തിൽ ഭരണപക്ഷമോ പ്രതിപക്ഷമോ എന്ന ഭേദമില്ല.തൊഴിലാളി മുതലാളി വ്യത്യാസമില്ല.ഇക്കാര്യത്തിൽ എല്ലാവരും ഒരേ അഭിപ്രായത്തിലും നല്ല ഐക്യത്തിലുമാണ്.
സ്ത്രീപീഡനത്തിനും,പെൺവാണിഭത്തിനും ജാതി മത രാഷ്ട്രീയ പക്ഷഭേദമൊന്നുമില്ല.മന്ത്രിയും,തന്ത്രിയൂം,മൌലവിയും ,പാതിരിയുമൊക്കെ ഈ ‘ഞരമ്പുരോഗ’ത്തിനു അടിമപ്പെട്ടിട്ടുണ്ട് എന്നതാണ് വസ്തുത.
മലയാളിയുടെ ധാർമ്മികമൂല്യവും,സദാചാര ബോധവും ഇത്രയും അധപതിച്ച ഒരു കാലം ഇതിനു മുമ്പെങ്ങും ഉണ്ടായിട്ടില്ല.
സംസ്ഥാനത്ത് സ്ത്രീ പീഡനങ്ങൾ ഗണ്യമായി വർദ്ധിച്ചതായി ഈയിടെ പുറത്തിറക്കിയ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.രാജ്യത്ത് ഏറ്റവും കൂടുതൽ സ്ത്രീപീഡനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് കേരളത്തിലാണെന്നറിയുമ്പോഴാണു ലജ്ജ കൊണ്ടു നമ്മുടെ ശിരസ്സ് കുനിയേണ്ടത്.
ഉണക്കക്കമ്പിൽ സാരിചുറ്റിക്കണ്ടാൽ പോലും ആർത്തിയോടെ വീക്ഷിക്കുന്നവനാണ് മലയാളി. അടക്കി നിർത്താനാവാത്ത അമിതമായ കാമാസക്തി മലയാളിയെ പിടികൂടിയിരിക്കുന്നു.ഇതിനൊരു തടയിടാൻ ശക്തമായ നിയമനിർമ്മാണം കൊണ്ടുമാത്രമേ കഴിയൂ.. .അതിനു വേണ്ടിയുള്ള സന്ധിയില്ലാ സമരത്തിനായി സ്ത്രീ സംഘടനകളും,പൊതുജനങ്ങളും ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.


വാൽകഷ്ണം :- മലയാളത്തിലെ പ്രശസ്തനായ ഒരെഴുത്തുകാരൻ മുമ്പൊരിക്കൽ അഭിപ്രായപ്പെട്ടത് ഇങ്ങനെ “മലയാളിക്ക് ചെറുപ്പത്തിൽ ലൈംഗിക സ്വാതന്ത്ര്യം നിഷേധിക്കുന്നത് കൊണ്ടാണ് സ്ത്രീ പീഡനങ്ങൾ കേരളത്തിൽ വർദ്ധിക്കുന്നത്. ഇക്കാര്യത്തിൽ നാം പാശ്ചാത്യരെ കണ്ടു പഠിക്കേണ്ടിയിരിക്കുന്നു.”
.

.

2011, ജൂൺ 25, ശനിയാഴ്‌ച

സത്യപ്രതിജ്ഞ

സത്യപ്രതിജ്ഞയുടെ
തത്സമയ സംപ്രേക്ഷണം വീക്ഷിക്കാൻ
ഹാളിനു വെളിയിൽ സ്ഥാപിച്ച
ബിഗ് സ്ക്രീനീൽ നിന്നും
അടർന്നു വീണ ജലകണങ്ങൾ
ആത്മനിര്‍വൃതിയുടെ
അശ്രുകണങ്ങളെന്നു ചിലര്‍

കൂടെക്കിടന്നു രാപ്പനി സുഖിച്ച്
കൂടെനടന്നു ചൂഷണം ചെയ്തവരോടുള്ള
പ്രതികാരത്തിന്റെ ഉറവയാണെന്ന് മറ്റുചിലര്‍

പ്രതിജ്ഞ കൊഴുക്കുകയാണ്
'ഞാന്‍ ഭാരതത്തിന്റെ .............
മനസാക്ഷിയെ മുന്നില്‍ നിര്‍ത്തി
വിശ്വസ്തതയോടെയും ..............‘

‘അശ്ലീലമായ‘ കാഴ്ചയിൽ
ഒരുണർവ്വിന്റെ ആവേശം
ഇന്നലെ വരെ അടയാളപ്പെടുത്തിയ
ഭൂതകാലത്തിന്റെ ശേഷിപ്പുകളെ
മായ്ച്ചുകളയാനുള്ള വ്യഗ്രത

‘സത്യസന്ധതയോടെയും, .............
ദൈവത്തിന്റെ നാമത്തിൽ.....പ്രതിജ്ഞ ചെയ്യുന്നു ..'

സ്വിസ്സ് ബാങ്കിലെ കറൻസികളും
ഗള്‍ഫിലെ ബിനാമികളും ഊറിച്ചിരിച്ചു
മൂന്നാറിലെ റിസോട്ടുകളിൽ
തുണിയുരിഞ്ഞ ചടുല നൃത്തത്തിന്റെ താളം
മൈലാഞ്ചി പൂത്ത പഴയ ഓർമ്മകൾ
വീണ്ടും മുളച്ചുപൊങ്ങിയതാവണം
ഒടുക്കം, ചില്ലിട്ടു വെക്കാന്‍ പാകത്തിൽ ചിരി

പൊങ്ങിക്കിടന്നു വിലസാൻ വിധിക്കപ്പെട്ടവർക്ക്
മധുരത്തിനും,ചവർപ്പിനും ഒരേ രുചിയാണെന്നു
ബിഗ് സ്ക്രീനിലെ മുഖം വിളിച്ചുപറയുന്നു.

പൂച്ച എങ്ങനെ വീണാലും നാലു കാലിലെന്നു
അനന്തപുരിയിലെ വഴിപോക്കൻ
ജീവിതത്തിന്റെ സ്പന്ദനങ്ങൾ
മൌനമായ ആഘോഷമാണെന്ന് കവി

2011, ജൂൺ 4, ശനിയാഴ്‌ച

മകളേ നീയാണ് ഇര

വീട്ടുമുറ്റത്തും, അയല്‍ വീട്ടിലും
വഴിവക്കിലും, ക്ലാസ്സ് മുറിയിലും
ഓടുന്ന ബസ്സിലും, ട്രെയിനിലും
മകളേ നീയാണ് ഇര.

ദൈവത്തിന്റെ നിസ്സഹായതയാല്‍
മുറ്റത്ത് കൈനീട്ടി നില്‍ക്കുന്ന യാചകന്‍
മൂവന്തിയുടെ ശൂന്യതയില്‍ വാത്സല്യം വിതറി
ഒളികണ്ണിടുന്ന അയല്‍ക്കാരന്‍
ക്ലാസ്സുമുറിയില്‍ സദാചാരത്തിന്റെ
കൊയ്ത്തുപാട്ടു പഠിപ്പിച്ച ഗുരുനാഥന്‍
മകളേ… ഓര്‍ക്കുക
തരം കിട്ടുമ്പോഴേവരും
നിറം മാറുന്ന കാലമാണിത്

വെയിലിതളുകല്‍ മാഞ്ഞുപോകുമ്പോള്‍
പിന്തുടര്‍ന്നു വരുന്ന
നീണ്ട നിഴലിന്റെ സ്പന്ദനത്തെയും
ഋതുഭേദങ്ങളുടെ ഊഷ്മളതയില്‍
അഴുകിനാറുന്ന സദാചാരത്തെയും
ഭയപ്പെടുക

പെണ്ണായിപ്പിറന്നു പോയതിന്
നിന്റെ പ്രായം
രണ്ടോ അതോ എണ്‍പതോ
നിനക്കൊരേ ‘ശിക്ഷ’.
ശാരിയും, രജനിയും കൃഷ്ണപ്രിയയും, സൗമ്യയും
നിരനീണ്ടു പോകുമ്പോള്‍
ഓരോ പിതാവിന്റെയും
ഹൃദയത്തില്‍ ചൂട്ടെരിയുന്നു

ജീവിതത്തിന്റ കളിയരങ്ങില്‍
കാമവെറിയുടെ താളം പഠിച്ചവര്‍
പൊള്ളയായ ഉള്ളുള്ളത് കൊണ്ട്
പൊങ്ങിക്കിടന്നു വിലസും
നിര്‍ദ്ധനരുടെ വിലാപങ്ങള്‍
അനശ്വരമായ ആകാശത്തിനു കീഴെ
പേക്കിനാവായി അലയും

ഓര്‍ക്കുക,
പെണ്ണായിപ്പിറന്നുപോയി
എവിടേയും നീതന്നെയാണ് ഇര.

2011, മേയ് 4, ബുധനാഴ്‌ച

ഒരു പ്രണയസ്മരണ

ഓരോ വസന്തത്തിലും
നിനക്കായ്
ഞാൻ കൊണ്ട് വന്ന
കവിതയുടെ മുത്തുകൾ
അവയുടെ പൊരുളറിയാതെ
മനസ്സിലാകാത്ത ഭാഷയാണു
കവിയുടേതെന്നും പറഞ്ഞ്
നീ കലഹിച്ചിരുന്നു.

പൊരിവെയിലത്ത്
മണ്ണുവാരി തിന്നുമ്പോൾ
ഉമിനീരിറക്കി
ഞാൻ രചിച്ച വരികൾ മാത്രമാണു
നീ അന്നു രുചിയോടെ ആസ്വാദിച്ചത്

സുപ്രഭാതവും അസ്തമയവുമില്ലാത്തതിനാൽ
സൂര്യനും,ചന്ദ്രനും എനിക്കന്യമായതും,
സ്വപ്നങ്ങളൊക്കെ
കൊടുങ്കാറ്റിന്റെ പ്രദക്ഷിണവഴിയിൽ ചിതറി
നിനക്കായി കവിളിൽ ചാലുകീറിയതും,
പൂരിപ്പിക്കുന്തോറും
കളങ്ങൾ ബാക്കിയായതും
നിനക്കന്നു കവിയുടെ
മനസ്സിലാകാത്ത ഭാഷയായിപ്പോയി.

വെട്ടിയും,തിരുത്തിയും ഏറെ എഴുതിയിട്ടും
നീ മനസ്സിലാക്കുന്ന ഭാഷയിൽ
ഒരു കവിത പൂർത്തിയാക്കാൻ
എനിക്കു കഴിഞ്ഞില്ല.
അതുകൊണ്ടാവണം
നിദ്രാവിഹീനങ്ങളായ
എന്റെ പുലർച്ചകളൊക്കെയും
നിറംകെട്ടവയായിപ്പോയത്.

പറഞ്ഞും,എഴുതിയും തീരാത്ത
നൊമ്പരങ്ങൾ ബാക്കിവെച്ച്
ഒരു ജന്മം കാത്തിരുന്നിട്ടും
എന്റെ അനുരാഗത്തിന്റെ
നിഴൽ രൂപമെങ്കിലും
നീ കാണാതെ പോയി.

ഇന്നു മറ്റൊരു തടത്തിൽ
തൊട്ടാവാടി തറച്ചു
നീ വിങ്ങിക്കരയുമ്പോൾ
മുൾക്കിരീടം പേറി
ഇവിടെ ഞാൻ ഭ്രാന്തമായി ചിരിക്കുന്നു.

2011, ഏപ്രിൽ 15, വെള്ളിയാഴ്‌ച

എന്റെ സുഖം

അമ്മ എഴുതി,
എനിക്കു സുഖമാണെന്ന്.
ഗ്രഹാതുരത്വത്തിന്റെ നിറവേദനയിൽ
ഊട്ടിയ ഉരുളച്ചോറിന്റെ രുചിയും മനസ്സിൽപേറി
അമ്മയെക്കുറിച്ചുള്ള നൂറു നൂറോർമ്മകളാൽ
ഒടുവിൽ ഞാനെത്തുമ്പോൾ
എരിയാത്ത അടുപ്പിനു മുന്നിൽ
അമ്മ ഇരുന്നെരിയുന്നു.

സഹോദരി എഴുതി,
എനിക്കു സുഖമാണെന്ന്.
കുഞ്ഞുനാളിലെ കുസ്രുതികളുടെ
നൂറുകൂട്ടം ഓർമ്മകളാൽ ഞാനെത്തുമ്പോൾ
വഞ്ചിച്ചവനോടുള്ള പ്രതികാരത്തോടെ
വീർത്ത വയറുമായി അവൾ വിങ്ങുന്നു.

സ്നേഹിതൻ എഴുതി,
എനിക്കു സുഖമാണെന്ന്.
ജീവിതമാർഗ്ഗം തേടി സഹികെട്ട
അവന്റെ ദീനരൂപം മനസ്സിൽപേറി
ഒരല്പം സാന്ത്വനവുമായി
ഒടുവിൽ ഞാനെത്തുമ്പോൾ
ഇലകൊഴിഞ്ഞ പുളിമരക്കൊമ്പിൽ
അവൻ തൂങ്ങിയാടുന്നു.

കാമുകി എഴുതി,സുഖമാണെന്ന്.
ഇതുവരെ താലോലിച്ച
മധുരസ്വപ്നങ്ങൾ പങ്കൂവെയ്ക്കാൻ
ഞാനോടിയെത്തുമ്പോൾ
മറ്റൊരാൾ കുരുക്കിയ താലിച്ചരടിൽ
അവൾ ബോധമറ്റ് പിടയുന്നു.

ഒടുക്കം തിരിച്ചു പോരുമ്പോൾ
ഹൃദയംപൊട്ടി ഞാൻ ചുടുകണ്ണീരിൽ കുറിച്ചു,
എനിക്കും സുഖമാണ്.

2011, മാർച്ച് 21, തിങ്കളാഴ്‌ച

എന്തേ നിന്റെ പേരിട്ടു ?

പൗരുഷത്തിന്റെ നിറതൃഷ്ണയിലേക്ക്
ആനന്ദത്തിന്റെ തുഷാരകണം
പകര്‍ന്നുകൊടുത്തവള്‍ നീ

ശുഭ തീക്ഷ്ണതയില്‍
അവന്‍ ചൊരിഞ്ഞ രേതസ്സില്‍
നിര്‍വൃതിയുടെ സാന്ത്വനം നല്‍കിയവളും നീ

പ്രാണന്റെ തുടിപ്പുകള്‍ക്ക്
രക്ഷാകവചം ഒരുക്കിയതും,
പൊക്കിള്‍കൊടി ഛേദിച്ച് ബന്ധമറ്റപ്പോള്‍
ചുരന്നമുലച്ചുണ്ടിന്റെ ചന്ദനവട്ടത്തിലേക്ക്
ഇളംചുണ്ടടുപ്പിച്ചു ആത്മബന്ധമുറപ്പിച്ചതും
നീ തന്നെ

കുഞ്ഞിളം കാലുകള്‍
ഉമ്മറപ്പടി കടക്കവേ
നെഞ്ചിടിപ്പോടെ വാരിപ്പുണര്‍ന്ന
വാത്സല്യത്തിന്റെ പര്യായവും മറ്റാരുമല്ല.

നിശയുടെ അന്ത്യയാമത്തില്‍
കുഞ്ഞുവയറുകള്‍ നിലവിളിക്കുമ്പോള്‍
ചുടുവെള്ളം വേവിച്ചു
ശമനം കൊടുത്തതും നീ തന്നെയാണ്

എന്നിട്ടും,
അനേകം ആത്മാക്കളെ
അഗാധഗര്‍ത്തത്തിലേക്ക്
ആട്ടിപ്പായിച്ച തിരമാലകള്‍ക്കും
അനേകം ജീവനറുതി വരുത്തി
ആടിയുലച്ച കൊടുങ്കാറ്റിനും
എന്തേ നിന്റെ പേരിട്ടു ?

2011, മാർച്ച് 7, തിങ്കളാഴ്‌ച

അമ്മ ഇല്ലാത്ത വീട്

അമ്മ ഇല്ലാത്ത വീട്
ഇപ്പോൾ,അര ഒഴിഞ്ഞ
തൈലക്കുപ്പികളുടെ ശ്മശാനമാണ്
അനാഥയായ ഊന്നുവടിയുടെ
നൊമ്പരക്കാഴ്ചയിൽ
ഒഴുകിയ ചുടുനീരിനാൽ
ചുഴികൾ രൂപപ്പെട്ട സമുദ്രമാണ്
ഇന്നമ്മയില്ലാത്ത വീട്

പടിയിറങ്ങുമ്പോൾ
വലതുകാൽ വെച്ചിറങ്ങാനുള്ള
പിൻവിളി ശൂന്യമായതാവാം
പൂമുഖത്തെ മൂകതയിൽ
ശോകം തളംകെട്ടി നിൽക്കുന്നത്

കൂരിരുട്ടിൽ
ചീവീടിന്റെ ശ്രുതികൾ പോലും
ഇപ്പോൾ നിശ്ചലമായ
മൌനത്തിലായത്
അമ്മയില്ലാത്തവീടിന്റെ
മൂകത കണ്ടിട്ടാവണം

ജനലഴികളിലൂടെ വന്നിറങ്ങിയ
കള്ളിക്കുപ്പായമിട്ട വെയിൽ
ഒഴിഞ്ഞ കട്ടിലിന്റെ
വിരഹദു:ഖം കണ്ടിട്ടാവാം
വേദനയോടെ മടങ്ങിയത്

പാതിമയക്കത്തിൽ
വേദനയുടെ നീറ്റലുകൾ
അസഹ്യമാകുമ്പോൾ
നെടുവീർപ്പിട്ട ദൈവവിളി
ഇന്നമ്മയില്ലാത്ത വീട്ടിൽ
അവശേഷിക്കുന്നവരുടെ
ആത്മനൊമ്പരമാണ്

കാലമൊഴുകുന്തോറും
ആഴമേറുന്ന വേദന
ഇടനെഞ്ചിൻ
അസ്ഥിയിൽ കുത്തുമ്പോൾ
അമ്മയില്ലാത്ത വീട്
അനാഥരായ ആത്മാക്കളുടെ
ആലയമായാകുന്നു.

2011, ഫെബ്രുവരി 20, ഞായറാഴ്‌ച

ഒരു പ്രവാസിയുടെ വ്യഥ

ഇനിയൊരു തിരിച്ചുപോക്ക്
അയാളുടെ മോഹങ്ങളിലില്ല
കൊട്ടിയടക്കപ്പെട്ട ഗർജ്ജനം
കർണ്ണപടത്തിൽ അലയടിക്കുമ്പോൾ,
അവജ്ഞയുടെ കണ്ണുകൾക്കു മുമ്പിൽ
തൊലിയുരിഞ്ഞ രൂപം മനസ്സില്‍ തെളിയുമ്പോൾ,
മുഖം നഷ്ടപ്പെട്ട അശാന്തിയിൽ
ഹൃദയം ഇരുട്ടിൽ തട്ടിവീഴുമ്പോൾ
ഇനിയുമൊരു തിരിച്ചുപോക്ക്
അയാൾക്കന്യമാണ്.

വേരുചീഞ്ഞ ബന്ധങ്ങളുടെ വ്യഥ
ഒരു പിൻ വിളിയായി തുടരുന്നുണ്ട്
പക്ഷേ, അതൊരു തിരിച്ചുപോക്കിനുള്ള
പ്രചോദനമാകുന്നില്ല.
വരണ്ട അകിടിൽ ഇനി
ക്ഷീരമില്ലെന്നറിഞ്ഞതു കൊണ്ടാവാം
‘പ്രവാസ ലോക’ത്തിൽ
അയാളെ അന്യേഷിച്ചു
ആരും കരഞ്ഞു കണ്ടില്ല.

പെയ്തൊഴിഞ്ഞ പേമാരിയുടെ
പരിദാഹം സഹിച്ചാവണം
വീണ്ടുമൊരു മടക്കയാത്രക്കുള്ള
ചൈതന്യം അയാൾക്ക് നഷ്ടമായത്.
പിടിച്ചുവെക്കപ്പെട്ട വേതനം
ഭിക്ഷയാചിച്ചു നടന്ന വേദന
പള്ള വിളിച്ചുപറയുന്നുണ്ട്.

കണ്ണുനീർ ലാവ
മനസ്സിലുരുകിയൊലിക്കുമ്പോൾ
ശൂന്യതയുടെ കുരുക്കിൽ കഴുത്തുനീട്ടി
ചുടുനിണം വീണ മണൽപാതയിൽ കണ്ണുംനട്ട്
തന്റെ ചരമഗതി
കാത്തിരിക്കുന്നു അയാൾ.

2011, ഫെബ്രുവരി 10, വ്യാഴാഴ്‌ച

ജാലകക്കാഴ്ചകൾ

ഈ ജന്മഭൂമിയിൽ
ജന്മം നൽകിയതാരെന്നറിയാതെ
ജനിച്ചുവീണ പാപികൾ
ഇവർ,നിണം വറ്റിയ പേക്കോലങ്ങൾ

ദാരിദ്ര്യത്തിന്റെ കൊടുംചൂടിൽ
വരണ്ടചുണ്ടുകൾ ഒട്ടിപ്പിടിക്കുമ്പോൾ
ജന്മിയുടെ ആലയിൽ
തുണിയുരിയാൻ വിധിക്കപ്പെട്ടവർ
ഇവർ,പട്ടിണിക്കോലങ്ങൾ

കൊച്ചു ഓലക്കുടിലും,മൺചട്ടിയും
സർക്കാർ കിങ്കരന്മാർ
തല്ലിത്തകർക്കുമ്പോൾ
ബോധമറ്റുവീണ അശക്തർ
ഇവർ,പഞ്ചപാവങ്ങൾ

വറുതിയിലൊട്ടിയ വരണ്ടചർമ്മത്തിൽ
കാമമിറക്കാനെത്തുന്ന
വനപാലകർക്കു മുന്നിൽ
കൈകൂപ്പികേഴുന്ന നിർധനർ
ഇവർ,ഈ കാനനവാസികൾ

ഒരിഞ്ചുഭൂമിക്കായ് യാചിക്കുമ്പോഴും
ഒരുനേരമന്നത്തിനായ് കേഴുന്നു
ഇവർ,ഈ ദരിദ്രർ

എല്ലാം നമുക്കു,
പരിഷ്കൃത സമൂഹത്തിനു
ഇതുവെറും ജാലകക്കാഴ്ചകൾ മാത്രം.

2011, ഫെബ്രുവരി 1, ചൊവ്വാഴ്ച

കള്ളസാക്ഷി

ആകാശം മുട്ടുന്ന
സൗധഗോപുരത്തിലെ
സുവർണ്ണമുറികളിൽ
അര്‍ദ്ധനഗ്‌നരായ
അംഗനമാരോടൊപ്പൊം
എനിക്കു വാഴണമെന്നില്ല

ഓലമേഞ്ഞു കെട്ടിയ
ചേരിയിലെ
ചോർന്നൊലിക്കുന്ന കുടിലിൽ
ഞാനെന്റെ
കുഞ്ഞുകുട്ടികളുമായിപാര്‍ത്തോളാം.

മധുര സ്വപ്നങ്ങളുടെ
ആകാശക്കോട്ടയിലിരുന്നു
നക്ഷത്രങ്ങളെ ഉമ്മ വെയ്ക്കാൻ
എനിക്കു
കുതിര സവാരിനടത്തണമെന്നില്ല

ചുട്ടുപൊള്ളുന്ന കിനാവിന്റെ
ഭാരക്കെട്ടുകളുമേന്തി
പ്രാരാബ്ധങ്ങളുടെ തൊഴിയേറ്റ്
ഞാൻ കഴുതയായി നടന്നോളാം.

പച്ചനോട്ടുകളുടെ തിളക്കത്തിൽ
പ്രലോഭനങ്ങൾ ചൊരിഞ്ഞ്
എന്റെ പ്രതീക്ഷകൾക്ക്
അലങ്കാരങ്ങളുടെ
പരവതാനിചാര്‍ത്തേണ്ടതില്ല

ആളിക്കത്തുന്ന ദാരിദ്ര്യം
ശമനമില്ലാതെ എരിയുമ്പോഴും
ആത്മാഭിമാനത്തിന്റെ
നാണയത്തുട്ടുകളിൽ
ഞാനെന്റെ
പ്രാണനിശ്വാസംവലിച്ചോളാം.

ദയവായി എന്നെ,
കള്ളസാക്ഷി പറയാന്‍
നിര്‍ബന്ധിക്കരുത്‌...

2011, ജനുവരി 22, ശനിയാഴ്‌ച

യാത്ര

യാത്രയാവുകയാണ്,അനന്തതയിലേക്ക്
അനീതിയുടെ അഗ്നിയില്‍ നീതി താപമേറ്റുരുകുന്നു
മാറാല കെട്ടിയ നീതിശാസ്ത്രത്തിനുമുന്നില്‍
സത്യം പോറലേറ്റു വീഴുന്നു
കണ്ടുനില്‍ക്കാന്‍ ത്രാണിയില്ലാത്ത
ഒരു നിസ്സഹായന്‍ യാത്രയാവുകയാണ്.

പിതൃത്വത്തിനു മുന്നില്‍ ചാരിത്ര്യത്തിനായി കേഴുന്ന
സന്തതികളുടെ ദീനരോദനം കേള്‍ക്കാന്‍ ഇനിവയ്യ
ശിശുദേഹത്തിലും കാമക്കണ്ണെറിയുന്ന
കാപാലികരുടെ കറുത്തലോകത്തു
ഇനിയും തുടരുക വയ്യ
യാത്രയാവുകയാണ്.
കരളുറപ്പില്ലാത്തവന്റെ
കനിവുതേടിയുള്ള യാത്രയാണിത്.

വിവേചനത്തിന്റ വിഷവിത്തു വിതറി
വിളവുകൊയ്യുന്ന രാക്ഷസരുടെ ഭൂമികയില്‍
ക്രൂരതയുടെ പോറലേല്‍ക്കുന്നതു കാണാന്‍
ഇനി വയ്യ, യാത്രയാവുന്നു.
അനീതിയുടെ തമസ്സില്‍ ദീപ്തിക്കുവേണ്ടി തപ്പുന്നവന്റെ
ഒടുവിലത്തെ ശരണം യാത്രയാണ്

ചരിത്രം മാറ്റിയെഴുതാനല്ല
ചരിത്രത്തോടൊപ്പം ലയിക്കാന്‍
യാത്രയാവുന്നു,അനന്ത വിഗരത്തിലേക്ക്
നീല വിഹായസ്സിലേക്ക്.......

2011, ജനുവരി 16, ഞായറാഴ്‌ച

ഒത്തുതീര്‍പ്പിനുള്ള ക്ഷണം

എന്നേയും,
രണ്ടു പിഞ്ചുപൈതങ്ങളേയും
തനിച്ചാക്കി
ഏറനാട്ടുകാരനായ
പായ വില്‌പനക്കാരന്റെ കൂടെ
അവള്‍ ഇറങ്ങിപ്പോയത്‌,
തലചായ്‌ക്കാന്‍
ഒരു പായ വിരിക്കാനുള്ള
ഇടം പോലും
ബാക്കിവെക്കാതെയായിരുന്നു

ആറ്‌ കൊല്ലത്തെ ദാമ്പത്യം
അല്ലലില്ലാതെ
നിറവേറ്റിക്കൊടുത്തതിന്റെ
'ഉപകാരസ്‌മരണ'യാവാം
നാലുസെന്റ്‌ ഭൂമിയുടെ
അടിയാധാരം ചാമ്പലാക്കി
ആ നായിന്റെ മോൾ
രാക്കു രാമാനം നാടുവിട്ടത്‌.

വാവിട്ടു കരയുന്ന
പൈതങ്ങളേയും തോളിലേറ്റി
വിതുമ്പല്‍ കടിച്ചമര്‍ത്തുമ്പോഴും
അവശേഷിച്ച ആത്മധൈര്യം
എന്നെ തളര്‍ത്തിയില്ല.

പക്ഷേ, ഇന്നലെ
അന്വേഷിച്ച് വന്ന
വനിതാകമ്മീഷന്റെ ദൂതന്‍
മുന്നിലിട്ട്‌ പോയ
കടലാസ്‌ തുണ്ട്‌
എന്നെ തളര്‍ത്തികളഞ്ഞു

ഏറനാട്ടുകാരൻ
ഏറെനാള്‍ കിടന്നുറങ്ങി
ഒടുവില്‍ ചുരുട്ടിക്കൂട്ടി
പുറം തള്ളിയതിനെ
ഇപ്പോള്‍,
ഞാന്‍ കൂടെ പൊറുപ്പിക്കണമത്രെ,
ഒരു ഒത്ത്‌ തീര്‍പ്പിനുള്ള ക്ഷണം.

2011, ജനുവരി 2, ഞായറാഴ്‌ച

ഒളിച്ചോട്ടത്തിന്റെ പിന്നാമ്പുറങ്ങൾ

|കണ്ണൂരിന്റെ ഹൃദയഭാഗത്ത് താമസിച്ചിരുന്ന നല്ല സാമ്പത്തികശേഷിയൂള്ള കുടുംബത്തിലെ ഗൾഫുകാരന്റെ സുന്ദരിയായ ഭാര്യ മൂന്നു കുഞ്ഞുങ്ങളേയും ഉപേക്ഷിച്ച് തൊട്ടടുത്ത കടയിലെ സ്വർണ്ണപ്പണിക്കാരന്റെ കൂടെ ചെന്നൈലേക്കു ഒളിച്ചോടി.ഭാര്യ ഒളിച്ചോടി എന്നറിഞ്ഞ ഭർത്താവ് നാട്ടിൽ തിരിച്ചെത്തി മനസ്സ് തകർന്നിരിക്കുമ്പോൾ മറ്റൊരു വാർത്ത അറിയുന്നു.ഒളിച്ചോടിയ ഭാര്യ പയ്യന്നൂരിൽ ഒരു വീട്ടിൽ ജോലീക്ക് നിൽക്കുന്നു.ഇത് കേട്ട ഉടനെ അവളുടെ മാതാപിതാക്കൾ പയ്യന്നൂരിലെത്തി അവളെ കൂട്ടിക്കൊണ്ട് വരികയും പോലീസിൽപരാതിപ്പെടുകയും ചെയ്തു. പോലീസ് കോടതിയിൽഹാജരാക്കി.
തന്റെ ഇഷ്ടപ്രകാരം കാമുകനോടൊപ്പൊം പോയതാണെന്നും,ഇനി മാതാപിതാക്കളോടൊപ്പൊം പോകാനാണു താല്പര്യമെന്നും അവൾ കോടതിയിൽ പറഞ്ഞു.അതനുസരിച്ച് കോടതി അവളെ മാതാപിതാക്കളോടൊപ്പൊം വിട്ടു.
തന്റെ കയ്യിലുള്ള പണവും പണ്ടവും തീർന്നപ്പോൾ അയാൾ തന്നെ ഉപദ്രവിക്കാൻ തുടങ്ങിയെന്നും,സഹികെട്ടപ്പോൾ ചെന്നൈയിൽ നിന്നും ട്രൈൻ മാർഗ്ഗം പയ്യന്നൂരിൽ എത്തി ജോലിക്ക് നിൽക്കുകയാണുണ്ടായതെന്നും അവൾ പറഞ്ഞു.
കഥ ഇവിടെയും തീർന്നില്ല.
കുറച്ചു നാളുകൾക്കു ശേഷം കാമുകൻ അവളെ അന്യേഷിച്ചെത്തി.ഇനി നമുക്ക് ഒന്നിച്ചു ജീവീക്കാമെന്നും, പ്രശ്നങ്ങളൊന്നുമുണ്ടാവില്ലെന്നും അവളെ പറഞ്ഞു വിശ്വസിപ്പിച്ചു.അവൾ അതും വിശ്വസിച്ച് അവന്റെ കൂടെ ഇറങ്ങിപ്പോയി.
ഈ സംഭവം കഴിഞ്ഞു കുറച്ചു മാസങ്ങൾക്ക് ശേഷം കോയമ്പത്തൂരിലെ തെരുവിൽ മനോരോഗിയായ സുന്ദരിയായ ഒരു മലയാളി സ്ത്രീ ഭിക്ഷയാചിച്ചു നടക്കുന്ന കാര്യം മാധ്യമ പ്രവർത്തകനായ ഒരു സുഹൃത്ത് പറഞ്ഞതോർക്കുന്നു.

കണ്ണൂരിലെത്തന്നെ മറ്റൊരു ഗൾഫ്കാരന്റെ ഭാര്യയുടെ കഥ ഇങ്ങനെ.
വീട്ടുകാരൊക്കെ ഉറങ്ങിക്കിടക്കുമ്പോൾ ആഭരണങ്ങളും,പണവുമെടുത്ത് കുട്ടിയേയും കൊണ്ട് ഏതാനും ദിവസത്തെ പരിചയം മാത്രമുള്ള തെക്കൻ ജില്ലക്കാരനായ ആശാരിയോടൊപ്പൊം ഒളിച്ചോടി.ഉപ്പയും ആങ്ങളമാരും കേസ്
കൊടുത്തു.കോടതിയിൽ ഹാജരായ മകൾ കാമുകനോടൊപ്പൊം പോകാനാണ് താല്പര്യം എന്നറിയിച്ചു.കുട്ടിയെ വിട്ട് കിട്ടണമെന്ന് ബന്ധുക്കളും,നാട്ടുകാരും.വിട്ട് തരില്ലെന്ന് കാമൂകനും കൂടെവന്ന ആൾക്കാരും. കോടതിപരിസരത്ത്
കൂട്ടത്തല്ല്.പോലീസ് ലാത്തിവീശി.ബന്ധുക്കൾക്കെതിരെ കേസെടുത്തു.
ഒരുമാസം പോലും പൂർത്തിയാകുന്നതിനു മുമ്പേ കാമൂകന്റെ ദേഹോപദ്രവം സഹിക്കവയ്യാതെ പാതിരാത്രി കാമുകന്റെ ദേഹത്ത് ചുടുവെള്ളം ഒഴിച്ച് രക്ഷപ്പെട്ട് അവൾ മാതാപിതാക്കളുടെ അടുത്ത് അഭയം തേടി.
ഭർത്താവിനും,കുടുബത്തിനും,നാട്ടുകാർക്കും വേണ്ടാതായ ഒറ്റപ്പെട്ട അവൾ തിരിച്ച് കാമൂകന്റെ അടുത്തേക്ക് തന്നെ പോയി.
ശേഷമുള്ള കഥ ഊഹിക്കാവുന്നതെയുള്ളു.

ഇത് കണ്ണൂരിലെ കഥ.ഇതിവിടെ ഓർമ്മയിൽ നിന്നും
ചികഞ്ഞെടുത്ത് കുറിക്കാൻ കാരണം ഇക്കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ കണ്ട ഒരുവാർത്തയാണ്.
ഗൾഫുകാരന്റെ 40 വസ്സുള്ള ഭാര്യ തിരുവനന്തപുരം സ്വദേശിയായ തേപ്പ്പണിക്കാരന്റെ കൂടെ ഒളിച്ചോടിയ വാർത്ത.
സുമുഖനും,സമ്പന്നനുമായ ഭർത്താവിനെ ഉപെക്ഷിച്ച് വിരൂപിയും,ദരിദ്രനുമായ കല്ല് വെട്ടുകാരന്റെ കൂടെയും, അമ്മികൊത്തുകാരന്റെ കൂടെയുമൊക്കെ ഈ പെണ്ണുങ്ങൾ ഒളിച്ചോടുന്നതിന്റെ പിന്നാമ്പുറശാസ്ത്രം അധികമാരും ഇതുവരെ
അന്യേഷിച്ചതായി അറിവില്ല.പണവും, പ്രതാപവും,സുഖസൌകര്യവുമൂണ്ടെങ്കിൽ കുടുംബം ഭദ്രമാണെന്ന് കരുതുന്ന
ഭർത്താക്കന്മാരുടെ അജ്ഞത തന്നെയാണു ഭാര്യമാരുടെ ഒളിച്ചോട്ടത്തിനു മുഖ്യകാരണം എന്നുപറഞ്ഞാൽ ഒരു വേള നിഷേധിക്കാൻ കഴിയില്ല.
പുതുപുത്തൻ വസ്ത്രങ്ങളും,മേനി നിറയെ ആഭരണങ്ങളും വാങ്ങി അണിയിച്ചത് കൊണ്ടൊന്നും ഒരു സ്ത്രീ പൂർണ്ണ സംത്രപ്തയാവണമെന്നില്ല.ഭർത്താവിനു അവളുടെ ശാരീരിക ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാതെ വരുമ്പോൾ അവൾ അന്യപുരുഷന്റെ ചൂടും,ചൂരും തേടിപ്പോകുമെന്നുള്ളതിനു സമകാലിക സംഭവങ്ങൾ തന്നെ തെളിവാകുന്നു. വസ്ത്രവും,ഭക്ഷണവും പോലെത്തന്നെ അവളുടെ ശാരീരിക
ആവശ്യങ്ങളും അവൾക്ക് നിറവേറ്റിക്കൊടുക്കേണ്ടതുണ്ട്.ഭർത്താവിൽ നിന്നും പൂർണ്ണ സംത്രുപ്തി ലഭിക്കാതെ വരുമ്പോൾ അത് വരെ ജീവിച്ച ഭൌതിക ചുറ്റുപാടുകളും,അത് വരെ കൊണ്ട്നടന്ന ആത്മീയ ആചാരങ്ങളും ഒക്കെ തമസ്കരിച്ച്
അന്യന്റെ കൂടെ ഇറങ്ങിപ്പോകുന്നു എന്നുള്ളതാണു വസ്തുത.
മൂക്ക്മുട്ടെ ബിരിയാണിയും തിന്നു കൊഴുപ്പ്കൂട്ടി സമ്പന്നതയുടെ അടയാളമെന്നഭിമാനിച്ച് കുംഭയും വീർപ്പിച്ച് വിജയഭാവത്തോടെ നടക്കുന്ന പുരുഷവർഗ്ഗം കിടപ്പറയിൽ പരാജിതനാകുന്നതിന്റെ ഭവിഷ്യത്ത് ഇനിയും കൂടുതൽ
വൈകാതെ ഗൌരവമായി സ്വയം ചിന്തിക്കേണ്ടിയിരിക്കുന്നു.

ഭർത്താവിന്റെ കഴിവും,കഴിവില്ല്ലായ്മയും സഹിച്ച് ഇരുൾമുറിയിലെ ഇടുങ്ങിയ കിളിവാതിലിലൂടെ മാവ് പൂത്തതും,കരിക്ക് വീണതും കണ്ടിരുന്ന ആ പഴയ നിരക്ഷരപെണ്ണുങ്ങളുടെ കാലമല്ല ഇത്.
ആധൂനികമായ എല്ലാ വിധ സുഖസൌകര്യങ്ങളുടെയും ശീതളച്ചായയിൽ നീരാടുന്ന നമ്മുടെ നാട്ടിലെ സ്ത്രീകൾ, നഗരത്തിലെ ടെക്സ് ടൈൽ ഷോപ്പുകളിലും,ഫാൻസികടകളിലും പഞ്ചാരവിതറി കൊഞ്ചിക്കുഴയുന്നത് ഇന്നൊരു നിത്യകാഴ്ചയാണ്.
സീരിയലും,ആൽബവുംകണ്ടാസ്വദിച്ച്,വന്നതും വരാത്തതുമായ മിസ്സെഡ് കോളുകൾക്ക് ഏറെനേരം മറുപടിയും കൊടുത്ത് 100 ശതമാനം ഫ്രീഡത്തോടെ ജീവിതം ആസ്വദിച്ച് കഴിയുന്ന ആധുനിക സ്ത്രീ ഒന്നിലേറെ പുരുഷന്റെ സാമീപ്യം ആഗ്രഹിച്ചില്ലെങ്കിലേ അത്ഭുതമുള്ളു.

ഈയിടെയായി കേൾക്കുന്ന എല്ലാ ഒളിച്ചോട്ടത്തിന്റെയും തുടക്കം മിസ്സെഡ് കോളിൽ നിന്നാണ്.
കാസരഗോട്ടെ ഫൂട്ട് വെയർ വ്യാപാരിയുടെ ഭാര്യ,വളപട്ടണത്തെ ഗൾഫുകാരന്റെ ഭാര്യ,വടകരയിലെ ബാങ്ക് ജീവനക്കാരന്റെ ഭാര്യ,കൊഴിക്കോട്ടെ സാമൂഹ്യപ്രവർത്തകന്റെ മകൾ, ഒലവക്കോട്ടെ പ്ലസ് ടു വിദ്യാർത്ഥിനി, മലപ്പുറത്തെ ടി.ടി.സി വിദ്യാർത്ഥിനി തുടങ്ങി അനേകം ഒളിച്ചോട്ടങ്ങളിലെ വില്ലൻ മൊബൈൽ ഫോണാണെന്ന
കാര്യം ആഡംബരത്തിനും,പൊങ്ങച്ചത്തിനും വേണ്ടി ഭാര്യക്കും,മകൾക്കും മൊബൈൽ വാങ്ങി നൽകുന്ന നമ്മുടെയൊക്കെ കണ്ണ് തുറപ്പിക്കേണ്ടതാണ്.
വീട്ടിൽ ലാൻഡ്ഫോൺ സൌകര്യമുള്ളപ്പോൾ ഭാര്യക്ക് ഒരു മൊബൈൽ ഫോണിന്റെ ആവശ്യമുണ്ടോ...? ഒരു പുനർചിന്തനത്തിനു ഇനിയും കൂടുതൽ സമയമില്ല.

കുലമഹിമയും,കുടുംബമഹിമയുമൊന്നും ഒളിച്ചോട്ടത്തിനു തടസ്സമാകുന്നീല്ല.ഏതൊരു കുടുംബത്തിലും എപ്പോഴും സംഭവിക്കാവുന്ന ഒരു ദുരന്തമാണത്. തികഞ്ഞ ശ്രദ്ധയും,ബോധവൽക്കരണവുമുണ്ടെങ്കിൽ ഈ അപകടത്തിൽ നിന്നും,അപമാനത്തിൽ നിന്നും ഒരു പരിധി വരെ രക്ഷപ്പെടാൻ കഴിയും.
ജാഗ്രത...
-----------------------------