2012, ജൂലൈ 26, വ്യാഴാഴ്‌ച

' ടി.പി യോട് '
ഇടതുകയ്യിൽ ഉയർത്തിപ്പിടിച്ചതും
ഇടതുകൈത്തണ്ടയിൽ
നിന്നൊലിച്ചു പോയതും
വിപ്ലവത്തോടുള്ള നിന്റെ
ഒടുങ്ങാത്ത ആവേശമായിരുന്നുവെന്നു
ഞങ്ങൾ തിരിച്ചറിയുന്നു

കുതിച്ചു വന്ന കൊടുവാളുകളാൽ
ഇങ്കിലാബിന്റെ മുഷ്ടിയടർന്നു വീണപ്പോൾ
ചെറുത്തു നിൽ‌പ്പിൽ പതറിയത്
നിന്റെ വിപ്ലവത്തിന്റെ വീര്യമാണെന്ന്
ഞങ്ങളറിയുന്നു

സ്വപ്നം കണ്ട പ്രഭാതത്തിനും
വീണു പിടഞ്ഞ അസ്തമയത്തിനും
ഒരേ നിറം പകർന്നു കിട്ടിയത്
നിന്റെ ജീവിതസരണിയിലെ
സൌഭാഗ്യമാണെന്നു ഞങ്ങൾ കരുതാം

എങ്കിലും,
പോകാൻ വരട്ടെ സഖാവേ..
വഴിയിൽ ഒരു കാവ്യസഞ്ചാരി നിൽ‌പ്പുണ്ട്
തോരാത്ത കണ്ണീരുമായി
നിന്റെ പേരിൽ
മറ്റൊരു പുസ്തകം കൂടി പ്രകാശനം ചെയ്യാനുള്ള
തയ്യാറെടുപ്പോടെ

നീ വീണുപിടഞ്ഞു
മരിച്ചു കൊണ്ടിരിക്കേണ്ടതും
നീയെന്നും വില്പനച്ചരക്കാകേണ്ടതും
ആരുടെയൊക്കെയാവശ്യമാണെന്ന്...!
ഇല്ല, ഞങ്ങളൊന്നും പറയുന്നില്ല
അഭിവാദ്യം