2014, സെപ്റ്റംബർ 1, തിങ്കളാഴ്‌ച

വാർദ്ധക്യം

മൗനം കുടിച്ച 
ചാരുകസേരക്കരികിൽ
ശോഷിച്ച ഊന്നുവടിയുടെ
നിലക്കാത്ത ഞരക്കം
രക്തം തുപ്പിയ കോളാമ്പിയുടെ
ചുവന്ന വായിൽ നിന്നും
നിസ്സാഹായതയുടെ ദീനമായ നിലവിളി
കൂട്ടിവെച്ച  തൈലക്കുപ്പികളുടെ
ശ്വാസവായുവിന്
വേണ്ടിയുള്ള  പിടച്ചിൽ

അകത്ത്
മരുമകള്‍ അടപ്പ് തുറന്ന
പുലഭ്യത്തിന്റെ രൂക്ഷഗന്ധം

 അവശേഷിക്കുന്ന പാഴ്ജന്മത്തിൽ
ഞാനും നിങ്ങളുമെത്തുന്ന
 ഇടവഴിയിലെ
ഇരുള്‍മൂടിയ ചിത്രം

ജപമാലയിൽ ആത്മാവിനെ തളച്ച്
മുക്തിക്ക് വേണ്ടി വിങ്ങുകയും
മൂടിപ്പുതച്ച പുതപ്പിനുള്ളിൽ
ഏങ്ങലടിക്കുകയും ചെയ്യും
ഒടുക്കം
ദൈവത്തിന്റെ കളിപ്പാട്ടം