2011, മേയ് 4, ബുധനാഴ്‌ച

ഒരു പ്രണയസ്മരണ

ഓരോ വസന്തത്തിലും
നിനക്കായ്
ഞാൻ കൊണ്ട് വന്ന
കവിതയുടെ മുത്തുകൾ
അവയുടെ പൊരുളറിയാതെ
മനസ്സിലാകാത്ത ഭാഷയാണു
കവിയുടേതെന്നും പറഞ്ഞ്
നീ കലഹിച്ചിരുന്നു.

പൊരിവെയിലത്ത്
മണ്ണുവാരി തിന്നുമ്പോൾ
ഉമിനീരിറക്കി
ഞാൻ രചിച്ച വരികൾ മാത്രമാണു
നീ അന്നു രുചിയോടെ ആസ്വാദിച്ചത്

സുപ്രഭാതവും അസ്തമയവുമില്ലാത്തതിനാൽ
സൂര്യനും,ചന്ദ്രനും എനിക്കന്യമായതും,
സ്വപ്നങ്ങളൊക്കെ
കൊടുങ്കാറ്റിന്റെ പ്രദക്ഷിണവഴിയിൽ ചിതറി
നിനക്കായി കവിളിൽ ചാലുകീറിയതും,
പൂരിപ്പിക്കുന്തോറും
കളങ്ങൾ ബാക്കിയായതും
നിനക്കന്നു കവിയുടെ
മനസ്സിലാകാത്ത ഭാഷയായിപ്പോയി.

വെട്ടിയും,തിരുത്തിയും ഏറെ എഴുതിയിട്ടും
നീ മനസ്സിലാക്കുന്ന ഭാഷയിൽ
ഒരു കവിത പൂർത്തിയാക്കാൻ
എനിക്കു കഴിഞ്ഞില്ല.
അതുകൊണ്ടാവണം
നിദ്രാവിഹീനങ്ങളായ
എന്റെ പുലർച്ചകളൊക്കെയും
നിറംകെട്ടവയായിപ്പോയത്.

പറഞ്ഞും,എഴുതിയും തീരാത്ത
നൊമ്പരങ്ങൾ ബാക്കിവെച്ച്
ഒരു ജന്മം കാത്തിരുന്നിട്ടും
എന്റെ അനുരാഗത്തിന്റെ
നിഴൽ രൂപമെങ്കിലും
നീ കാണാതെ പോയി.

ഇന്നു മറ്റൊരു തടത്തിൽ
തൊട്ടാവാടി തറച്ചു
നീ വിങ്ങിക്കരയുമ്പോൾ
മുൾക്കിരീടം പേറി
ഇവിടെ ഞാൻ ഭ്രാന്തമായി ചിരിക്കുന്നു.