സത്യപ്രതിജ്ഞയുടെ
തത്സമയ സംപ്രേക്ഷണം വീക്ഷിക്കാൻ
ഹാളിനു വെളിയിൽ സ്ഥാപിച്ച
ബിഗ് സ്ക്രീനീൽ നിന്നും
അടർന്നു വീണ ജലകണങ്ങൾ
ആത്മനിര്‍വൃതിയുടെ
അശ്രുകണങ്ങളെന്നു ചിലര്‍
കൂടെക്കിടന്നു രാപ്പനി സുഖിച്ച്
കൂടെനടന്നു ചൂഷണം ചെയ്തവരോടുള്ള
പ്രതികാരത്തിന്റെ ഉറവയാണെന്ന് മറ്റുചിലര്‍
പ്രതിജ്ഞ കൊഴുക്കുകയാണ്
'ഞാന്‍ ഭാരതത്തിന്റെ .............
മനസാക്ഷിയെ മുന്നില്‍ നിര്‍ത്തി
വിശ്വസ്തതയോടെയും ..............‘
‘അശ്ലീലമായ‘ കാഴ്ചയിൽ
ഒരുണർവ്വിന്റെ ആവേശം
ഇന്നലെ വരെ അടയാളപ്പെടുത്തിയ
ഭൂതകാലത്തിന്റെ ശേഷിപ്പുകളെ
മായ്ച്ചുകളയാനുള്ള വ്യഗ്രത
‘സത്യസന്ധതയോടെയും, .............
ദൈവത്തിന്റെ നാമത്തിൽ.....പ്രതിജ്ഞ ചെയ്യുന്നു ..'
സ്വിസ്സ് ബാങ്കിലെ കറൻസികളും
ഗള്‍ഫിലെ ബിനാമികളും ഊറിച്ചിരിച്ചു
മൂന്നാറിലെ റിസോട്ടുകളിൽ
തുണിയുരിഞ്ഞ ചടുല നൃത്തത്തിന്റെ താളം
മൈലാഞ്ചി പൂത്ത പഴയ ഓർമ്മകൾ
വീണ്ടും മുളച്ചുപൊങ്ങിയതാവണം
ഒടുക്കം, ചില്ലിട്ടു വെക്കാന്‍ പാകത്തിൽ ചിരി
പൊങ്ങിക്കിടന്നു വിലസാൻ വിധിക്കപ്പെട്ടവർക്ക്
മധുരത്തിനും,ചവർപ്പിനും ഒരേ രുചിയാണെന്നു
ബിഗ് സ്ക്രീനിലെ മുഖം വിളിച്ചുപറയുന്നു.
പൂച്ച എങ്ങനെ വീണാലും നാലു കാലിലെന്നു
അനന്തപുരിയിലെ വഴിപോക്കൻ
ജീവിതത്തിന്റെ സ്പന്ദനങ്ങൾ
മൌനമായ ആഘോഷമാണെന്ന് കവി