2011, ജൂലൈ 21, വ്യാഴാഴ്‌ച

മാതൃസ്പര്‍ശം

കനം തൂങ്ങിനിൽക്കുന്ന കറുത്ത ആകാശം
അതിരുകൾ അറുത്ത്
അതിവേഗം തുഴഞ്ഞുപായുന്ന മിന്നൽ
ജാലകം തകർക്കുന്ന
ഇടിമുഴക്കത്തിന്റെ ഘോരശബ്ദം
തിമർത്ത് പെയ്യുന്ന പെരുമഴ
അകം പുറം തിരിച്ചറിയാത്ത കൂരിരുട്ട്
കിനാവെട്ടം വീഴാത്ത മയക്കത്തിലായിരുന്ന
എന്റെ നെറ്റിത്തടത്തിൽ പതിഞ്ഞത്
ശോഷിച്ച കൈവിരലുകൾ

കാലവർഷത്തിന്റെ ബീഭത്സരൂപം
താണ്ഡവമാടുന്ന അർദ്ധയാമം
ചായ്പിൽ പണ്ടെങ്ങോ തൂക്കിയിട്ട
നേർച്ചഡബ്ബയിൽ
നാണയത്തുട്ടുകളുടെ കിലുക്കം
കൂരിരുട്ടിൽ അകന്നുപോകുന്ന
അവ്യക്തമായ പദനിസ്വനം

പുറത്ത് കോരിച്ചൊരിയുന്ന പേമാരി
അകത്ത് തലയണ ചാലുകീറിയൊഴുക്ക്
അകന്ന കമ്പിളിപ്പുതപ്പ് നേരെയാക്കി
ആശ്വാസിപ്പിച്ച് തലോടിയ നിഴൽ രൂപം

മേൽക്കൂര ചോർന്നൊലിച്ച പഴയ ഓർമ്മയിൽ
അടുക്കള വാതിൽക്കൽ അലൂമിനിയപ്പാത്രം വെച്ചു
സുഭിക്ഷമായ താവളത്തിലേക്ക്
ഇപ്പോൾ സുഗന്ധം വിതറി കടന്നുപോയത്
തീർച്ചയായും, അത് ഉമ്മ തന്നെയാവണം

ആറടിമണ്ണ് തുളച്ച്
ഒലിച്ചിറങ്ങിയ മഴ
മണ്ണരിച്ച അസ്ഥിയിൽ തട്ടിയപ്പോൾ
ഉമ്മയുടെ ആത്മാവ് ഓർത്തു കാണും
ഓരോ പുതുമഴയ്ക്കും
പനിച്ചു വിറയ്ക്കാറുള്ള ഈ മകനെ.

2011, ജൂലൈ 5, ചൊവ്വാഴ്ച

സ്ത്രീ പീഡനം ‘കേരളാ മോഡൽ’

ഒരച്ഛൻ സ്വന്തം രക്തത്തിൽ പിറന്ന നാലുവയസ്സുള്ള കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച വാർത്ത ഇക്കഴിഞ്ഞ ദിവസം പത്രത്തിൽ വായിച്ചതാണു ഇങ്ങനെയൊരു ലേഖനത്തിനു പ്രചോദനമായത്. കളിപ്പാട്ടം കൊടുത്ത് കൊഞ്ചിക്കേണ്ട കൈകൾ കാമചേഷ്ടകൾ കാട്ടി തൃപ്തിയടയുന്ന വൈരുദ്ധ്യം. നാൽക്കാലികൾക്ക് തുല്യമായി മലയാളി മാറിക്കഴിഞ്ഞിരിക്കുന്നു എന്നതിനു ഏറ്റവും നല്ല ഉദാഹരണമാണിത്. തിരിച്ചറിയാനുള്ള മസ്തിഷ്കം പോലും മരവിച്ചുപോയ മനുഷ്യന്റെ ഈ കറുത്തലോകത്തേക്കുള്ള തിരിച്ചുപോക്ക് ഏറെ ഗൗരവത്തോടെ പൗരസമൂഹം വീക്ഷിക്കേണ്ടിയിരിക്കുന്നു.

സ്ത്രീപീഡനം ഇന്നൊരു വാർത്ത അല്ലാതായിരിക്കുന്നു.മൂന്നും നാലും പീഡന വാർത്തകളാണ് ഓരോ ദിവസവും പത്രങ്ങളിലൂടെ നാം അറിയുന്നത്.പീഡന വാർത്തകളില്ലാതെ പത്രങ്ങൾ ഇപ്പോൾ ഒറ്റദിവസം പോലും പുറത്തിറങ്ങാറില്ല എന്നതാണു സത്യം.

അച്ഛൻ മകളെ പീഡിപ്പിക്കുക, പിന്നീട് പലർക്കും കാഴ്ചവെച്ച് പണം സമ്പാദിക്കുക,
സ്വന്തം അമ്മയെ മാനഭംഗപ്പെടുത്താൻ കൂട്ടുകാരനെ കൊണ്ടുവന്നു സൗകര്യം ഏർപ്പെടുത്തിക്കൊടുക്കുക,
സഹോദരനും,കൂട്ടുകാരും ചേർന്നു സഹോദരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കുക..
കേൾക്കുമ്പോൾ തന്നെ അറപ്പുളവാക്കുന്ന ഇത്തരം സംഭവങ്ങൾ കേരളത്തിൽ ഇപ്പോൾ നിത്യവാർത്തകളാണ്. ഈ വാർത്തകൾക്കൊന്നും കൂടുതൽ ആയുസ്സുണ്ടാവാറില്ല.നാളെ വീണ്ടും പുതിയ പീഡനവാർത്തകൾ ഉണ്ടാകുമ്പോൾ ഇന്നത്തെ വാർത്തയുടെ ബാക്കി കഥകൾ വായനക്കാർ അറിയാറില്ല.അതിനവർക്ക് താല്പര്യവുമില്ല..കൈക്കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധകള്‍ വരെ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാവുന്നുണ്ട്. ബസ്സിലും ,റോട്ടിലും,ഓഫീസിലും,വിദ്യാലയങ്ങളിലും മാത്രമല്ല സ്വന്തം വീട്ടില്‍ പോലും പെണ്‍കുട്ടികള്‍ സുരക്ഷിതരല്ല എന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്.സാക്ഷര സുന്ദര കേരളത്തില്‍ സ്ത്രീ പീഡനം വര്‍ദ്ധിച്ചു വരുന്നു.ഭാര്യയും ഭര്‍ത്താവും ഒന്നിച്ചു വേശ്യാലയം നടത്തുന്നതും, മകളെ കൂട്ടിക്കൊടുക്കുന്ന പിതാക്കന്മാരും, വായിച്ചു മറന്നു കളയാനുള്ള വാര്‍ത്തകള്‍ മാത്രം.നിത്യേനയുള്ള സംഭവമായതിനാൽ ചരമകോളം പോലെ പീഡനകോളവും പത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്ന കാലം ഇനി വിദൂരമല്ലെന്നു തന്നെ പറയാം.

സൂര്യനെല്ലി പെൺവാണിഭമാണ് കേരളത്തെ പിടിച്ചുകുലുക്കിയ പ്രഥമ സ്ത്രീപീഡനമെന്നാണോർമ്മ.സൂര്യനെല്ലിയും,ശേഷം വിതുര പെൺവാണിഭവും മാധ്യമങ്ങൾ മാസങ്ങളോളം പരമ്പരയായി കൊണ്ടാടിയിരുന്നു.രണ്ടു സംഭവങ്ങളിലും കേരളത്തിലെ രാഷ്ട്രീയ,സാംസ്കാരിക രംഗത്തെ പ്രമുഖരായ പലരും പ്രതിപ്പട്ടികയിലുൾപ്പെട്ട വാർത്ത അന്നു കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ചു. എന്നിട്ടോ ... ഈ പ്രമുഖർക്കൊന്നും ഒരു പോറലുമേറ്റില്ല. ഇന്നും അവരൊക്കെ കൂടുതൽ അന്തസ്സോടെ വെല്ലുവിളിച്ചവരെയൊക്കെ കൊഞ്ഞനം കാട്ടി സമൂഹത്തിൽ തലയുയർത്തി നടക്കുന്നുമുണ്ട്.

കേരളത്തിലെ ഇതുവരെ നടന്ന ഏതൊരു സ്ത്രീപീഡനത്തിന്റെ കാര്യമെടുത്താലും വളരെ വ്യക്തമായി കാണാം.പീഡിപ്പിക്കുന്നവരൊക്കെ പ്രശസ്തരും,സമൂഹത്തിൽ ഏറെ സ്വാധീനമുള്ളവരുമാണെന്ന്.പീഡനത്തിനു വിധേയരാകുന്ന പെൺകുട്ടികൾ സമൂഹത്തിലെ ഏറെ താഴെതട്ടിലുള്ളവരും,നിർധനരും,ഇടത്തരക്കാരുമാണ്.
അഴിമതിയിലൂടെ സമ്പാദിച്ച കോടികളുടെ പുറത്ത്, വീർത്ത വയറുമായി അടയിരിക്കുന്നവർ വാർദ്ധക്യകാലത്തെ ലൈംഗിക തൃഷ്ണ ശമിപ്പിക്കാനുള്ള ആവേശത്തിൽ ചാടിപ്പുറപ്പെട്ട് കുടുങ്ങുന്നതാണു മുകളിൽ പരാമർശിച്ച രണ്ടു സംഭവങ്ങളിലും കാണാൻ കഴിഞ്ഞത്.
ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന പല സ്ത്രീപീഡനക്കേസുകളിലും ഒട്ടേറെ പ്രമുഖരുടെ പേരുകൾ പറഞ്ഞു കേൾക്കുന്നുമുണ്ട്.

കൂത്താടാനും,കൂടെ കിടക്കാനും തരുണീമണികളെ ലഭിക്കാൻ പഞ്ഞമുള്ള നാടല്ല നമ്മുടെ ഇന്ത്യ.നോട്ടുകെട്ടുകളെറിഞ്ഞാൽ ബോളിവുഡ്ഡിലേയും,കോളിവുഡ്ഡിലേയുമൊക്കെ തൊലിവെളുത്ത അതിസുന്ദരിമാർ നിശാശയനത്തിനായി ഏതുസമയവും തയ്യാറായി വരുമെന്നുള്ളതും വലിയ രഹസ്യമായ കാര്യവുമല്ല. എന്നിട്ടും,പിന്നെന്തിനു ഈ പട്ടിണിക്കോലങ്ങളുടെ വരണ്ടചർമ്മത്തിൽ കാമമിറക്കാൻ സമ്പന്നരും,പ്രശസ്തരും മുന്നിട്ടിറങ്ങുന്നു എന്നത് ഒരു കൗതുകമായ ചിന്തയിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്നു.
തീർച്ചയായും ഉറപ്പിച്ചു പറയണം.. ചുളിവിൽ കിട്ടുന്നതെന്തും സ്വന്തമാക്കാനും,ആസ്വാദിക്കാനുമുള്ള മലയാളിയുടെ പാരമ്പര്യശീലം ഈ കാര്യത്തിലും ആവർത്തിക്കുന്നു എന്നു തന്നെ...

സ്ത്രീ ലക്ഷ്മിയാണ്,അമ്മയാണ്,സഹോദരിയാണ്,എന്നൊക്കെയുള്ള ആപ്തവാക്യം നിറഞ്ഞസദസ്സിനു മുന്നിൽ വാതോരാതെ ഉരുവിടുന്നവർ തരം കിട്ടിയാൽ ‘അമ്മയേയും,സഹോദരിയേയും‘ വേഴ്ചക്ക് വിധേയമാക്കുന്ന നാൽക്കാലിയുടെ നാണം കെട്ട സംസ്കാരത്തിലേക്ക് എത്തപ്പെട്ട് പോയതിന്റെ കാരണം ഇതുവരെ ആരും ഒരു പoന വിഷയമാക്കിയതായി കേട്ടിട്ടില്ല.

അർദ്ധരാത്രി അമ്മയുടെ അരികിൽ നിന്നും പിഞ്ചുപൈതലിനെ പൊക്കിയെടുത്ത് കൊണ്ടുപോയി ക്രൂരമായി പിച്ഛിച്ചീന്തിയതും,സെമിത്തേരിയിൽ അടക്കം ചെയ്ത മൃതദേഹം തോണ്ടിയെടുത്ത് കാമദാഹം തീർത്തതും,അയൽവാസിയായ പെൺകുട്ടിയെ അച്ഛനും,മകനും ഒരുപോലെ പീഡിപ്പിച്ച വിചിത്ര സംഭവവും കേരളത്തിൽ നിന്നും മാത്രം കേട്ട ചില വാർത്തകളാണ്.സുന്ദരിയായ നവവധുവിനെ വീട്ടിലിരുത്തി യാത്രക്കാരിയായ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോക്കാരനും കേരളത്തിന്റെ സന്തതി.ഏതാനും വിദ്യാർത്ഥിനികളെ ഭീഷണിപ്പെടുത്തി മാസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച പ്രൊഫസർമാരും കേരളത്തിനു സ്വന്തം.മലയാളിയുടെ ഈ മനോവൈകല്യം മന്ത്രി തൊട്ട് മണൽതൊഴിലാളി വരെയുള്ളവരെ ഒരുപോലെ ബാധിച്ചിരിക്കുന്നു. സ്ത്രീകളെ പീഡിപ്പിക്കുന്ന കാര്യത്തിൽ ഭരണപക്ഷമോ പ്രതിപക്ഷമോ എന്ന ഭേദമില്ല.തൊഴിലാളി മുതലാളി വ്യത്യാസമില്ല.ഇക്കാര്യത്തിൽ എല്ലാവരും ഒരേ അഭിപ്രായത്തിലും നല്ല ഐക്യത്തിലുമാണ്.
സ്ത്രീപീഡനത്തിനും,പെൺവാണിഭത്തിനും ജാതി മത രാഷ്ട്രീയ പക്ഷഭേദമൊന്നുമില്ല.മന്ത്രിയും,തന്ത്രിയൂം,മൌലവിയും ,പാതിരിയുമൊക്കെ ഈ ‘ഞരമ്പുരോഗ’ത്തിനു അടിമപ്പെട്ടിട്ടുണ്ട് എന്നതാണ് വസ്തുത.
മലയാളിയുടെ ധാർമ്മികമൂല്യവും,സദാചാര ബോധവും ഇത്രയും അധപതിച്ച ഒരു കാലം ഇതിനു മുമ്പെങ്ങും ഉണ്ടായിട്ടില്ല.
സംസ്ഥാനത്ത് സ്ത്രീ പീഡനങ്ങൾ ഗണ്യമായി വർദ്ധിച്ചതായി ഈയിടെ പുറത്തിറക്കിയ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.രാജ്യത്ത് ഏറ്റവും കൂടുതൽ സ്ത്രീപീഡനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് കേരളത്തിലാണെന്നറിയുമ്പോഴാണു ലജ്ജ കൊണ്ടു നമ്മുടെ ശിരസ്സ് കുനിയേണ്ടത്.
ഉണക്കക്കമ്പിൽ സാരിചുറ്റിക്കണ്ടാൽ പോലും ആർത്തിയോടെ വീക്ഷിക്കുന്നവനാണ് മലയാളി. അടക്കി നിർത്താനാവാത്ത അമിതമായ കാമാസക്തി മലയാളിയെ പിടികൂടിയിരിക്കുന്നു.ഇതിനൊരു തടയിടാൻ ശക്തമായ നിയമനിർമ്മാണം കൊണ്ടുമാത്രമേ കഴിയൂ.. .അതിനു വേണ്ടിയുള്ള സന്ധിയില്ലാ സമരത്തിനായി സ്ത്രീ സംഘടനകളും,പൊതുജനങ്ങളും ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.


വാൽകഷ്ണം :- മലയാളത്തിലെ പ്രശസ്തനായ ഒരെഴുത്തുകാരൻ മുമ്പൊരിക്കൽ അഭിപ്രായപ്പെട്ടത് ഇങ്ങനെ “മലയാളിക്ക് ചെറുപ്പത്തിൽ ലൈംഗിക സ്വാതന്ത്ര്യം നിഷേധിക്കുന്നത് കൊണ്ടാണ് സ്ത്രീ പീഡനങ്ങൾ കേരളത്തിൽ വർദ്ധിക്കുന്നത്. ഇക്കാര്യത്തിൽ നാം പാശ്ചാത്യരെ കണ്ടു പഠിക്കേണ്ടിയിരിക്കുന്നു.”
.

.