2013, ഡിസംബർ 14, ശനിയാഴ്‌ച

ഒടുക്കം

വാരിവലിച്ചു കൂട്ടിവെക്കുമ്പോൾ
ഓര്‍ത്തില്ല
ഒരുനാള്‍ ചീഞ്ഞു നാറുമെന്ന്‌

അന്യന്റെ സങ്കടക്കണ്ണീരിൽ
കളിവഞ്ചിയിറക്കി രസിക്കുമ്പോഴും
ഓർമ്മയിൽ വന്നില്ല
ഒരുനാൾ
ചുഴിയിൽ പെട്ടുപോകുമെന്ന്‌

വസന്തത്തിന്റെ നിറക്കൂട്ടിൽ
മതിമറന്നാടുമ്പോൾ
ഓർക്കാൻ തോന്നിയില്ല
സുഗന്ധത്തിന്റെ ഋതുഭേദങ്ങൾ
മാറിമറിയുമെന്ന്

ഇരുട്ടിന്റെ താപത്തിനും
ഉഷസിന്റെ കുളിരിനുമിടയിൽ
അനേകം നിറങ്ങളിൽ
ആടിത്തിമര്‍ത്തിട്ടും
ഒടുക്കം,
നിന്റെ മൌനത്തിനു മേൽ
ഒരു തൂവെള്ള മാത്രമേ
പുതപ്പിച്ചു കണ്ടുള്ളു.

2013, ഡിസംബർ 2, തിങ്കളാഴ്‌ച

രാത്രിമഴ

പാതിരാത്രി പെയ്ത മഴയിൽ
ഓർമ്മകളുടെ പിൻവിളി
തളം കെട്ടി നിൽക്കുന്നു

മഴയുടെ ഉന്മാദത്തിൽ
പൊട്ടിയൊലിച്ച വരമ്പിൽ
ഉണർവ്വ് കൈമോശം വന്നത്...
മേൽക്കൂര ചോർന്നൊലിച്ച്
മൌനത്തിന്റെ വിങ്ങലിൽ വീണത്..
സ്വരൂപിച്ചു വെച്ച സ്വപ്നങ്ങളുടെ
ചായക്കൂട്ടുകൾ ഒലിച്ചുപോയത്...

വികാരങ്ങളെ തീവ്രമാക്കാനും
ഓർമ്മകളുടെ മഹാസാഗരം തീർക്കാനും
ഒരുപോലെ കഴിയുന്നു
പലപ്പോഴും  പാതിരാമഴയ്ക്ക്..

2013, നവംബർ 25, തിങ്കളാഴ്‌ച

പ്രണയാവിഷ്കാരംനീ ഉപേക്ഷിച്ചു പോയ
സ്മൃതികളെ  മാറോടണച്ച്
ഞാനെന്റെ കാമം 
തമസ്സിൽ തള ച്ചിടാം
പക്ഷെ,
നീ സമ്മാനിച്ചു പോയ 
മൃദു മന്ദഹാസത്തിന്റെ
വര്‍ണ്ണ ശോഭയില്‍ മുഴുകി
 ഇനിയും എനിക്ക് തുടരാൻ വയ്യ   

കാല്പനിക കവചം ധരിച്ച്
ചില്ലുമഴയുടെ കുളിരില്‍
നീ നനഞ്ഞ് രസിക്കുന്നത്
ഒരു കാമലോലനായി  ഞാൻ കണ്ടു നിന്നോളാം
പക്ഷെ,
തണുത്ത കാറ്റിന്റെ ഊഷ്മളതയിൽ
പാരാതീതമായ നിന്റെ ലാവണ്യത്തിന്റെ
സുഗന്ധത്തില്‍ നിന്നും 
ഇനിയുമെനിക്ക് മോചിതനാവാൻ വയ്യ

നിന്റെ ചുവടിന്റെ നിശ്ശബ്ദതയിൽ
മുടങ്ങിപ്പോയ എന്റെ ധ്യാനത്തിനു
ഞാൻ പ്രായശ്ചിത്വം ചെയ്യാം
പക്ഷെ,
ഹൃദയത്തെ തീക്കനലിലെറിഞ്ഞ്
അത് കത്തിയമരുന്നത് കാണാൻ
സ്മൃതിയുടെ കല്പടവിൽ
ഇനിയുമെനിക്കിരിക്കാൻ വയ്യ

2013, ഫെബ്രുവരി 19, ചൊവ്വാഴ്ച

കാലം സാക്ഷി

വിരിയാന്‍ കൊതിച്ച പൂമൊട്ടിനെ
നീ നുള്ളി നോവിച്ചതല്ല, ചീന്തിയെടുത്തതാണ്
മൊട്ടിന്റെ നിലവിളിയും, ദളങ്ങളുടെ നൊമ്പരവും
പ്രകൃതിയില്‍ പതിവെന്നു നിന്റെ വക്രചിരി

വിസ്മൃതിയിലാകാത്ത ബോധലക്ഷ്യത്തോടെ
നീ വദനസുരതത്തിന്റെ സുഖം തേടിയതും
ശമിക്കാത്ത  ലഹരിയില്‍ നീ കാട്ടുതീ വര്‍ഷിച്ചതും
ഇന്ദ്രപ്രസ്ഥത്തിലെ കോച്ചുന്ന ഇടനാഴിയിലല്ല

ഉന്മാദമാടിയ ആ സന്ധ്യയില്‍
നീ 'ഭാവസങ്കീര്‍ത്തനം പാടിയ നിമിഷങ്ങള്‍'
ചതഞ്ഞരഞ്ഞ ആ പിഞ്ചുയോനിയില്‍
നീ കോറിയിട്ട രേതസ്സിന്‍ പാടുകള്‍....

കാലം സാക്ഷി
ഉത്തരം സാക്ഷി
ഉത്തരത്തില്‍ അന്നുചിലച്ച ഗൌളി സാക്ഷി
നിന്റെ  ലിംഗ ചര്‍മ്മത്തിലവശേഷിക്കുന്ന
ആ നിരാലംബയുടെ,
നിലവിളിയുടെ നഖക്ഷതങ്ങള്‍ സാക്ഷി