2012, ഡിസംബർ 6, വ്യാഴാഴ്‌ച

നഷ്ട സ്വപ്നം


പന്ത്രണ്ട്  തവളച്ചാട്ടത്തിന്റെ
അകലമേ ഉണ്ടായിരുന്നുള്ളു
എന്റെ വാസസ്ഥലത്തു നിന്നും
നിന്റെ ജാലകത്തിനരികിലേക്ക്.
എന്നിട്ടും,
അനശ്വരമായ എന്റെ പ്രണയകാവ്യം
ചിത്രശലഭത്തിന്റെ  വർണ്ണച്ചിറകിലാണ്
ഞാൻ കുറിച്ച് വിട്ടത്

വല്ലപ്പോഴുമുള്ള അസുലഭ ദർശനത്തിന്
ഒരു പൂവിതൾ സ്പർശനത്തിന്റെ
സുഖമുണ്ടായിരുന്നു.
എന്നിട്ടും,
നിലാവു പൂത്ത  ഇടവഴിയിലിരുന്ന്
നിന്റെ തണുത്ത മൌനത്തെയാണു
ഞാനാസ്വാദിച്ചത്


നിദ്രാവിഹീനങ്ങളായ എന്റെ സ്വപ്നങ്ങളില്‍
മിക്ക രാവുകളിലും
നീ വർണ്ണപ്പീലി വിടർത്തിയാടിയിരുന്നു
എന്നിട്ടും,
ഞെട്ടറ്റു വീണ നക്ഷത്രങ്ങളെ നോക്കി
പാതിരാപക്ഷിയോടാണ്
ഞാൻ വേവലാതി പറഞ്ഞത്

കാലങ്ങൾക്കിപ്പുറവും
ഇരുൾമൂടിയുറങ്ങുന്നു
കൌമാരത്തിലെ നിശ്ശബ്ദചിത്രങ്ങൾ

നിമിഷങ്ങളെ ഉരുട്ടിക്കൊണ്ടിരിക്കുന്ന
ഘടികാര സൂചികള്‍ പോലെ
ഇപ്പോഴും ഇഴയുകയാണ്
നരച്ച നിഴലില്‍
നീയും, ഞാനും.