2013, നവംബർ 25, തിങ്കളാഴ്‌ച

പ്രണയാവിഷ്കാരംനീ ഉപേക്ഷിച്ചു പോയ
സ്മൃതികളെ  മാറോടണച്ച്
ഞാനെന്റെ കാമം 
തമസ്സിൽ തള ച്ചിടാം
പക്ഷെ,
നീ സമ്മാനിച്ചു പോയ 
മൃദു മന്ദഹാസത്തിന്റെ
വര്‍ണ്ണ ശോഭയില്‍ മുഴുകി
 ഇനിയും എനിക്ക് തുടരാൻ വയ്യ   

കാല്പനിക കവചം ധരിച്ച്
ചില്ലുമഴയുടെ കുളിരില്‍
നീ നനഞ്ഞ് രസിക്കുന്നത്
ഒരു കാമലോലനായി  ഞാൻ കണ്ടു നിന്നോളാം
പക്ഷെ,
തണുത്ത കാറ്റിന്റെ ഊഷ്മളതയിൽ
പാരാതീതമായ നിന്റെ ലാവണ്യത്തിന്റെ
സുഗന്ധത്തില്‍ നിന്നും 
ഇനിയുമെനിക്ക് മോചിതനാവാൻ വയ്യ

നിന്റെ ചുവടിന്റെ നിശ്ശബ്ദതയിൽ
മുടങ്ങിപ്പോയ എന്റെ ധ്യാനത്തിനു
ഞാൻ പ്രായശ്ചിത്വം ചെയ്യാം
പക്ഷെ,
ഹൃദയത്തെ തീക്കനലിലെറിഞ്ഞ്
അത് കത്തിയമരുന്നത് കാണാൻ
സ്മൃതിയുടെ കല്പടവിൽ
ഇനിയുമെനിക്കിരിക്കാൻ വയ്യ