2011, ജനുവരി 16, ഞായറാഴ്‌ച

ഒത്തുതീര്‍പ്പിനുള്ള ക്ഷണം

എന്നേയും,
രണ്ടു പിഞ്ചുപൈതങ്ങളേയും
തനിച്ചാക്കി
ഏറനാട്ടുകാരനായ
പായ വില്‌പനക്കാരന്റെ കൂടെ
അവള്‍ ഇറങ്ങിപ്പോയത്‌,
തലചായ്‌ക്കാന്‍
ഒരു പായ വിരിക്കാനുള്ള
ഇടം പോലും
ബാക്കിവെക്കാതെയായിരുന്നു

ആറ്‌ കൊല്ലത്തെ ദാമ്പത്യം
അല്ലലില്ലാതെ
നിറവേറ്റിക്കൊടുത്തതിന്റെ
'ഉപകാരസ്‌മരണ'യാവാം
നാലുസെന്റ്‌ ഭൂമിയുടെ
അടിയാധാരം ചാമ്പലാക്കി
ആ നായിന്റെ മോൾ
രാക്കു രാമാനം നാടുവിട്ടത്‌.

വാവിട്ടു കരയുന്ന
പൈതങ്ങളേയും തോളിലേറ്റി
വിതുമ്പല്‍ കടിച്ചമര്‍ത്തുമ്പോഴും
അവശേഷിച്ച ആത്മധൈര്യം
എന്നെ തളര്‍ത്തിയില്ല.

പക്ഷേ, ഇന്നലെ
അന്വേഷിച്ച് വന്ന
വനിതാകമ്മീഷന്റെ ദൂതന്‍
മുന്നിലിട്ട്‌ പോയ
കടലാസ്‌ തുണ്ട്‌
എന്നെ തളര്‍ത്തികളഞ്ഞു

ഏറനാട്ടുകാരൻ
ഏറെനാള്‍ കിടന്നുറങ്ങി
ഒടുവില്‍ ചുരുട്ടിക്കൂട്ടി
പുറം തള്ളിയതിനെ
ഇപ്പോള്‍,
ഞാന്‍ കൂടെ പൊറുപ്പിക്കണമത്രെ,
ഒരു ഒത്ത്‌ തീര്‍പ്പിനുള്ള ക്ഷണം.

29 അഭിപ്രായങ്ങൾ:

ismail chemmad പറഞ്ഞു...

ഒരു മിനികഥ യുടെ വിഷയവും , രീതിയും
ആശംസകള്‍

രമേശ്‌അരൂര്‍ പറഞ്ഞു...

എല്ലാം ക്ഷമിക്കാനും മറക്കാനും
കഴിയും എന്ന് അവള്‍ക്കല്ലാതെ മറ്റാര്‍ക്ക് അറിയാം ??

iylaserikkaran പറഞ്ഞു...

ഒരു പുരുഷ കമ്മീഷന്‍ ഉണ്ടെങ്കില്‍ നമുക്ക് ആപ്പീല്‍ പോകാമായിരുന്നു
കൊള്ളാം നല്ല കഥ ഭാവുകങ്ങള്‍

JITHU പറഞ്ഞു...

Ho.....

elayoden പറഞ്ഞു...

ഒടുവില്‍ ചുരുട്ടിക്കൂട്ടി
പുറം തള്ളിയതിനെ
ഇപ്പോള്‍,
ഞാന്‍ കൂടെ പൊറുപ്പിക്കണമത്രെ,
ഒരു ഒത്ത്‌ തീര്‍പ്പിനുള്ള ക്ഷണം"

അക്കരെ പച്ച തേടി പോകുന്നവര്‍ക്കൊരു താക്കീത്...നമ്മുടെ കുട്ടികള്‍.. ക്ഷമിക്കാതിരിക്കാനാവുമോ..

നിശാസുരഭി പറഞ്ഞു...

ചെമ്മാടിന്റെ അഭിപ്രായത്തിനോട് യോജിക്കുന്നു.

ഇത്തരത്തില്‍ ഒരു വിഷയം ആരുടെയോ ബ്ലോഗില്‍ ഒരു ലേഖനത്തില്‍ വായിക്കാനിടവന്നു.

വനിതാ കമ്മീഷന്‍ അതും അതിലപ്പുറവും ചെയ്യും
അവര്‍ക്കൊക്കെ എന്തുമാവാല്ലോ! :D:D

Anees Hassan പറഞ്ഞു...

ചില കാര്യങ്ങള്‍ ഒത്തു തീര്‍ക്കാന്‍ ആവില്ല

Muneer N.P പറഞ്ഞു...

ഒത്തു തീരലിലാണല്ലോ എല്ലാം അവസാനിക്കുന്നത്..
തെറ്റാ‍രുടേതായാലും..
പിന്നെ കവിത തന്നെയാണല്ലോ..വരികളിലൂടെ
വായിച്ചാല്‍ മനസ്സിലാവും..മിനിക്കഥയെ പലരും
തെറ്റിദ്ധെരിക്കപ്പെട്ടിട്ടുണ്ട്.

~ex-pravasini* പറഞ്ഞു...

ക്ഷമിക്കരുത് എന്നാണു പറയാന്‍ തോന്നുന്നതെങ്കിലും,
ക്ഷമിക്കുക എന്നുതന്നെ പറയട്ടെ..
അല്ലെങ്കിലും മനസ്സില്‍ തോന്നുന്നതല്ലല്ലോ പലപ്പോഴും പറയുന്നത്..

salam pottengal പറഞ്ഞു...

നിസ്സഹായമായ മനുഷ്യാവസ്ഥകളുടെ നേര്‍ചിത്രം അലങ്കാരം കൂട്ടാതെ പറഞ്ഞു. കയ്പുറ്റ സത്യങ്ങളാണെങ്കിലും കണ്ടില്ലെന്നു നടിക്കാനാവില്ല. നിഷേധിക്കാനുമാവില്ല. ഓരോ ഭാഗത്തിനും ഓരോ കഥ പറയാനുണ്ടാവും.

നാമൂസ് പറഞ്ഞു...

ക്ഷമിക്കുക, അമ്മ മനസ്സെന്ന പോലെ ക്ഷമിക്കുക.
നല്ല പെട പെടക്കുക, ഒരു രക്ഷിതാവിന്‍റെ ഉത്തരവാദിത്വത്തോടെ..

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

ആണത്തമില്ലാത്തവർക്ക് ക്ഷമയും കൂടി പറഞ്ഞിട്ടുണ്ടല്ലോ അല്ലേ..
നന്നായി അവതരിപ്പിച്ചിരിക്കുന്നു കേട്ടൊ ഭായ്

ചെറുവാടി പറഞ്ഞു...

ഏതു ഭാഗത്ത്‌ നിന്നും നോക്കിക്കാണണം ഈ കവിതയെ.
അപമാനിക്കപ്പെട്ട ഒരു പുരുഷന്റെ ഭാഗത്ത്‌ നിന്നോ അതോ വഞ്ചിക്കുകയും വഞ്ചിക്കപ്പെടുകയും ചെയ്ത ഒരു സ്ത്രീയുടെ ഭാഗത്ത്‌ നിന്നോ.
തല്‍കാലം മനുഷ്യന്റെ ഭാഗത്ത്‌ നിന്ന് ചിന്തിക്കാം അല്ലെ.?
വളരെ നന്നായി .

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

ലളിതമായ വരികളില്‍ കുറിച്ച വിഷയത്തിനു വളരെയധികം ഗൌരവമുണ്ട്.നര്‍മ്മത്തോടെ വായിക്കപ്പെടുമ്പോഴും ഒരസ്വസ്ഥത ഉള്ളിലേക്ക് കയറിവരുന്നുണ്ട്..

moideen angadimugar പറഞ്ഞു...

ഇതുവഴിവന്ന എല്ലാ സഹോദരങ്ങൾക്കും നന്ദി.

നന്ദു | naNdu | നന്ദു പറഞ്ഞു...

നന്നായിരിക്കുന്നു. മുന്‍ പോസ്റ്റിന്റെ അനുബന്ധമാണോ ഇത്?

പട്ടേപ്പാടം റാംജി പറഞ്ഞു...

ഓരോരുത്തര്‍ക്കും അവരവരുടെ ഭാഗങ്ങള്‍ ന്യായീകരിക്കാന്‍ ഉണ്ടാകും. സത്യം എന്താണെന്ന് തിരിച്ചറിയാന്‍ കഴിയാത്തതാണ് ഇന്നിന്റെ ഒരു ശാപം.
ചെറുതാണെങ്കിലും ഒരു കവിത പോലെ നന്നായി കഥ പറഞ്ഞിരിക്കുന്നു.
ആശംസകള്‍.

moideen angadimugar പറഞ്ഞു...

അതെ നന്ദു അനുബന്ധമാണെന്നു പറയാം. നന്ദി ,രാംജി സാറിനും.

ഇസ്മായില്‍ കുറുമ്പടി (തണല്‍) പറഞ്ഞു...

വരികള്‍ തീക്ഷ്ണം.
ആശയം സ്പഷ്ടം
ഉദേശ്യം വ്യക്തം

khader patteppadam പറഞ്ഞു...

സംഭവം.. കവിയുടെ ഭാവനയല്ലെ..? ഒരു പുരുഷ കമ്മീഷനു വേണ്ടി നാമെല്ലാം ചേര്‍ന്ന് ശബ്ദമുയര്‍ത്തേണ്ട കാലം വിദൂരമല്ലെന്നു തോന്നുന്നു.

മുല്ല പറഞ്ഞു...

:)

moideen angadimugar പറഞ്ഞു...

ഇതിലെ വിഷയം സ്ത്രീ ആയതുകൊണ്ടാവാം മുല്ല ഒന്നും പറയാതെ പോയത്. നന്ദി എല്ലാ അഭിപ്രായങ്ങൾക്കും.

അനീസ പറഞ്ഞു...

താഴെയുള്ള പോസ്റ്റിന്റെ വേറൊരു രൂപം, കവിത രൂപം , ഇനി അവളെ സ്വീകരിക്കരുത്

ശങ്കരനാരായണന്‍ മലപ്പുറം പറഞ്ഞു...

Yes

Safaru പറഞ്ഞു...

nannayittundu. Evideya sambhavam ?

താന്തോന്നി/Thanthonni പറഞ്ഞു...

സംഭവിച്ച കഥയോ അനുഭവമോ എന്ന് തോന്നി പോകും. എവിടെയോ കേട്ട കഥ പോലെയുണ്ട്.
എന്തായാലും ഭര്‍ത്താവ് എന്ന നിലയില്‍ ഒരിക്കലും ക്ഷമിക്കാനാകില്ല.
പിന്നെ കുഞ്ഞുങ്ങളെ ഓര്‍ക്കുമ്പോള്‍ ക്ഷമിക്കാം.എന്നാലും അവര്‍ പോയപ്പോള്‍ അവരുടെ അമ്മ മനസ്സ് ഒട്ടും തേങ്ങിയില്ല.
അത് കൊണ്ട് ഒരിക്കലും ക്ഷമിക്കരുത് എന്നെ ഞാന്‍ പറയൂ.....

മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ പറഞ്ഞു...

സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
പക്ഷെ തിരിച്ചു വരില്ലെന്ന് മാത്രം


ആശംസകള്‍!

V P Gangadharan, Sydney പറഞ്ഞു...

"എല്ലാ ഇന്ത്യക്കാരും സഹോദരീ സഹോദരന്മാരാണെന്നു വിശ്വസിക്കുന്ന ഒരു പാവം മനുഷ്യസ്നേഹി."
എന്നെ കോരിത്തരിപ്പിക്കാന്‍ ഇത്രയും മതി, സഹോദരാ!
നമോവാകം!

'പായവിരിക്കാനുള്ള ഇടം പോലും ബാക്കിവെക്കാതെ...'
ഒരു പെണ്‍കോന്തനെയാണ്‌ ഇവിടെ അവതരിപ്പിക്കാന്‍ പോകുന്നത്‌ എന്ന സൂചന മാത്രമല്ല, ഒരു തീര്‍പ്പുതന്നെ കവി തന്നു കഴിഞ്ഞു!
ആറുകൊല്ലത്തെ ദാമ്പത്യം അല്ലലില്ലാതെ നിറവേറ്റിയെന്നത്‌ (നിറവേറ്റുന്ന ആള്‍ക്ക്‌ അല്ലലില്ലാതെ എന്നാവും ഗ്രാഹ്യം) അല്ലല്‌ ഉണ്ടാക്കാതെ നിറവേറ്റി എന്നുകൂടി കൈക്കൊള്ളാന്‍, ആറുകൊല്ലക്കാലത്തിനു ശേഷമുണ്ടായ, കളത്രത്തിന്റെ ഇറങ്ങിപ്പോക്ക്‌ കാണുമ്പോള്‍ വായനക്കാരനായ എനിക്ക്‌ വൈമനസ്യമുണ്ടാകുന്നു എന്ന്‌ പറയാതെ വയ്യ.
വാവിട്ടുകരയുന്ന പൈതങ്ങളേയും തോളിലേറ്റി, തന്റെ ദുരവസ്ഥയില്‍ തപിച്ചു നില്‍ക്കുന്ന സ്നേഹമയനായ പിതാവില്‍ അവശേഷിച്ച ആത്മധൈര്യം, ദൂതന്‍ ഏല്‍പ്പിച്ചുപോയ കടലാസുതുണ്ടു വിതയ്ക്കാനിരിക്കുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ പോരാതെ വരും എന്നു തീര്‍ച്ച. വേണ്ടതും, വേണ്ടിയിരുന്നതും, ത്യാജ്യഗ്രാഹ്യ വിവേചന ബുദ്ധി തന്നെയാണെന്ന്‌ ഇനിയെങ്കിലും ഭര്‍ത്താവ്‌ മനസ്സിലാക്കട്ടെ.
'പ്രേമം,' എന്ന ഒരു ചെറിയ പദത്തിന്റെ പരിമാണം അതുല്യമാണ്‌, അനന്തമാണ്‌! ഇത്‌ ഒരു ഭാര്യ ചുരുട്ടി എറിഞ്ഞുപോയ പായത്തെല്ലില്‍ കുടുങ്ങിക്കിടന്ന മുടിനാരിഴകള്‍ കൊണ്ടോ, അല്ലെങ്കില്‍ അതില്‍ കറയാക്കി വിട്ടുപോയ രേതസ്‌ കൊണ്ടോ നിര്‍വ്വചിക്കാവുന്നതല്ല.
ഭൂലോകത്തുള്ള ഏത്‌ അടിയാധാരവും മാറ്റിക്കുറിക്കാവുന്ന ഒരേയൊരു ശക്തിയാണ്‌, ജ്ഞാനജന്യ സഹിഷ്ണുത! മനുഷ്യരായ നമുക്ക്‌ ഒരിക്കലും ആര്‍ജ്ജിക്കാനാവാത്ത ഒരേയൊരു സമ്പത്ത്‌!

ആശയപരമായി എനിക്കു തോന്നിയതൊക്കെ ഇങ്ങനെ കുറിച്ചു. എങ്കിലും, മൊയ്ദീനിന്റെ കൃതി ഒരു കവിതയായെടുത്ത്‌ വായിച്ചപ്പോള്‍ ആത്മാര്‍ത്ഥമായും ഇഷ്ടപ്പെട്ടു. ലളിതമായ ഭാഷയില്‍ കുറിക്കപ്പെട്ട ഇന്നത്തെ കവിത. നല്ല സൗന്ദര്യമുള്ള രചന!
2011, ജനുവരി 23 8:05 വൈകുന്നേരം

ishaqh പറഞ്ഞു...

ഒരുപാട് കാര്യങ്ങള്‍ തീരുമ്പോള്‍ തീര്‍ത്താലും തീര്‍ത്താലും തീര്‍പ്പാവാത്ത നൂറ് നൂറ് കാര്യങ്ങള്‍ ഉയിര്‍ത്തെഴുന്നേറ്റ് കൊണ്ടിരിയ്ക്കും!
സ്വകാര്യങ്ങളായി പോറുക്കേണ്ടിവരും! പോറ്റേണ്ടിവരും!
നല്ല ചിന്ത! ആശംസിയ്ക്കുന്നു നന്മ.