2017, ഏപ്രിൽ 14, വെള്ളിയാഴ്‌ച

അഴുകിയ സദാചാരവും (മലയാളിയുടെ) ലൈംഗികസംസ്കാരവും..


 സ്വന്തം വീട്ടിൽ പോലും സുരക്ഷകിട്ടാതെ വരുമ്പോൾ ഒരുമുഴം കയറിലോ ഒരുതുള്ളി വിഷത്തിലോ ജീവിതം അവസാനിപ്പിക്കുന്ന  കുഞ്ഞുങ്ങളുടെ അതിദയനീയമായ കാഴ്ചകളിലൂടെയാണ് നാമിപ്പോൾ സഞ്ചരിക്കുന്നത്. അച്ഛൻ മകളെ, ആങ്ങള പെങ്ങളെ, അമ്മാവൻ അനന്തരവളെ, മുത്തച്ഛൻ പേരക്കുട്ടിയെ.. അങ്ങനെ ബന്ധമോ പ്രായമോ സ്ഥലകാലഭേദമോ ഇല്ലാതെ കുട്ടികൾ പീഡനത്തിനിരയാകുന്ന ദയനീയമായ ചിത്രങ്ങളാണ് ഈയിടെയായി നമുക്ക് മുന്നിലൂടെ കടന്നുപോകുന്നതും..

സുഖജീവിതത്തിന്‍റെ മാസ്മരികതയിലും കൊഴുപ്പുകൂടിയ ഫുഡ്ഡിലും അടക്കാനാവാത്ത ലൈംഗിക ത്രുഷ്ണ ഞരമ്പിൽ കുത്തുമ്പോൾ ചിന്താശേഷിപോലും നഷ്ടപ്പെട്ടു മൃഗമായിത്തീരുന്ന മനുഷ്യരുടെ എണ്ണം പെരുകിവരുന്നു. അക്കാര്യത്തിൽ ജാതി-മത ഭേദമോ ദരിദ്ര - ധനിക കേമത്തമോ രാഷ്ട്രീയ-പ്രത്യയശാസ്ത്ര വ്യത്യാസമോ ഇല്ല.
ഡോക്ടറും,വക്കീലും പോലീസുകാരൻ വരെ അക്കൂട്ടത്തിലുണ്ട്. പൂജാരിയും പാതിരിയും മൌലവിയും ഉണ്ട്. അടുത്തവീട്ടിലെ പയ്യനും അയലത്തെ അമ്മാവനും അച്ഛന്റെ അടുത്ത സുഹൃത്തുക്കളുമുണ്ട്.
ഇതൊരു വലിയ സാമൂഹ്യവിപത്തിന്റെ തുടക്കമാണ്.നാൾക്ക്നാൾ കൂടിവരുന്ന ഓരോ പീഡനവാർത്തകളും വായിക്കുമ്പോൾ ദു:ഖവും രോഷവും കടിച്ചമർത്തി രക്തബന്ധത്തിന്റെ മൂല്യം ചോർന്നുപോയ നശിച്ച കാലത്തെ ശപിക്കുക മാത്രമെ നമുക്ക് നിർവ്വാഹമുള്ളു.

‘സ്കൂൾ വിദ്യാർത്ഥിയെ പീഡിപ്പിച്ച ഓട്ടോഡ്രൈവറെ നാട്ടുകാർ കൈകാര്യം ചെയ്തതും, ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിനിക്ക് നേരെ അദ്ധ്യാപകന്റെ ലൈംഗികതിക്രമവും നാം വായിച്ചു പഴകിയ വാർത്തയാണ്. ആൺപെൺ ഭേദമില്ലാതെ പിഞ്ചുകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുന്ന മദ്രസാധ്യാപകന്മാരുടെ വാർത്തകൾക്കും ഇപ്പോൾ പുതുമയില്ലാതായി.
 ഇവരൊക്കെ തങ്ങളുടെ ‘കലാപരിപാടികൾ’ അഭംഗുരം തുടരുമ്പോഴും നമുക്കത് അന്നന്ന് വായിച്ചു തള്ളാവുന്ന കേവലം പത്രവാർത്ത മാത്രമായി ഒതുങ്ങി.
കേട്ടുകേട്ട് കർണപടം അടഞ്ഞുപോയ സമൂഹത്തിന്റെ നിശ്ശബ്ദമായ തരിപ്പിലേക്ക് പീഡനത്തിന്റെ പുതിയ അദ്ധ്യായങ്ങളുമായി പിന്നെ കയറിയത് പാതിരിയും പൂജാരിയും. ആത്മീയ അനുഷ്ടാനുങ്ങളും ദൈവ ഭയവുമെല്ലാം വെറും പൊള്ളയാണെന്നും അതൊന്നും പീഡനത്തിനു തടസ്സമാകുന്നില്ലെന്നും നേരത്തെ തന്നെ മദ്രസാ അധ്യാപകർ തെളിയിച്ചു കഴിഞ്ഞതാണല്ലോ.

ദാരിദ്ര്യ രേഖയ്ക്ക്‌ താഴെയുള്ളവരുടെ ഇടയിലാണ് ബാലലൈംഗിക പീഡനം വര്‍ധിച്ചുവരുന്നതെന്ന് ചൈയില്‍ഡ്‌ ലൈന്‍ ഓഫീസ്‌ രേഖകള്‍ വ്യക്തമാക്കുന്നുണ്ട്.
പക്ഷെ, അതു പഴയ കഥ.
ഇപ്പോൾ ദാരിദ്ര്യരേഖക്ക് താഴെയുള്ളവർ മാത്രമല്ല അതിനു മുകളിലുള്ളവർക്കും അതിസമ്പന്നർക്കും ബാലലൈംഗിക പീഡനം ‘ആസ്വാദ്യകരമായി’ തീർന്നിട്ടുണ്ട്.
 എട്ടും പൊട്ടും തിരിയാത്ത പിഞ്ചുകുഞ്ഞുങ്ങളെ മഞ്ച് നീട്ടിയും കിന്റർജോയ് കാണിച്ചും വശീകരിച്ചു കാമവെറി തീർക്കുന്ന  മലയാളിയുടെ ലൈംഗികസംസ്കാരത്തെ ഇനി എന്ത്പേരിട്ടാണ് വിളിക്കുക.
അടുക്കളവാതിൽ തകർത്ത് അമ്മയുടെ മാറിൽ മുഖം ചേർത്തുറങ്ങിയ കുഞ്ഞിനെയും കടത്തിണ്ണയിൽ അന്തിയുറങ്ങിയ നാടോടികളുടെ  പിഞ്ചുബാലികയെയും ഇരുളിന്റെ മറവിൽ പൊക്കിയെടുത്ത്  ക്രൂരമായി പിച്ചിച്ചീന്തിയത് ഇതേ കേരളത്തിലാണ്. ദേശീയ ബാലസംരക്ഷണ കമ്മീഷന്റെ കണക്കനുസരിച്ചു രാജ്യത്ത് ലൈംഗിക പീഡനത്തില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം കേരളമാണെന്നു കേൾക്കുമ്പോൾ ലജ്ജകൊണ്ട് ശിരസ്സ് കുനിയുന്നു.

വാളയാറില്‍ സഹോദരികളായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ നിരന്തരം ലൈംഗിക പീഡനത്തിനിരയായി ആത്മഹത്യയിൽ അഭയം കണ്ടെത്തിയ വാർത്ത പഴകിയിട്ടില്ല. വയനാട്ടിൽ യതീംഖാനയിലെ ഏഴു കുട്ടികൾ പീഡിപ്പിക്കപ്പെട്ട വാർത്തയും പഴകിയതല്ല. പേരക്കുട്ടിയെ മുത്തശ്ശിയുടെ ഒത്താശയോടെ മുത്തച്ഛൻ കാലങ്ങളോളം പീഡിപ്പിച്ച മനസാക്ഷി മരവിപ്പിച്ച വാർത്ത ഏറെ പുതിയതാണ്. പക്ഷെ, ഇതെല്ലാം നാമിപ്പോൾ വളരെ ലാഘവത്തോടെ വായിച്ചു തള്ളുന്ന നിത്യവാർത്തയുടെ ഗണത്തിലാണ്. അത്രയേറെ ഈ വിഷയവുമായി നാം പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
ലൈംഗികസംസ്കാരം ഒരു സാമൂഹികനിർമിതി ആണ്. അതുകൊണ്ട്  ഏറെ ലൈംഗിക അതിക്രമം നടക്കുന്ന കേരളത്തിൽ മലയാളി പുരുഷന്റെ വികലമായ രതിവിചാരങ്ങളെയും, സംസ്‌കാരത്തിന്റെയും നാഗരികതയുടെയും വികാസത്തില്‍ നിന്നുള്ള ഈ തിരിഞ്ഞു നടത്തത്തെയും പഠനവിധേയമാക്കേണ്ട സമയം  കഴിഞ്ഞിരിക്കുന്നു.

ആൺപെൺ വ്യത്യാസമില്ലാതെ കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം കേരളത്തിൽ വർധിച്ചു വരുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വിനോദ സഞ്ചാരികള്‍ക്കടക്കം ബാലന്മാരെ എത്തിച്ചു കൊടുക്കുന്ന സെക്‌സ് റാക്കറ്റ് സംസ്ഥനത്തുടനീളം സജീവമാണെന്നു മുമ്പ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കുട്ടികൾക്ക് നേരെയുള്ള ലൈംഗികപീഡനം ഭീതിജനകമായ ഒരു പ്രശ്‌നമായിത്തീർന്നിരിക്കുന്നു. ലൈംഗിക അതിക്രമത്തിനു ഇരയാകുന്ന കുട്ടികൾ ശാരീരികമായി മാത്രമല്ല മാനസികനില തകരാനും കടുത്ത വിഷാദരോഗികളാകാനുമുള്ള സാധ്യത മനശ്ശാത്രവിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. ശ്രദ്ധക്കുറവ്, ഏകാന്തത, ആത്മഹത്യ പ്രവണതകൾ, സ്വതന്ത്രമായി തീരുമാനം എടുക്കാനുള്ള കഴിവില്ലായ്മ തുടങ്ങിയ  പ്രത്യാഘാതങ്ങളും സ്വഭാവ വൈകല്യങ്ങളും ലൈഗിക പീഡനങ്ങൾക്കിരയായ കുട്ടികളിൽ കാണുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. നിരന്തരമായി പീഡനത്തിനിരയാകുന്ന കുട്ടികൾക്ക് വിവാഹാനന്തര ജീവിതം പോലും സാധ്യമല്ലെന്ന് വിദഗ്ദർ പറയുന്നു.
ബാലലൈംഗിക പീഡനമെന്ന ഈ സാമൂഹിക ദുരന്തത്തിന്റെ വര്‍ധനവ് മാതാപിതാക്കളെ അങ്ങേയറ്റം ഉത്‌കണ്‌ഠാകുലരാക്കുന്നു. കുട്ടികള്‍ക്ക് സംരക്ഷണം നല്‍കേണ്ട അധ്യാപകര്‍ പോലുള്ളവർ  ഇത്തരം കേസുകളില്‍ പ്രതികളാവുന്നത് കുറച്ചൊന്നുമല്ല അവരെ ആശങ്കാകുലരാക്കുന്നത്.
അയല്‍ക്കാരും ബന്ധുക്കളും മാതാപിതാക്കളുടെ സുഹൃത്തുക്കളും അധ്യാപകരും അടക്കമുള്ള, രക്ഷിതാക്കൾ അധികാരസ്ഥാനത്ത് നിര്‍ത്തിയിരിക്കുന്നവരില്‍ നിന്നാണ് പലപ്പോഴും കുഞ്ഞുങ്ങള്‍ക്ക് പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വരുന്നത്. അതുകൊണ്ട് തന്നെ തുറന്നു പറയാന്‍ കുഞ്ഞുങ്ങൾ ഭയപ്പെടുന്നു. ഈ അവസ്ഥ ചൂഷകര്‍ മുതലെടുക്കുകയും ചെയ്യുന്നു.
18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിന്റെ ഭാഗമായി 2012 ലാണ് പോസ്കോ നിയമം നിലവിൽ വന്നത്. കുട്ടികളെ ലൈംഗിക കൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍  നിര്‍ബന്ധിക്കുക, വേശ്യാവൃത്തിക്കോ മറ്റ് നിയമവിരുദ്ധ ലൈംഗിക പ്രവര്‍ത്തനങ്ങള്‍ക്കോ വേണ്ടി അവരെ ചൂഷണം ചെയ്യുക, അശ്ലീല ചിത്രങ്ങൾ കാണിക്കുകയും ലൈംഗികവൃത്തിക്ക് പ്രേരിപ്പിക്കുകയും ചെയ്യുക തുടങ്ങിയ സാഹചര്യങ്ങള്‍ ഫലപ്രദമായി തടയുന്നതിനുവേണ്ടിയാണ് ഇത്തരമൊരു നിയമം അന്താരാഷ്ട്ര ഉടമ്പടിയുടെ ഭാഗമായി സര്‍ക്കാര്‍ പ്രാബല്യത്തിൽ കൊണ്ടുവന്നത്.
എന്നിട്ടും ബാലപീഡനങ്ങളുടെ എണ്ണത്തിൽ കുറവ് വന്നില്ല.
സെക്ഷന്‍ മൂന്ന് പ്രകാരം ഏഴുവര്‍ഷവും സെക്ഷൻ അഞ്ച് പ്രകാരം പത്തുവർഷവും തടവാണ് പോസ്കോ നിയമം അനുശാസിക്കുന്നത്. പക്ഷെ ഇതിന്റെ ഗൌരവം പീഡകർ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ് നാൾക്കുനാൾ വരുന്ന പീഡനവാർത്തകൾ വ്യക്തമക്കുന്നത്.

സഭ്യമല്ലാത്ത നോട്ടവും  തെറ്റായ സ്പര്‍ശനങ്ങളും തിരിച്ചറിയാനുള്ള പ്രാഥമിക ലൈംഗികവിദ്യാഭ്യാസം കുഞ്ഞുങ്ങള്‍ക്ക് ലഭ്യമാക്കേണ്ടതുണ്ട്. മാറിയ സാഹചര്യത്തിൽ അതനിവാര്യമാണ്. കുഞ്ഞുങ്ങളില്‍ ഇത്തരം അനുഭവങ്ങള്‍ ഉണ്ടാക്കുന്ന അരക്ഷിതത്വബോധവും അത് വഴി ഉണ്ടായേക്കാവുന്ന സ്വഭാവവൈകല്യങ്ങളും രക്ഷിതാക്കൾ സാധാരണ പരിഗണിക്കാറില്ല എന്നതും ഏറെ ഗൌരവത്തോടെ കാണേണ്ടിയിരിക്കുന്നു.
മാതാപിതാക്കളെ ഭയപ്പെടുന്നതിനു പകരം പ്രശ്നങ്ങള്‍ തുറന്നു പറയാന്‍ കഴിയുന്ന രീതിയില്‍ അടുപ്പമുള്ളവരായി കുഞ്ഞുങ്ങളെ വളര്‍ത്താന്‍ നാം കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ ഈ സാമൂഹ്യവിപത്തിന് ഒരു പരിധിവരെ ശമനമുണ്ടാകുകയുള്ളു.
--------------------------------------------------------------------