2011, ഏപ്രിൽ 15, വെള്ളിയാഴ്‌ച

എന്റെ സുഖം

അമ്മ എഴുതി,
എനിക്കു സുഖമാണെന്ന്.
ഗ്രഹാതുരത്വത്തിന്റെ നിറവേദനയിൽ
ഊട്ടിയ ഉരുളച്ചോറിന്റെ രുചിയും മനസ്സിൽപേറി
അമ്മയെക്കുറിച്ചുള്ള നൂറു നൂറോർമ്മകളാൽ
ഒടുവിൽ ഞാനെത്തുമ്പോൾ
എരിയാത്ത അടുപ്പിനു മുന്നിൽ
അമ്മ ഇരുന്നെരിയുന്നു.

സഹോദരി എഴുതി,
എനിക്കു സുഖമാണെന്ന്.
കുഞ്ഞുനാളിലെ കുസ്രുതികളുടെ
നൂറുകൂട്ടം ഓർമ്മകളാൽ ഞാനെത്തുമ്പോൾ
വഞ്ചിച്ചവനോടുള്ള പ്രതികാരത്തോടെ
വീർത്ത വയറുമായി അവൾ വിങ്ങുന്നു.

സ്നേഹിതൻ എഴുതി,
എനിക്കു സുഖമാണെന്ന്.
ജീവിതമാർഗ്ഗം തേടി സഹികെട്ട
അവന്റെ ദീനരൂപം മനസ്സിൽപേറി
ഒരല്പം സാന്ത്വനവുമായി
ഒടുവിൽ ഞാനെത്തുമ്പോൾ
ഇലകൊഴിഞ്ഞ പുളിമരക്കൊമ്പിൽ
അവൻ തൂങ്ങിയാടുന്നു.

കാമുകി എഴുതി,സുഖമാണെന്ന്.
ഇതുവരെ താലോലിച്ച
മധുരസ്വപ്നങ്ങൾ പങ്കൂവെയ്ക്കാൻ
ഞാനോടിയെത്തുമ്പോൾ
മറ്റൊരാൾ കുരുക്കിയ താലിച്ചരടിൽ
അവൾ ബോധമറ്റ് പിടയുന്നു.

ഒടുക്കം തിരിച്ചു പോരുമ്പോൾ
ഹൃദയംപൊട്ടി ഞാൻ ചുടുകണ്ണീരിൽ കുറിച്ചു,
എനിക്കും സുഖമാണ്.