2012, ഡിസംബർ 6, വ്യാഴാഴ്‌ച

നഷ്ട സ്വപ്നം


പന്ത്രണ്ട്  തവളച്ചാട്ടത്തിന്റെ
അകലമേ ഉണ്ടായിരുന്നുള്ളു
എന്റെ വാസസ്ഥലത്തു നിന്നും
നിന്റെ ജാലകത്തിനരികിലേക്ക്.
എന്നിട്ടും,
അനശ്വരമായ എന്റെ പ്രണയകാവ്യം
ചിത്രശലഭത്തിന്റെ  വർണ്ണച്ചിറകിലാണ്
ഞാൻ കുറിച്ച് വിട്ടത്

വല്ലപ്പോഴുമുള്ള അസുലഭ ദർശനത്തിന്
ഒരു പൂവിതൾ സ്പർശനത്തിന്റെ
സുഖമുണ്ടായിരുന്നു.
എന്നിട്ടും,
നിലാവു പൂത്ത  ഇടവഴിയിലിരുന്ന്
നിന്റെ തണുത്ത മൌനത്തെയാണു
ഞാനാസ്വാദിച്ചത്


നിദ്രാവിഹീനങ്ങളായ എന്റെ സ്വപ്നങ്ങളില്‍
മിക്ക രാവുകളിലും
നീ വർണ്ണപ്പീലി വിടർത്തിയാടിയിരുന്നു
എന്നിട്ടും,
ഞെട്ടറ്റു വീണ നക്ഷത്രങ്ങളെ നോക്കി
പാതിരാപക്ഷിയോടാണ്
ഞാൻ വേവലാതി പറഞ്ഞത്

കാലങ്ങൾക്കിപ്പുറവും
ഇരുൾമൂടിയുറങ്ങുന്നു
കൌമാരത്തിലെ നിശ്ശബ്ദചിത്രങ്ങൾ

നിമിഷങ്ങളെ ഉരുട്ടിക്കൊണ്ടിരിക്കുന്ന
ഘടികാര സൂചികള്‍ പോലെ
ഇപ്പോഴും ഇഴയുകയാണ്
നരച്ച നിഴലില്‍
നീയും, ഞാനും.

2012, ജൂലൈ 26, വ്യാഴാഴ്‌ച

' ടി.പി യോട് '




ഇടതുകയ്യിൽ ഉയർത്തിപ്പിടിച്ചതും
ഇടതുകൈത്തണ്ടയിൽ
നിന്നൊലിച്ചു പോയതും
വിപ്ലവത്തോടുള്ള നിന്റെ
ഒടുങ്ങാത്ത ആവേശമായിരുന്നുവെന്നു
ഞങ്ങൾ തിരിച്ചറിയുന്നു

കുതിച്ചു വന്ന കൊടുവാളുകളാൽ
ഇങ്കിലാബിന്റെ മുഷ്ടിയടർന്നു വീണപ്പോൾ
ചെറുത്തു നിൽ‌പ്പിൽ പതറിയത്
നിന്റെ വിപ്ലവത്തിന്റെ വീര്യമാണെന്ന്
ഞങ്ങളറിയുന്നു

സ്വപ്നം കണ്ട പ്രഭാതത്തിനും
വീണു പിടഞ്ഞ അസ്തമയത്തിനും
ഒരേ നിറം പകർന്നു കിട്ടിയത്
നിന്റെ ജീവിതസരണിയിലെ
സൌഭാഗ്യമാണെന്നു ഞങ്ങൾ കരുതാം

എങ്കിലും,
പോകാൻ വരട്ടെ സഖാവേ..
വഴിയിൽ ഒരു കാവ്യസഞ്ചാരി നിൽ‌പ്പുണ്ട്
തോരാത്ത കണ്ണീരുമായി
നിന്റെ പേരിൽ
മറ്റൊരു പുസ്തകം കൂടി പ്രകാശനം ചെയ്യാനുള്ള
തയ്യാറെടുപ്പോടെ

നീ വീണുപിടഞ്ഞു
മരിച്ചു കൊണ്ടിരിക്കേണ്ടതും
നീയെന്നും വില്പനച്ചരക്കാകേണ്ടതും
ആരുടെയൊക്കെയാവശ്യമാണെന്ന്...!
ഇല്ല, ഞങ്ങളൊന്നും പറയുന്നില്ല
അഭിവാദ്യം

2012, മേയ് 22, ചൊവ്വാഴ്ച

വാർദ്ധക്യ പ്രണയം


നര ബാധിച്ച വാർദ്ധക്യ പ്രണയം
ഒരു വേട്ടക്കാരനെപ്പോലെ
പലപ്പോഴും
സടകുടഞ്ഞെഴുന്നേൽക്കുന്നു
ആധിപൂണ്ട  മനസ്സിൽ
നിശ്ശബ്ദമായി  ഇരകളെ  തെരയുന്നു

യാത്രാബസ്സിലെ തിരക്കിനിടയിൽ
ഡേർറ്റി പിക്ച്ചറിലെ ഇരിപ്പിടത്തിൽ
യുട്യൂബിലെ ചില നിശ്ചല ദൃശ്യങ്ങളിൽ
അങ്ങനെ
പലപ്പോഴും പിടിവിട്ടോടുന്നു
നരബാധിച്ച വാർദ്ധക്യ പ്രണയം

ഇടയിക്കിടെ ജാലകം തകർത്ത്
തിരമാലകളിൽ ലയിക്കുന്നു
സ്ഥലകാല ബോധം നശിച്ച
നിണം വറ്റിയ ഞരമ്പുകളിൽ  
ആർത്തിയുടെ  ദ്രാവകം
ഉളുപ്പില്ലാതെ ഒലിച്ചിറങ്ങുന്നു

ഇടയ്ക്കിടെ
ആത്മാവിന്റെ കടല്‍ത്തറയിലെത്തി
പാരസ്പര്യത്തിന്റെ പവിഴപ്പുറ്റുകളില്‍
കളമെഴുത്ത് നടത്തുന്നു

സീറോ ബൾബിന്റെ ഇരുണ്ട വെട്ടത്തിലും
മഴ തോർന്ന ഇടവഴിയിലെ കിനാവ് കണ്ട്
തൃഷ്ണയുടെ ഉറവകൾ പൊട്ടുന്നു
പലപ്പോഴും വാർദ്ധക്യ പ്രണയത്തിന്.

2012, മാർച്ച് 24, ശനിയാഴ്‌ച

ഒരു ബാച്ചിലർ സ്വപ്നം

കുങ്കുമപ്പൂക്കൾ വിതറിയ ചന്ദനക്കട്ടിലില്‍
നീണ്ടു നിവർന്നു ശയിക്കുന്നു ഒരു മാലാഖ
ചുവന്നുതുടുത്ത അധരങ്ങളിൽ
ചൂണ്ടുവിരൽ തൊട്ടപ്പോൾ
ഒരു സീൽക്കാരത്തോടെ
മാറിടം ഉയർന്നു താഴുന്നു
വെള്ളിനൂലുള്ള നിശാവസ്ത്രം
നിതംബത്തെ അവഗണിച്ച്
പൊങ്ങിവന്ന
തിരമാലകൾക്കൊപ്പൊം കരയണഞ്ഞു

മരുഭൂമിയിലെ കുടുസു മുറിയിൽ
ജീവിതം മരിച്ചു തീർക്കുമ്പോഴും
ബാച്ചിലർ കട്ടിലിലെ മുകൾത്തട്ടിൽ
ആടിയുലയാൻ വിധിക്കപ്പെട്ട പ്രവാസീ
ഏകാന്തതയുടെ തുരുത്തിലും
തീക്ഷ്ണ നൊമ്പരങ്ങളുടെ കയത്തിലും
അറുതിയില്ലാതെ പിടയുമ്പോൾ
മിഥ്യാഭ്രമത്തിൽ മഹാനദിയൊഴുക്കാൻ
നിനക്കിതു മതി.