2011, ഫെബ്രുവരി 20, ഞായറാഴ്‌ച

ഒരു പ്രവാസിയുടെ വ്യഥ

ഇനിയൊരു തിരിച്ചുപോക്ക്
അയാളുടെ മോഹങ്ങളിലില്ല
കൊട്ടിയടക്കപ്പെട്ട ഗർജ്ജനം
കർണ്ണപടത്തിൽ അലയടിക്കുമ്പോൾ,
അവജ്ഞയുടെ കണ്ണുകൾക്കു മുമ്പിൽ
തൊലിയുരിഞ്ഞ രൂപം മനസ്സില്‍ തെളിയുമ്പോൾ,
മുഖം നഷ്ടപ്പെട്ട അശാന്തിയിൽ
ഹൃദയം ഇരുട്ടിൽ തട്ടിവീഴുമ്പോൾ
ഇനിയുമൊരു തിരിച്ചുപോക്ക്
അയാൾക്കന്യമാണ്.

വേരുചീഞ്ഞ ബന്ധങ്ങളുടെ വ്യഥ
ഒരു പിൻ വിളിയായി തുടരുന്നുണ്ട്
പക്ഷേ, അതൊരു തിരിച്ചുപോക്കിനുള്ള
പ്രചോദനമാകുന്നില്ല.
വരണ്ട അകിടിൽ ഇനി
ക്ഷീരമില്ലെന്നറിഞ്ഞതു കൊണ്ടാവാം
‘പ്രവാസ ലോക’ത്തിൽ
അയാളെ അന്യേഷിച്ചു
ആരും കരഞ്ഞു കണ്ടില്ല.

പെയ്തൊഴിഞ്ഞ പേമാരിയുടെ
പരിദാഹം സഹിച്ചാവണം
വീണ്ടുമൊരു മടക്കയാത്രക്കുള്ള
ചൈതന്യം അയാൾക്ക് നഷ്ടമായത്.
പിടിച്ചുവെക്കപ്പെട്ട വേതനം
ഭിക്ഷയാചിച്ചു നടന്ന വേദന
പള്ള വിളിച്ചുപറയുന്നുണ്ട്.

കണ്ണുനീർ ലാവ
മനസ്സിലുരുകിയൊലിക്കുമ്പോൾ
ശൂന്യതയുടെ കുരുക്കിൽ കഴുത്തുനീട്ടി
ചുടുനിണം വീണ മണൽപാതയിൽ കണ്ണുംനട്ട്
തന്റെ ചരമഗതി
കാത്തിരിക്കുന്നു അയാൾ.

2011, ഫെബ്രുവരി 10, വ്യാഴാഴ്‌ച

ജാലകക്കാഴ്ചകൾ

ഈ ജന്മഭൂമിയിൽ
ജന്മം നൽകിയതാരെന്നറിയാതെ
ജനിച്ചുവീണ പാപികൾ
ഇവർ,നിണം വറ്റിയ പേക്കോലങ്ങൾ

ദാരിദ്ര്യത്തിന്റെ കൊടുംചൂടിൽ
വരണ്ടചുണ്ടുകൾ ഒട്ടിപ്പിടിക്കുമ്പോൾ
ജന്മിയുടെ ആലയിൽ
തുണിയുരിയാൻ വിധിക്കപ്പെട്ടവർ
ഇവർ,പട്ടിണിക്കോലങ്ങൾ

കൊച്ചു ഓലക്കുടിലും,മൺചട്ടിയും
സർക്കാർ കിങ്കരന്മാർ
തല്ലിത്തകർക്കുമ്പോൾ
ബോധമറ്റുവീണ അശക്തർ
ഇവർ,പഞ്ചപാവങ്ങൾ

വറുതിയിലൊട്ടിയ വരണ്ടചർമ്മത്തിൽ
കാമമിറക്കാനെത്തുന്ന
വനപാലകർക്കു മുന്നിൽ
കൈകൂപ്പികേഴുന്ന നിർധനർ
ഇവർ,ഈ കാനനവാസികൾ

ഒരിഞ്ചുഭൂമിക്കായ് യാചിക്കുമ്പോഴും
ഒരുനേരമന്നത്തിനായ് കേഴുന്നു
ഇവർ,ഈ ദരിദ്രർ

എല്ലാം നമുക്കു,
പരിഷ്കൃത സമൂഹത്തിനു
ഇതുവെറും ജാലകക്കാഴ്ചകൾ മാത്രം.

2011, ഫെബ്രുവരി 1, ചൊവ്വാഴ്ച

കള്ളസാക്ഷി

ആകാശം മുട്ടുന്ന
സൗധഗോപുരത്തിലെ
സുവർണ്ണമുറികളിൽ
അര്‍ദ്ധനഗ്‌നരായ
അംഗനമാരോടൊപ്പൊം
എനിക്കു വാഴണമെന്നില്ല

ഓലമേഞ്ഞു കെട്ടിയ
ചേരിയിലെ
ചോർന്നൊലിക്കുന്ന കുടിലിൽ
ഞാനെന്റെ
കുഞ്ഞുകുട്ടികളുമായിപാര്‍ത്തോളാം.

മധുര സ്വപ്നങ്ങളുടെ
ആകാശക്കോട്ടയിലിരുന്നു
നക്ഷത്രങ്ങളെ ഉമ്മ വെയ്ക്കാൻ
എനിക്കു
കുതിര സവാരിനടത്തണമെന്നില്ല

ചുട്ടുപൊള്ളുന്ന കിനാവിന്റെ
ഭാരക്കെട്ടുകളുമേന്തി
പ്രാരാബ്ധങ്ങളുടെ തൊഴിയേറ്റ്
ഞാൻ കഴുതയായി നടന്നോളാം.

പച്ചനോട്ടുകളുടെ തിളക്കത്തിൽ
പ്രലോഭനങ്ങൾ ചൊരിഞ്ഞ്
എന്റെ പ്രതീക്ഷകൾക്ക്
അലങ്കാരങ്ങളുടെ
പരവതാനിചാര്‍ത്തേണ്ടതില്ല

ആളിക്കത്തുന്ന ദാരിദ്ര്യം
ശമനമില്ലാതെ എരിയുമ്പോഴും
ആത്മാഭിമാനത്തിന്റെ
നാണയത്തുട്ടുകളിൽ
ഞാനെന്റെ
പ്രാണനിശ്വാസംവലിച്ചോളാം.

ദയവായി എന്നെ,
കള്ളസാക്ഷി പറയാന്‍
നിര്‍ബന്ധിക്കരുത്‌...