2010, ഡിസംബർ 27, തിങ്കളാഴ്‌ച

കേഴുക നാം

(തന്റെ ആയുസ്സ് മൂഴുവൻ നാക്ക് വെളിയിൽനീണ്ട് ജീവിച്ച
എന്റോസൾഫാന്റെ ഇര കവിത എന്ന പെൺകുട്ടിയുടെ സ്മരണയ്ക്ക്. )
---------------------------

ആരോടുമൊന്നും ഉരിയാടാനാവാതെ
ആർത്തുല്ലസിക്കാൻ വിധിപോലുമില്ലാതെ
കേവലം പതിനാറാണ്ടുകൾ താണ്ടി നീ
നീണ്ട നാക്കിന്റെ നീളം രുചിക്കുവാൻ
നേതാക്കളൊക്കെയും വന്നുപോകുമ്പോഴും
പുകയാത്തടുപ്പിന്റെ പിന്നിലൊളിച്ചു നീ
ആരും തിരഞ്ഞില്ല
സത്യവും മിഥ്യയും.

തപമായബാല്യത്ത്യൻ ചുടുചോര കണ്ണുനീർ
മൺചുമർതട്ടിലെ പ്രാവിൻ കുറുകൽ
ചുമരിലെ ഘടികാര സൂചിതൻ സ്പന്ദനം
തിരിച്ചറിവില്ലാതെ കാലംകഴിച്ചു നീ
ആരും ചികഞ്ഞില്ല
സത്യവും മിഥ്യയും.

കളിചിരിയില്ലാതെ ചുടുചോരതുപ്പി
പുറനാക്ക് നീട്ടി നാളുകൾ താണ്ടി
നിറമറ്റ സ്വപ്നങ്ങൾ മാറോടണച്ചു
കുഞ്ഞുബാല്യത്തിൽ ഞെട്ടറ്റു വീണു
മരവിച്ചബാല്യം പാഴായജന്മം

രക്തം പതിഞ്ഞ നിന്നശ്രുകണങ്ങളിൽ
മന്ദസ്മിതം തൂകി അധികാരിവർഗ്ഗം
കർണ്ണപടത്തിൻ വേരുകൾപൊട്ടിയ
ഭരണകേന്ദ്രത്തിൻ രാക്ഷസഹൃദയം
രോദനംകേൾക്കാൻ മടിക്കുന്നു ഇപ്പോഴും.

ആരോടൊരിക്കലും പകയൊന്നുമില്ലാതെ
ആർത്തുല്ലസിക്കാൻ വിധിപോലുമില്ലാതെ
പയ്യെ പടിയിറങ്ങിപ്പോയിനീ മകളേ...
ഇന്നുനീ നാളെഞാൻ ചൊല്ലാതെചൊല്ലി
പിന്നിൽ വരിയായിനിൽപ്പുണ്ട് ബാല്യങ്ങൾ

ചത്തും ചതഞ്ഞും ചരിത്രമാകുന്നിവർ
ഞെട്ടറ്റുവീഴുന്നു കുരുന്നു പൂമൊട്ടുകൾ
കാണുവാൻനിൽക്കാതെ കണ്ണുകൾചിമ്മി
അന്ധതനടിക്കുന്നു സുസ്മേര വദനർ

പുകയുന്ന നിൻചിത കാണുവാനാവാതെ
തപമേറ്റ്പിടയുന്ന ഹൃദയത്തിന്‍ രോദനം
അശ്രുകണങ്ങളായ് പെയ്തിറങ്ങുമ്പോഴും
ഒന്നുമറിഞ്ഞില്ല അധികാരിവർഗ്ഗം,
കേഴുകനാടേ കേഴുകനാം.

2010, ഡിസംബർ 17, വെള്ളിയാഴ്‌ച

അധിനിവേശത്തിന്റെ ദൂരം

വാഷിങ്ടണില്‍ നിന്നും
ബാഗ്ദാദിലേക്ക് എത്ര ദൂരമുണ്ട്
അതേ ദൂരമാണ് ഇപ്പോൾ ,
ടെഹ്റാനിലേക്കുമുള്ളത്.
പെന്റഗണിൽ നിന്നും
ഹിരോഷിമയിലേക്കുണ്ടായിരുന്ന
അതേ ദൂരം .
വെള്ളപ്പിശാചിന്റെ
കരങ്ങളാല്‍ ഞെരിഞ്ഞ
ഫലൂജയിലേക്കുള്ള ദൂരം
കാബൂളിലേക്കും ,കാണ്ഡഹാറിലേക്കുമുള്ള ദൂരം,
അതേ ദൂരം, അതേ അകലം
ആ ദൂരമേ ഇനി
ദമാസ്കസ്സിലേക്കും, സനായിലേക്കുമുള്ളു.

ചിറകൊടിഞ്ഞ ഖാർത്തൂമിലേക്കും
ചേതനയറ്റ മെഗാദിഷുവിലേക്കുമുള്ള ദൂരവും
ഇപ്പോൾ സമം തന്നെ.
ഹവാനയിലേക്കും,കാരക്കാസിലേക്കും
ഈ നരഭോജിയുടെ കൂർത്ത നഖങ്ങൾ
നീണ്ടുവരുന്നതും
ഇപ്പോൾ ഇതേ ദൂരത്തിലാണ്.

ഒരഗ്നിഗോളം
സ്വന്തംശിരസ്സില്‍ പതിയുവോളം
ദൂരമറിയാത്ത “അപരിചിത ലോകം”
ഉറക്കം നടിച്ചു കിടക്കും
അവരിലേക്കുള്ള ദൂരവും
അരികിലാകുന്നതു വരെ...

2010, ഡിസംബർ 4, ശനിയാഴ്‌ച

കൂടപ്പിറപ്പ്

ഗർഭഗേഹത്തിന്റെ നിഷ്കളങ്കതയില്‍
നിന്നും കാപട്യത്തിന്റെ സൂര്യവെട്ടത്തിലേക്ക്
എനിക്ക് പിറകെ കടന്നുവന്നവൾ
എന്റെ കൂടപ്പിറപ്പ് ,
നേര്‍ പെങ്ങള്‍ ,ഒരേ രക്തം.

ഒന്നാം ക്ലാസ്സില്‍ ആദ്യദിനം
അവള്‍ വിങ്ങിക്കരയുന്നത് കണ്ടപ്പോള്‍
അഞ്ചാംതരം മലയാളം പാഠാവലി
കണ്ണീരില്‍ കുതിര്‍ന്നത്‌
രക്തബന്ധത്തിന്റെ കൊടുംചൂടില്‍
എന്റെ കുഞ്ഞുമനസ്സ് ഉരുകിയതാവണം.

മരണശയ്യയില്‍ അവ്യക്തമായി
ഉമ്മ ഒടുക്കം പറഞ്ഞത് ,
'ഓളെക്കുറിച്ചോര്‍ത്തിട്ടാ എന്റെ കണ്ണടയാത്തത്
നീ വേണം ഇനി എല്ലാം......'

ഒരുപിടി മണ്ണുവാരിയിടുമ്പോള്‍
ഖബറിടത്തില്‍ വീണുടഞ്ഞ
കണ്ണുനീര്‍ മണ്‍മറഞ്ഞ
ഉമ്മയെ ഓർത്തായിരുന്നില്ല,
ഉമ്മയുടെവേര്‍പാടില്‍
മനംനൊന്തു കരയുന്ന
കുഞ്ഞുപെങ്ങളായിരുന്നു മനസ്സിൽ.

മൊഞ്ചു കുറഞ്ഞതിന്റെ പേരിൽ
മാറി മാറി വിലപേശാന്‍ വന്നവര്‍ക്ക്
പലഹാരമൊരുക്കാന്‍,പലചരക്കു കടയിൽ
കടംപറഞ്ഞ ജാള്യത
ഇന്നലയുടെ മായാത്ത ചിത്രം.
കടത്തിണ്ണയിലിരുന്ന വായ്‌ നോക്കികള്‍
പുച്ചിച്ചു തുപ്പിയത്
കരഞ്ഞുതീര്‍ത്ത കാലത്തിന്‍റെ
കണക്കുപുസ്തകത്തിലിന്നും
മായാതെ ബാക്കി.

മരുഭൂമിയിലെ തീക്കാറ്റിലും
ഒട്ടകത്തിന്റെ തൊഴിയിലും
ഒരേ മുലച്ചുണ്ടില്‍ നിന്നുംനുകര്‍ന്ന
അമ്മിഞ്ഞിപ്പാലിന്റെ സ്നേഹം
ഏറെ കിനിഞ്ഞു നിന്നു .

ഒടുക്കം ഇന്ന് ,
ഒരുതുണ്ടു ഭൂമിയുടെ
വീതം വെപ്പിനൊടുവില്‍
കലിതുള്ളി പടിയിറങ്ങുമ്പോൾ
അവൾ വിളിച്ചുപറയുന്നതു കേട്ടു
"നിന്‍റെ മയ്യിത്ത് കാണാന്‍ പോലും
ഞാനും,എന്റെ കെട്ട്യോനും വരില്ല” എന്ന്.

2010, നവംബർ 28, ഞായറാഴ്‌ച

ആത്മഹത്യാക്കുറിപ്പ്

ഇന്നു രാത്രി നിന്റെ ഗ്രാമത്തിലൂടെ
കടന്നു പോകുന്ന തീവണ്ടിയിൽ
ഞാനുണ്ടാകും.

നീ ഇതുവരെ സമ്മാനിച്ച
മധുര സ്വപ്നങ്ങളിൽ തല ചായ്ച്ച്
വിരഹ ജാലകത്തിലൂടെ
ഇരുളിലേക്കു കണ്ണുംനട്ട്.

നിന്റെ വരാന്തയിൽ തെളിയുന്ന
അരണ്ട വെളിച്ചം കാണുമ്പോൾ
ഞാനെന്റെ ആത്മഗതം പുറംതള്ളും.

മയക്കത്തിന്റെ ആലസ്യത്തിൽ
എന്റെ ഗന്ധം
നിന്നിലേക്കു തുളച്ചു കയറുമ്പോൾ
ശരീരത്തിന്റെ ഏകാന്തത
നിന്നിൽ ഇക്കിളി കൂട്ടിയാൽ
നീ ഞെട്ടരുത്
രാവിലെ ദിനപത്രത്തിലെ
ചരമകോളം കാണുന്നതു വരെയെങ്കിലും..

2010, നവംബർ 22, തിങ്കളാഴ്‌ച

ഇതാ ഒരു മനുഷ്യപുത്രി

1993-ല്‍ മുംബായില്‍ വെച്ചുണ്ടായ ഒരനുഭവമാണിത്‍. ഓര്‍ക്കുമ്പോളിന്നും മനസ്സില്‍വേദനയുടെ തീക്കനല്‍ എരിയുന്ന അനുഭവം.മുംബൈലെ സാന്താക്രൂസില്‍ ഞാന്‍ താമസിച്ചിരുന്ന കാലം.ഒരുപഴയ നാലുനില കെട്ടിടമായിരുന്നു അത്.ഇടത്തരം കമ്പനി ഉദ്യോഗസ്ഥരായിരുന്നു അതിലെ അന്തേവാസികളിലധികവും.

ഞാന്‍ താമസിക്കുന്ന ഫ്ളാറ്റിന്റെ തോട്ടരികിലത്തെ ഫ്ളാറ്റില്‍ സുമാര്‍ 45 വയസ്സ്പ്രായം വരുന്ന ഒരുപുരുഷനും 20 വയസ്സിനടുത്ത ഒരുപെണ്‍കുട്ടിയും താമസിച്ചിരുന്നു.ഒന്നരമാസത്തിലധികമായി ഞാനവിടെ താമസംതുടങ്ങിയിട്ടും അവരെ പരിചയപ്പെടാന്‍ എനിക്കവസരം കിട്ടിയില്ല.ഒരു പുതിയ താമസക്കാരന്‍ തൊട്ടടുത്ത ഫ്ലാറ്റില്‍ വന്നതറിഞ്ഞിട്ടും ഒന്നു പരിചയപ്പെടാന്‍ അവരും താല്പര്യം കാണിച്ചില്ല.മുന്നിലെ ഫ്ലാറ്റിലെ നിറം മങ്ങിയ തടിച്ചവാതിലിലെ തുരുമ്പിച്ച നെയിം പ്ലേറ്റില്‍നിന്നും വീട്ടുടമസ്ഥന്റെ പേര് ഞാന്‍ മനസ്സിലാക്കി.പിന്നീടൊരിക്കല്‍ മുറിവൃത്തിയാക്കാന്‍ വന്ന ലതാതായി എന്ന മറാട്ടിസ്ത്രീയാണ് ആ കുടുംബത്തെക്കുറിച്ച് എനിക്ക് ചെറിയൊരു വിവരണം നല്‍കിയത്. ‘ഡാനിയല്‍ ഡിസൂസയും മകള്‍ മാര്‍ഗരറ്റുമാണത്.പണ്ടെപ്പൊഴോ മംഗലാപുരത്തു നിന്നും കുടിയേറിയവര്‍. ഭാര്യ മൂന്നു വര്‍ഷം മുമ്പ് മരിച്ചു.
പ്രശസ്തമായ ഒരുകമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു അയാള്‍.മുഴുസമയ മദ്യപാനിയായതിനാല്‍ കമ്പനിയില്‍ നിന്നും പിരിച്ചുവിട്ടു.മകള്‍ കോളേജ് വിദ്യാര്‍ത്ഥിനി. ഒരുമകന്‍ കൂടിയുണ്ട് ഏതോ അധോലോക സംഘത്തില്‍പെട്ട് ഇപ്പോള്‍ ജയിലിലാണ്.
‘ഇത്രയും കാര്യങ്ങള്‍ വിവരിച്ച ലതാതായി ബാക്കി കാര്യങ്ങള്‍ എനിക്കറിയില്ല,എന്നോടു ചോദിക്കണ്ട എന്നുകൂടി പറഞ്ഞു നിര്‍ത്തി.മാത്രവുമല്ല ഈ കാര്യങ്ങള്‍ ആരോടും പറയരുതെന്നുകൂടി അവര്‍ സത്യം ചെയ്തു പറഞ്ഞു.മിക്കദിവസങ്ങളിലും കോണിപ്പടിയില്‍ വെച്ചാണ് ഞാന്‍ മാര്‍ഗരറ്റിനെ കണ്ടുമുട്ടാറുള്ളത്.ഞാന്‍ ഇറങ്ങുമ്പോള്‍ അവള്‍ കയറുകയോ ,ഞാന്‍ കയറുമ്പോള്‍ അവള്‍ ഇറങ്ങുകയോ ചെയ്യറുള്ളത് യാദൃശ്ചികമാകാം.ആദ്യമൊന്നും തീരെ ഗൌനിക്കാതിരുന്ന ആ കോളേജ് കുമാരി പിന്നീടെപ്പൊഴൊ മുന്നില്‍ കാണുമ്പോള്‍ ഒരു ചെറുപുഞ്ചിരി സമ്മാനിച്ചുതുടങ്ങി.ആ പുഞ്ചിരിയില്‍ നിന്നും പരസ്പരം സുഖാന്യേഷണം വരെ എത്തി മനസ്സാ നല്ല സുഹൃത്തുക്കളായി ഞങ്ങള്‍ .കൂടുതല്‍ സംസാരിക്കാന്‍ താല്പര്യം കാണിക്കാത്ത ആ സുന്ദരിയുടെ മുഖത്ത് എന്നും വിഷാദം നിഴലിച്ചു കാണാമായിരുന്നു.കൂടുതല്‍ അടുക്കാനും ലതാതായി പറയാതെ ഒഴിഞ്ഞു മാറിയ ബാക്കികാര്യങ്ങള്‍ അവളില്‍ നിന്നുമറിയാനും ഞാന്‍ തീരുമാനിച്ചു.

അന്നൊരു ഞായറഴ്ചയായിരുന്നു.വരാന്തയില്‍ വാരിക വായിച്ചു കൊണ്ടിരുന്ന എന്റെ മുന്നില്‍ അവള്‍ പ്രത്യക്ഷപ്പെട്ടു.പതിവുപുഞ്ചിരിയും ക്ഷേമാന്യേഷണത്തിനും ശേഷം അവള്‍ മൌനിയായി. അല്പനേരത്തെ മൌനത്തിനു വിരാമമിട്ടുകൊണ്ട് ഞാന്‍ ചോദിച്ചു .’എന്താണ് മാര്‍ഗരറ്റ് ഇത്രയും വലിയ ടെന്‍ഷന്‍ എന്നും വളരെ ദുഖിതയായാണല്ലോ കാണുന്നത് ,ഈ പ്രായത്തില്‍ പെണ്‍കുട്ടികള്‍ ഇങ്ങനെയാണോ വേണ്ടത് ?’ഉത്തരമൊന്നും പറയാതെ അവള്‍ എന്റെമുന്നില്‍ നിന്നും മറഞ്ഞു. ചോദിച്ചത് അബദ്ധമായിപ്പോയോ എന്നെനിക്കുതോന്നാതിരുന്നില്ല. പിറ്റെദിവസം രാവിലെ ഏകദേശം നാലുമണിയായിക്കാണണം.തണുപ്പുള്ള പ്രഭാതം,വരാന്തയില്‍നിന്നും അവളുടെ വിങ്ങിവിങ്ങിയുള്ള കരച്ചില്‍കേട്ടാണ് ഞാന്‍ പുറത്തിറങ്ങിയത്.മതിലില്‍ ചാരിനിന്നു കര്‍ചീഫ് കൊണ്ട് മുഖം മറച്ച് അവള്‍ വിങ്ങിക്കരയുന്നു.എനിക്കവളോട് അതിയായ സഹതാപവും,വാത്സല്യവും തോന്നി.പാവം പെണ്‍കുട്ടി ,ആശ്വസിപ്പിക്കാന്‍ അമ്മയില്ല.ഒരു ജ്യേഷ്ടസഹോദരനെപ്പോലെ ഞാന്‍ അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. കാരണം ചോദിച്ചപ്പോള്‍ എത്ര നിര്‍ബന്ധിച്ചിട്ടും അവള്‍ പറയാന്‍ കൂട്ടക്കിയില്ല.പിന്നീട് ഞാന്‍ പിന്മാറി.
‘എന്തിനു മറ്റുള്ളവരുടെ കാര്യത്തില്‍ ഞാന്‍ കൂടുതല്‍ ഇടപെടുന്നു‘ ഇങ്ങനെ തീരുമാനിച്ച അന്നു നേരെ മറിച്ചായിരുന്നു സംഭവം.

അന്നു വൈകുന്നേരം ഏഴു മണിയായിക്കാണും .അനുവാദം ചോദിക്കാതെ തന്നെ അവള്‍ എന്റെ മുറിയിലേക്ക് കയറിവന്നു.മുന്നിലിരുന്നു പൊട്ടിക്കരഞ്ഞു.ഞാന്‍ ആശ്വസിപ്പിക്കാന്‍ശ്രമിച്ചില്ല.അല്പനേരത്തിനു ശേഷം ഞാനവള്‍ക്ക് ചുടുചായ പകര്‍ന്നു കൊടുത്തു.ആര്‍ത്തിയൊടെ അവള്‍ ചുടുചായ ഊതിക്കുടിച്ചു.കണ്ണുനീര്‍ അപ്പോഴും ധാരയായി ഒഴുകുന്നു.അന്നു മുഴുവനും അവള്‍ പട്ടിണിയായിരുന്നുവെന്നു ആ മുഖം വിളിച്ചുപറയുന്നു.
അല്പം അധികാരസ്വരത്തില്‍ ഞാന്‍ പറഞ്ഞു തുടങ്ങി. ‘നോക്കൂ മാര്‍ഗരറ്റ് നിന്റെ ഈ മുഖം എനിക്കു കണ്ടിട്ട്സഹിക്കുന്നില്ല.എന്താണു രാവിലെ ഉണ്ടായത് ?എന്താണു നിന്റെ പ്രശ്നം? ഒരു ജ്യേഷ്ടസഹോദരന്റെ സ്ഥാനത്ത്കണ്ട് എന്നോടു പറയൂ ..?
അറച്ചറച്ചാണെങ്കിലും വളരെ വേദനയോടെ അവള്‍പറഞ്ഞു “മമ്മിയുടെ വേര്‍പ്പാടിനുശേഷം ഡാഡി നിരന്തരമായി മാനഭംഗപ്പെടുത്തുന്ന കഥ.

ഒരിക്കല്‍ ഉറക്കഗുളിക കഴിച്ചു ആത്മഹത്യക്ക് ശ്രമിച്ചു ,മരണവും എന്നെ കയ്യൊഴിഞ്ഞു .പിന്നീട് കുറേനാള്‍ ശല്യമില്ലായിരുന്നു .ഈടെയായി വീണ്ടും ....ഇന്നലെരാത്രിയും ഡാഡി.............." ഇത്രയും പറഞ്ഞു അവള്‍ കരയാന്‍ തുടങ്ങി .ഞാന്‍ എന്തുപറഞ്ഞാണ് അവളെ ആശ്വസിപ്പിക്കേണ്ടത് .എനിക്കു വാക്കുകളില്ലായിരുന്നു.അല്പനേരത്തേക്കു ഞാനാകെ തരിച്ചിരുന്നുപോയി.എന്നെ സംബന്ധിച്ചടുത്തോളം അന്നു അതൊരു അത്ഭുതവാര്‍ത്തയായിരുന്നു.എന്നാലും ഞാനവള്‍ക്ക് ആശ്വാസവാക്കുകള്‍ നല്‍കി.ഇനിയും ഡാഡി എന്നആ രാക്ഷസ്സന് കൊത്തിവലിക്കാന്‍ ഈ പെണ്‍കുട്ടി ഇരയാകരുത്. ഏതുവിധത്തിലായാലും രക്ഷിച്ചേമതിയാകൂ എന്ന ഉറച്ച തീരുമാനവുമായി അന്നുതന്നെ അന്തേരിയിലെ ഒരു സാമൂഹ്യപ്രവര്‍ത്തകനുമായി ഞാനിക്കാര്യം സംസാരിച്ചു.

പക്ഷെ , അതുവരേക്കും അവള്‍ കാത്തുനിന്നില്ല .എന്റെ ആശ്വാസവാക്കുകള്‍ അവള്‍ക്ക് സ്വാന്ത്വനം നല്‍കിയില്ല.പിറ്റേ ദിവസം കോളേജില്‍ പോയ അവള്‍ തിരിച്ചു ഫ്ലാറ്റിലെത്തിയില്ല .സാന്താക്രൂസ് -വിലെപാര്‍ലെ റെയില്‍വേ സ്റ്റേഷനിടയില്‍ റെയില്‍ പാളത്തില്‍ ചതഞ്ഞരഞ്ഞ മൃതദേഹമാണ് അന്ന് വൈകിട്ട് റെയില്‍വേ പോലീസിനു കിട്ടിയത്.
കേവലം മൂന്നുമാസത്തെ പരിചയം മാത്രമേ ഞാനും അവളും തമ്മിലുണ്ടായിരുന്നുള്ളുവെങ്കിലും ഒരു കുഞ്ഞനുജത്തിയെപ്പോലെക്കണ്ട് ഞാനവള്‍ക്കു കൂടുതല്‍ വാത്സല്യവും ,സ്നേഹവും നല്‍കിയിരുന്നു.അവളോടെനിക്ക് അതിയായ അനുകമ്പ തോന്നിയിരുന്നു.
എന്റെ ആരുമായിരുന്നില്ല അവള്‍.എന്നിട്ടും കൂപ്പര്‍ഹോസ്പിറ്റലിന്റെ മോര്‍ച്ചറിയുടെവാതില്‍ക്കല്‍നിന്നു ഞാന്‍ പൊട്ടിപ്പൊട്ടിക്കരഞ്ഞു,സങ്കടം സഹിക്കാനാവാതെ.പിന്നീട് അവിടെ താമസിക്കാന്‍ എന്റെ മനസ്സു അനുവദിച്ചില്ല. രക്തബന്ധത്തിന്റെ മൂല്യം ചോര്‍ന്നുപോയ കാലത്തിന്റെ മാറ്റത്തെ ശപിച്ചുകൊണ്ട് രണ്ടു മൂന്നു ദിനങ്ങള്‍ക്കകം ഞാനും മുംബൈ നഗരത്തോടു വിടപറഞ്ഞു.ഇപ്പോള്‍ എന്നെങ്കിലും സാന്താക്രൂസ് വഴിയിലൂടെ സഞ്ചരിക്കേണ്ടിവരുമ്പോള്‍ എന്റെ മുന്നില്‍ അവളുടെ രൂപം തെളിയുന്നു.എണ്ണമയമില്ലാത്ത ബോബ് ചെയ്ത ചെമ്പിച്ച തലമുടിയും,നിത്യവിഷാദ മുഖവും.പാവം പെണ്‍കുട്ടി.
സംരക്ഷണം നല്‍കേണ്ട രക്ഷിതാവുതന്നെ പിച്ചിച്ചീന്തി,ഇളം പ്രായത്തില്‍ ജീവിതം ഹോമിക്കപ്പെട്ടആ പാവം പെണ്‍കുട്ടിയുടെ ഓര്‍മ്മകള്‍ക്കു മുന്നില്‍ ഇന്നും വേദനയോടെ ഞാനര്‍പ്പിക്കുന്നു,രണ്ടു തുള്ളി ചുടുകണ്ണീര്‍.

2010, നവംബർ 17, ബുധനാഴ്‌ച

എന്‍ഡോസള്‍ഫാന്‍: തോമസിന്റെ നിലപാട്‌ ഇന്ത്യയുടേയും

കാസര്‍കോട്‌ ജില്ലയിലെ ചില ഗ്രാമങ്ങളിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ എന്‍ഡോസള്‍ഫാന്‍ കാരണമല്ലെന്നു പറഞ്ഞ മന്ത്രി കെ.വി.തോമസ്‌ നിലപാട്‌ മാറ്റി. മാറ്റിയതല്ല കെ.പി.സി.സി ഇടപെട്ട്‌ മാറ്റിച്ചു. മാറ്റിയിട്ട്‌ പറഞ്ഞ പ്രസ്‌താവനയും എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരെ സംബന്ധിച്ചടുത്തോളം ആശ്വാസകരമല്ലെന്നു മാത്രമല്ല ആശങ്കാജനകവുമാണ്‌. സര്‍ക്കാറിന്റെ നിലപാടാണു താന്‍ പറഞ്ഞതെന്ന തോമസിന്റെ പുതിയ പ്രസ്‌താവന ആ മന്ത്രിസഭയിലെ അംഗമെന്ന നിലയില്‍ തോമസിന്റേയും കൂടി നിലപാട്‌ തന്നെയാണ്‌. സമ്മര്‍ദ്ദം മൂലമാണു മന്ത്രി തോമസ്‌ നിലപാട്‌ മാറ്റിയത്‌. തലേദിവസം മാധ്യമങ്ങള്‍ ഇതു മുന്‍ കൂട്ടി റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു എന്നതും കൌതുകമൂണര്‍ത്തുന്നു.

ഇനി കേന്ദ്ര ഗവ: നിലപാടാണു വിരോധാഭാസവും ഏറെ ആശ്ചര്യവും. കാസര്‍കോട്‌ ജില്ലയിലെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്‌ കാരണം എന്‍ഡോസള്‍ഫാന്‍ തന്നെയാണോ എന്നു പരിശോധിക്കാന്‍ ഒരു കമ്മീഷനെ നിയമിക്കുമത്രെ. 1991ല്‍ കേന്ദ്ര ഗവ: നിയമിച്ച ബാനര്‍ജി കമ്മീഷന്‍ റിപ്പോര്‍ട്ട്‌ അടിവരയിട്ട്‌ പറയുന്നുണ്ട്‌ എന്‍ഡോസള്‍ഫാന്‍ കീടനാശിനി മാരകവിഷമാണെന്നും, കാസര്‍കോട്‌ ജില്ലയിലെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു പ്രധാന കാരണം എന്‍ഡോസള്‍ഫാന്‍ തന്നെയാണെന്ന്‌. പെരിയ, എന്മകജെ, പെദ്രെ, വാണിനഗര്‍ തുടങ്ങിയ ഗ്രാമങ്ങളില്‍ നടത്തിയ സര്‍വ്വെയില്‍ വ്യക്തമായതായും ബാനര്‍ജി കമ്മീഷന്‍ സമര്‍ത്ഥിക്കുന്നു. കൃഷിമന്ത്രാലയം ഈ റിപ്പോര്‍ട്ട്‌ അംഗീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌.

ഇന്ത്യയിലെ പ്രശസ്‌ത കാര്‍ഷിക ശാസ്‌ത്രജ്ഞന്‍ ഡോ.സ്വാമിനാഥന്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനിയെക്കാളുപരി പാരിസ്ഥിതി പ്രശ്‌നമുണ്ടാക്കുന്ന മാരകവിഷമാണെന്നു അസന്നിഗ്‌ദമായി വെളിപ്പെടുത്തുന്നു. രോഗം പടര്‍ന്ന സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളില്‍ 2001ല്‍ നടത്തിയ സര്‍വ്വെയിലും, ഓസ്‌ട്രേലിയന്‍ ശാസ്‌ത്രജ്ഞന്‍ ഡോ.മരിയന്‍ ലോയിഡ്‌ സ്‌മിത്തിന്റെ നേത്രത്വത്തില്‍ കാസര്‍കോട്ടെ ഗ്രാമങ്ങളില്‍ നടത്തിയ പഠനത്തിലും കാന്‍സര്‍, ബുദ്ധിമാന്ദ്യം, അംഗവൈകല്യം, ത്വക്ക്‌ രോഗങ്ങള്‍ തുടങ്ങിയവയ്‌ക്ക്‌ എന്‍ഡോസള്‍ഫാന്‍ കാരണമാകുന്നുവെന്ന്‌ അടിവരയിട്ട്‌ പറയുന്നുണ്ട്‌. (2010ല്‍ ബ്രസീല്‍ ഗവ: നടത്തിയ പടനം എന്‍ഡോസള്‍ഫാന്‍ മാരകവിഷമാണെന്നു കണ്ടെത്തി.)

ഈ വിവരങ്ങളും, തെളിവുകളുമൊക്കെ മുന്നിലുണ്ടായിട്ടും റോട്ടര്‍ഡാമിലേയും, സ്‌റ്റോക്‌ ഹോമിലേയും കണ്‍വെന്‍ഷനുകളില്‍ ഈ രാസവിഷം നിരോധിക്കാന്‍ ബ്രസീല്‍, ഓസ്‌ട്രേലിയ, ജര്‍മ്മനി, ഫിലിപ്പിന്‍ തുടങ്ങിയ രാജ്യങ്ങള്‍ മുന്‍കൈയ്യെടുത്തപ്പോള്‍ തടസ്സവാദമുന്നയിച്ച ഒരേ ഒരു രാജ്യം ഇന്ത്യയായിരുന്നു എന്ന അറിവ്‌ നമ്മില്‍ ആശ്ചര്യമുളവാക്കുന്നു. ലോകത്ത്‌ ഏറ്റവുമധികം എന്‍ഡോസള്‍ഫാന്‍ ഉല്‍പാദിപ്പിക്കുകയും, ഉപയോഗിക്കുകയും ചെയ്യുന്ന രാജ്യമാണ്‌ ഇന്ത്യ. സര്‍ക്കര്‍ ഉടമസ്ഥതയിലുള്ള കമ്പനികളില്‍ ഉല്‍പാദിപ്പിച്ച്‌ സ്വന്തം രാജ്യത്തെ ജനങ്ങളെ കൊല്ലുന്ന ഈ നീചമായ പ്രവര്‍ത്തി മറ്റൊരു രാജ്യത്തെ സര്‍ക്കാരും ചെയ്യാന്‍ തയ്യാറായില്ല. തങ്ങളുടെ രാജ്യത്തെ ജനങ്ങളുടെ സുരക്ഷയില്‍ ആശങ്കയുള്ളതു കൊണ്ടും, പരിസ്ഥിതിക്കും മനുഷ്യനും, മൃഗങ്ങള്‍ക്കും ഒരുപോലെ ദുരന്തം വിതയ്‌ക്കുന്ന ‘രാസവിഷ’മായത്‌ കൊണ്ടും ജനീവയില്‍ നടന്ന കണ്‍വെന്‍ഷനില്‍ അമേരിക്കയടക്കം എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്ന ലോകത്തെ എഴുപത്താറോളം രാജ്യങ്ങള്‍ ഏകകണ്‌ഠമായി എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ തീരുമാനമെടുത്തു. അപ്പോഴും ഇന്ത്യ പഴയ നിലപാടില്‍ തന്നെ ഉറച്ചുനിന്നു. സ്വന്തം രാജ്യത്തെ ജനങ്ങളുടെ ആരോഗ്യപ്രശ്‌നവും, പാരിസ്ഥികമായ ദുരന്തവും ഇന്ത്യക്ക്‌ ഒരു വിഷയമേ ആയില്ല.

സര്‍ക്കാറിന്റെ ഈ നിലപാടാണു മന്ത്രി കെ.വി. തോമസ്‌ കാസര്‍കോട്‌ വന്ന്‌ പറഞ്ഞത്‌. ദുരിതമനുഭവിക്കുന്ന എന്‍ഡോസള്‍ഫാന്‍ ഇരകളുടെ നേര്‍ക്ക്‌ തൊടുത്തുവിട്ട വെടിയുണ്ടയായിരുന്നു അത്‌. സമ്മര്‍ദ്ദം മൂലം തിരുത്തി എന്നറിയുമ്പോള്‍ ആ പ്രസ്‌താവന അദ്ദേഹത്തിന്റെ സ്വന്തമഭിപ്രായമായിരുന്നു എന്നത്‌ വ്യക്തമാകുന്നു. തോമസിനു കാസര്‍കോട്ടെ ഗ്രാമീണരെപ്പറ്റി പറഞ്ഞാല്‍ ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ല. അദ്ദേഹം കാസര്‍കോട്ട്‌ വന്ന്‌ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊന്നും പോകുന്നില്ല. കുമ്പളങ്ങി കായലില്‍ ന്നിന്നും ഇഷ്ടം പോലെ കരിമീന്‍ കിട്ടുന്നുണ്ട്‌. മാഡത്തിന്‌ അതിന്റെ രുചി വളരെ ഇഷ്ടവുമാണ്‌. അതുകൊണ്ട്‌ തന്നെ കുമ്പളങ്ങി കായലില്‍ വെള്ളം വറ്റാത്ത കാലത്തോളം മന്ത്രിപ്പണിക്ക്‌ ഒരു കോട്ടവും തട്ടില്ല.

തോമസിനെ തിരുത്തിച്ചത്‌ ആത്മാര്‍ത്ഥതയോടെയാണെങ്കില്‍ കെ.പി.സി.സി ചെയ്യേണ്ടത്‌ മാഡത്തിനേയോ, മന്‍ മോഹന്‍ സിംഗിനേയോ ഒന്നു എന്‍ഡോസള്‍ഫാന്‍ ദുരന്തപ്രദേശങ്ങളിലേക്ക്‌ ക്ഷണിക്കുകയാണ്‌ വേണ്ടത്‌. നിരോധനത്തിനെതിരെ ജനീവയില്‍ വാദഗതി ഉയര്‍ത്തിയതിന്റെ ‘നേര്‍ചിത്രം’അവിടെ കാണട്ടെ. അതിനുശേഷമാകട്ടെ പുതിയകമ്മീഷന്റെ വരവ്‌. നാലുകിലോ ഉടലും, അതിന്റെ നാലിരട്ടിയോളം വലിപ്പം ശിരസ്സുമുള്ള ഈ ജീവച്ചവങ്ങളെ കമ്മീഷനുകളുടേയും, മാധ്യമങ്ങളുടേയും മുമ്പില്‍ പ്രദര്‍ശിപ്പിച്ചു പട്ടിണിക്കോലങ്ങളായ ഈ പാവങ്ങള്‍ക്കു മടുത്തു. ഇനിയെങ്കിലും ഇവരെ വെറുതെ വിടുക. പ്ലീസ്‌…

2010, നവംബർ 15, തിങ്കളാഴ്‌ച

ഇരകളുടെ പക്ഷം

നിശ്ശബ്ദമായ നിശീഥിനിയിലൂടെ
നിര്‍വാതമായി വസന്തം കടന്നുപോകുമ്പോള്‍
കാലനെ കണികണ്ടുണരാന്‍ വിധിച്ചവര്‍ ,
ഈ നിരാലംബര്‍

കാലന്റെ,
നിസ്സംഗതയിലുള്ള വിശ്വാസത്താല്‍
ഇരകള്‍ പരാജിതരാകുമ്പോള്‍
കരിഞ്ഞ വിശപ്പിന്‍റെ കെടുതികളില്‍
കണ്ണുകളടച്ചു ആശ്വാസം കണ്ടെത്തുന്നവര്‍ ,
ഈ നിര്‍ധനര്‍

തുഷാരംമൂടിയ താഴ്വരയില്‍
ഇളം പുഷ്പങ്ങള്‍ നിത്യേനകൊഴിയുമ്പോള്‍
വിരുതം വിതുമ്പിനിര്‍ത്തി
വിധിയില്‍ ആശ്വാസത്തിന്റെ കണികതേടുന്നവര്‍
ഈ 'വിവരദോഷികള്‍ '

ബലിച്ചോര്‍ ഉണ്ടകള്‍ ഉണങ്ങിക്കരിയുമ്പോഴും
ബാലിക്കാകള്‍ കടക്കാത്ത
വിഷവാതകം നിറഞ്ഞചുടുകാട്ടില്‍
ചേതനയറ്റ സ്വപ്നങ്ങളെ താലോലിക്കുന്നവര്‍ ,
ഈ സഹജീവികള്‍

ചത്തും ചതഞ്ഞും
ഇവര്‍ ചരിത്രമാകുമ്പോള്‍
നെഞ്ചില്‍ ചവിട്ടി നൃത്തമാടി
കപടകണ്ണീരില്‍ തടാകം പണിതവര്‍ ,
സര്‍വാനുഭൂതിയില്‍ വാഴുന്നു .

ഈ നിസ്സംഗത
അസ്തിനിറഞ്ഞ കുഴിമാടത്തോടുള്ള
നികൃഷ്ടതയാണ് .

2010, നവംബർ 4, വ്യാഴാഴ്‌ച

അമ്മ

അമ്മയ്ക്കറിയാം,
അടുക്കളയിൽ നിന്നും
അലക്കു കല്ലിലേക്കുള്ള ദൂരം
അലക്കുകല്ലിൽ തലതല്ലിക്കരയുന്ന
തുണിക്കെട്ടുകളുടെ ദീനരോദനം
അവിടെ പിറുപിറുത്തു നീങ്ങുന്ന
സോപ്പുകുമിളകളുടെ സ്വകാര്യം.

അമ്മയ്ക്കറിയാം,
അലക്കുകല്ലിൽ നിന്നും
കിണറ്റിൻ കരയിലേക്കുള്ള അകലം
അവിടെ ക്ഷയംപിടിച്ച കയറിന്റെ കണ്ണീർ
ആസ്തമ ബാധിച്ച കപ്പിയുടെ ഞരക്കം
ശിരസ്സറ്റ കുടത്തിന്റെ ദയനീയനോട്ടം.

അമ്മയ്ക്കറിയാം,
അടുക്കളയിൽ വക്കുപൊട്ടിയ
മൺകലത്തിന്റ ദീനവിലാപം
അടുപ്പിൽ പൊട്ടിത്തെറിക്കുന്ന
വിറകുകൊള്ളിയുടെ രോഷം.

പക്ഷേ,അമ്മ അറിയുന്നില്ല
തന്റെ ഉടുതുണിയിലെ വിയർപ്പിന്റെ ഗന്ധം
തന്റെ ഒട്ടിയകവിളിൽ കണ്ണുനീരിന്റ നനവ്.

എല്ലാം സഹിക്കുന്നരമ്മയുടെ വിങ്ങൽ
നാം മക്കളുമൊരിക്കലുമറിയാതെ പോകുന്നു.

2010, നവംബർ 3, ബുധനാഴ്‌ച

വിധി

ഇരുണ്ട് കഴിഞ്ഞു ആകാശം
പകലിനിയും ബാക്കിയുണ്ട്
അനേകം ജീവനെരിഞ്ഞ തീനാളവും
ആയിരങ്ങൾ കുരുതികളായ ഇന്നലെകളും
ഒക്കെ വെറുതെയായെന്നു വിലപിക്കുക
ഇരുണ്ട ആകാശത്തിനു കീഴെ
പകലിനിയും ബാക്കിയുണ്ടെങ്ങിൽ തന്നെയും.

തീറെഴുതിക്കൊടുത്ത്
ഉടഞ്ഞു പോകാനാണു വിധി
അധികാരത്തിന്റെ
പിരമിഡ് മുനകൾ കൊണ്ട്
എത്ര പിന്നോട്ട് കുത്തിയിട്ടും
ഉണ്ടെന്ന് സങ്കല്പിച്ച
പ്രഭവസ്ഥാനം കണ്ടെത്തിയില്ല.

വെറിപുരണ്ട കിരീടമണിഞ്ഞു
രഥംവലിച്ച് രക്തംചീറ്റിയവർ
സ്വർണ്ണച്ചാമരം വീശി
പുഞ്ചിരിക്കുന്നതു കാണുമ്പോൾ
നഗരങ്ങളിൽ വീണുടഞ്ഞ
ആയിരങ്ങളുടേ മേൽ
ആ ഡിസംബറിന്റെ കുളിര്
കോരിത്തരിക്കുന്നുണ്ടാവണം.

സരയുവിലൊഴുകി വരുന്ന
അനാഥ ആത്മാക്കളുടെ ശാന്തിമന്ത്രത്തിനു
അയോദ്ധ്യയിലെ ബാങ്കുവിളി
തടസ്സമാകുന്നുണ്ടാവാം
അതുകൊണ്ടാവണം
തീ പിടിച്ച ആത്മാവിന്റെ രോദനം
ദൈവശിരസ്സിൽ കാഷ്ടിച്ചവർക്ക് വേണ്ടി
വിധിയിൽ മുഴങ്ങിക്കേട്ടത്.

2010, സെപ്റ്റംബർ 8, ബുധനാഴ്‌ച

ഡോളി ഡിക്രൂസിന്റെ ഡയറി

“പേരു ഡോളി.
ഡോളി ഡിക്രൂസ്. മട്ടാഞ്ചേരിയിലെ ഒരു ആഗ്ലോഇന്ത്യൻ കുടുംബത്തിൽ ജനിച്ചു .
മമ്മി, ചെന്നൈയിൽ സ്ഥിരതാമസമാക്കിയ ഒരു നായരോടൊപ്പൊം ഒളിച്ചോടുമ്പോൾ എനിക്കു പന്ത്രണ്ട് വസ്സ്. ഞാൻ അന്നു ആറാം ക്ലാസ്സിൽ പടിക്കുന്നു. ഡാഡി വിദേശത്തായിരുന്നു. മമ്മിയുടെ ഒളിച്ചോട്ടം ഡാഡി ഒട്ടും ഗൌരവമായി എടുത്തതേയില്ല.
‘മോളു വിഷമിക്കണ്ട. മോൾക്കു നല്ലൊരു മമ്മിയെ ഡാഡി വരുമ്പോൾ കൊണ്ടു വരും’ ഒരിക്കൽ വിളിച്ചു ആശ്വസിപ്പിച്ചു. എനിക്കതിന്റെ പൊരുൾ ഒട്ടും മനസ്സിലായില്ല.
ഗ്രാന്റ്മാ മാത്രമായിരുന്നു വീട്ടിൽ എനിക്കു കൂട്ടിനുണ്ടായിരുന്നത്.അങ്ങനെ മൂന്നാലു വർഷം കടന്നു പോയി.ഡാഡി ഒരിക്കൽ പോലുംവന്നില്ല.വിളിച്ചു വിവരങ്ങൾ അന്യേഷിക്കുന്നതും വളരേ വിരളമായിരുന്നു.എങ്കിലും കാശ് മുടങ്ങാതെ അയച്ചു തന്നു. ആവശ്യപ്പെടുമ്പോഴൊക്കെ; ചിലപ്പോൾ അല്ലാതെയും.
പത്താംക്ലാസ്സിൽ പടിക്കുമ്പോഴാണു ഞാൻ പ്രായ പൂർത്തിയാകുന്നത്.
തുറന്നു പറയാമല്ലോ..അന്നു തൊട്ടേ എനിക്കു ആൺകുട്ടികളോടു ഒരു പ്രത്യേക താല്പര്യം തോന്നിയിരുന്നു.അവരോടു സംസാരിക്കുക, അവരെ തൊട്ടുരുമ്മി ഇരിക്കുക,അങ്ങനെ പലതും. ഇതിലൊക്കെ ഒരു പ്രത്യേക സുഖം ഞാൻ കണ്ടെത്തിയിരുന്നു.പ്ലസ് വണ്ണിൽ പടിക്കുമ്പോൾ ഞാൻ രണ്ടു കുട്ടികളുമായി ഒരേസമയം പ്രണയത്തിലായി.അവർ രണ്ടുപേരുമായും ഞാൻ ശാരീരിക ബന്ധം പുലർത്തിയിട്ടുണ്ട്.ഞങ്ങളുടെ വീട്ടിൽ വെച്ചുതന്നെയായിരുന്നു അത്. ഒരിക്കലല്ല,പലതവണ.ഞായറാഴ്ച ദിവസങ്ങളിൽ ഗ്രാന്റ്മാ പള്ളിയിൽ പോകും.വല്ലകാരണവും പറഞ്ഞു ഞാൻ പോകാതിരിക്കും.അന്നാണു എനിക്കു ഇതിനൊക്കെ ‘ചാൻസ് ‘ കിട്ടുക.

ഇങ്ങനെയൊക്കെയായിരുന്നെങ്കിലും പടിത്തത്തിൽ ഞാൻ തീരെ മോശമായിരുന്നില്ല.
ഡിഗ്രിക്ക് ചേർന്നതുമുതലാണു ഞാൻ ശരിക്കും അടിച്ചുപൊളിച്ചത്.ഒന്നാം വർഷം തന്നെ പുതിയ പ്രണയത്തിനു ഞാൻ അവിടെ തറക്കല്ലിട്ടു.ഫൈനൽ ഇയറിനു പടിക്കുന്ന ഒരുവനുമായി അടുപ്പത്തിലായി.അവനൊരു വിദ്യാർഥി സംഘടനയുടെ നേതാവും കൂടിയായിരുന്നു.
അവനാണെനിക്കു ‘സ്വർഗ്ഗം’ കാട്ടിത്തരുന്നത്. ഊട്ടിയും,കൊടൈക്കനാലും കണ്ടതും ഞാൻ അവനോടൊപ്പമാണ്.മദ്യത്തിന്റെ രുചി അറിഞ്ഞതും അവനിൽ നിന്നാണ്.

പണ്ടു ഡാഡി വെക്കേഷനു വന്നാൽ ഡാഡിയും,മമ്മിയും ഒന്നിച്ചിരുന്നു മദ്യപിക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്.ഗ്ലാസ്സിൽ ഒഴിച്ചു വെച്ച അതിന്റെ നിറവും,ഭംഗിയും കാണുമ്പോൾ രുചിച്ചു നോക്കാനുള്ള മോഹം അന്നേഎന്റെ കുഞ്ഞുമനസ്സിൽ തോന്നിയിരുന്നു.മദ്യപിച്ചു കഴിഞ്ഞാൽ ഡാഡിയും,മമ്മിയും ബെഡ്റൂമിൽ വാതിൽ പോലുമടക്കാതെ കാട്ടിക്കൂട്ടുന്ന കാമകേളികൾ അന്നെനിക്ക് അറപ്പുളവാക്കിയിരുന്നുവെങ്കിലും പിന്നീടനുഭവത്തിൽ നിന്നും ഞാനതിന്റെ സുഖവും,സംത്രപ്തിയും തിരിച്ചറിഞ്ഞു.
ഡിഗ്രി കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ അവൻ സംസ്ഥാനത്ത് അറിയപ്പെടുന്ന നേതാവായി മാറിയിരുന്നു.എന്നെ പതുക്കെ അവൻ ഒഴിവാക്കി തുടങ്ങി.ഞാനും അതു തന്നെയാണു ആഗ്രഹിച്ചിരുന്നതും.
പിന്നീട് ഞങ്ങൾ തമ്മിൽ കണ്ടിട്ടേയില്ല.
ആയിടക്ക് നഗരത്തിലെ ഒരു ഷോപ്പിങ്ങ് മാളിൽ വെച്ച് മലയാളസിനിമയിലെ അറിയപ്പെടുന്ന ഒരു സഹനടിയുമായി പരിജയപ്പെടാനിടയായി.അവർ ഇങ്ങോട്ട് വന്ന് പരിജയപ്പെടുകയായിരുന്നു.എന്റെ വേഷവിധാനം കണ്ടാണു പരിജയപ്പെടാൻ തോന്നിയതെന്നു സംഭാഷണമദ്ധ്യേ അവർ പറഞ്ഞു.
(മോഡേൺ വേഷങ്ങളോടാണു എനിക്കു മുമ്പേ താല്പര്യം. ജീൻസും,ടോപ്പും ധരിച്ച് ഒരു കൂളിംഗ് ഗ്ലാസ്സും വെച്ചുകഴിഞ്ഞാലുള്ള സുഖം ചുരിദാറിലും,സാരിയിലും എനിക്കു കിട്ടില്ല.)
ദിവസവും അവർ എന്നെ ഫോൺ വിളിക്കുമായിരുന്നു. ഒരാഴ്ച കഴിഞ്ഞു കാണും,
അവരെന്നെ അവരുടെ വീട്ടിലേക്കു ക്ഷണിച്ചു.നഗരത്തിൽ നിന്നും അല്പം മാറിയുള്ള ഒരു ഇരുനില ബംഗ്ലാവായിരുന്നു അത്.ഞാൻ ചെല്ലുമ്പോൾ പൂമുഖത്ത് അവരെന്നെ കാത്തിരിക്കുകയായിരുന്നു.സ്നേഹത്തോടെ കൈപിടിച്ചു അവരെന്നെ അകത്തോട്ടു കൊണ്ടുപോയി.മുറ്റത്ത് വിലപിടിപ്പുള്ള കാറുകൾ പാർക്കു ചെയിതിട്ടുണ്ട്.
ശുഭ്രവസ്ത്ര ധാരികളായ രണ്ടു തടിയന്മാർ അകത്തിരുന്നു മദ്യപിക്കുന്നു. വേറെയൊരു സുമുഖനായ ചെറുപ്പക്കാരനും അകത്തുണ്ട്. ചില ടി.വി.സീരിയിലിലൊക്കെ കാണാറുള്ള മുഖം.രണ്ടു പെൺകുട്ടികളുമുണ്ട് ഒപ്പം.
സഹനടി ചെറുപ്പക്കാരനെ എനിക്കു പരിചയപ്പെടുത്തി.അഭിനയിച്ച സിനിമയുടെ പേരും,സീരിയലിന്റെ പേരും ഒക്കെ പറഞ്ഞു.ഞാനതൊന്നും ശ്രദ്ധിച്ചില്ല.അപ്പോഴൊക്കെ എന്റെ കണ്ണുകൾ അവന്റെ തുടുത്ത മസിലിന്റെ ഭംഗി ആസ്വദിക്കുകയായിരുന്നു.പിന്നീട് പലപ്പോഴും ഞാനവിടെപ്പോയി.അപ്പോഴൊക്കെ അയാളും വരുമായിരുന്നു.
വളരെ ഹാപ്പിയായിരുന്നു ആ നാളുകൾ.

പക്ഷെ,അത് അധികം കാലം നീണ്ടില്ല.ഒരു നാൾ പോലീസ് റെയ്ഡിൽ പിടിക്കപ്പെട്ടു.സ്റ്റേഷനിൽ എത്തുന്നതിനു മുമ്പേ ഞാൻ ഒഴിവായി.പഴയ കാമുകനായിരുന്ന യുവനേതാവാണ് അതിനു കാരണമെന്നു പിന്നീടറിഞ്ഞു. ഉണ്ട ചോറിനു നന്ദി കാണിച്ചവൻ.

പിന്നീടും സീരിയൽ നടനുമായുള്ള ബന്ധം ഞാൻ ഒഴിവാക്കിയില്ല.കുറെ മാസങ്ങളോളം അതു തുടർന്നു.
ഗ്രാന്റ്മായുടെ മരണത്തോടെ ഞാൻ ഒറ്റക്കായി.ഡാഡി വന്ന് മൂന്ന് ദിവസങ്ങൾക്കകം തിരിച്ചുപോയി.ഡാഡിയുടെ അകന്ന ബന്ധത്തിലുള്ള ഒരു ആന്റിയെ വീട്ടിൽ എനിക്കു കൂട്ടിനു നിർത്തിയിട്ടാണു പോയത്.
അവർ ഒരാഴ്ചയിൽ കൂടുതൽ നിന്നില്ല.
ഫ്രീഡം ശരിക്കും ഞാൻ ആസ്വദിച്ചതും ആ കാലത്താണു. മദ്യവും,പുരുഷനും എന്റെ ബലഹീനതയായിരുന്നുവല്ലോ..

ഒരിക്കൽ ദുബായിൽ നിന്നും വന്നഒരു ഫോൺകാളാണു എന്നെ ഇന്നു ഇവിടെ എത്തിച്ചത്.
തീർത്തും അപരിചിതനായ ഒരാൾ.

പിന്നീടറിഞ്ഞു അയാളുടെ (സീരിയൽ നടന്റെ)സുഹ്രത്താണു ഇയാളെന്നു.
ദുബായിക്കാരനുമായുള്ള ബന്ധം നല്ല നിലയിൽ തുടർന്നു.ദിവസവും വിളിക്കുമായിരുന്നു അയാൾ.
ദുബായിലേക്കു പോരുന്നോ എന്ന അയാളുടെ ചോദ്യത്തിനു പെട്ടെന്നു ഞാൻ ഓ.കെ പറഞ്ഞു.
രണ്ടു മാസങ്ങൾക്കകം അയാളെനിക്കു വിസയും,ടിക്കറ്റും അയച്ചു തന്നു.വിവരം ഡാഡിയോടു പറഞ്ഞു.ആദ്യം എതിർത്തെങ്കിലും നല്ല ജോലിയാണെന്നു പറഞ്ഞപ്പോൾ എന്റെ നിർബന്ധത്തിനു മുന്നിൽ ഡാഡി വഴങ്ങി.
അങ്ങിനെ ഒരു ഡിസംബറിന്റെ തണുപ്പുള്ള രാത്രിയിൽ ഞാൻ ദുബായിലിറങ്ങി.ഒരു വലിയ കാറുമായി അയാളെന്നെ എയർപോർട്ടിനു പുറത്ത് കാത്തിരിപ്പുണ്ടായിരുന്നു.
ഒരു ചെറുകിട ബിസിനസ്സ്കാരനായിരുന്നു അയാൾ.ഭാര്യയും കുട്ടികളും ദുബായിലുണ്ട്.എന്നിട്ടും എത്തിയ അന്നുതന്നെ അയാൾ എന്നോടൊപ്പൊം ശയിച്ചു.ഞാൻ എതിർത്തില്ല,കാരണം ഇതു ഞാൻ മുൻകൂട്ടി കണ്ടിരുന്നു.
പിറ്റെദിവസം തന്നെ ഞാൻ ജോലിക്കു പോയിത്തുടങ്ങി.ഒരു അന്താരാഷ്ട്ര കമ്പനിയുടെ ഓഫീസായിരുന്നു അത്.കുറെ മലയാളി സ്റ്റാഫുമുണ്ട്.ഞാനാരേയും പരിജയപ്പെടാൻ പോയില്ല.മലയാളത്തിൽ സംസാരിച്ചില്ല.
മാസങ്ങൾ ചിലതു കടന്നുപോയി.

ഈജിപ്തുകാരനായ ജി.എം എന്നോടു ഒരു പ്രത്യേക താല്പര്യം കാട്ടുന്നതായി തോന്നി.അല്പം കുടവയറുണ്ടെങ്കിലും സുമുഖനായിരുന്നു അയാൾ. അതുകൊണ്ടു തന്നെ ഞാനും ‘വിട്ടുകൊടുത്തില്ല‘. ഞങ്ങളുടെ ബന്ധം ഓഫീസിൽ ഒരു പരസ്യമായ രഹസ്യമായി.ഒന്നിനും ജി.എം എനിക്കു കുറവു വരുത്തിയില്ല. ഇഷ്ടം പോലെ കാശ്,ആഭരണം എന്നുവേണ്ട,എന്തും അയാൾ എനിക്കായി വാങ്ങിത്തന്നു.

എല്ലാം ഒരു മിന്നൽ വേഗത്തിലാണു അവസാനിച്ചത്.കമ്പനിയിൽ സാമ്പത്തികക്രമക്കേട് നടത്തിയതിനു ജി.എം പുറത്തായി.
പിന്നെ എനിക്കവിടെ പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല.ജീവനക്കാരുടെ തുറിച്ചു നോട്ടവും,കുത്തുവാക്കുകളും,പരിഹാസവും. മടുപ്പു തോന്നിയപ്പോൾ ജോലിയിൽ നിന്നും രാജിവെച്ചു. രാജിവെച്ചുവെന്നറിഞ്ഞപ്പോൾ അയാളെന്നെ ഈജിപ്റ്റിലേക്കു ക്ഷണിച്ചു.പിന്നെ രണ്ടിലൊന്നാലോചിച്ചില്ല.

നാട്ടിലേക്കു പോകാൻ താല്പര്യമില്ലായിരുന്നു.വിസ ക്യാൻസൽ ചെയ്ത സ്ഥിതിക്കു അവിടെ നിന്നും രക്ഷപ്പെട്ടേ മതിയാകൂ.അതുകൊണ്ടാണു അയാൾ ക്ഷണിച്ചപ്പോൾ ആ ക്ഷണം സ്വീകരിച്ചതും.
അങ്ങനെയാണു ഞാനീ കയ്റോ നഗരത്തിലെത്തപ്പെട്ടത്.അദ്ദേഹമാണു ഇവിടെ ഈ ഹോട്ടലിൽ ജോലി ശരിയാക്കിത്തന്നത്. ഇപ്പോൾ ഒരു വർഷത്തോളമാകുന്നു.
ഇവിടെ എത്തിയ വിവരം ഡാഡിയെ അറിയിച്ചിരുന്നു.എവിടെയായിരുന്നാലും മോൾ ഹാപ്പിയായാൽ മതിയെന്നാണു ഡാഡിയുടെ മറുപടി.“


കയ്റോ നഗരത്തിൽ നൈൽ നദിയുടെ മദ്ധ്യത്തിൽ തലയുയർത്തി നിൽക്കുന്ന ഹോട്ടൽ ഷെറട്ടൺ ജസീറയിലെ ലോബിയിൽ ഇരുന്നു ഇത്രയും പറയുമ്പോൾ ഒരു ഭാവ മാറ്റവും ഞാൻ ഡോളിഡിക്രൂസിൽ കണ്ടില്ല.എത്ര കൂളായിട്ടാണു അവൾ ഈ ‘രാസലീലകൾ‘ വിവരിച്ചത്.
‘തിരിച്ചു എനിക്കു നാട്ടിൽ പോകണമെന്നു താല്പര്യമില്ല.ഇവിടെയെത്തിയ ഈ ഒരു വർഷത്തിനുള്ളിൽ ഞാൻ കണ്ടുമുട്ടുന്ന ഏക മലയാളിയാണു താങ്കൾ.നമ്മൾ തമ്മിലുള്ള ഈ കുറച്ചു ദിവസത്തെ പരിജയത്തിൽ എന്തോ ഒരു അടുപ്പം താങ്കളോട് തോന്നിയതും അതുകൊണ്ടാവാം.‘ അവൾ പറഞ്ഞു.
എന്തോ.. ഞാനെല്ലാം കേട്ടിരുന്നു.


ഒരാഴ്ചയ്ക്കു ശേഷം കയ്റോയിൽ നിന്നും തിരിച്ചുപോരാൻ നേരം യാത്രപറയാൻ വേണ്ടി ഒന്നുകൂടി കാണാൻ ചെന്നു.
‘ഇന്നു വൈകുന്നേരം ഞാൻ പോകും.എന്നെങ്കിലും വീണ്ടും കയ്റോയിൽ വരികയാണെങ്കിൽ കാണാം’ ഞാൻ പറഞ്ഞു
അവൾ ഒരു ചെറുപുഞ്ചിരി സമ്മാനിച്ചുകൊണ്ടു പറഞ്ഞു.’താങ്കൾ വീണ്ടും വരുമ്പോൾ ഞാനിവിടെ ഉണ്ടാകില്ല‘. എനിക്കൊന്നും മനസ്സിലായില്ല.
പിന്നീടു അവൾ തന്നെ വ്യക്തമാക്കി. “കുറച്ചു മാസങ്ങൾക്കു മുമ്പ് ഇവിടെ ഹോട്ടലിൽ വന്ന ആസ്ട്രേലിയക്കാരനായ ഒരു ടൂറിസ്റ്റ് എന്നെ അങ്ങോട്ട് ക്ഷണിച്ചിട്ടുണ്ട്. ഇപ്പോൾ ഇടയ്ക്കിടെ അയാൾ വിളിക്കാറുണ്ട്. ഇന്നും അയാളുടെ മെയിൽ ഉണ്ടായിരുന്നു.ക്ഷണിച്ചുകൊണ്ട്. ചിലപ്പോൾ ഒന്നു രണ്ടു മാസത്തിനകം ഞാൻ പോകും ആസ്ട്രേലിയയിലേക്ക്. “
നന്നായി വരട്ടെ എന്നാശംസിച്ചുകൊണ്ടു തിടുക്കത്തിൽ ഞാൻ പുറത്തിറങ്ങുമ്പോൾ എന്റെ മെയിൽ ഐ.ഡി. വാങ്ങാൻ അവൾ മറന്നില്ല.


മാസങ്ങൾ ഏതാനും കഴിഞ്ഞു.
ശേഷം,എമിറേറ്റ്സ് റോഡിൽ അപകടങ്ങൾ ഏറെ നടന്നു,മരണവും. ദുബൈലും,ഷാർജയിലും ശമ്പളം കിട്ടാതെ വലഞ്ഞ പാവം തൊഴിലാളികൾ കാരുണ്യത്തിന്റെ ഉറവ വറ്റാത്ത മനുഷ്യരുടെ സഹായത്താൽ നാട്ടിലേക്കു വിമാനം കയറി. എയർഇന്ത്യയുടെ ചതിയും,കൊള്ളയും ശമനമില്ലാതെ തുടർന്നു കൊണ്ടിരുന്നു.
ഈ വാർത്തകളുടെയൊക്കെ ഇടയിൽ ഡോളിയും,അവളുടെ ആത്മകഥയും ഞാൻ മറന്നിരുന്നു.
ഇന്നലെ അവളുടെ മെയിൽ കണ്ടപ്പോഴാണു ഓർത്തതു തന്നെ.
സുഖാന്യേഷണങ്ങൾക്കൊടുവിൽ അവൾ ഇങ്ങനെ കുറിച്ചിരുന്നു.
I am in Australia now. Didn't I tell you about an Australian once ?
I am living comfortably with kenneth gay. i have not seen such a strong person in my life.
I am not going anywhere from here.

-------------------------------------------------------------------------------------

2010, ഓഗസ്റ്റ് 28, ശനിയാഴ്‌ച

മുഖാവരണം,അനാശ്യാസത്തിനും ഒരു അലങ്കാരമോ ?

മറ്റു ജില്ലയില്‍ നിന്നും ഭിന്നമായി കാസറഗോഡ് ജില്ലയില്‍ മാത്രം പരക്കെ കണ്ടുവരുന്ന ഒരു മുസ്ലിം വേഷവിധാനമാണ് മുഖം മൂടി അണിഞ്ഞുള്ള പർദ.ഇസ്ലാം നിഷ്ക്കർഷിക്കാത്ത ഈ വേഷത്തെ അന്യരാജ്യത്ത് നിന്നും നമ്മുടെ നാട്ടിലെ സ്ത്രീകൾ കടംകൊണ്ടതിലൂടെ ഇതുമറയാക്കി അനാശ്യാസവും നഗരത്തിൽ കൂടിവന്നു.മുഖാവരണം ധരിച്ചാൽ എന്തുമാവാം ,ആരും തിരിച്ചറിയില്ല എന്ന സ്ഥിതിവിശേഷമാണു ഇന്ന്.

മുഖവും,മുൻകൈയും ഒഴിവാക്കിയുള്ളതാണു ഇസ്ലാമികവസ്ത്രരീതി എന്നു സമ്മതിക്കുന്നവർ തന്നെ മുഖം മൂടിയെ ന്യായീകരിക്കുന്നതു കാണുമ്പോഴാണു വിചിത്രമായി തോന്നുന്നത്. ഇസ്ലാമിക വേഷവിധാനത്തിൽ മുഖം മറക്കൽ നിർബന്ധമാക്കിയിട്ടില്ലെന്നു പ്രമുഖരായ പലപണ്ഡിതരും അഭിപ്രായപ്പെട്ടിട്ടുണ്ട്.
പിന്നെ എങ്ങനെയാണു നമ്മുടെ നഗരത്തിൽ ഈ ‘വിചിത്ര വേഷം’ എത്തപ്പെട്ടത് ?
പഴയ കാലത്ത് അറേബ്യൻ നാടുകളിൽ മണൽകാറ്റിനെ പ്രതിരോധിക്കാൻ ജനങ്ങൾ തലയിൽ നിന്നും തട്ടം മുഖത്തേക്കു താഴ്ത്തിയിട്ടിരുന്നതായി ചരിത്രം പറയുന്നു.പിന്നീട് ഹൈദരാബാദിൽ കുടിയേറിയ യമൻ വംശജരുടെ പിൻതലമുറക്കാരും ഈ രീതി തുടർന്നിരുന്നു. പക്ഷേ, കേരളത്തിൽ ഇത് മറ്റൊരു ജില്ലയും സ്പർശിക്കാതെ നേരിട്ട് കാസറഗോഡ് മാത്രം എത്തപ്പെട്ടതിന്റെ ഗുട്ടൻസാണു ഇനിയും പിടികിട്ടാതെപോകുന്നത്.

മതം നിഷ്ക്കർഷിക്കാത്ത മുഖം മൂടി ധരിക്കുന്നത് കൊണ്ട് ഗുണമൊന്നും എടുത്തു പറയാനില്ല.മറിച്ചു ദോഷം ഏറെയുണ്ടു താനും. ദിനംപ്രതി മാധ്യമങ്ങളിലൂടെ നാം അതറിയുന്നു.
“നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മുഖം മൂടി പർദ്ദ ധരിച്ചു മുസ്ലിം സ്ത്രീയുടെ പാസ്പോർട്ടുമായി യാത്ര ചെയ്യാനെത്തിയ ക്രിസ്ത്യൻ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.“
“മുഖം മൂടി പർദ്ദ ധരിച്ച് സ്ത്രീകളുടെ സീറ്റിലിരുന്ന കൌമാരക്കാരനെ യാത്രക്കാർ കൈകാര്യം ചെയ്തു“.
“പർദ്ദയണിഞ്ഞ് ഓണത്തിരക്കിനിടയിൽ സ്ത്രീകളുടെ മാല കവരാൻ ശ്രമിച്ച തമിഴ് സ്ത്രീകളെ പോലീസ് പിടികൂടി.”അവരും മുഖം മൂടി അണിഞ്ഞിരുന്നു.
മംഗലാപുരത്ത് ജ്വല്ലറിയിൽ വന്ന സ്ത്രീകൾ തിരക്കിനിടയിൽ രണ്ടുപവന്റെ വള എടുത്ത് കടന്നു കളഞ്ഞു.ജ്വല്ലറിയിലെ ക്യാമറായിൽ ചിത്രം പതിഞ്ഞിട്ടും ജീവനക്കാർക്കോ,പോലീസിനോ ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ല.കാരണം വ്യക്തം,രണ്ടു സ്ത്രീകളും മുഖാവരണം അണിഞ്ഞിരുന്നുവത്രെ.

ഇതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും പറഞ്ഞ് മുഖാവരണത്തെ ന്യായീകരിക്കുന്നവർക്ക് ആശ്വാസിക്കാൻ ശ്രമിക്കാം.പക്ഷേ ഈ ‘ഒറ്റപ്പെട്ട’സംഭവങ്ങളും സമുദായത്തിന്റെ മുഖത്തേക്കു കരിവാരി തേക്കപ്പെടുന്നു എന്നകാര്യം നാം കാണാതെപോകരുത്.

ഉത്തരേന്ത്യയിൽ തിരിച്ചറിയൽ കാർഡിനു ഫോട്ടോയെടുക്കാനെത്തിയ മുസ്ലിം സ്ത്രീയോട് മുഖാവരണം മാറ്റാൻ ആവശ്യപ്പെട്ടപ്പോൾ അവർ വിസമ്മതിച്ചതും,ഒടുവിൽ പ്രശ്നം കോടതിയിലെത്തിയതും ഈ അടുത്ത കാലത്ത് നാം കേട്ട വാർത്തയാണ്.
‘മുഖാവരണം നീക്കാൻ പറ്റില്ലെങ്കിൽ തിരിച്ചറിയൽ കാർഡ് എടുക്കാതിരിക്കുന്നതാണു ഉചിതം‘. എന്നാണ് കോടതി അഭിപ്രായപ്പെട്ടത്.

മുഖാവരണമണിയുന്ന പർദ്ദ മറയാക്കി സമൂഹത്തിൽ കുറ്റക്രത്യങ്ങൾ കൂടിവരുമ്പോൾ നിയമം മൂലം ഈ വേഷം നിരോധിക്കപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.അതിനുമുമ്പായി നാം ഇതു വർജ്ജിക്കുകയാണു വേണ്ടത്.മതം നിഷ്കർഷിക്കാത്ത വേഷത്തെ മതത്തിന്റെ പേരിൽ വരവുവെച്ചതാണു നമുക്കു പറ്റിയ അബദ്ധം.അതു തിരിച്ചറിഞ്ഞ് ഈ മുഖാവരണത്തെ അറബിക്കടലിലേക്ക് വലിച്ചെറിയേണ്ട സമയം സംജാതമായിരിക്കുന്നു. ഇനിയും വൈകിയാൽ സമൂഹത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് ഒരുപക്ഷേ അതു വഴിവെച്ചേക്കാം.
ഇതൊക്കെ മുൻകൂട്ടി കണ്ടതുകൊണ്ടാവാം ശരീരം മറക്കാൻ നിർദ്ദേശിച്ചപ്പോഴും മുഖവും,മുൻകൈയും ഒഴിവാക്കാൻ പ്രവാചകൻ എടുത്തുപറഞ്ഞത്.

സമുദായത്തിലെ കാക്കത്തൊള്ളായിരം സംഘടനകൾ കീരിയും,പാമ്പുമായി പരസ്പരം കടിച്ചുകീറുമ്പോൾ നെല്ലും,പതിരും തിരിച്ചറിഞ്ഞു ഉപദേശിച്ചു കൊടുക്കാൻ നാഥനില്ലാതെ പോയതിന്റെ പതനമാണിത്. പ്ലസ് വണ്ണിനു പഠിക്കുന്ന കുട്ടിയെപ്പോലും മുഖം മൂടിയണിയിച്ചു ക്ലാസ്സിലേക്കു പറഞ്ഞയക്കുന്ന രക്ഷിതാക്കളുടെ ആത്മീയസംസ്കാരത്തിനു സംഭവിച്ച പതനം.
മുഖാവരണം ആഭിജാത്യത്തിന്റെ അടയാളമല്ല , അരാജകത്തത്തിന്റെ നേർകാഴ്ചയാണ്.അനാചാരത്തിന്റെ പ്രതീകമാണത്.

2010, ഓഗസ്റ്റ് 27, വെള്ളിയാഴ്‌ച

റിയാന പര്‍ദ്ദയണിയാതിരിക്കുമ്പോള്‍

'റിയാന പര്‍ദ്ദ ധരിക്കാത്തതിന്‌ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തുന്നു. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം റിയാനയുടെ വീടിനു ഇപ്പോള്‍ പോലീസ്‌ കാവലുണ്ട്‌.' നല്ല വാര്‍ത്ത. ഈ അടുത്തകാലത്തൊന്നും ഇത്രയും നല്ല കൗതുകവാര്‍ത്ത വായിച്ചിട്ടില്ല.

ഒരാഴ്‌ചയോളമായി മാധ്യമങ്ങളില്‍ ഈ വിഷയം ഒറ്റയ്‌ക്കും, തെറ്റയ്‌ക്കും, പെട്ടികോളത്തിലും, കോളത്തിനു പുറത്തുമൊക്കെയായി അല്‌പസ്വല്‌പം കണാന്‍ തുടങ്ങിയിട്ട്‌.പക്ഷേ, വിശദവിവരം ദേ ഇപ്പോഴല്ലേ അറിയുന്നത്‌.

നമുക്കു റിയാനയുടെ വാക്കുകളിലേക്കുതന്നെ പോകാം.
'പര്‍ദ്ദ ധരിക്കാന്‍ ഇസ്ലാം ഒരിടത്തും പറയുന്നില്ല.പര്‍ദ്ദ ധരിക്കുന്നില്ലെങ്കിലും ഞാന്‍ ഒരു യഥാര്‍ത്ഥ മുസ്ലീമാണ്‌. അഞ്ച്‌ നേരം നിസ്‌കരിക്കുകയും, നോമ്പ്‌ അനുഷ്ടിക്കുകയും ചെയ്യുന്നു.ജീന്‍സും, ടോപ്പും ധരിക്കണമെന്നത്‌ എന്റെ ആഗ്രഹമാണ്‌, മൗലികാവകാശമാണ്‌. ഭീഷണിക്കു വഴങ്ങില്ല, പോരാടുക തന്നെ ചെയ്യും.'
ഹൊ സമ്മതിക്കുന്നു റിയാനയുടെ ചങ്കൂറ്റത്തെ .
റിയാനയ്‌ക്ക്‌ പര്‍ദ്ദ ധരിക്കാന്‍ ഇഷ്ടമില്ല. റിയാന പര്‍ദ്ദ ധരിക്കാത്തത്‌ കൊണ്ട്‌ റിയാനയുടെ ഉമ്മയ്‌ക്കോ, ഉപ്പയ്‌ക്കോ മകളോട്‌ യാതൊരു നീരസവുമില്ല. പിന്നെ ഈ ബന്ധുക്കള്‍ക്കെന്താ ഇക്കാര്യത്തില്‍ ഇത്ര ശ്വാസം മുട്ടാന്‍ ? അതാണു മാലോകര്‍ക്കു പിടികിട്ടാത്തത്‌. അല്ലെങ്കിലും ഈ ബന്ധുക്കളൊക്കെ ഇങ്ങനെയാ. എന്തിനും,ഏതിനും വരും, ഇടംകോലിടാന്‍. വെറുതെയല്ല ശ്രീകുമാരന്‍തമ്പി പണ്ട്‌ കുറിച്ചത്‌ , ബന്ധുക്കള്‍ ശത്രുക്കള്‍ എന്ന്‌.
റിയാന കൊച്ചുകുട്ടിയൊന്നുമല്ല. സിവില്‍ സര്‍വ്വീസ്‌ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന പക്വതയും, പാകതയും ഉള്ള പെണ്‍കുട്ടിയാ. ഈ ഭീഷണിപ്പെടുത്തുന്നവരോടൊക്കെ നാളെ അവള്‍ എണ്ണിയെണ്ണി പകരം ചോദിക്കും.

ഇനി നമുക്കു അല്‌പം കാര്യത്തിലേക്കു വരാം.
കേരളത്തില്‍ മറ്റൊരു ജില്ലയിലും കാണാത്ത വേഷവിധാനമാണു ഇപ്പോള്‍ കാസര്‍കോട്‌ ജില്ലയില്‍ കൂടുതല്‍ കണ്ടു വരുന്നത്‌. മുഖം മൂടി അണിഞ്ഞുള്ള പര്‍ദ്ദ. പര്‍ദ്ദ അണിഞ്ഞവരൊക്കെ നല്ലവരും, അല്ലാത്തവര്‍ മോശവുമാണെന്നുള്ള ഒരു പൊതുധാരണ കാസര്‍കോട്ടെ മുസ്ലിം സമൂഹത്തിനിടയില്‍ വളര്‍ന്നു വന്നിരിക്കുന്നു എന്നതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ്‌ ഈ റിയാന സംഭവം.

പര്‍ദ്ദയണിയിക്കാന്‍ മുന്നിട്ടിറങ്ങുന്നവരും, പര്‍ദ്ദയുടെ മഹാത്മ്യം വിളിച്ചു പറയുന്നവരും അറിഞ്ഞിരിക്കേണ്ട ഒരു വസ്‌തുതയുണ്ട്‌. പര്‍ദ്ദയുടെ മറവില്‍ നടക്കുന്ന അനാചാരത്തിന്റെയും, അനാശ്യാസത്തിന്റെയും പച്ചയായ കാഴ്‌ചകള്‍.അതിനു ദൂരെയൊന്നും പോകണ്ട. നമ്മുടെ കാസര്‍കോട്‌ നഗരത്തില്‍ അല്‌പനേരം വീക്ഷിച്ചാല്‍ മതി. മുഖം മൂടി പര്‍ദ്ദയണിഞ്ഞു ബസ്റ്റാന്റില്‍ 'ടൈം പാസ്സ്‌ ' ചെയ്യാന്‍ വരുന്ന 'ഇഞ്ഞ'മാരെക്കുറിച്ചു കേള്‍ക്കുന്ന കഥകളൊക്കെ എല്ലാം ശരിയായിക്കൊള്ളണമെന്നില്ലെങ്കിലും കുറേയൊക്കെ വാസ്‌തവമാണ്‌.
മുഖം മൂടി പര്‍ദ്ദയണിഞ്ഞാല്‍ കാര്യം സുഖമായി. ആരും തിരിച്ചറിയില്ല. ആങ്ങള ജോലി ചെയ്യുന്ന ചെരിപ്പുകടയില്‍ നിന്നും കാമുകനോടൊപ്പൊം പോയി ചെരിപ്പു വാങ്ങി നാടുവിട്ട പെങ്ങളെക്കുറിച്ച്‌ ഒരിക്കല്‍ ഒരു സഹൃത്ത്‌ പറഞ്ഞതോര്‍ക്കുന്നു. സ്വന്തം സഹോദരനു പോലും തിരിച്ചറിയാന്‍ കഴിഞ്ഞില്ല സഹോദരിയെ. ഇത്‌ പര്‍ദ്ദയുടെ ഗുണം, 'മുഖം മൂടി അണിയുന്നതിന്റെ ഗുണം'.

പര്‍ദ്ദയണിയുന്നതിനു ഇവിടെ ആരും എതിരല്ല. അണിയാതിരിക്കുന്നതിനും ആരും എതിരാവരുത്‌. റിയാനയ്‌ക്കു റിയാനയുടെ ഇഷ്ടം. അവള്‍ പറയുമ്പോലത്തന്നെ അതവളുടെ മൗലികാവകാശമാണ്‌. ഇതില്‍ ബന്ധുക്കള്‍ക്കോ, നാട്ടുകാര്‍ക്കോ കൈകടത്തേണ്ട ഒരാവശ്യവുമില്ല.
പിന്നെ, പര്‍ദ്ദ ഇസ്ലാമിക വേഷമാണ്‌. അതണിഞ്ഞേ തീരൂ എന്നു വാശി പിടിക്കുന്നവരോട്‌ പണ്ട്‌ ഉമ്മുമ്മ പറഞ്ഞ ഒരു ഡയലോഗ്‌ പറയേണ്ടിവരും.
'ഓളെ ഖബറിലേക്ക്‌ നമ്മളും പോകുന്നില്ല, നമ്മളെ ഖബറിലേക്ക്‌ ഓളും വരുന്നില്ല' എന്ന്‌.

പ്രതികരണം വിവേകത്തോടെയല്ല എന്നുള്ളതാണു പലപ്പോഴും നമുക്കു പറ്റുന്ന പരാജയം.സഹിഷ്‌ണുത തീരേയില്ലാത്തവരാണെന്നു മറ്റുള്ളവരെക്കൊണ്ടു പറയിപ്പിക്കുന്നതും ഇതുകൊണ്ടു തന്നെയാണ്‌.നാളെ മാധ്യമങ്ങള്‍ അച്ചുനിരത്തും, 'പര്‍ദ്ദ ധരിക്കാത്തതിനു പെണ്‍കുട്ടിക്ക്‌ നേരെ മുസ്ലിം തീവ്രവാദികളുടെ വധഭീഷണി' എന്ന്‌.കേരളത്തിലെ സ്വതന്ത്ര രാഷ്ട്രീയ വാരിക ഇതില്‍ നിന്നും കവര്‍സ്‌റ്റോറിക്കുള്ള അണിയറ പ്രവര്‍ത്തനം ഇപ്പോള്‍ തുടങ്ങിക്കാണും.

മേല്‍പ്പോട്ടു നോക്കിതുപ്പിയാല്‍ തിരിച്ചു വീഴുന്നതു എവിടെയാണെന്നുള്ള സാമാന്യബോധം പോലും നമുക്കു എന്തുകൊണ്ടു ഇല്ലാതെ പോയി ?റിയാന പര്‍ദ്ദ ധരിക്കാത്തത്‌ കൊണ്ട്‌ ഇടിഞ്ഞു വീഴുന്നതല്ല സമുദായത്തിന്റ മാന്യതയെന്നു തിരിച്ചറിയാനുള്ള വിവേകം നമുക്കെന്നാണുണ്ടാവുക ?

2010, ജൂലൈ 22, വ്യാഴാഴ്‌ച

മുഖം മൂടി


മംഗലാപുരം ബസ്സിന്റെ
നിലക്കാത്ത വിളികൾക്കിടയിലേക്ക്
കിതച്ചോടുമ്പോഴാണ്
പുസ്തകക്കടയുടെ ഓരത്ത്
‘വിൽക്കാൻ വെച്ച ‘
മുഖംമൂടിയട്ട ‘സാധനം’ കണ്ടത്.
തിരക്കിനിടയിലും ചിലർ
ഒളികണ്ണിട്ട് ആസ്വദിക്കുന്നത്
കണ്ടപ്പോൾ
സാധനത്തിന്റെ ഗുണമേന്മ
തിരിച്ചറിഞ്ഞു.
നനഞ്ഞ കീശയിലെ
മുഷിഞ്ഞ ഗാന്ധിത്തലയ്ക്ക്
ചുംബനം വിൽക്കുന്ന
സാധനമാണിതെന്ന്
പുസ്തകക്കടയിൽ നിന്നും
‘ഫയർ‘ വാങ്ങിപ്പോയ ഒരാൾ
ആവേശത്തോടെ
പറയുന്നത് കേട്ടു.
രാത്രികളെ കത്തിച്ചു
അണയാത്ത തീയിൽ
ചാരമാക്കുന്നവരാണ് ഇവരെന്ന്
മുഖംമൂടിക്കിടയിൽ നിന്നും
വശീകരണ ദ്രുഷ്ടി
വിളിച്ചു പറയുന്നുണ്ട്.

ഉടൽ ശവമാക്കി
ആസക്തികൾക്ക്
ലഹരി പകരുന്നവർക്ക്
ജീവിതത്താളുകളിലെ
അക്ഷരത്തെറ്റുകളെക്കുറിച്ച്
ഏറെ കഥകളുണ്ടാവാം

നിലാവിന്റെ ശീതളച്ചിരിയിൽ
വഞ്ചനയുടെ ബീജശൂലങ്ങൾ
വിതറുന്നവരാണിവരെന്ന്
നാം തിരിച്ചറിയുന്നതുവരേയും
ഇനിയുമനേകം മുഖം മൂടികൾ
ഇവിടെ, ഇതുപോലെ
വിൽപ്പനക്കുണ്ടാകും

2010, ജൂലൈ 11, ഞായറാഴ്‌ച

ഭ്രാന്തൻ

ആട്ടുതൊട്ടിലിൽ അലറിക്കരയുമ്പോൾ
‘ഇതിനു ഭ്രാന്താ‘ണെന്നു
ചിറ്റമ്മ പുലമ്പിയിരുന്ന കാര്യം
അയലത്തെ മുത്തശ്ശി പറഞ്ഞാണു
പിന്നീടറിഞ്ഞത് .
രോമം കിളിർക്കുന്ന കാലത്ത്
കളിതമാശ പറഞ്ഞതിന്
കൂട്ടുകാരന്റെ അമ്മ
എനിക്ക് തന്ന പഴിയും
അതേ വാക്കിലായിരുന്നു

നീണ്ട ക്ഷൌരവുമായി
സ്വയം ബുജി ചമഞ്ഞ്
വീടിനധികപ്പറ്റായി
കവലകൾ താണ്ടുമ്പോൾ
നാട്ടുകാർ സമ്മാനിച്ച ഓമനപ്പേരും,
ഭ്രാന്തനെന്നായിരുന്നു .

ഓർമ്മയുടെയും, മറവിയുടെയും
സമാന്തര രേഖകൾക്ക് നടുവിലൂടെ,
നടന്നു നീങ്ങുമ്പോൾ
ഇത്രയും ഓർത്തില്ല .

മുറിയുടെ മൂലയിലെവിടെയെങ്കിലും
ചുരുട്ടിക്കൂട്ടിയിട്ടേക്കുമെന്ന് .
അകം പുറം തിരിച്ചിട്ട
ഒരറവുമാടിന്റെ രൂപത്തെപ്പോലെ
ഇരുൾമുറിയുൽ പിടയേണ്ടിവരുമെന്ന്.

ഓർമ്മയിലുണ്ട്,
കരയാൻ തുടങ്ങിയപ്പോൾ
പുലഭ്യം പറഞ്ഞ് മുഖത്തടിച്ചത്.

കയ്യാലപ്പുറത്ത്
കണ്ണെത്താത്ത തെങ്ങിൻ തോപ്പുകൾ
അളന്നു മുറിക്കുമ്പോൾ
അവകാശമുള്ളവന്റെ വിധി
ഇതാണെന്ന്,
ശിരസ്സിന്റെ പിന്മടക്കുകളിൽ
കനത്ത ബൂട്ടിന്റെ ചവിട്ടേൽക്കുമ്പോഴാണ്
ഞാൻ തിരിച്ചറിഞ്ഞത്.

2010, ജൂലൈ 8, വ്യാഴാഴ്‌ച

വിശുദ്ധ പോരാളി

ഇലപൊഴിഞ്ഞ ഒരു വിഷാദമരത്തിന്റെ
നീണ്ട നിഴലില്‍ വെച്ച്
പ്രണയത്തിന്‍റെ ആദ്യചിഹ്നം
അവൾ സമ്മാനിക്കുമ്പോള്‍
ഉപേക്ഷിക്കാനാവാത്ത
സുഗന്ധമുണ്ടായിരുന്നു അതിന്.

നിറയൌവ്വനത്തിന്റെ ചുടുതാപമേറ്റ്
കരളിൽ കാമം ചുരന്നപ്പോഴും
ചുമലിൽ കൂടാരംചുമക്കുന്ന വ്യഥയില്‍
ഋതുക്കള്‍ മാറിയതും
ഇതളുകള്‍ കൊഴിഞ്ഞതും
സുഗന്ധം വാടിയതും ,
അയാൾ അറിഞ്ഞതേയില്ല.

നിശയുടെ അര്‍ദ്ധയാമങ്ങളില്‍
ചൂട്ടു കത്തിച്ചു ,
അറിയാത്ത കഥകളുടെ
വേഷമാടുന്നവരെ കണ്ടപ്പോഴാണ്
അതുവരെയുള്ള മൌനത്തിന്റെ
അര്‍ത്ഥ വ്യത്യാസങ്ങൾ
അയാൾക്ക് തിരിച്ചറിയാനായത് .

അപ്പോൾ,
കാഴ്ച മങ്ങിയ നീതിക്കു മുന്നിൽ
പീനൽകോഡിന്റെ കെട്ടുകൾ
അയാളെനോക്കി
വിളിച്ചു പറയുന്നതു കേട്ടു
‘ദേ പ്രണയത്തിനും ഒരു
വിശുദ്ധ പോരാളി’ എന്ന്.

2010, ജൂലൈ 7, ബുധനാഴ്‌ച

സത്യത്തിന്റെ നാനാകഴ്ചകള്‍

ചെയ്തു കൂട്ടിയ കൊടും പാപങ്ങൾ
ഹൃദയത്തിന്റെ അസ്ഥിമാടത്തിൽ
കുത്തിനോവിക്കുമ്പോൾ
അടുത്തവരോട് അറിയാതെ
പറയാൻ വെമ്പുന്നത്

വൃദ്ധസദനത്തിലെ ഇളംനോവിൽ
മാതൃഹൃദയംതേങ്ങുമ്പോൾ
ഇങ്ങകലെ നെഞ്ചുരുകും വെട്ടത്തിൽ
കാലം മകനെ തെരുവിലെറിയുന്നത്.

അധികാരത്തിന്റെ രാജസിംഹാസനത്തിൽ
ആത്മനിര്‍വൃതികൊള്ളുമ്പോൾ
സ്വരൂപിച്ചു കൂട്ടിയ ദശകോടികൾ
പിന്നാമ്പുറത്തെ കല്‍പ്പടവുകളില്‍ നിന്ന്
സമ്മൂഹത്തെ നോക്കി വിളിച്ചു കൂവുന്നത്.

മൌനത്തിന്റെ മൂന്നാം മൂകതയിലേക്ക്
കാക്കിയിടെ ‘മുറ’ പതിയുമ്പോൾ
സാഹചര്യത്തിന്റെ സമ്മർദ്ദം
അറിയാത്ത കാര്യങ്ങളെ
മണി , മണിയായി പറയിച്ചത്.

നിഗൂഡതയുടെ നീണ്ടചുവരിൽ
ആരും കാണാതെ ചാരിനിൽക്കുന്നു
ഇപ്പോഴും,
സത്യത്തിന്റെ നാനാകാഴ്ചകള്‍ .

2010, ജൂലൈ 6, ചൊവ്വാഴ്ച

രണ്ടു കവിതകള്‍

നീണ്ടകഥ
-------------
കവിത തിരിച്ചുതരുമ്പോള്‍
വൃത്തത്തിന്റെ ന്യൂനതയാണ്
പത്രാധിപര്‍ ചൂണ്ടിക്കാട്ടിയത്
കഥ തിരിച്ചു വന്നപ്പോൾ
യുവഹൃദയങ്ങളെ സ്പര്‍ശിക്കുന്ന
'പൈങ്കിളി'യുടെ അഭാവത്തെപ്പറ്റി
പ്രത്യേക കുറിപ്പുമുണ്ടായിരുന്നു
ഒടുവിൽ,
സ്വന്തം ജീവിതാനുഭവം
ഒരു നീണ്ടകഥയാക്കി .
ഇപ്പോള്‍ പത്രാധിപര്‍
നിരന്തരം ബന്ധപ്പെടുന്നുണ്ട്
തുടർ ലക്കങ്ങളിലേക്കുള്ള
അദ്ധ്യായങ്ങൾക്കു വേണ്ടി .
____________________
അയൽക്കാരൻ
---------------------
തൊട്ടടുത്ത ഫ്ലാറ്റിലെ
പുതിയ താമസക്കാരനെപ്പറ്റി
അയാള്‍ക്ക്‌
നല്ല അഭിപ്രായമായിരുന്നു
മാന്യൻ ,
സല്‍സ്വഭാവി
വിദ്യാസമ്പന്നന്‍
വിശ്വസിക്കാന്‍ പറ്റിയ ,
നല്ല സുഹൃത്ത് .
സഹധര്‍മ്മിണിയുടെ തിരോധാനം
അയാള്‍ ആദ്യം അന്യേഷിച്ചെത്തിയത്
അടുത്ത ഫ്ലാറ്റിലേക്കാണ്
അവിടെ ഒഴിഞ്ഞ മുറി കണ്ട്
അയാൾ തരിച്ചിരുന്നു.
---------------------------

മാതൃസ്മരണയില്‍

ദാരിദ്ര്യത്തിന്റെ കൊടുംചൂട്
സഹിച്ചു സഹിച്ചു മടുക്കുമ്പോള്‍
പുകയുന്ന വിറകുകൊള്ളിയോടുരോഷംതീര്‍ത്ത്‌
ചിന്തയിലാണ്ടത്.

കര്‍ക്കിടകത്തിലെ ഒരു പെരുമഴ
മേല്‍ക്കൂര കുത്തിപ്പൊളിച്ച്
ചാണകംപാകിയ തറയില്‍
ലോകഭൂപടം കാട്ടുമ്പോള്‍
നിസ്സഹായയായി നെടുവീര്‍പ്പിട്ടത്‌.

വറുതി,അടിവയറ്റില്‍ കുത്തുമ്പോള്‍
അവശേഷിച്ച പിടിഅരി
നിറകലംവെള്ളത്തിലിട്ടു
നിലവിളിക്കു ശമനം തന്നത്.

വറ്റ്തീറ്റിച്ച്,
വെള്ളം കുടിച്ചു നിറവയറിൻ
ആശ്വാസം നടിക്കുമ്പോള്‍
നിറകണ്ണുകളൊഴുകുന്നത്കണ്ട്
ഉമ്മയോടൊപ്പൊംകരഞ്ഞത്.

മനസ്സമാധാനത്തിന്റെയും
മനോധൈര്യത്തിന്റെയും
വലിയപര്‍വ്വതം തകര്‍ന്നപ്പോള്‍,
മരണം എന്ന നേരിന്
മറവിയില്ലെന്നറിഞ്ഞിട്ടും
മിഴികളുടെ നിണച്ചാലുകൾ ഉണങ്ങാത്തത്
മാതൃബന്ധത്തിന്റെ മാത്രം പ്രത്യേകതയാവണം.

ഒരു ശിശിരത്തില്‍
വീണ്ടുകീറിയ പാദങ്ങളിൽ
മരുന്നു തേച്ചു കൊടുക്കുമ്പോള്‍
മനസ്സ് അറിയാതെ മന്ത്രിച്ചു,
'ഈ പാദങ്ങളിൽ ഞാനൊന്നു ചുംബിച്ചോട്ടെ
ഇവിടെയാണല്ലോ എന്‍റെ സ്വര്‍ഗ്ഗം'
ഉമ്മയുടെ ഉപബോധമനസ്സിൽ തട്ടിയതാവാം
ഒരു ജലബിന്ദു എന്‍റെ ശിരസ്സില്‍ വീണുടഞ്ഞത്.

ഇന്നലെ പള്ളിപ്പറമ്പിലേക്കെടുത്തമയ്യത്തുകട്ടിലിനു
ഒരു കൈത്താങ്ങു നല്‍കാന്‍പോലും
വിധിക്കപ്പെടാതെ പോയ ഹതഭാഗ്യനായ മകന്‍ .
ഉമ്മയുടെ ആത്മാവ് വേദനിച്ചിട്ടുണ്ടാവാം
പ്രവാസിയായ മകന്‍റെ ദുർവിധിയോർത്ത്.