2016, ഡിസംബർ 15, വ്യാഴാഴ്‌ച

നമ്മുടെ കുഞ്ഞുങ്ങൾ എങ്ങോട്ട് പോകുന്നു..​?



ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് രാഹുല്‍ നിവാസില്‍ രാജു - മിനി ദമ്പതികളുടെ  ഏഴുവയസ്സുള്ള മകൻ രാഹുലിനെ 2005  മേയ് പതിനെട്ടാം തിയതി കാണാതാവുന്നു.  രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിയായ രാഹുൽ വൈകുന്നേരം കൂട്ടുകാരോടൊപ്പം വീടിനു സമീപത്തെ പറമ്പിൽ കളിച്ചുകൊണ്ടിരിക്കെയാണ് അപ്രത്യക്ഷമായത്. 
വീട്ടുകാരും നാട്ടുകാരും ചേർന്ന് നാടും നഗരവും തിരഞ്ഞു. പത്രങ്ങളിലും ടി.വി ചാനലുകളിലും രാഹുലിനെ കുറിച്ചു തുടരെ തുടരെ വാർത്തകൾ വന്നു. ബസ് സ്റ്റാന്റുകളിലും റെയിൽവെ സ്റ്റേഷനുകളിലും രാഹുലിന്റെ ചിത്രങ്ങൾ പതിച്ചു.  ലോക്കല്‍ പോലീസും പിന്നെ ക്രൈം ഡിറ്റാച്ചുമെന്റും മാസങ്ങളോളം അന്യേഷണം നടത്തി. പക്ഷെ, രാഹുലിനെക്കുറിച്ച് ഒരു വിവരവും കണ്ടെത്താനായില്ല. 
ഒടുക്കം, പതിവുപോലെ അന്യേഷണം സിബിഐ ഏറ്റെടുത്തു. രാപ്പകല്‍ പ്രയത്നിച്ചിട്ടും രാഹുലിന്റെ തിരോധാനത്തെക്കുറിച്ച് അവർക്കും ഒരു തുമ്പും കിട്ടിയില്ല.
മകനെ കാണാതായ വിവരം അറിഞ്ഞ് ഗൾഫ് പ്രവാസിയായ രാജു നാട്ടിലെത്തി. നിറഞ്ഞ കണ്ണും നീറുന്ന ഹൃദയവുമായി പ്രാർത്ഥനയോടെ പൊന്നുമകന് വേണ്ടി കാത്തിരിക്കെ വിധി മറ്റൊരു രൂപത്തിൽ ആ കുടുംബത്തെ വീണ്ടും വേട്ടയാടി. മാരകരോഗം പിടിപെട്ട രാജു  തന്റെ വിധിയെ പഴിച്ച് ആയുസ്സിന്റെ ദിനങ്ങളെ ഇന്ന് കണ്ണുനീരിൽ ഒഴുക്കുന്നു. 

കണ്ണൂര്‍ ജില്ലയിലെ ആറളം കീഴ്പ്പള്ളിയില്‍ സുഹൈല്‍ - ഫാത്തിമ ദമ്പതികളുടെ ഒന്നരവയസ്സുള്ള മകള്‍ ദിയഫാത്തിമയെ 2014  ആഗസ്റ്റ് ഒന്നിനാണ് കാണാതാവുന്നത് . വീട്ട് വരാന്തയിൽ കളിച്ചു കൊണ്ടിരുന്ന കുഞ്ഞ് മാതാവ് അടുക്കളയിൽ പോയ ഏതാനും നിമിഷനേരങ്ങൾക്കുള്ളിൽ അപ്രത്യക്ഷമാവുകയായിരുന്നു.
അതൊരു മഴക്കാലമായതിനാൽ നിറയെ വെള്ളമൊഴുകുന്ന വീട്ടിന് സമീപത്തെ കൈത്തോട്ടില്‍ ഒഴുക്കില്‍പെട്ടതാണെന്ന് സംശയിച്ച് നാട്ടുകാർ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല. 
ഇതേ തുടര്‍ന്ന് മാതാവ് ഫാത്തിമ ഹൈകോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി ഫയല്‍ ചെയ്തു. ക്രൈംബ്രാഞ്ച് ഏറ്റെടുത്ത അന്യേഷണം കേരളം മുഴുവൻ വ്യാപിച്ചെങ്കിലും ദിയ ഫാത്തിമയെ കണ്ടെത്താനായില്ല. ഒരുനിമിഷത്തെ അശ്രദ്ധകാരണം ഏക സന്തതി നഷ്ടപ്പെട്ടതിലുള്ള തീരാദു:ഖം കുറച്ചൊന്നുമല്ല ആ കുടുംബത്തെ തളർത്തിയത്.

മുകളിൽ പറഞ്ഞത് രണ്ടു ഉദാഹരണങ്ങൾ മാത്രം.
മാധ്യമങ്ങളിൽ വാർത്താപ്രധാന്യം നേടുകയും പൊതുസമൂഹത്തിൽ ഏറെനാൾ സംസാരവിഷയമാവുകയും ചെയ്ത രണ്ടു സംഭവങ്ങൾ.
കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും ഒരോ ദിവസവും കുട്ടികൾ അപ്രത്യക്ഷമാവുന്നുണ്ട്. സംസ്ഥാന ശരാശരി പ്രകാരം ദിവസം രണ്ട് കുട്ടികളെ കാണാതാകുന്നു എന്നാണു കണക്ക്.
മലയാളിയുടെ സാമ്പത്തിക അഭിവൃദ്ധിയും ദാനശീലവും മുതലെടുത്ത് തമിഴ്നാട്, കർണ്ണാടക, ആന്ധ്ര, മാഹരാഷ്ട്ര തുടങ്ങിയ അന്യസംസ്ഥാനങ്ങളിൽ നിന്നും നൂറുകണക്കിനാളുകൾ ദിനേന ഭിക്ഷാടനത്തിനായി കേരളത്തിലെത്തുന്നു. ഭിക്ഷാടകരുടെ എണ്ണം വർദ്ധിച്ചതിനോടൊപ്പം കുറച്ചു കാലമായി കേരളത്തിലെ വീടുകളിൽ നിന്നും തട്ടിക്കൊണ്ടു പോകപ്പെടുന്ന കുട്ടികളുടെ എണ്ണവും അഭൂതപൂർവ്വമായി വർദ്ധിച്ചു കൊണ്ടിരിക്കുന്നു. 
പക്ഷെ, പിന്നീട് ഈ കുട്ടികളെ കേരളം മുഴുവൻ അന്വേഷിച്ചാലും  കണ്ടെത്താൻ സാധിക്കാറില്ല. ഭിക്ഷാടന മാഫിയകളുടെ അന്തർസംസ്ഥാന ബന്ധം തന്നെയാണ് ഇതിനൊരു പ്രധാനകാരണം. 
കേരളത്തിൽ ഭിക്ഷയെടുക്കുന്ന കുട്ടികൾ അന്യസംസ്ഥാനത്ത്നിന്നുള്ളവരാണ് എന്നത് ഇവിടെ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അപ്പോൾ ഇവിടെ നിന്നും കാണാതാകുന്ന കുട്ടികൾ മറ്റു സംസ്ഥാനങ്ങളിൽ ആകാനേ വഴിയുള്ളൂ.

2011 മുതൽ 2016 സെപ്തംബർ വരെയുള്ള ആറുവർഷത്തെ കാലയളവിനുള്ളിൽ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും 7292 കുട്ടികളെ കാണാതായിട്ടുണ്ടെന്നു മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ നിയമസഭയിൽ വെച്ച റിപ്പോർട്ടിൽ പറയുന്നു. ഈ വര്‍ഷം ഇതുവരെ 1194 കുട്ടികളെ കാണാതായതായി ആഭ്യന്തരവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവരില്‍ 1142 കുട്ടികളെ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ബാക്കിയുള്ള 52 കുട്ടികളുടെ വിവരങ്ങൾ ലഭിച്ചിട്ടില്ല. 
2011 മുതൽ 2016 വരെയുള്ള ഓരോ വർഷത്തെയും കണക്കുകൾ പരിശോധിക്കുമ്പോൾ മിസ്സിംഗ് കേസ്സുകളുടെ എണ്ണം ഭീതിജനകമാം വിധം വർധിക്കുന്നതായി കാണാം. (സർക്കാരിന്റെ പക്കലുള്ള കണക്കുകള്‍ പൊലിസില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെത് മാത്രമാണ്. രജിസ്റ്റര്‍ ചെയ്യാത്ത കണക്കുകൾ കൂടി ചേർത്താൽ കാണാതായ കുട്ടികളുടെ എണ്ണം ചിലപ്പോൾ ഇരട്ടിയിലധികമാകാം.)
കുട്ടികൾ അപ്രത്യക്ഷമായാൽ പലരും പെട്ടന്നു തന്നെ പോലീസിൽ അറിയിക്കാറില്ല. സ്വന്തം നിലയ്ക്ക് അന്യേഷണം നടത്തി കണ്ടെത്താൻ കഴിയാതെ വരുമ്പോൾ മാത്രമാണു പോലീസിനെ അറിയിക്കുക. അപ്പോൾ ദിവസങ്ങൾ കഴിഞ്ഞിരിക്കും. തട്ടിക്കൊണ്ടു പോയവർ ലക്ഷ്യസ്ഥാനത്ത് എത്തിയിട്ടുമുണ്ടാവും.
നഗരപ്രദേശങ്ങളെക്കാൾ ഗ്രാമീണമേഘലകളിൽ നിന്നാണു കൂടുതൽ കുട്ടികളെയും കാണാതായിട്ടുള്ളത്. അതിലേറെയും പെൺകുട്ടികളാണെന്നു രേഖകൾ വ്യക്തമാക്കുന്നു. അന്യസംസ്ഥാനത്ത് എത്തപ്പെടുന്ന ഇവർ ബാലവേലയ്ക്കും ലൈംഗിക ചൂഷണത്തിനും ഇരയാക്കപ്പെടുന്നു. ഭിക്ഷാടന മാഫിയകളുടെ കൈയിൽ എത്തപ്പെടുന്നു. അവയവ മോഷണത്തിന്റെ കാര്യവും അധികൃതര്‍  തള്ളിക്കളയുന്നില്ല.

വീടിന്റെ പരിസരത്തുനിന്നു കുഞ്ഞുങ്ങൾ കാണാതാവുമ്പോൾ അതിനു പ്രധാന കാരണം വീട്ടുകാരുടെ അശ്രദ്ധ തന്നെയാണെന്നു പറയാതെ വയ്യ.

 
കാണാതാകുന്ന കുട്ടികളെ കണ്ടെത്താന്‍ ഹരിയാന സർക്കാർ നടപ്പാക്കി വിജയിച്ച 'ഓപ്പറേഷന്‍ സ്‌മൈല്‍' എന്ന പദ്ധതിയെ പിൻപറ്റി അതേ മാതൃകയില്‍ 'ഓപ്പറേഷന്‍ വാത്സല്യ' എന്ന പേരിൽ കേരളവും കഴിഞ്ഞവർഷം ഒരു പദ്ധതിക്ക് തുടക്കമിട്ടിരുന്നു. സാമൂഹ്യനീതി വകുപ്പും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും ആഭ്യന്തര വകുപ്പും സംയുക്തമായി ആരംഭിച്ച പദ്ധതിക്ക് റെയിൽവെയുടെയും കെ.എസ്.ആർ.ടി.സിയുടെയും മറ്റു സാമൂഹ്യ സംഘടനകളുടെയും സഹകരണം ലഭിച്ചു. അതോടെ ജില്ലാഭരണാധികാരിയുടെ മേൽനോട്ടത്തിൽ തുടങ്ങിയ ‘ഓപ്പറേഷൻ വാത്സല്യ’യിലൂടെ അന്യസംസ്ഥാനത്ത് നിന്നും കാണാതായ കുറെയേറെ കുട്ടികളെ ഇവിടെ നിന്നും കണ്ടെത്താൻ കഴിഞ്ഞു. 
പക്ഷെ, പിന്നീട് ആ പദ്ധതി സജീവമായി കണ്ടില്ല.

കേരളത്തിൽ സജീവമായ ഭിക്ഷാടന മാഫിയയാണ് കുട്ടികളുടെ തിരോധാനത്തിനു പിന്നിലെന്നത് അധികൃതര്‍ക്കും ബോധ്യമുണ്ട്. എന്നിട്ടും ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തി ഇവിടെ തഴച്ചുവളരുന്ന ഈ സാമൂഹ്യവിപത്തിനെ നിയന്ത്രിക്കാൻ അവർ തയ്യാറാവുന്നില്ല.
അംഗവൈകല്യവും അന്ധതയും ജീവിത ദുരിതവും അഭിനയിച്ച് വെള്ളപ്പൊക്കത്തിലും കൊടുങ്കാറ്റിലും ഭവനരഹിതരായവര്‍ എന്ന വ്യാജേന അച്ചടിച്ച കാര്‍ഡുകളുമായി ബസ്സിലും ട്രൈനിലും വീടുകളിലുമൊക്കെ കയറിയിറങ്ങുന്നവരെ നാം ദിവസവും കാണുന്നു. ഇങ്ങനെ സംഭാവനയ്‌ക്കെത്തുന്നവർ ഭിക്ഷാടന മാഫിയയുടെ നിയന്ത്രണത്തില്‍പ്പെട്ടവരാണെന്നും ഇവരിലെ സ്ത്രീകളിലും പുരുഷന്മാരിലും കൊടും ക്രിമിനലുകൾ വരെയുണ്ടെന്നും നുമുക്കിതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. 
പുതപ്പു വിൽക്കാനും, അമ്മികൊത്താനും സ്വർണ്ണം നിറം പൂശാനുമൊക്കെ വരുന്ന അന്യസംസ്ഥാനക്കാരിൽ കൂടുതലും ക്രിമിനൽ പാശ്ചാത്തലമുള്ളവരാണെന്ന വസ്തുത വിസ്മരിച്ചു കൂടാ. ഇവർ വീടിനു സമീപത്തുകൂടെ കടന്നുപോകുമ്പോൾ നമ്മുടെ കുഞ്ഞുങ്ങൾക്ക് മേൽ നമുക്കൊരു കണ്ണുവേണം.  കോലായയിലോ വീട്ടുമുറ്റത്തോ  കളിച്ചിരുന്ന കുട്ടി അവിടുത്തന്നെയുണ്ടോ എന്നുറപ്പ് വരുത്തണം. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന വന്‍ റാക്കറ്റുതന്നെ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും സജീവമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുമ്പോൾ പ്രത്യേകിച്ചും.. 
 
മുഷിഞ്ഞ വസ്ത്രവും അഴകിയ മാറാപ്പുമായി ഭിക്ഷ യാചിക്കാൻ വരുന്ന സ്ത്രീകളുടെ കയ്യിൽ പലപ്പോഴും (ഒരിക്കലും..!) ഉറക്കമുണരാത്ത കുഞ്ഞിനെ കാണാറില്ലേ.. ക്ഷീണിതരായി ഉറങ്ങുന്ന കുട്ടികൾ, വഴിയരികിൽ ഇരുന്നു വാവിട്ടു കരയുന്ന കുട്ടികൾ, നഗരത്തിരക്കുകൾക്കിടയിൽ അലയുന്ന അന്ധരും, അംഗഭംഗമുള്ളതുമായ കുട്ടികൾ.  
ഈ കുട്ടികളൊക്കെ എവിടെ നിന്ന് വരുന്നു, എങ്ങോട്ട് പോകുന്നു എന്നൊന്നും നമ്മൾ ആലോചിക്കാറില്ല. ദയയുടെ പേരിൽ നാം നൽകുന്ന ഓരോ നാണയത്തുട്ടും പുതിയൊരു വികലാംഗനായ ബാലഭിക്ഷുവിനെ സൃഷ്ടിക്കാനുള്ള പ്രചോദനമാണെന്നു ഇനിയെങ്കിലും നാം തിരിച്ചറിയണം.  

ഭിക്ഷാടനം നിയമം വഴി നിരോധിച്ച സംസ്ഥാനമാണു കേരളം. ബാലവേല കുറ്റകരമായ രാജ്യമാണു നമ്മുടേത്. ഇത്തരമൊരു സംവിധാനത്തിൽ ജീവിക്കുന്ന സമൂഹത്തിനു മുന്നിലാണ് സർവ്വനിയമങ്ങളെയും, മനുഷ്യത്വ മൂല്യങ്ങളെയും കാറ്റിൽ പറത്തി ഭിക്ഷാടന മാഫിയ വിലസുന്നത്. പതിനാറോ പതിനേഴോ വയസ്സുള്ള പെൺകുട്ടി ബോധമില്ലാതെ ഉറങ്ങുന്ന കുഞ്ഞിനെയും തോളിലേറ്റി വന്നു മുന്നിൽ കൈനീട്ടുമ്പോൾ വല്ലതും കൊടുത്തുവിടുക എന്നതിനപ്പുറം ഈ കുഞ്ഞു ഇവളുടേതാണോ എന്നൊരു ലഘുവായ ശ്രദ്ധപോലും നമുക്കുണ്ടാവാറില്ല.

കാണാതാകുന്ന കുട്ടികളുടെ എണ്ണം നാൾക്ക്നാൾ ആശങ്കാജനകമായി ഉയര്‍ന്നുവരുന്നു. അലമുറയിട്ട് കരയുന്ന കുടുംബത്തിന്റെ കണ്ണീരിനു മുന്നിൽ സമൂഹവും അധികാരികളും നീതിയും നിയമവും  ഒരുപോലെ നിസ്സഹായരായി നോക്കി നില്‍ക്കേണ്ടിവരുന്നു. 
നമ്മുടെ കുട്ടികള്‍ എങ്ങോട്ട് പോകൂന്നു? 
ആരാണ് അവരെ മറച്ചു വെച്ചിരിക്കുന്നത്?
എവിടെയാണു അവർ എത്തപ്പെടുന്നത്?
അറിയാത്തവര്‍ ആരും ഇല്ല. എന്നിട്ടും പരിഹാരമാര്‍ഗങ്ങള്‍ കണ്ടുപിടിക്കപ്പെടുന്നില്ല. 
 ‘കുഞ്ഞുങ്ങളെ പിടിച്ചുകൊണ്ടു പോകുന്ന ആൾ വരുമെന്നും കണ്ണു കുത്തിപൊട്ടിക്കുമെന്നും’ പണ്ടുകാലങ്ങളിൽ അമ്മമാർ കുഞ്ഞുമക്കളെ പറഞ്ഞു പേടിപ്പിച്ചിരുന്നു. ഭക്ഷണം കഴിക്കാതിരുന്നാല്‍, വികൃതി കാട്ടിയാല്‍, ഒച്ചയിട്ട് കരഞ്ഞാൽ, ഉറങ്ങാതിരുന്നാൽ എല്ലാം അമ്മമാരും അമ്മൂമ്മമാരും പുറത്തെടുക്കുന്ന സൂത്രവിദ്യയായിരുന്നു അത്. കുട്ടികളെ പേടിപ്പിക്കാനായി പറഞ്ഞു കൊടുക്കുന്ന മുത്തശ്ശി കഥകളിലും ഈ 'കുട്ടികളെ പിടിത്തക്കാര്‍' അന്നൊരു പ്രധാന കഥാപാത്രമായിരുന്നു.
വെറുമൊരു സാങ്കൽ‌പ്പിക കഥാപാത്രം. 
പക്ഷെ, ഇന്ന് അത് കണ്മുന്നിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന യാഥാർത്ഥ്യങ്ങളുടെ അതിശയോക്തി കലരാത്ത നേർകാഴ്ചയാണ്.

അഴകിയ വസ്ത്രവും മുഷിഞ്ഞ മാറാപ്പുമായി നമ്മുടെ മുന്നിലെത്തുന്ന ഭിക്ഷാടകരെപ്പോലെ അന്യസംസ്ഥാനത്തെ ഏതെങ്കിലും തെരുവിൽ നമ്മുടെ മക്കൾ അലയാതിരിക്കാൻ, നമ്മുടെ മക്കൾ നാളെ ഗോവിന്ദച്ചാമിമാരിലേക്ക് എത്താതിരിക്കാൻ, ചുരുക്കത്തിൽ നമ്മുടെ കുട്ടികള്‍ സുരക്ഷിതരായിരിക്കാന്‍ നാം തന്നെയാണ് ശ്രദ്ധിക്കേണ്ടത് എന്ന പരമമായ ബോദ്ധ്യം ഇനിയെങ്കിലും നമ്മൾ ഓർത്തിരിക്കുന്നത് നന്ന്..
************************