2013, ഡിസംബർ 14, ശനിയാഴ്‌ച

ഒടുക്കം

വാരിവലിച്ചു കൂട്ടിവെക്കുമ്പോൾ
ഓര്‍ത്തില്ല
ഒരുനാള്‍ ചീഞ്ഞു നാറുമെന്ന്‌

അന്യന്റെ സങ്കടക്കണ്ണീരിൽ
കളിവഞ്ചിയിറക്കി രസിക്കുമ്പോഴും
ഓർമ്മയിൽ വന്നില്ല
ഒരുനാൾ
ചുഴിയിൽ പെട്ടുപോകുമെന്ന്‌

വസന്തത്തിന്റെ നിറക്കൂട്ടിൽ
മതിമറന്നാടുമ്പോൾ
ഓർക്കാൻ തോന്നിയില്ല
സുഗന്ധത്തിന്റെ ഋതുഭേദങ്ങൾ
മാറിമറിയുമെന്ന്

ഇരുട്ടിന്റെ താപത്തിനും
ഉഷസിന്റെ കുളിരിനുമിടയിൽ
അനേകം നിറങ്ങളിൽ
ആടിത്തിമര്‍ത്തിട്ടും
ഒടുക്കം,
നിന്റെ മൌനത്തിനു മേൽ
ഒരു തൂവെള്ള മാത്രമേ
പുതപ്പിച്ചു കണ്ടുള്ളു.

2013, ഡിസംബർ 2, തിങ്കളാഴ്‌ച

രാത്രിമഴ

പാതിരാത്രി പെയ്ത മഴയിൽ
ഓർമ്മകളുടെ പിൻവിളി
തളം കെട്ടി നിൽക്കുന്നു

മഴയുടെ ഉന്മാദത്തിൽ
പൊട്ടിയൊലിച്ച വരമ്പിൽ
ഉണർവ്വ് കൈമോശം വന്നത്...
മേൽക്കൂര ചോർന്നൊലിച്ച്
മൌനത്തിന്റെ വിങ്ങലിൽ വീണത്..
സ്വരൂപിച്ചു വെച്ച സ്വപ്നങ്ങളുടെ
ചായക്കൂട്ടുകൾ ഒലിച്ചുപോയത്...

വികാരങ്ങളെ തീവ്രമാക്കാനും
ഓർമ്മകളുടെ മഹാസാഗരം തീർക്കാനും
ഒരുപോലെ കഴിയുന്നു
പലപ്പോഴും  പാതിരാമഴയ്ക്ക്..