2017, ജൂൺ 28, ബുധനാഴ്‌ച

ചാറ്റ് റൂമില്‍ തുണിയുരിയുന്നവരോട്...


ശാസ്ത്രം പുരോഗമിക്കുകയും ആധുനിക സാങ്കേതികവിദ്യയുടെ പ്രയോക്‌താക്കളായി മനുഷ്യൻ മാറുകയും ചെയ്തതോടെ അവന്റെ/ അവളുടെ ചിന്തയിലും വീക്ഷണത്തിലും ഏറെ മാറ്റങ്ങൾ പ്രകടമായി തുടങ്ങി. അതോടെ അനുദിനം വികസിച്ച ടെക്നോളജി ഉപയോഗത്തിനും ദുരുപയോഗത്തിനുമായി ചിലവഴിക്കാൻ മനുഷ്യ മസ്തിഷ്കം വികസിക്കുകയും ചെയ്തു.
അടുത്ത ബന്ധുക്കളും സഹപ്രവർത്തകരും മാത്രമായി ഒതുങ്ങിയിരുന്ന സൗഹൃദവലയം ദേശവും ഭാഷയും കടന്നു ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാനും വിദ്യാഭ്യാസത്തിനും ജീവിതോപാധിക്കുമായി ദേശങ്ങൾ താണ്ടുന്നതിന് ആക്കം കൂട്ടാനും ആധുനികടെക്നോളജിയുടെ വികാസം മനുഷ്യന് ഏറെ ഉപകാരപ്രദമായിത്തീർന്നു.
ആ ഗുണകരമായ വശം ആവോളം ആസ്വദിക്കുമ്പോഴും ലോകത്തുടനീളം വ്യാപിച്ചു കിടക്കുന്ന അതിരുകളില്ലാത്ത സൈബർ ലോകം ദോഷങ്ങളുടെയും കൂടി വലിയൊരു കലവറയാണെന്ന കാര്യം ആരും അത്ര ഗൗരവത്തിലെടുത്തില്ല.
 സൈബര്‍ ലോകത്തെ ചെറിയ ചില അശ്രദ്ധകള്‍ മൂലം പലരും വലിയ വിപത്തുകളെ നേരിടേണ്ടി വന്നപ്പോൾ സാങ്കേതികവിദ്യയുടെ വികാസത്തിനൊപ്പം തന്നെ ഈ രംഗത്തുള്ള തട്ടിപ്പുകളും ചൂഷണങ്ങളും കൂടിവരുന്നത് വിദഗ്ദർ ചൂണ്ടിക്കാട്ടിയതാണ്. സാങ്കേതികവിദ്യ നിത്യജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്വാധീനിക്കുകയും ഒരു വിരൽതുമ്പിലൂടെ  അതിലേക്കെത്തിപ്പെടാന്‍ നിമിഷങ്ങളുടെ ദൈർഘ്യം മാത്രം വേണ്ടിവരികയും ചെയ്യുമ്പോൾ ഏറെ ശ്രദ്ധയോടെ ആയിരിക്കണം അത് കൈകാര്യം ചെയ്യേണ്ടത് എന്ന് അവർ നമ്മെ പലപ്പോഴായി ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു.
അതും നമ്മൾ വേണ്ടത്ര മുഖവിലക്കെടുത്തില്ല.

അനന്തമായ സാധ്യതകളിലേക്ക് വാതില്‍ തുറക്കുന്ന വിവര സാങ്കേതികവിദ്യയുടെ അതിപ്രസരം നമ്മുടെ ദൈനംദിന ജീവിത ശൈലിയെ തന്നെ മാറ്റിമറിച്ചു.  സോഷ്യല്‍ മീഡിയയുടെ ആഴവും വ്യാപ്തിയും നേരാംവണ്ണം തിരിച്ചറിയാത്തവരും ഇന്റര്‍നെറ്റിന്റെ സാധ്യതകളെ കുറിച്ച് അവബോധം ഇല്ലാത്തവരും ആൻഡ്രോയിഡ് ഫോണും ഇന്റർനെറ്റ് സൌകര്യവും സുലഭമായതോടെ സൈബർലോകത്ത് സജീവമായി. പലരും അവരറിയാതെ തന്നെ ചതിക്കുഴികളിൽ കുടുങ്ങി. 

എല്ലാ വിവരങ്ങളും ഒരു വിരല്‍ത്തുമ്പിലുണ്ട്.
 
നല്ല സുഹൃത്തുക്കളെ സമാഹാരിക്കാനും നല്ല വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും എന്തിന്, ജീവിത പങ്കാളിയെ പോലും തിരഞ്ഞെടുക്കാന്‍ സാധിക്കുന്ന ഒരു ഉപാധിയായി സൈബർലോകം മാറി. ഇങ്ങു കേരളത്തിലെ ഏതെങ്കിലും ഒരു ഓണംകേറാമൂലയിൽ ഇരുന്ന് അങ്ങു അമേരിക്കയിലോ ആഫ്രിക്കയിലോ ഉള്ള പെൺകുട്ടിയെ മുഖാമുഖം കണ്ടു ‘വളച്ചെടുക്കാനുള്ള’ സംവിധാനം വരെ വന്നു.

അങ്ങനെയാണ് കാലിഫോർണിയയിലെ നൈറ്റ് ക്ലബ്ബുകളിൽ ജീവിതം ആഘോഷമാക്കിയിരുന്ന അഡ്രിനപെരൾ എന്ന അമേരിക്കക്കാരി  ഭർത്താവിനെയും മകളെയും ഉപേക്ഷിച്ച് ഹരിയാന പൊപ്രാൻ ഗ്രാമത്തിലെ കർഷകനായ മുകേഷ്കുമാറിന്റെ ഭാര്യയായത്. 
അങ്ങനെയാണ് പോളണ്ടുകാരി ലൊറീനലിറ്റ മഹാരാഷ്ട്രയിലെ കുഗ്രാമത്തിൽ വീട്ടമ്മയായത്.
അങ്ങനെയാണ് കാമുകിയെ തേടി പോയ ഇന്ത്യക്കാരനായ എൻജിനീയർ പാക്കിസ്ഥാനിൽ ജയലഴിക്കുള്ളിലായത്.
ഇതൊന്നും ഒറ്റപ്പെട്ടവയല്ല. വാർത്താകോളങ്ങളിൽ ഇടം പിടിക്കാതെ പോകുന്ന, ലോകത്തിന്റെ നാനാദിക്കുകളിലും നിത്യവും നടക്കുന്ന സംഭവങ്ങളിൽ ചിലതുമാത്രം.

പ്രണയവും ചതിയും, സാമ്പത്തിക തട്ടിപ്പും, പെൺവാണിഭവും എന്നുവേണ്ട സകല കൊള്ളരുതായ്മകളുടെയും ഇടമാണ് ഇന്നു സൈബർലോകം. വിശാലമായ ലൈംഗിക സാധ്യതകൾ തുറന്നുവെച്ച ഇ-ലോകം വലിയൊരു സാമൂഹ്യവിപത്തായി മാറിക്കഴിഞ്ഞിട്ടുണ്ട്.
വിദേശരാജ്യങ്ങളിൽ മാത്രമുണ്ടായിരുന്ന സെക്സ് ചാറ്റിംങ് സമ്പ്രദായം കേരളത്തിൽ സജീവമായതായും നഗരങ്ങളിലെ ഹോസ്റ്റലിൽ താമസിക്കുന്ന പെൺകുട്ടികളിൽ ഒരു വിഭാഗം വെബ്കാമിനു മുന്നിൽ ശരീരഭാഗം പ്രദർശിപ്പിച്ചു പണം സമ്പാദിക്കുന്നതായും ചില  ഓൺലൈൻ മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഏറെ ഗൗരവമുള്ള ഈ വിഷയം പിന്നീട് ഒരൊറ്റ മാധ്യമങ്ങളും ചർച്ച ചെയ്തുകണ്ടില്ല.

ആൺ/പെൺ വേശ്യകളുടെ സങ്കേതങ്ങളിലേക്കുള്ള ക്ഷണം, സ്വന്തം ലൈംഗികത ചിത്രീകരിച്ചു പണം സമ്പാദിക്കുവാനുള്ള മാർഗ്ഗങ്ങൾ, അചേതനവസ്തുക്കളിൽ ലൈംഗികതാൽപര്യം കണ്ടെത്താനുള്ള വഴികൾ, തുടങ്ങി..  സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ തീരാ തലവേദനയാകുന്ന അനവധി വാതിലുകൾ, ദുരൂഹതകളുടെ വിളനിലങ്ങളിലേക്ക് സൈബർലോകം തുറന്നുവെച്ചിട്ടുണ്ട്.

 പ്രവാസി മലയാളികൾ കുടുങ്ങിയ തട്ടിപ്പിന്റെ മറ്റൊരു കഥയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഫിലിപ്പിൻ യുവതികൾ മലയാളി യുവാക്കളെ വശീകരിച്ചു നടത്തിയ ഹണിട്രാപ്പിന്റെ കഥയാണത്. 
മലയാളി യുവാക്കൾക്ക് ലൈംഗിക വിഷയങ്ങളിലുള്ള ആവേശവും ബലഹീനതയും ഗൾഫ് നാടുകളിലെ സഹപ്രവർത്തകരായ മലയാളികളിൽ നിന്നും ഫിലിപ്പിൻ യുവതികൾ ഗ്രഹിച്ചിട്ടുണ്ടാവണം എന്നുവേണം കരുതാൻ.
അടുത്തിടെയാണ് കൊല്ലം സ്വദേശിയായ യുവാവും ഫിലിപ്പിൻ യുവതിയും തമ്മിൽ വെബ്കാമറയിലൂടെ നടത്തിയ സെക്സ് ചാറ്റിന്റെ ദൃശ്യങ്ങൾ യുട്യൂബിലൂടെ പ്രചരിച്ചത്. ഗൾഫിൽ ജോലി ചെയ്യുകയായിരുന്ന യുവാവിന്റെ കുടുംബജീവിതം ഇതോടെ തകർന്നു. വിവാഹമോചനത്തിനായി ഭാര്യ കോടതിയെ സമീപിച്ചു.
മസ്കറ്റിൽ ജോലിചെയ്യുന്ന മറ്റൊരു മലയാളി ഫിലിപ്പിനി യുവതി ആവശ്യപ്പെട്ട രണ്ടായിരം ഡോളർ നൽകി രക്ഷപ്പെടുകയാണുണ്ടായത്. ഇതുപോലെ  മലയാളിയുവാക്കളെ വശീകരിക്കാനും പണം തട്ടാനും പിലിപ്പിൻ യുവതികളുടെ ഒരു സംഘം തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് മാധ്യമങ്ങൾ നൽകുന്ന വിവരം. മണലാരണ്യത്തിൽ അദ്ധ്വാനിച്ചുണ്ടാക്കിയ പണം മറ്റൊരു രാജ്യത്ത് ചാറ്റിംഗ് റൂമിലിരുന്നു അപരിചിതരായ യുവതികൾ കൈവശപ്പെടുത്തിയ കഥകൾ ഇപ്പോൾ മിക്ക പ്രവാസികളും സ്വകാര്യമായി പറഞ്ഞുതുടങ്ങിയിട്ടുണ്ട്.
ആദ്യം ഫേസ്ബുക്കിലൂടെയോ ട്വിറ്ററിലൂടെയോ പരിചയപ്പെടുന്ന പെൺകുട്ടികൾ പിന്നീട് വീഡിയോ ചാറ്റിലേക്ക് മാറുന്നു. കുറഞ്ഞ ദിവസത്തെ പരിചയത്തിലൂടെ കുടുംബാംഗങ്ങളെക്കുറിച്ചും സുഹ്രുത്തുക്കളെക്കുറിച്ചും ചോദിച്ചു മനസ്സിലാക്കുന്നു. കൂടുതൽ അടുത്തുകഴിഞ്ഞാൽ സെക്സ് ചാറ്റിലേക്ക് ഗതിമാറുന്നു.
ഒടുവിലാണ് പണം ആവശ്യപ്പെടുക. നൽകിയില്ലെങ്കിൽ റെക്കോർഡ് ചെയ്ത വീഡിയോ സുഹ്രുത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണി. മാനഹാനി ഭയന്ന് പലരും പണം നൽകാൻ തയ്യാറാകുന്നു. 
ദുബായിൽ മാർക്കറ്റിംഗ് മേഖലയിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശിയായ യുവാവിന് അടുത്തിടെ നഷ്ടപ്പെട്ടത് ആയിരത്തഞ്ഞൂറ് യു.എസ്.ഡോളറാണ്.
ഓൺലൈനിലുള്ള പെൺകുട്ടികളെ ചാറ്റിലൂടെ എളുപ്പത്തിൽ വശീകരിക്കാമെന്ന പുരുഷാധിപത്യ സമൂഹത്തിന്റെ വൃത്തികെട്ട ചിന്തയ്ക്ക് ഫിലിപ്പിൻ യുവതികൾ നൽകിയ കനത്ത പ്രഹരമാണെന്നും പറഞ്ഞു വേണമെങ്കിൽ നമുക്കിതിനെ പരിഹസിക്കാം.

ചാറ്റ് റൂമില്‍ തുണിയുരിയുന്നവരോട് ഒരഭ്യർത്ഥനയുണ്ട്.
ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോൾ അതിന്റെ സാധ്യതകളെ കുറിച്ചുള്ള അവബോധം അനിവാര്യമായിരിക്കണം. സൈബര്‍ ലോകത്തെ ചതിക്കുഴികളെ കുറിച്ചും സാംസ്‌കാരിക വൈകൃതങ്ങളെ കുറിച്ചും തികഞ്ഞ ബോധവും ഉണ്ടായിരിക്കണം.  ഇന്റര്‍നെറ്റിന്റെ ലോകത്തേക്ക് കടന്നു വരുമ്പോള്‍ അവിടെ പൈശാചിക പ്രേരണകള്‍ക്ക് നാം വശം വദരാകുന്നുവെങ്കില്‍ നമ്മെ നശിപ്പിക്കാന്‍ അതു തന്നെ മതിയായ കാരണമാണ്. വികാരം നിയന്ത്രിക്കാനുള്ള വിവേകം സ്വയത്തമാക്കുക. നമ്മെ നിയന്ത്രിക്കേണ്ടത് നാം തന്നെയാണെന്ന്  തിരിച്ചറിയുക..

മക്കളറിയാൻ...

2001  ജനുവരിയിൽ ഗുജറാത്തിലെ കച്ചിൽ ഭൂകമ്പം ദുരിതം വിതച്ച സമയം. തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കുള്ളില്‍ മനുഷ്യർ ജീവനോടെയുണ്ടോയെന്ന് സൈനികരും മറ്റു രക്ഷാപ്രവര്‍ത്തകരും തിരഞ്ഞുകൊണ്ടിരിക്കുന്നു. 
തകർന്നു വീണ വലിയ കെട്ടിടങ്ങളുടെ മതിലുകൾ പെട്ടന്നു മാറ്റാൻ കഴിയില്ല. രക്ഷാപ്രവർത്തകർ അതിനടിയിലൂടെ ഇഴഞ്ഞു നീങ്ങുന്നു.
പൊട്ടിപ്പൊളിഞ്ഞ സിമന്റ് കട്ടകൾക്കിടയിലും ദ്രവിച്ച കൂർത്ത കമ്പികൾക്കിടയിലും ബാഹ്യമായ പോറലൊന്നുമേൽക്കാത്ത നിരവധി മൃതദേഹങ്ങള്‍ . അതിൽ കമിഴ്ന്നു കിടക്കുന്ന ഒരു സ്ത്രീയുടെ ശരീരത്തെ മുറുകെ പുണർന്ന് ചെറുതായി ചലിക്കുന്ന കുഞ്ഞു വിരലുകൾ. ഒരുവേള അത് രക്ഷാപ്രവർത്തകന്റെ കണ്ണിൽ പെട്ടു. അയാൾ ആ സ്ത്രീയുടെ മുതുകില്‍ പിടിച്ച് മലര്‍ത്തിയപ്പോള്‍ അവര്‍ക്കടിയില്‍ ഒരു പിഞ്ചുകുഞ്ഞ് പതുക്കെ പിടയുന്നു. 
ഇതുകണ്ട രക്ഷാപ്രവര്‍ത്തകന്‍ വിളിച്ചു കൂവി. സഹപ്രവർത്തകർ ഓടിയെത്തി. പെട്ടന്നു തന്നെ ആശുപത്രിയിലെത്തിക്കുകയും കുഞ്ഞ് രക്ഷപ്പെടുകയും ചെയ്തു. അപ്പോഴേക്കും നഗരത്തെ താണ്ഡവമാടിയ ഭൂകമ്പ ദുരിതം രണ്ടു ദിവസം പിന്നിട്ടിരുന്നു. 
തകർന്നടിഞ്ഞ വലിയ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ എങ്ങനെയാണു ഈ കുഞ്ഞു രണ്ടു ദിവസം ജീവൻ നിലനിർത്തിയത് ?
സംശയിക്കേണ്ട. അമ്മ തന്നെയാണ് കാരണം. അവര്‍ തന്റെ കുഞ്ഞിന് മരണത്തിലും കവചമായിക്കിടന്നു. കുഞ്ഞ് അപ്പോഴും  അമ്മയുടെ മാറില്‍ തന്റെ ഇളംചുണ്ട് ചേർത്തുവെച്ച് നുണഞ്ഞു കൊണ്ടിരുന്നു. അതാണ്‌ മരണത്തിന്റെ പിടിയില്‍ നിന്നും കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. ജീവന്റെ അവസാന മിടിപ്പും നിലച്ചു കഴിഞ്ഞിട്ടും അമ്മയുടെ മാറിടം തന്റെ കുഞ്ഞിനായി ചുരത്തിക്കൊണ്ടിരുന്നു. ഒരിക്കലുമുണരാത്ത ഉറക്കത്തിന്റെ അഗാധതയിലാണ് തന്റെ അമ്മയെന്ന് ആ പിഞ്ചുകുഞ്ഞ് അറിഞ്ഞില്ല. 
ദൈവമാണ് രക്ഷപ്പെടുത്തിയത്. അതെ, മാതാപിതാക്കൾ ഭൂമിയിലെ ദൈവമാണെന്ന ആപ്തവാക്യത്തിന് അടിവരയിട്ട സംഭവങ്ങളിലൊന്നാണിത്.
ഇതിവിടെ കുറിക്കാൻ കാരണം, വൃദ്ധരും അവശരുമായ മാതാപിതാക്കളെ അവഗണിക്കുകയും നിന്ദിക്കുകയും ചെയ്യുന്ന മക്കളുടെ എണ്ണം വര്‍ദ്ധിക്കുകയും, എക്കാലത്തെക്കാളും കൂടുതലായി മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകള്‍ വീഴുകയും ചെയ്ത വർത്തമാന സമൂഹത്തിൽ വായനക്കാരുടെ മനസ്സിൽ അമ്മയെന്ന സഹനത്തിന്റെ ആർദ്രത പകരാൻ കഴിയുമെന്ന വിശ്വാസത്തിലാണ്.   
ജന്മം നൽകി വളർത്തിയ മാതാപിതാക്കളെ അവഗണിച്ചു കാമുകന്റെ കൂടെ ഇറങ്ങിപ്പോകുന്ന മക്കൾ, കാമുകനു വേണ്ടി മാതാപിതാക്കളെ കോടതി കയറ്റുന്ന മക്കൾ, ധൂർത്തടിക്കാനുള്ള പണത്തിനു വേണ്ടി അച്ഛനെ കോടാലിക്ക് വെട്ടി കൊല്ലുന്ന മക്കൾ, റെയില്‍വേ സ്‌റ്റേഷനുകളിലും അമ്പലനടകളിലുമെല്ലാം അച്ഛനമ്മമാരെ ഉപേക്ഷിച്ച് കടന്നുകളയുന്ന മക്കൾ...
മക്കളെക്കുറിച്ചു പറയുമ്പോള്‍ എല്ലാ അച്ഛനമ്മമാര്‍ക്കും നൂറു നാവാണ്. ബന്ധുക്കളോടും സഹപ്രവര്‍ത്തകരോടും എന്തിനു മക്കളുടെ കൂട്ടുകാരോടുപോലും അവരുടെ വിശേഷങ്ങള്‍ പറയാന്‍ അച്ഛനമ്മമാർക്ക് എന്ത് ഉത്സാഹമാണെന്നോ.. എന്നിട്ടും മക്കൾക്ക് അച്ഛനമ്മമാർ ഒരു ഭാരമാകുന്നു. വീടുകളില്‍ മക്കളുടെയും കൊച്ചുമക്കളുടെയും ശാപവാക്കുകളും പ്രതിഷേധങ്ങളും സഹിച്ച് ദിനങ്ങളെണ്ണിക്കഴിയുന്നു. ചിലര്‍ പൂട്ടിയ മുറിയില്‍ നിശ്ശബ്ദരായി കണ്ണീരൊഴുക്കുന്നു. 
അച്ഛനമ്മമാരെ ഉപേക്ഷിക്കുന്ന മക്കളോട് എങ്ങനെയാണ് നാം പ്രതികരിക്കേണ്ടത്. ഞങ്ങളെങ്ങിനെ ഇവിടം വരെ എത്തിയെന്നും  ഞങ്ങളെങ്ങനെ ഞങ്ങളായെന്നും ഈ മക്കൾ ഒരു നിമിഷമെങ്കിലും ചിന്തിച്ചിരുന്നുവെങ്കിൽ.. 
ധാർമ്മികബോധവും കുടുംബമൂല്യവും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന കാലത്ത് ഇതൊക്കെ  കണ്ടുനിൽക്കാൻ ശേഷിയില്ലാത്തവന് നിസ്സാഹായനായി പകച്ചു നിൽക്കുക മാത്രമെ നിവർത്തിയുള്ളു. 

വൃദ്ധരുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ ഹെല്‍പ്പേജ് ഇന്ത്യയുടെ പഠനമനുസരിച്ച് രാജ്യത്ത് ഏറ്റവുമധികം വൃദ്ധസദനങ്ങളുള്ളത് കേരളത്തിലാണ്. സാക്ഷരതയും വിജ്ഞാനവും കരസ്ഥമാക്കി ആഗോള പ്രശസ്തി നേടിക്കഴിഞ്ഞ മലയാളി സമൂഹം ഇനി എന്നാണ് രക്തബന്ധത്തിന്റെ മൂല്യച്യുതിയെക്കുറിച്ച് ബോധവാനാകുന്നത് ? എന്നാണ് നാമിനി വിവേകമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുന്നത് ? 
വാര്‍ധക്യത്തിൽ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കുമൊപ്പം  ചെലവിടാനാണ് ഭൂരിഭാഗം വയോജനങ്ങളും ആഗ്രഹിക്കുന്നത്. ഇവിടെ കൂട്ടുകുടുംബത്തിൽ നിന്നും അച്ഛനമ്മാർ പുറന്തള്ളപ്പെടുകയാണ്. പുതുതലമുറയുടെ അച്ചടക്കമില്ലാത്ത പെരുമാറ്റ രീതിയെയും ആഡംബര ജീവിതത്തെയും വിമർശിക്കുന്നതും അവരുടെ വസ്ത്രരീതിയെയും വർത്തമാനത്തെയും  കുറ്റപ്പെടുത്തുന്നതും കാരണം വൃദ്ധരും കൊച്ചുമക്കളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ കുടുംബങ്ങളിൽ വര്‍ധിക്കുന്നതായി ചില പഠനങ്ങൾ വ്യക്തമാക്കുന്നു. ഈ കാരണങ്ങൾ കൊണ്ടു തന്നെ പലപ്പോഴും മകനിൽ നിന്നോ മരുമകളിൽ നിന്നോ മാനസികവും ശാരീരികവുമായ പീഡനങ്ങൾ ഏൽക്കേണ്ടി വരുന്നു.
സ്വന്തം അമ്മയെ കൊന്ന പരശുരാമനാണ് ഗോകര്‍ണത്തുനിന്ന് കന്യാകുമാരിയിലേക്ക് മഴുവെറിഞ്ഞ് കേരളത്തെ സൃഷ്ടിച്ചതെന്ന ഒരു ഐതിഹ്യമുണ്ട് നമുക്ക്.  അമ്മയുടെ കൊലപാതകിയായ പരശുരാമന്‍ സൃഷ്ടിച്ചതുകൊണ്ടാണോ മാതൃദായക്രമം നിലനിന്നിരുന്ന കേരളത്തില്‍ പോലും അമ്മമാർക്ക് രക്ഷയില്ലാതായത് ?

മക്കളറിയാൻ..
 
കുഞ്ഞിനെ ഉദരത്തില്‍ സ്വീകരിക്കുന്ന നാള്‍മുതല്‍ മാതാ-പിതാക്കളിൽ സന്തോഷം നിറയുന്നു. കുഞ്ഞിന്റെ മുഖം കാണാനുള്ള കാത്തിരിപ്പുപോലും വിരസമാകുന്നത് തങ്ങളുടെ രക്തത്തില്‍ പിറന്ന കുഞ്ഞിനെക്കുറിച്ചുള്ള അഭിമാനവും സ്നേഹവും കൊണ്ടാണ്. ആദ്യമായി കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുമ്പോള്‍ മാതാപിതാക്കള്‍ അനുഭവിക്കുന്ന ആഹ്ലാദം നിങ്ങൾ സിനിമയിൽ കണ്ടിട്ടുള്ള അഭിനയമല്ല.
അവർ നിങ്ങളെ നെഞ്ചോട് ചേർത്ത് വാത്സല്യം പങ്കുവെച്ചു.
മക്കളേ..നിങ്ങൾക്കുണ്ടായിരുന്ന പോലൊരു ശൈശവവും ബാല്യവും അവർക്കുമുണ്ടായിരുന്നു. ഇന്ന് നിങ്ങള്‍ക്കുള്ള ഭൗതീക സൗകര്യങ്ങള്‍ ഒന്നുംതന്നെ ഇല്ലാതിരുന്ന കാലത്ത് ഇല്ലായ്മ സമ്പന്നമാക്കി ജീവിച്ചവരായിരുന്നു അവർ.
നിങ്ങള്‍ കരയാതിരിക്കാന്‍ അവര്‍ കരഞ്ഞു. നിങ്ങളുടെ വിശപ്പകറ്റാൻ അവര്‍ വിശപ്പു സഹിച്ചു. നിങ്ങള്‍ക്ക് അസുഖം വന്നപ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി. എത്രയോ രാവുകളില്‍ അവര്‍ നിങ്ങള്‍ക്കുവേണ്ടി  ഉറങ്ങാതിരുന്നിട്ടുണ്ട്. നിങ്ങളുടെ ആവശ്യങ്ങൾക്ക് ഒരു കുറവും വരാതിരിക്കാൻ പട്ടിണി കിടന്നിട്ടുണ്ട്.
അവരുടെ ആയുസ്സും അദ്ധ്വാനവും പ്രതീക്ഷയും എല്ലാം നിങ്ങൾക്കായി കാത്തുവെച്ചിട്ടും നിങ്ങളെന്താണു അവർക്ക് തിരിച്ചു നൽകിയത്. ആരോഗ്യമുള്ള നാളുകളിൽ നല്ലൊരു ഭക്ഷണം പോലും കഴിക്കാതെ അവർ നിങ്ങൾക്ക് വേണ്ടി സമ്പാദിച്ചു. മുണ്ട് മുറുക്കിയുടുത്ത് അവര്‍ നേടിയതാണ് ഇന്നു നിങ്ങളുടെ സമൃദ്ധി.
അവരുടെ അഭിപ്രായങ്ങൾ ഇന്ന് നിങ്ങൾക്ക് അരോചകമാകുന്നുണ്ടാവാം. 
ഭൂമിയിലെ ദൈവങ്ങളാണ് മാതാപിതാക്കൾ. മക്കള്‍ക്ക് ഏല്‍ക്കാന്‍ ഇടയുള്ള എല്ലാ അപകടങ്ങളേയും സ്വന്തം മാറില്‍ ഏറ്റെടുത്തു ജീവന്‍ നിലനിര്‍ത്തുന്നവര്‍. വെട്ടത്തിന് വെട്ടവും ചൂടിനു ചൂടും തന്ന് അവസാനം ഒരു മെഴുക് തിരിയായി മക്കള്‍ക്ക് വേണ്ടി ഉരുകിത്തീരുന്നവർ. 
ലോകചരിത്രത്തിലെ ഏറ്റവും പ്രഗൽഭരായ സൈന്യാധിപരിൽ ഒരാളും ഗ്രീക്ക് രാജാവുമായിരുന്ന മഹാനായ അലക്സാണ്ടർ ചക്രവർത്തി ഒരിക്കൽ പറഞ്ഞു.  ‘ഞാൻ നേടിയ ഭീമമായ സമ്പത്തോ ഞാൻ കീഴടക്കിയ രാജ്യങ്ങളോ എന്റെ പ്രതാപമോ എല്ലാം തന്നെ ഞാനെന്റെ മാതാവിന് കൊടുത്താലും പത്തുമാസം ചുമന്നെന്നെ വളര്‍ത്തിയതിന് പകരമാവില്ല’ എന്ന്.
മാതാപിതാക്കള്‍ ഒരു അനുഗ്രഹമാണ്.
കാലചക്രത്തിന്റെ തേരോട്ടത്തിനിടയിൽ നാളെ ഈ റോൾ  നിങ്ങൾക്കുള്ളതാണ്. നിങ്ങളുടെ മക്കൾ മൂകസാക്ഷികളും..