2011, സെപ്റ്റംബർ 19, തിങ്കളാഴ്‌ച

ആൾദൈവങ്ങളും,അനാചാരങ്ങളും

ആൾദൈവങ്ങൾക്കും,അനാചാരങ്ങൾക്കും ഒരു പഞ്ഞവുമില്ലാത്ത നാടാണു നമ്മുടേത്.സന്യാസിമാരും,സിദ്ധന്മാരും,ബീവിമാരും,ദേവിമാരും ഈ അടുത്തകാലത്തായി പെരുകിവരുന്നുണ്ട് ഇന്ത്യയിലും,വിശിഷ്യാ കേരളത്തിലും.പ്രണയസാഫല്യത്തിനും,സന്താന ലബ്ദിക്കും,സാമ്പത്തിക അഭിവൃദ്ധി ക്കുമായി ആൾദൈവങ്ങളുടെ വീട്ടുമുറ്റത്ത് ക്യു നിൽക്കുന്നവരെ കാണുമ്പോൾ ജനം ഇത്ര കൂരിരുട്ടിലായിപ്പോയതോർത്ത് അത്ഭുതം തോന്നാറുണ്ട്.ദു:ഖങ്ങളകറ്റാനും,രോഗം ശമനത്തിനും ജപിച്ചുകെട്ടിയ ചരടിനും,ഊതിക്കൊടുക്കുന്ന വെള്ളത്തിനും സാധിക്കുമെന്നുള്ള മൂഡവിശ്വാസം ജനങ്ങളിൽ എങ്ങനെ എത്തപ്പെട്ടു എന്നത് ഒരു പ0ന വിഷയമാക്കേണ്ട തർക്കമറ്റ കാര്യമാണ്.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും, പറയാനെങ്കിലും ഏറെ വ്യത്യസ്തമാണു കേരളം.വിദ്യാഭ്യാസം,സാക്ഷരത,ആരോഗ്യം തുടങ്ങിയ കാര്യങ്ങളിലൊക്കെ കേരളം മറ്റു സംസ്ഥാനങ്ങളേക്കാൾ ഏറെ മുന്നിലുമാണ്.ദൈവത്തിന്റെ സ്വന്തം നാടെന്ന് വിളംബരം ചെയ്യുന്ന കേരളത്തിൽ പിന്നെങ്ങനെ നാൾക്കുനാൾ ആൾദൈവങ്ങൾ പെരുകിവരുന്നു ? അന്ധവിശ്വാസങ്ങളും,അനാചാരങ്ങളും നാൾക്കുനാൾ വർദ്ധിക്കുന്നതെന്തുകൊണ്ട് ? സമൂഹത്തിലെ താഴെതട്ടിലുള്ളവർ മാത്രമല്ല,ഉന്നത സ്ഥാനത്തിരിക്കുന്ന ഉയർന്ന ഉദ്യോഗസ്ഥരും,രാഷ്ട്രീയനേതാക്കളുമൊക്കെ ഈ ആൾദൈവങ്ങളുടെ മുമ്പിൽ സാഷ്ടാംഗം നമിക്കുന്നതെന്തിന് ? ഈ വക കാര്യങ്ങളിൽ വിശ്വാസമില്ലാത്തവരുടെ മനസ്സിൽ ഏറെ സംശയങ്ങളുണർത്തി ഉയർന്നുവരുന്ന ചോദ്യങ്ങളാണിവ.

ജാതി,മതഭേദമില്ലാതെ,വിദ്യാഭ്യാസ യോഗ്യതകളോ സാമൂഹിക പദവികളോ നോക്കാതെ എല്ലാവിഭാഗങ്ങൾക്കിടയിലും അസംഖ്യം അന്ധവിശ്വാസങ്ങൾ രൂഡമൂലമായിരിക്കുന്നു.പണ്ട് സാമൂഹിക നവോത്ഥാനപ്രസ്ഥാനങ്ങളുടെ മുന്നേറ്റങ്ങളിൽ തൂത്തെറിയപ്പെടുകയോ ദുർബ്ബലപ്പെടുകയോ ചെയ്ത സർവ്വ അനാചാരങ്ങളും പൂർവ്വാധികം ശക്തിയോടെ കേരളത്തിൽ തിരിച്ചെത്തിയിരിക്കുന്നു.അതിന്റെ ഏറ്റവും വലിയ തെളിവ് പത്രമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന വിശ്വാസത്തട്ടിപ്പുകാരുടെ പരസ്യങ്ങളാണ്. ധന ആകർഷണഭൈരവയന്ത്രം മുതൽ ശത്രുസംഹാരയന്ത്രം വരെയുള്ള അസംഖ്യം മാന്ത്രിക താന്ത്രിക ഏലസുകളും ചരടും ഭസ്മവും വരെ ഇതിൽ ഉൾപ്പെടും.മുസ്ലീം സമുദായത്തെ ലക്ഷ്യമാക്കിക്കൊണ്ട് അറബിജ്യോതിഷം പോലുള്ള നൂതനവിശ്വാസത്തട്ടിപ്പുകളുമായി സിദ്ധന്മാരും,ബീവിമാരും അരങ്ങ് വാഴുന്നു.ജിന്ന് ബാധയുടെ പഴയ തട്ടിപ്പ് രീതി ഇപ്പോഴും അഭംഗുരം തുടരുകയും ചെയ്യുന്നു.

ആൾദൈവങ്ങളുടെ പ്രചാരണം സ്വയം ഏറ്റെടുത്ത്കൊണ്ട് ചില മാദ്ധ്യമങ്ങൾ നടത്തുന്ന പ്രചാരണപ്രവർത്തനങ്ങളാണു കേരളത്തിൽ അന്ധവിസ്വാസങ്ങളുടേയും അനാചാരങ്ങളുടേയും പുനസ്ഥാപനത്തിനു പ്രധാനപങ്കുവഹിച്ചതെന്ന വസ്തുത നാം ഇവിടെ തിരിച്ചറിയണം.പ്രമുഖ പത്രങ്ങളുടേയും ചാനലുകളുടേയും ഉടമസ്ഥരും അവയുടെ തലപ്പത്തുള്ളവരും ഈ ആൾദൈവങ്ങളുടെ നിത്യ സന്ദർശകരും,ആരാധകരുമാണെന്നതും പ്രസക്തമാണ്.

ഉൽകൃഷ്ടനായ മനുഷ്യന്റെ ചിന്താശേഷിയെയാണ് അന്ധവിശ്വാസങ്ങൾ നശിപ്പിക്കുക. അനാവശ്യ ഭയത്തിന്റെ അടിമയും കപടഭക്തിയുടെ ഉടമയുമാക്കി അത് മനുഷ്യനെ മാററും. നമ്മുടെ ഭരണാധികാരികൾ പല തീരുമാനമെടുക്കുന്നതും ശാസ്ത്രീയ കണ്ടുപിടിത്തങ്ങളും പരീക്ഷണങ്ങളും നടത്തുന്നതും സന്യാസിമാരുടെയും ജ്യോത്സ്യന്മാരുടെയും പ്രവചനങ്ങളെ അടിസ്ഥാനമാക്കിയാകാറുള്ളത് അതുകൊണ്ടാണ്.

ഇന്ത്യയിലെ ഒൻപതാം ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ന വ്യക്തി പ്രധാനമന്ത്രിയാകും എന്ന് അന്താരാഷ്ട പ്രശസ്തിയുള്ള ഒരു ജോത്സ്യൻ പ്രവചിച്ചിരുന്നു. പക്ഷേ അത് പുലർന്നില്ല. കൊടുങ്കാറ്റും,പേമാരിയും,സുനാമിയും തുടങ്ങിയ പ്രകൃതി ദുരന്തങ്ങളൊന്നും ഇന്നുവരെ ഒരു ജ്യോത്സനോ,സിദ്ധനോ,ബീവിയോ,തങ്ങളോ പ്രവചിച്ചിട്ടില്ല.സ്വന്തം അച്ഛന്റെ മരണം പോലും കേരളത്തിലെ ഒരു ആൾദൈവം അറിഞ്ഞത് വിദേശത്തായിരിക്കുമ്പോഴാണ്.ഒന്നും മുൻകൂട്ടി അറിയാനുള്ള കഴിവ് ഇവർക്കൊന്നുമില്ല.എന്നിട്ടും ഇവരുടെ ആരാധകർക്ക് അതൊന്നും തിരിച്ചറിയാൻ കഴിയുന്നില്ല.ജ്യോത്സ്യന്മാരും, ബീവിമാരും, തങ്ങന്മാരും അവരുടെ ആത്മീയ കച്ചവടം ഇപ്പോഴും പൊടി പൊടിക്കുകയാണ്.

ഏർവാടിയിൽ വർഷങ്ങൾക്കു മുമ്പുണ്ടായ തീപിടിത്തത്തിൽ ഇരുപത്തിമൂന്ന് മനുഷ്യർ ഒന്നു പിടയാൻ പോലുമാവാതെ ചങ്ങലയിൽ കിടന്ന് വെന്തുമരിച്ചു.എന്നിട്ട് ഏർവാടിയിലെ ജാറ വ്യവസായത്തിന് ഒരു ക്ഷീണവും സംഭവിച്ചില്ല .വരുമാനം കുറഞ്ഞില്ല. അന്ധവിശ്വാസം മനുഷ്യന്റെ ചിന്താശേഷിയെ നശിപ്പിക്കുമെന്നുള്ളതിനു ഏറ്റവും നല്ല ഉദാഹരണം തന്നെയാണിത്. ശാസ്ത്രീയമായ വളർച്ചകൊണ്ടും, ഭൗതികമായ പുരോഗതി കൊണ്ടും അന്ധവിശ്വാസങ്ങൾ ഇല്ലാതാകുന്നില്ല എന്നത് തീർത്തും ഖേദകരം തന്നെയാണ്.

യാഥാസ്ഥികരായ മുസ്ലിംകൾക്കിടയിൽ ഏറെ പ്രചാരമുള്ള ഒരു തട്ടിപ്പ് രീതിയാണ് ഖബർ കെട്ടിപ്പൊക്കിയുള്ള ആരാധന.മുക്കിനു മുക്കിനു ഖബറുകൾ കെട്ടി ഉയർത്തി ഇന്നു ഇതൊരു വ്യവസായമായി മാറിയിരിക്കുന്നു.നിഷ്കളങ്കരായ വിശ്വാസികളുടെ ദുർബല മനസ്സിനെ ചൂഷണം ചെയ്യുന്ന ഇത്തരം തട്ടിപ്പുകളെ തിരിച്ചറിഞ്ഞു ഒറ്റപ്പെടുത്താനോ പ്രതിഷേധിക്കാനോ ആ‍രുമില്ലാതെ പോകുന്നതാണ് കഷ്ടം. സ്വയം തിരിച്ചറിഞ്ഞു ഇത് പോലുള്ള അന്ധവിശ്വാസങ്ങളിൽ നിന്നും,ആൾദൈവങ്ങളിൽ നിന്നും പിൻവലിയാൻ നമുക്കെത്ര വേഗം കഴിയുന്നുവോ അത്രയും വേഗം നാം നാശത്തിന്റെ വക്കിൽ നിന്നും മോചിതരാകും.അങ്ങനെയൊരു നല്ല നാളെയുടെ പുലരിക്ക് വേണ്ടി നമുക്ക് കാത്തിരിക്കാം...
---------------------------------------------------------------