2016, മേയ് 3, ചൊവ്വാഴ്ച

വാർദ്ധക്യം

സന്ധ്യാദൂരം താണ്ടിയ
കിനാക്കൾ നിറം മങ്ങിത്തുടങ്ങി
കാലപ്പഴക്കം
രാത്രിമടുപ്പിന്റെ
ദൈർഘ്യം കൂട്ടുന്നു
കെട്ടഴിഞ്ഞ ചിന്തകൾ
ഒളിക്കാനിടം തേടുകയാണിപ്പോൾ

വരാനിരിക്കുന്ന
പ്രഭാതങ്ങളിലൊന്നും  
ഇനി എനിക്കുള്ളതല്ല

2016, മാർച്ച് 25, വെള്ളിയാഴ്‌ച

തെരുവ് ബാലൻ

കൂട്ടിക്കിഴിച്ചപ്പോൾ 
ബാക്കിവന്നൊരൊറ്റ സംഖ്യ
ആണ്ടറുതിയുടെ കണക്കെടുപ്പിൽ
അകപ്പെടാതെ വന്ന ശിഷ്ടം

ഞാൻ
നിഘണ്ടുവിലില്ലാത്ത വാക്ക്

2016, ഫെബ്രുവരി 24, ബുധനാഴ്‌ച

ഇന്നലെകൾ..


ഓർമ്മകളിൽ പുകയുന്നുണ്ട്
മാഞ്ഞുപോയ ഇന്നലെകളിലെ
ഇനിയും കെട്ടടങ്ങാത്ത
കുറെ കനലുകൾ
നഗരമുണരാത്ത പുലരിയിൽ
പുതച്ച മഞ്ഞിന്റെ കുളിരിൽ
കിനാക്കളോടൊപ്പം നനഞ്ഞ
'വസന്തങ്ങള്‍'
അരികുപറ്റിയ മോഹഭംഗങ്ങളുടെ
തീക്ഷ്ണതയാൽ
രാത്രികൾ അസ്വസ്ഥമാകുമ്പോൾ
ഉരുകിയ ഹൃദയം
നിദ്രയെ കണ്ണീരിൽ നനച്ച
യാമങ്ങള്‍
വിജനമായ വീഥിയിൽ
ഒറ്റപ്പെട്ടവന്റെ
നിലവിളിക്ക്
കരുണയുടെ മറുവിളി
കേൾക്കാതെ പോയ
നിസ്സഹായതയുടെ നാളുകൾ
അതിജീവത്തിനായ്
താപമേറ്റു പിടയുന്നു
അസ്തമയ സൂര്യന്റെ
മങ്ങിയവെട്ടത്തിലും
പരാജിതന്റെ പുസ്തകത്തിലെ 
ചുളിവ് വീണ അക്ഷരങ്ങൾ

2015, ഒക്‌ടോബർ 17, ശനിയാഴ്‌ച

നഗര വിശേഷം

വരച്ചെടുക്കാൻ എളുപ്പമായിരുന്നു                                                                                   വായിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ല 
ഇരുട്ടിലും
വര്‍ണ്ണങ്ങള്‍ തീര്‍ത്തിട്ടുണ്ട്

രണ്ടുപേര്‍ ഇരിക്കേണ്ട സീറ്റില്‍
മൂന്നുപേര്‍ തിങ്ങിയിരിക്കേണ്ടി വന്ന
ആ ഒരു മഴക്കാലത്താണ്
നഗരത്തെ
അത്രമേൽ ഇഷ്ടപ്പെട്ടു പോയത്
ശുക്ലാജി സ്ട്രീറ്റില്‍ നിന്നും
കാട്ട്മണ്ടു നഗരത്തെ
മണിക്കൂറുകൾക്ക്  
വിലകൊടുത്ത് വാങ്ങിയത്                                                                                                                         

അമിതാഭ്ബച്ചന്റെ  
ബംഗ്ലാവ് കണ്ടന്നു രാത്രി
മിസ്റ്റർ നട്വർലാലായും,
ശറാബിയായും തകർത്താടിയത്
ജൂഹുബീച്ചില്‍ 
ഷൈനിയോടൊപ്പമിരുന്ന്
തിരകളെണ്ണിയതിനു
ഈരാറ്റുപേട്ടയിൽ
അവളുടെ അപ്പൻ
പത്തേക്കർ റബ്ബർതോട്ടം
എന്റെ പേരിലെഴുതിതന്നത്

മഴ മുറിച്ചോടിയ വികാരത്തെയും
മുറിഞ്ഞുവീണ സ്വപ്നങ്ങളെയും
പൊവായ് ഗാർഡനിലെ
സിമന്റ് ബെഞ്ചിലിരുന്നു
ചുടനീരിലൊഴുക്കി കളഞ്ഞിട്ടുണ്ട്

വരച്ചെടുക്കാൻ എളുപ്പമായിരുന്നു
വായിച്ചെടുക്കാൻ കഴിഞ്ഞില്ല
ഒടുക്കം,
കൂട്ടിവെച്ച നക്ഷത്രങ്ങളെ
മാനത്തേക്ക് വിട്ടുകൊടുത്ത്
നഗരത്തോട് വിടപറയുമ്പോൾ
ഒഴുക്കിനനുകൂലമായി
നീന്താനറിയാത്ത
നിരാശ മാത്രം ബാക്കിവന്നു 
സ്വപ്നങ്ങൾ കുറിച്ചിട്ട
രണ്ടു പതിറ്റാണ്ടിന്റെ
മുഷിഞ്ഞ താളുകളിൽ..   

2015, ജൂൺ 16, ചൊവ്വാഴ്ച

കാലം

ജാതിയുടെയും വർണ്ണത്തിന്റെയും
നിറവ്യത്യാസമില്ലാത്ത ബാല്യത്തിലായിരുന്നു
കാലംതെറ്റി പൂത്ത വാകമരച്ചോട്ടിൽ
ഞങ്ങൾ ചെരിപ്പ് മുറിച്ചു 
ചക്രവണ്ടികൾ ഓടിച്ചത്
ഏറുപടക്കം പൊട്ടിച്ചു പൊള്ളിയത്

വിദ്യേഷത്തിന്റെയും
വിവേചനത്തിന്റെയും 
അതിർവരമ്പുകളില്ലാത്ത
കൗമാരത്തിലായിരുന്നു
കാമത്തിന്റെ ചുഴികളെന്തന്നറിയാതെ
കാറ്റിനോട് വിലപേശിയെടുത്ത
പ്രണയം ആസ്വദിച്ചത്

ഇന്ന് മതജാതികളുടെ 
വിസർജനം കൊണ്ടു
അർത്ഥമില്ലാത്ത ആചാരങ്ങളിലും  
മനുഷ്യനെയറിയാത്ത ഇരുട്ടിലും
മലിനമാണു യൗവ്വനം

അകത്തേക്ക് വരാനോ
പുറത്തേക്ക് പോകാനോ കഴിയാതെ 
നീരുവറ്റിയ നിശ്ശബ്ദതയുടെ വഴികളിൽ
നേരുകളെ ശ്വാസം മുട്ടിച്ചുകൊല്ലുന്ന 
ആത്മാക്കളുടെ ശബ്ദമാണെങ്ങും..
മുന്നോട്ടുള്ള വഴികൾ
ദുർഘടമാണിപ്പോൾ..

2015, ഏപ്രിൽ 22, ബുധനാഴ്‌ച

കലികാലം(കാലികം)

ഇന്നലെ
വാട്ട്സ് അപ്പിനു വേണ്ടി
ഊരിവെച്ച അടിവസ്ത്രം
എം.പിയുടെ ബംഗ്ലാവിലെ
തലയണക്കടിയിലും
എം.എൽ.എ കോട്ടേഴ്സിലെ
അയയിലും  തൂങ്ങിക്കിടന്നു 
ഏറെ നാൾ
വരണ്ട രേതസ്സിൽ  
സൗരോര്‍ജ്ജത്തിന്റെ 
പ്രവാഹം കാത്ത്..
ഇന്ന്
കവലകളിൽ തർക്കിച്ചും
ചാനലുകളിൽ ഉത്തേജിപ്പിച്ചും
എഫ്.ബിയിൽ ഒലിപ്പിച്ചും
കറങ്ങിത്തിരിയുന്നുണ്ട്
അന്നുപാടിയ വീരഗാഥയിൽ
പൊരുതാൻ വന്ന യോദ്ധാക്കളുടെ
ആയുധ വലിപ്പത്തിന്റെ
മൂർച്ചയുള്ള കണക്കുകൾ..