2011, മാർച്ച് 21, തിങ്കളാഴ്‌ച

എന്തേ നിന്റെ പേരിട്ടു ?

പൗരുഷത്തിന്റെ നിറതൃഷ്ണയിലേക്ക്
ആനന്ദത്തിന്റെ തുഷാരകണം
പകര്‍ന്നുകൊടുത്തവള്‍ നീ

ശുഭ തീക്ഷ്ണതയില്‍
അവന്‍ ചൊരിഞ്ഞ രേതസ്സില്‍
നിര്‍വൃതിയുടെ സാന്ത്വനം നല്‍കിയവളും നീ

പ്രാണന്റെ തുടിപ്പുകള്‍ക്ക്
രക്ഷാകവചം ഒരുക്കിയതും,
പൊക്കിള്‍കൊടി ഛേദിച്ച് ബന്ധമറ്റപ്പോള്‍
ചുരന്നമുലച്ചുണ്ടിന്റെ ചന്ദനവട്ടത്തിലേക്ക്
ഇളംചുണ്ടടുപ്പിച്ചു ആത്മബന്ധമുറപ്പിച്ചതും
നീ തന്നെ

കുഞ്ഞിളം കാലുകള്‍
ഉമ്മറപ്പടി കടക്കവേ
നെഞ്ചിടിപ്പോടെ വാരിപ്പുണര്‍ന്ന
വാത്സല്യത്തിന്റെ പര്യായവും മറ്റാരുമല്ല.

നിശയുടെ അന്ത്യയാമത്തില്‍
കുഞ്ഞുവയറുകള്‍ നിലവിളിക്കുമ്പോള്‍
ചുടുവെള്ളം വേവിച്ചു
ശമനം കൊടുത്തതും നീ തന്നെയാണ്

എന്നിട്ടും,
അനേകം ആത്മാക്കളെ
അഗാധഗര്‍ത്തത്തിലേക്ക്
ആട്ടിപ്പായിച്ച തിരമാലകള്‍ക്കും
അനേകം ജീവനറുതി വരുത്തി
ആടിയുലച്ച കൊടുങ്കാറ്റിനും
എന്തേ നിന്റെ പേരിട്ടു ?

2011, മാർച്ച് 7, തിങ്കളാഴ്‌ച

അമ്മ ഇല്ലാത്ത വീട്

അമ്മ ഇല്ലാത്ത വീട്
ഇപ്പോൾ,അര ഒഴിഞ്ഞ
തൈലക്കുപ്പികളുടെ ശ്മശാനമാണ്
അനാഥയായ ഊന്നുവടിയുടെ
നൊമ്പരക്കാഴ്ചയിൽ
ഒഴുകിയ ചുടുനീരിനാൽ
ചുഴികൾ രൂപപ്പെട്ട സമുദ്രമാണ്
ഇന്നമ്മയില്ലാത്ത വീട്

പടിയിറങ്ങുമ്പോൾ
വലതുകാൽ വെച്ചിറങ്ങാനുള്ള
പിൻവിളി ശൂന്യമായതാവാം
പൂമുഖത്തെ മൂകതയിൽ
ശോകം തളംകെട്ടി നിൽക്കുന്നത്

കൂരിരുട്ടിൽ
ചീവീടിന്റെ ശ്രുതികൾ പോലും
ഇപ്പോൾ നിശ്ചലമായ
മൌനത്തിലായത്
അമ്മയില്ലാത്തവീടിന്റെ
മൂകത കണ്ടിട്ടാവണം

ജനലഴികളിലൂടെ വന്നിറങ്ങിയ
കള്ളിക്കുപ്പായമിട്ട വെയിൽ
ഒഴിഞ്ഞ കട്ടിലിന്റെ
വിരഹദു:ഖം കണ്ടിട്ടാവാം
വേദനയോടെ മടങ്ങിയത്

പാതിമയക്കത്തിൽ
വേദനയുടെ നീറ്റലുകൾ
അസഹ്യമാകുമ്പോൾ
നെടുവീർപ്പിട്ട ദൈവവിളി
ഇന്നമ്മയില്ലാത്ത വീട്ടിൽ
അവശേഷിക്കുന്നവരുടെ
ആത്മനൊമ്പരമാണ്

കാലമൊഴുകുന്തോറും
ആഴമേറുന്ന വേദന
ഇടനെഞ്ചിൻ
അസ്ഥിയിൽ കുത്തുമ്പോൾ
അമ്മയില്ലാത്ത വീട്
അനാഥരായ ആത്മാക്കളുടെ
ആലയമായാകുന്നു.