2011, ജൂൺ 25, ശനിയാഴ്‌ച

സത്യപ്രതിജ്ഞ

സത്യപ്രതിജ്ഞയുടെ
തത്സമയ സംപ്രേക്ഷണം വീക്ഷിക്കാൻ
ഹാളിനു വെളിയിൽ സ്ഥാപിച്ച
ബിഗ് സ്ക്രീനീൽ നിന്നും
അടർന്നു വീണ ജലകണങ്ങൾ
ആത്മനിര്‍വൃതിയുടെ
അശ്രുകണങ്ങളെന്നു ചിലര്‍

കൂടെക്കിടന്നു രാപ്പനി സുഖിച്ച്
കൂടെനടന്നു ചൂഷണം ചെയ്തവരോടുള്ള
പ്രതികാരത്തിന്റെ ഉറവയാണെന്ന് മറ്റുചിലര്‍

പ്രതിജ്ഞ കൊഴുക്കുകയാണ്
'ഞാന്‍ ഭാരതത്തിന്റെ .............
മനസാക്ഷിയെ മുന്നില്‍ നിര്‍ത്തി
വിശ്വസ്തതയോടെയും ..............‘

‘അശ്ലീലമായ‘ കാഴ്ചയിൽ
ഒരുണർവ്വിന്റെ ആവേശം
ഇന്നലെ വരെ അടയാളപ്പെടുത്തിയ
ഭൂതകാലത്തിന്റെ ശേഷിപ്പുകളെ
മായ്ച്ചുകളയാനുള്ള വ്യഗ്രത

‘സത്യസന്ധതയോടെയും, .............
ദൈവത്തിന്റെ നാമത്തിൽ.....പ്രതിജ്ഞ ചെയ്യുന്നു ..'

സ്വിസ്സ് ബാങ്കിലെ കറൻസികളും
ഗള്‍ഫിലെ ബിനാമികളും ഊറിച്ചിരിച്ചു
മൂന്നാറിലെ റിസോട്ടുകളിൽ
തുണിയുരിഞ്ഞ ചടുല നൃത്തത്തിന്റെ താളം
മൈലാഞ്ചി പൂത്ത പഴയ ഓർമ്മകൾ
വീണ്ടും മുളച്ചുപൊങ്ങിയതാവണം
ഒടുക്കം, ചില്ലിട്ടു വെക്കാന്‍ പാകത്തിൽ ചിരി

പൊങ്ങിക്കിടന്നു വിലസാൻ വിധിക്കപ്പെട്ടവർക്ക്
മധുരത്തിനും,ചവർപ്പിനും ഒരേ രുചിയാണെന്നു
ബിഗ് സ്ക്രീനിലെ മുഖം വിളിച്ചുപറയുന്നു.

പൂച്ച എങ്ങനെ വീണാലും നാലു കാലിലെന്നു
അനന്തപുരിയിലെ വഴിപോക്കൻ
ജീവിതത്തിന്റെ സ്പന്ദനങ്ങൾ
മൌനമായ ആഘോഷമാണെന്ന് കവി

2011, ജൂൺ 4, ശനിയാഴ്‌ച

മകളേ നീയാണ് ഇര

വീട്ടുമുറ്റത്തും, അയല്‍ വീട്ടിലും
വഴിവക്കിലും, ക്ലാസ്സ് മുറിയിലും
ഓടുന്ന ബസ്സിലും, ട്രെയിനിലും
മകളേ നീയാണ് ഇര.

ദൈവത്തിന്റെ നിസ്സഹായതയാല്‍
മുറ്റത്ത് കൈനീട്ടി നില്‍ക്കുന്ന യാചകന്‍
മൂവന്തിയുടെ ശൂന്യതയില്‍ വാത്സല്യം വിതറി
ഒളികണ്ണിടുന്ന അയല്‍ക്കാരന്‍
ക്ലാസ്സുമുറിയില്‍ സദാചാരത്തിന്റെ
കൊയ്ത്തുപാട്ടു പഠിപ്പിച്ച ഗുരുനാഥന്‍
മകളേ… ഓര്‍ക്കുക
തരം കിട്ടുമ്പോഴേവരും
നിറം മാറുന്ന കാലമാണിത്

വെയിലിതളുകല്‍ മാഞ്ഞുപോകുമ്പോള്‍
പിന്തുടര്‍ന്നു വരുന്ന
നീണ്ട നിഴലിന്റെ സ്പന്ദനത്തെയും
ഋതുഭേദങ്ങളുടെ ഊഷ്മളതയില്‍
അഴുകിനാറുന്ന സദാചാരത്തെയും
ഭയപ്പെടുക

പെണ്ണായിപ്പിറന്നു പോയതിന്
നിന്റെ പ്രായം
രണ്ടോ അതോ എണ്‍പതോ
നിനക്കൊരേ ‘ശിക്ഷ’.
ശാരിയും, രജനിയും കൃഷ്ണപ്രിയയും, സൗമ്യയും
നിരനീണ്ടു പോകുമ്പോള്‍
ഓരോ പിതാവിന്റെയും
ഹൃദയത്തില്‍ ചൂട്ടെരിയുന്നു

ജീവിതത്തിന്റ കളിയരങ്ങില്‍
കാമവെറിയുടെ താളം പഠിച്ചവര്‍
പൊള്ളയായ ഉള്ളുള്ളത് കൊണ്ട്
പൊങ്ങിക്കിടന്നു വിലസും
നിര്‍ദ്ധനരുടെ വിലാപങ്ങള്‍
അനശ്വരമായ ആകാശത്തിനു കീഴെ
പേക്കിനാവായി അലയും

ഓര്‍ക്കുക,
പെണ്ണായിപ്പിറന്നുപോയി
എവിടേയും നീതന്നെയാണ് ഇര.