2014, മാർച്ച് 1, ശനിയാഴ്‌ച

വിരഹം

കാലത്തിന്റെ കണ്ണാടിയിൽ
വസന്തത്തിന്റെ പൂമരം
പൂത്തപ്പോഴാണ്
വാക്കുകൾ ചിതറിയ ഹൃദയത്തിലേക്ക്
വരികൾ വിരിച്ച്
കവിത കയറി വന്നത്

അത് പലപ്പോഴും
സ്വപ്നങ്ങൾക്ക് നിറം കൊടുത്തും
ഓർമ്മകളിൽ
മധുരപ്പൂക്കൾ വിതറിയും
കരിമേഘങ്ങളിലൊളിച്ച്
ഇരുട്ടിൽ കാവൽ നക്ഷത്രമായും
പട്ടയമില്ലാത്ത  ഹൃദയഭൂവിൽ
ഏകാന്തത സ്വകാര്യസ്വത്താക്കി
വിഹരിച്ചു നടന്നു

ബോധാബോധങ്ങളുടെ  ഏറ്റയിറക്കങ്ങളാൽ
ദുസ്വപ്നങ്ങൾ  പുകയുമ്പോൾ
തീക്ഷ്ണമായ വസന്തത്തെ
സ്മൃതി തീരത്തൊളിപ്പിച്ച് 
കവിത
ഇന്നലെ
ഹൃദയം പറിച്ചെടുത്ത് കടന്നുകളഞ്ഞു

പൂത്തുലഞ്ഞ മോഹങ്ങളെയും
ചിതറിയ വാക്കുകളെയും കൂട്ടിവെച്ച്
ഇപ്പോൾ  ഞാൻ
ജാലകം തുറന്നു കാത്തിരിക്കുന്നു
ഋതുഭേദങ്ങളെ  തിരിച്ചറിഞ്ഞ്
മടങ്ങിവരും എന്ന പ്രതീക്ഷയോടെ....

4 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

കവിത കയറിവന്ന വഴി ഇഷ്ടപ്പെട്ടു

സൗഗന്ധികം പറഞ്ഞു...

ആസ്വാദക മനോഭൂവിലേക്ക് കുളിർമാരിയായ് പെയ്യാൻ, കാവ്യമേഘങ്ങൾ ഹൃദയാകാശത്തേക്ക് തിരികെയെത്തട്ടെ.....

നല്ല കവിത


ശുഭാശംസകൾ....

Sangeeth K പറഞ്ഞു...

കവിത നന്നായിരിക്കുന്നു...

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ജാലകം തുറന്നു
കാത്തിരിക്കുന്ന
ഋതുഭേദങ്ങളാം വിരഹം