2014 നവംബർ 21, വെള്ളിയാഴ്‌ച

ജീൻസ്

ലിംഗഭേദമില്ലാതെ
ദേശഭേദമില്ലാതെ
എത്രയെത്ര തുടകളുടെ തുടിപ്പുകളാണ്
നെഞ്ചിലൂടെ 
കയറിയിറങ്ങിപ്പോയിട്ടുള്ളത്

ചെളിവെള്ളം ഒഴുകുന്ന ഇടവഴിയിലും
ടാറുണങ്ങാത്ത റോഡിലും 
ഉപമകൾ ഉണക്കാനിട്ട
കുന്നിൻ ചെരുവിലും
എത്രയെത്രപേരുടെ 
മാനമാണ് രക്ഷിച്ചിട്ടുള്ളത്

ദേശംതാണ്ടി വന്നപ്പോൾ
ഇരുകൈ നീട്ടി
സ്വീകരിച്ചതിനുള്ള കടപ്പാട് 
നന്ദിയോടെ ഓർക്കുന്നുണ്ട്
അതുകൊണ്ടാണ്,
നരബാധിച്ചപ്പോഴും
പാദം വീണ്ടും കീറിയപ്പോഴും
ഇനി വയ്യ എന്നു പറയാതിരുന്നത്

ഉടലുരസി
ചുണ്ടുമുറിഞ്ഞിട്ടും,
മുളക് പാടത്തിലെ 
മോചനമില്ലാത്ത ആലസ്യത്തിൽ 
വീർപ്പുമുട്ടിയിട്ടും 
പരാതി പറയാതിരുന്നതും 
അതുകൊണ്ടുതന്നെ

എന്നിട്ടും,
യൂട്രസ്സ് തകർക്കുന്നവനും
നാണമില്ലാതെ 
ഒളിഞ്ഞുനോക്കുന്നവർക്ക് 
ഇടം കൊടുക്കുന്നവനുമായി,
വിരസമായ ഒരട്ടിമറിയിലൂടെ
വഴുതിപ്പോയതെങ്ങിനെയാണ് ?

2014 സെപ്റ്റംബർ 1, തിങ്കളാഴ്‌ച

വാർദ്ധക്യം

മൗനം കുടിച്ച 
ചാരുകസേരക്കരികിൽ
ശോഷിച്ച ഊന്നുവടിയുടെ
നിലക്കാത്ത ഞരക്കം
രക്തം തുപ്പിയ കോളാമ്പിയുടെ
ചുവന്ന വായിൽ നിന്നും
നിസ്സാഹായതയുടെ ദീനമായ നിലവിളി
കൂട്ടിവെച്ച  തൈലക്കുപ്പികളുടെ
ശ്വാസവായുവിന്
വേണ്ടിയുള്ള  പിടച്ചിൽ

അകത്ത്
മരുമകള്‍ അടപ്പ് തുറന്ന
പുലഭ്യത്തിന്റെ രൂക്ഷഗന്ധം

 അവശേഷിക്കുന്ന പാഴ്ജന്മത്തിൽ
ഞാനും നിങ്ങളുമെത്തുന്ന
 ഇടവഴിയിലെ
ഇരുള്‍മൂടിയ ചിത്രം

ജപമാലയിൽ ആത്മാവിനെ തളച്ച്
മുക്തിക്ക് വേണ്ടി വിങ്ങുകയും
മൂടിപ്പുതച്ച പുതപ്പിനുള്ളിൽ
ഏങ്ങലടിക്കുകയും ചെയ്യും
ഒടുക്കം
ദൈവത്തിന്റെ കളിപ്പാട്ടം

2014 ഓഗസ്റ്റ് 25, തിങ്കളാഴ്‌ച

ഓർമ്മച്ചിത്രം

വീതി കുറഞ്ഞ പാതവരമ്പിൽ
എതിരെ വന്ന് തൊട്ടുരുമ്മിയിട്ടുണ്ട്
പാടത്തെ തെളിഞ്ഞ വെള്ളത്തിൽ
നിലാവിന്റെ നീരൊഴുക്കിനൊപ്പൊം
ഒരുമിച്ച് നനഞ്ഞിട്ടുണ്ട്
തഴുകിപ്പോയ തെന്നലിൽ നിന്നും
മല്ലികപ്പൂവിന്റെ മാദകഗന്ധം
നാസിക തൊട്ടപ്പോൾ
കവർന്നെടുത്ത്
ഹൃദയത്തോട് ചേർത്തിട്ടുണ്ട്

ഒരൊറ്റ രാത്രി കൊണ്ട്
ഒരു വസന്തം തീർത്തപ്പോൾ
എന്റെ വ്യാകുലതയിലെവിടെയും
ഒരിക്കൽ പോലും   കയറിവന്നിട്ടില്ല
സ്വപ്നങ്ങളെ  പാതിവഴിയിൽ വിട്ട്
ഒരുമുഴം  കയറിൽ
ശിശിരം  തേടിപ്പോകുന്ന 
നിന്റെ  വിരഹ ചിത്രം

2014 ജൂൺ 4, ബുധനാഴ്‌ച

അവ്യക്തമായ നിഴൽ


പിന്നാമ്പുറങ്ങളിൽ ചലിക്കുന്ന ഒരുനിഴൽ
എല്ലായ്പ്പോഴും
എന്നെ അസ്വസ്ഥമാക്കുന്നുണ്ട്
ചിന്തകളെ ശിഥിലമാക്കി
പലപ്പോഴുമവ 
ആകുലപ്പെടുത്താറുണ്ട്

അനശ്വര സത്യങ്ങളെ 
വെമ്പുന്ന ഹൃദയത്തില്‍
മൂടിവെക്കുന്നത് കൊണ്ടാവാം
ചരിഞ്ഞ് വീഴുന്ന
നിലാവിന്റെ നിഴൽ പോലും
എന്നെ
വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്

എണ്ണമറ്റ വിലാപങ്ങൾക്ക് 
ഏകാന്തമായ കനൽ വീഥിയിൽ
 മൂകസാക്ഷിയായത് കൊണ്ടാവണം
രാപകലിന്റെ  വിസ്തീർണ്ണങ്ങളിൽ
നിസ്സാഹായതയുടെ ഒരു നിഴൽ
എന്നും 
പിൻവിളിയായ് തുടരുന്നുണ്ട്

ശൂന്യതയുടെ പടവുകളിൽ 
മൌനമായ മനസ്സ്
വിങ്ങുന്നത് കൊണ്ടാവാം
 ഓർമ്മകളുടെ ചാരനിറത്തിൽ
ഒരു നിഴൽ
എല്ലായ്പ്പോഴും പ്രദക്ഷിണം വെക്കുന്നത്

2014 മാർച്ച് 1, ശനിയാഴ്‌ച

വിരഹം

കാലത്തിന്റെ കണ്ണാടിയിൽ
വസന്തത്തിന്റെ പൂമരം
പൂത്തപ്പോഴാണ്
വാക്കുകൾ ചിതറിയ ഹൃദയത്തിലേക്ക്
വരികൾ വിരിച്ച്
കവിത കയറി വന്നത്

അത് പലപ്പോഴും
സ്വപ്നങ്ങൾക്ക് നിറം കൊടുത്തും
ഓർമ്മകളിൽ
മധുരപ്പൂക്കൾ വിതറിയും
കരിമേഘങ്ങളിലൊളിച്ച്
ഇരുട്ടിൽ കാവൽ നക്ഷത്രമായും
പട്ടയമില്ലാത്ത  ഹൃദയഭൂവിൽ
ഏകാന്തത സ്വകാര്യസ്വത്താക്കി
വിഹരിച്ചു നടന്നു

ബോധാബോധങ്ങളുടെ  ഏറ്റയിറക്കങ്ങളാൽ
ദുസ്വപ്നങ്ങൾ  പുകയുമ്പോൾ
തീക്ഷ്ണമായ വസന്തത്തെ
സ്മൃതി തീരത്തൊളിപ്പിച്ച് 
കവിത
ഇന്നലെ
ഹൃദയം പറിച്ചെടുത്ത് കടന്നുകളഞ്ഞു

പൂത്തുലഞ്ഞ മോഹങ്ങളെയും
ചിതറിയ വാക്കുകളെയും കൂട്ടിവെച്ച്
ഇപ്പോൾ  ഞാൻ
ജാലകം തുറന്നു കാത്തിരിക്കുന്നു
ഋതുഭേദങ്ങളെ  തിരിച്ചറിഞ്ഞ്
മടങ്ങിവരും എന്ന പ്രതീക്ഷയോടെ....

2014 ജനുവരി 28, ചൊവ്വാഴ്ച

ഒരു മുഴം കയർ

ഒരു മുഴം  കയർ
പലപ്പോും  എന്നെ
ഒളിഞ്ഞിരുന്നു  മാടിവിളിക്കാറുണ്ട്

ഇരുളിന്റെ ആഴങ്ങളിൽ നിന്നും
മങ്ങിമറഞ്ഞ ചിത്രങ്ങൾ
വീണ്ടും തെളിഞ്ഞു വരുമ്പോൾ
വടവൃക്ഷച്ചുവട്ടിൽ  ഊഞ്ഞാലാടാൻ
കുളിർ തെന്നലിന്റെ 
വർണ്ണചിത്രം  വരച്ച്
കൈപിടിച്ചു  ക്ഷണിക്കാറുണ്ട്
 
അസ്തമിച്ച  സ്വപ്നങ്ങൾക്കും
അസ്തമയത്തിനു മുമ്പേ കൊഴിഞ്ഞ പൂക്കൾക്കും
ഇനിയൊരു പുലരിയില്ലെന്ന
നെടുവീർപ്പുയരുമ്പോൾ
സീലിംഗ് ഫാനിന്റെ കഴുത്ത് കുരുക്കി
അതെന്നെ ആർത്തിയോടെ നോക്കാറുണ്ട്

മൌനമായ എന്റെ മനസ്സിന്റെ
അർത്ഥമില്ലാത്ത വിങ്ങലിന്
നിങ്ങൾ
ചില  വാക്യങ്ങൾ സ്രഷ്ടിക്കുമ്പോൾ
അനന്തമായ വിഗരത്തിലെത്താൻ
ആരുമറിയാതെ ആഗ്രഹിച്ചു പോകാറുണ്ട്

വക്ക് പൊട്ടിയ വാക്കുകളാൽ
വരികൾ മുറിഞ്ഞു വീഴുന്ന കവിത
ഒരുനാൾ
ഒരുമുഴം കയറിൽ അഭയം കണ്ടെത്തു                                                                                  ന്നെയ്യും