2014, നവംബർ 21, വെള്ളിയാഴ്‌ച

ജീൻസ്

ലിംഗഭേദമില്ലാതെ
ദേശഭേദമില്ലാതെ
എത്രയെത്ര തുടകളുടെ തുടിപ്പുകളാണ്
നെഞ്ചിലൂടെ 
കയറിയിറങ്ങിപ്പോയിട്ടുള്ളത്

ചെളിവെള്ളം ഒഴുകുന്ന ഇടവഴിയിലും
ടാറുണങ്ങാത്ത റോഡിലും 
ഉപമകൾ ഉണക്കാനിട്ട
കുന്നിൻ ചെരുവിലും
എത്രയെത്രപേരുടെ 
മാനമാണ് രക്ഷിച്ചിട്ടുള്ളത്

ദേശംതാണ്ടി വന്നപ്പോൾ
ഇരുകൈ നീട്ടി
സ്വീകരിച്ചതിനുള്ള കടപ്പാട് 
നന്ദിയോടെ ഓർക്കുന്നുണ്ട്
അതുകൊണ്ടാണ്,
നരബാധിച്ചപ്പോഴും
പാദം വീണ്ടും കീറിയപ്പോഴും
ഇനി വയ്യ എന്നു പറയാതിരുന്നത്

ഉടലുരസി
ചുണ്ടുമുറിഞ്ഞിട്ടും,
മുളക് പാടത്തിലെ 
മോചനമില്ലാത്ത ആലസ്യത്തിൽ 
വീർപ്പുമുട്ടിയിട്ടും 
പരാതി പറയാതിരുന്നതും 
അതുകൊണ്ടുതന്നെ

എന്നിട്ടും,
യൂട്രസ്സ് തകർക്കുന്നവനും
നാണമില്ലാതെ 
ഒളിഞ്ഞുനോക്കുന്നവർക്ക് 
ഇടം കൊടുക്കുന്നവനുമായി,
വിരസമായ ഒരട്ടിമറിയിലൂടെ
വഴുതിപ്പോയതെങ്ങിനെയാണ് ?

4 അഭിപ്രായങ്ങൾ:

കുഞ്ഞൂസ് (Kunjuss) പറഞ്ഞു...

ജീൻസിന്റെ വേദന ....

ajith പറഞ്ഞു...

പാവം ജീന്‍സ്. അല്ലേ!!

ആൾരൂപൻ പറഞ്ഞു...

നന്നായിട്ടുണ്ട്... ഈ കവിതാതന്തു..... 
എന്താണീ കുന്നിൻ ചെരിവുകളിൽ ഉണക്കാനിട്ട 
ഉപമകൾ എന്നു മനസ്സിലായില്ല. 

ബിലാത്തിപട്ടണം Muralee Mukundan പറഞ്ഞു...

ദേശംതാണ്ടി വന്നപ്പോൾ
ഇരുകൈ നീട്ടി
സ്വീകരിച്ചതിനുള്ള കടപ്പാട്
നന്ദിയോടെ ഓർക്കുന്നുണ്ട്
അതുകൊണ്ടാണ്,
നരബാധിച്ചപ്പോഴും
പാദം വീണ്ടും കീറിയപ്പോഴും
ഇനി വയ്യ എന്നു പറയാതിരുന്നത്