2010, നവംബർ 22, തിങ്കളാഴ്‌ച

ഇതാ ഒരു മനുഷ്യപുത്രി

1993-ല്‍ മുംബായില്‍ വെച്ചുണ്ടായ ഒരനുഭവമാണിത്‍. ഓര്‍ക്കുമ്പോളിന്നും മനസ്സില്‍വേദനയുടെ തീക്കനല്‍ എരിയുന്ന അനുഭവം.മുംബൈലെ സാന്താക്രൂസില്‍ ഞാന്‍ താമസിച്ചിരുന്ന കാലം.ഒരുപഴയ നാലുനില കെട്ടിടമായിരുന്നു അത്.ഇടത്തരം കമ്പനി ഉദ്യോഗസ്ഥരായിരുന്നു അതിലെ അന്തേവാസികളിലധികവും.

ഞാന്‍ താമസിക്കുന്ന ഫ്ളാറ്റിന്റെ തോട്ടരികിലത്തെ ഫ്ളാറ്റില്‍ സുമാര്‍ 45 വയസ്സ്പ്രായം വരുന്ന ഒരുപുരുഷനും 20 വയസ്സിനടുത്ത ഒരുപെണ്‍കുട്ടിയും താമസിച്ചിരുന്നു.ഒന്നരമാസത്തിലധികമായി ഞാനവിടെ താമസംതുടങ്ങിയിട്ടും അവരെ പരിചയപ്പെടാന്‍ എനിക്കവസരം കിട്ടിയില്ല.ഒരു പുതിയ താമസക്കാരന്‍ തൊട്ടടുത്ത ഫ്ലാറ്റില്‍ വന്നതറിഞ്ഞിട്ടും ഒന്നു പരിചയപ്പെടാന്‍ അവരും താല്പര്യം കാണിച്ചില്ല.മുന്നിലെ ഫ്ലാറ്റിലെ നിറം മങ്ങിയ തടിച്ചവാതിലിലെ തുരുമ്പിച്ച നെയിം പ്ലേറ്റില്‍നിന്നും വീട്ടുടമസ്ഥന്റെ പേര് ഞാന്‍ മനസ്സിലാക്കി.പിന്നീടൊരിക്കല്‍ മുറിവൃത്തിയാക്കാന്‍ വന്ന ലതാതായി എന്ന മറാട്ടിസ്ത്രീയാണ് ആ കുടുംബത്തെക്കുറിച്ച് എനിക്ക് ചെറിയൊരു വിവരണം നല്‍കിയത്. ‘ഡാനിയല്‍ ഡിസൂസയും മകള്‍ മാര്‍ഗരറ്റുമാണത്.പണ്ടെപ്പൊഴോ മംഗലാപുരത്തു നിന്നും കുടിയേറിയവര്‍. ഭാര്യ മൂന്നു വര്‍ഷം മുമ്പ് മരിച്ചു.
പ്രശസ്തമായ ഒരുകമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു അയാള്‍.മുഴുസമയ മദ്യപാനിയായതിനാല്‍ കമ്പനിയില്‍ നിന്നും പിരിച്ചുവിട്ടു.മകള്‍ കോളേജ് വിദ്യാര്‍ത്ഥിനി. ഒരുമകന്‍ കൂടിയുണ്ട് ഏതോ അധോലോക സംഘത്തില്‍പെട്ട് ഇപ്പോള്‍ ജയിലിലാണ്.
‘ഇത്രയും കാര്യങ്ങള്‍ വിവരിച്ച ലതാതായി ബാക്കി കാര്യങ്ങള്‍ എനിക്കറിയില്ല,എന്നോടു ചോദിക്കണ്ട എന്നുകൂടി പറഞ്ഞു നിര്‍ത്തി.മാത്രവുമല്ല ഈ കാര്യങ്ങള്‍ ആരോടും പറയരുതെന്നുകൂടി അവര്‍ സത്യം ചെയ്തു പറഞ്ഞു.മിക്കദിവസങ്ങളിലും കോണിപ്പടിയില്‍ വെച്ചാണ് ഞാന്‍ മാര്‍ഗരറ്റിനെ കണ്ടുമുട്ടാറുള്ളത്.ഞാന്‍ ഇറങ്ങുമ്പോള്‍ അവള്‍ കയറുകയോ ,ഞാന്‍ കയറുമ്പോള്‍ അവള്‍ ഇറങ്ങുകയോ ചെയ്യറുള്ളത് യാദൃശ്ചികമാകാം.ആദ്യമൊന്നും തീരെ ഗൌനിക്കാതിരുന്ന ആ കോളേജ് കുമാരി പിന്നീടെപ്പൊഴൊ മുന്നില്‍ കാണുമ്പോള്‍ ഒരു ചെറുപുഞ്ചിരി സമ്മാനിച്ചുതുടങ്ങി.ആ പുഞ്ചിരിയില്‍ നിന്നും പരസ്പരം സുഖാന്യേഷണം വരെ എത്തി മനസ്സാ നല്ല സുഹൃത്തുക്കളായി ഞങ്ങള്‍ .കൂടുതല്‍ സംസാരിക്കാന്‍ താല്പര്യം കാണിക്കാത്ത ആ സുന്ദരിയുടെ മുഖത്ത് എന്നും വിഷാദം നിഴലിച്ചു കാണാമായിരുന്നു.കൂടുതല്‍ അടുക്കാനും ലതാതായി പറയാതെ ഒഴിഞ്ഞു മാറിയ ബാക്കികാര്യങ്ങള്‍ അവളില്‍ നിന്നുമറിയാനും ഞാന്‍ തീരുമാനിച്ചു.

അന്നൊരു ഞായറഴ്ചയായിരുന്നു.വരാന്തയില്‍ വാരിക വായിച്ചു കൊണ്ടിരുന്ന എന്റെ മുന്നില്‍ അവള്‍ പ്രത്യക്ഷപ്പെട്ടു.പതിവുപുഞ്ചിരിയും ക്ഷേമാന്യേഷണത്തിനും ശേഷം അവള്‍ മൌനിയായി. അല്പനേരത്തെ മൌനത്തിനു വിരാമമിട്ടുകൊണ്ട് ഞാന്‍ ചോദിച്ചു .’എന്താണ് മാര്‍ഗരറ്റ് ഇത്രയും വലിയ ടെന്‍ഷന്‍ എന്നും വളരെ ദുഖിതയായാണല്ലോ കാണുന്നത് ,ഈ പ്രായത്തില്‍ പെണ്‍കുട്ടികള്‍ ഇങ്ങനെയാണോ വേണ്ടത് ?’ഉത്തരമൊന്നും പറയാതെ അവള്‍ എന്റെമുന്നില്‍ നിന്നും മറഞ്ഞു. ചോദിച്ചത് അബദ്ധമായിപ്പോയോ എന്നെനിക്കുതോന്നാതിരുന്നില്ല. പിറ്റെദിവസം രാവിലെ ഏകദേശം നാലുമണിയായിക്കാണണം.തണുപ്പുള്ള പ്രഭാതം,വരാന്തയില്‍നിന്നും അവളുടെ വിങ്ങിവിങ്ങിയുള്ള കരച്ചില്‍കേട്ടാണ് ഞാന്‍ പുറത്തിറങ്ങിയത്.മതിലില്‍ ചാരിനിന്നു കര്‍ചീഫ് കൊണ്ട് മുഖം മറച്ച് അവള്‍ വിങ്ങിക്കരയുന്നു.എനിക്കവളോട് അതിയായ സഹതാപവും,വാത്സല്യവും തോന്നി.പാവം പെണ്‍കുട്ടി ,ആശ്വസിപ്പിക്കാന്‍ അമ്മയില്ല.ഒരു ജ്യേഷ്ടസഹോദരനെപ്പോലെ ഞാന്‍ അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. കാരണം ചോദിച്ചപ്പോള്‍ എത്ര നിര്‍ബന്ധിച്ചിട്ടും അവള്‍ പറയാന്‍ കൂട്ടക്കിയില്ല.പിന്നീട് ഞാന്‍ പിന്മാറി.
‘എന്തിനു മറ്റുള്ളവരുടെ കാര്യത്തില്‍ ഞാന്‍ കൂടുതല്‍ ഇടപെടുന്നു‘ ഇങ്ങനെ തീരുമാനിച്ച അന്നു നേരെ മറിച്ചായിരുന്നു സംഭവം.

അന്നു വൈകുന്നേരം ഏഴു മണിയായിക്കാണും .അനുവാദം ചോദിക്കാതെ തന്നെ അവള്‍ എന്റെ മുറിയിലേക്ക് കയറിവന്നു.മുന്നിലിരുന്നു പൊട്ടിക്കരഞ്ഞു.ഞാന്‍ ആശ്വസിപ്പിക്കാന്‍ശ്രമിച്ചില്ല.അല്പനേരത്തിനു ശേഷം ഞാനവള്‍ക്ക് ചുടുചായ പകര്‍ന്നു കൊടുത്തു.ആര്‍ത്തിയൊടെ അവള്‍ ചുടുചായ ഊതിക്കുടിച്ചു.കണ്ണുനീര്‍ അപ്പോഴും ധാരയായി ഒഴുകുന്നു.അന്നു മുഴുവനും അവള്‍ പട്ടിണിയായിരുന്നുവെന്നു ആ മുഖം വിളിച്ചുപറയുന്നു.
അല്പം അധികാരസ്വരത്തില്‍ ഞാന്‍ പറഞ്ഞു തുടങ്ങി. ‘നോക്കൂ മാര്‍ഗരറ്റ് നിന്റെ ഈ മുഖം എനിക്കു കണ്ടിട്ട്സഹിക്കുന്നില്ല.എന്താണു രാവിലെ ഉണ്ടായത് ?എന്താണു നിന്റെ പ്രശ്നം? ഒരു ജ്യേഷ്ടസഹോദരന്റെ സ്ഥാനത്ത്കണ്ട് എന്നോടു പറയൂ ..?
അറച്ചറച്ചാണെങ്കിലും വളരെ വേദനയോടെ അവള്‍പറഞ്ഞു “മമ്മിയുടെ വേര്‍പ്പാടിനുശേഷം ഡാഡി നിരന്തരമായി മാനഭംഗപ്പെടുത്തുന്ന കഥ.

ഒരിക്കല്‍ ഉറക്കഗുളിക കഴിച്ചു ആത്മഹത്യക്ക് ശ്രമിച്ചു ,മരണവും എന്നെ കയ്യൊഴിഞ്ഞു .പിന്നീട് കുറേനാള്‍ ശല്യമില്ലായിരുന്നു .ഈടെയായി വീണ്ടും ....ഇന്നലെരാത്രിയും ഡാഡി.............." ഇത്രയും പറഞ്ഞു അവള്‍ കരയാന്‍ തുടങ്ങി .ഞാന്‍ എന്തുപറഞ്ഞാണ് അവളെ ആശ്വസിപ്പിക്കേണ്ടത് .എനിക്കു വാക്കുകളില്ലായിരുന്നു.അല്പനേരത്തേക്കു ഞാനാകെ തരിച്ചിരുന്നുപോയി.എന്നെ സംബന്ധിച്ചടുത്തോളം അന്നു അതൊരു അത്ഭുതവാര്‍ത്തയായിരുന്നു.എന്നാലും ഞാനവള്‍ക്ക് ആശ്വാസവാക്കുകള്‍ നല്‍കി.ഇനിയും ഡാഡി എന്നആ രാക്ഷസ്സന് കൊത്തിവലിക്കാന്‍ ഈ പെണ്‍കുട്ടി ഇരയാകരുത്. ഏതുവിധത്തിലായാലും രക്ഷിച്ചേമതിയാകൂ എന്ന ഉറച്ച തീരുമാനവുമായി അന്നുതന്നെ അന്തേരിയിലെ ഒരു സാമൂഹ്യപ്രവര്‍ത്തകനുമായി ഞാനിക്കാര്യം സംസാരിച്ചു.

പക്ഷെ , അതുവരേക്കും അവള്‍ കാത്തുനിന്നില്ല .എന്റെ ആശ്വാസവാക്കുകള്‍ അവള്‍ക്ക് സ്വാന്ത്വനം നല്‍കിയില്ല.പിറ്റേ ദിവസം കോളേജില്‍ പോയ അവള്‍ തിരിച്ചു ഫ്ലാറ്റിലെത്തിയില്ല .സാന്താക്രൂസ് -വിലെപാര്‍ലെ റെയില്‍വേ സ്റ്റേഷനിടയില്‍ റെയില്‍ പാളത്തില്‍ ചതഞ്ഞരഞ്ഞ മൃതദേഹമാണ് അന്ന് വൈകിട്ട് റെയില്‍വേ പോലീസിനു കിട്ടിയത്.
കേവലം മൂന്നുമാസത്തെ പരിചയം മാത്രമേ ഞാനും അവളും തമ്മിലുണ്ടായിരുന്നുള്ളുവെങ്കിലും ഒരു കുഞ്ഞനുജത്തിയെപ്പോലെക്കണ്ട് ഞാനവള്‍ക്കു കൂടുതല്‍ വാത്സല്യവും ,സ്നേഹവും നല്‍കിയിരുന്നു.അവളോടെനിക്ക് അതിയായ അനുകമ്പ തോന്നിയിരുന്നു.
എന്റെ ആരുമായിരുന്നില്ല അവള്‍.എന്നിട്ടും കൂപ്പര്‍ഹോസ്പിറ്റലിന്റെ മോര്‍ച്ചറിയുടെവാതില്‍ക്കല്‍നിന്നു ഞാന്‍ പൊട്ടിപ്പൊട്ടിക്കരഞ്ഞു,സങ്കടം സഹിക്കാനാവാതെ.പിന്നീട് അവിടെ താമസിക്കാന്‍ എന്റെ മനസ്സു അനുവദിച്ചില്ല. രക്തബന്ധത്തിന്റെ മൂല്യം ചോര്‍ന്നുപോയ കാലത്തിന്റെ മാറ്റത്തെ ശപിച്ചുകൊണ്ട് രണ്ടു മൂന്നു ദിനങ്ങള്‍ക്കകം ഞാനും മുംബൈ നഗരത്തോടു വിടപറഞ്ഞു.ഇപ്പോള്‍ എന്നെങ്കിലും സാന്താക്രൂസ് വഴിയിലൂടെ സഞ്ചരിക്കേണ്ടിവരുമ്പോള്‍ എന്റെ മുന്നില്‍ അവളുടെ രൂപം തെളിയുന്നു.എണ്ണമയമില്ലാത്ത ബോബ് ചെയ്ത ചെമ്പിച്ച തലമുടിയും,നിത്യവിഷാദ മുഖവും.പാവം പെണ്‍കുട്ടി.
സംരക്ഷണം നല്‍കേണ്ട രക്ഷിതാവുതന്നെ പിച്ചിച്ചീന്തി,ഇളം പ്രായത്തില്‍ ജീവിതം ഹോമിക്കപ്പെട്ടആ പാവം പെണ്‍കുട്ടിയുടെ ഓര്‍മ്മകള്‍ക്കു മുന്നില്‍ ഇന്നും വേദനയോടെ ഞാനര്‍പ്പിക്കുന്നു,രണ്ടു തുള്ളി ചുടുകണ്ണീര്‍.

21 അഭിപ്രായങ്ങൾ:

ശ്രീ പറഞ്ഞു...

ഇന്നത്തെ കാലത്ത് ഇതൊരു അത്ഭുത വാര്‍ത്തയല്ലാതായിക്കഴിഞ്ഞു. എങ്കിലും...

ചിന്താമണി കൊലക്കേസ് ഓര്‍മ്മിപ്പിച്ചു. അതിലെ അഡ്വ. ലാല്‍കൃഷ്ണയെ പോലെ എന്തെങ്കിലും ചെയ്യാന്‍ ആരെങ്കിലും വേണമെന്നായി അവസ്ഥ!

mayflowers പറഞ്ഞു...

ഇന്ന് ഇത്തരം നീച വാര്‍ത്തകളും സാധാരണമായിരിക്കുന്നു. മനുഷ്യന്റെ അധപതനത്തിന്റെ ഗ്രാഫ് എത്ര താഴെയാണ് എന്റെ പടച്ചോനെ..

രമേശ്‌ അരൂര്‍ പറഞ്ഞു...

മന :സാക്ഷി മരവിപ്പിക്കുന്ന അനുഭവം ..മനസ്സില്‍ തട്ടും വിധം എഴുതി ..ഒരിക്കലും സംഭവിച്ചു കൂടാത്ത .ഇത്തരം സംഭവങ്ങള്‍
നാള്‍ ക്ക് നാള്‍ വര്‍ധിച്ചു വരികയാണ് ..ആരോട് പറയാന്‍ ??

രമേശ്‌ അരൂര്‍ പറഞ്ഞു...

to get a follower gadjet please check my blog
www.marubhoomikalil.blogspot.com

mayflowers പറഞ്ഞു...

pls add follower gadget.

sm sadique പറഞ്ഞു...

വാക്കുകൾ പോലും മരവിക്കുന്നു; അറക്കുന്നു വാക്കുകൾ.
ഇത്തരം നരാധമന്മാർക്ക് മുന്നിൽ എന്റെ മനസ്സ് ക്ഷോഭത്താൽ വിറകൊള്ളുന്നു.

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

ഒന്നും പറയാന്‍ പറ്റുന്നില്ല. അത്രക്കും വേദനാജനകമായ സംഭവം.

Appu Adyakshari പറഞ്ഞു...

മൊയ്തീന്റെ ബ്ലോഗ്‌ ഒന്ന് കാണാനാണ് ഈ വഴിവന്നത്. ഇപ്പോള്‍ വല്ലാതെ വേദനപ്പെടുത്തിയ ഒരു പോസ്റ്റ്‌ വായിക്കാനിടയാവുകയും ചെയ്തു.. എന്തുചെയ്യാം. ശ്രീ എഴുതിയത് പോലെ ഈ കാലഘട്ടത്തില്‍ ഇതൊരു സ്ഥിരം സംഭവം ആയിരിക്കുന്നു. :-(

ente lokam പറഞ്ഞു...

മകളെ ഇങ്ങനെ കാണുന്ന പിതാവിനെ പറ്റി ഒരിക്കല്‍ tv ചാനലില്‍ കണ്ടപ്പോള്‍
ഞാന്‍ ഒത്തിരി രോഷം കൊണ്ടു .ഇത്തരം വാര്‍ത്തകള്‍ എങ്ങനെ നമ്മുടെ മക്കളുടെ
കൂടെ ഇരുന്നു കാണും .എന്ത് വൃത്തി കെട്ട ലോകം ആണ് വാര്‍ത്തകള്‍ക്ക് വേണ്ടി
മാധ്യമങ്ങള്‍ ഇങ്ങനെ അധപധിക്കാമോ ?പക്ഷെ ഇപ്പൊ ഇത് നിത്യ വാര്‍ത്ത‍ ആകുന്നു
ലോകം പോകുന്നത് എങ്ങോട്ട് ? ..ആശങ്കകള്‍ പങ്ക് വെക്കുന്നു എഴുത്ത് കാരനോടും
ലോകത്തോടും ..കഷ്ടം ..

MOIDEEN ANGADIMUGAR പറഞ്ഞു...

ഇന്നു ഇതൊരു അത്ഭുതവാർത്തയേ അല്ല.പക്ഷേ രക്ത ബന്ധത്തിന്റെ മൂല്യം ചോർന്നു പോയ കാലത്തിന്റെ ഈ മാറ്റം ഒരു അത്ഭുതം തന്നെയാണു.
ഇത് വഴിവന്നു രണ്ട് വാക്ക് പറഞ്ഞപോയ എല്ലാ സഹോദരങ്ങൾക്കും നന്ദി.

വിരല്‍ത്തുമ്പ് പറഞ്ഞു...

നന്നായിട്ടുണ്ട്....

കുറ്റം പറയാനോ വിമര്‍ശിക്കാനോ മോശമായിട്ട് ഇതില്‍ ഒരു വരിപോലും ഇല്ല....

ഹംസ പറഞ്ഞു...

എന്തു പറയാനാ.. മനുഷ്യന്‍ മൃഗമാവുമ്പോള്‍.... ഇതേ വിഷയം ഒരു കവിതാ രൂപത്തില്‍ ഞാന്‍ എഴുതിയിരുന്നു ഇവിടെവായിക്കാം

അജ്ഞാതന്‍ പറഞ്ഞു...

ഈ മരുപച്ചയിൽ എത്തിപ്പെട്ടപ്പോൾ. സ്നേഹം നഷ്ട്ടപ്പെട്ട് വിണ്ടു കീറിയ മനസുമായി കഴിയുന്ന കാടന്മാരുടെ ലോകം കണ്ടു...തന്റെ കൈകളാൽ തലോടലും താരാട്ടും കേട്ട് വളർന്ന പൊന്നോമയെ ആ കാട്ടാളജന്മം തന്റെ കാമദാഹം ശമിപ്പിക്കാനായി........ ലോകത്തിന്റെ കുതിപ്പ് എങ്ങോട്ട്??????????

Umesh Pilicode പറഞ്ഞു...

:-(

Sukanya പറഞ്ഞു...

എന്തൊരു അവസ്ഥ. ആര്‍ക്കും ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു.

MOIDEEN ANGADIMUGAR പറഞ്ഞു...

പതിനേഴാണ്ടുകൾക്കിപ്പുറം ഓർക്കുമ്പോളിന്നും മനസ്സ് നീറുന്നു.ഈ ദുർവിധി മറ്റൊരു പെൺകുട്ടിക്കും ഉണ്ടാവാതിരിക്കട്ടെ.ഈ വേദനയിൽ പങ്കുകൊണ്ട എല്ലാ സഹോദരങ്ങൾക്കും നന്ദി.

സാജിദ് ഈരാറ്റുപേട്ട പറഞ്ഞു...

ദുഃഖകരം...

keraladasanunni പറഞ്ഞു...

മനസ്സില്‍ വേദനയുളവാക്കുന്ന പോസ്റ്റ്.

sids പറഞ്ഞു...

എരിവുള്ള വാർത്തകൾ തെരഞ്ഞ്പിടിച്ച് അവയ്ക്ക് അമിതപ്രാധാന്യം നൽകി പ്രസിദ്ധീകരിക്കുന്ന മാധ്യമ സമൂഹത്തിനും ഇത്തരം സംഭവങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ കഴിയില്ല......
ദയനീയമായ ഇത്തരം അവസ്ഥകൾ ഒരു മകൾക്കും ഉണ്ടാവാതിരിക്കട്ടെ....

Unknown പറഞ്ഞു...

Moidukka
U have plotted it perfectly. Excellent and tried to maintain the standard but the point here is we should also suggest a solution to the mankind to eradicate such evil act from the society. Let us all think of it and we will see what is the best.

MOIDEEN ANGADIMUGAR പറഞ്ഞു...

സാജിദ്,keraladasanunni,sids,Firoz നന്ദി.