2010, ഓഗസ്റ്റ് 28, ശനിയാഴ്‌ച

മുഖാവരണം,അനാശ്യാസത്തിനും ഒരു അലങ്കാരമോ ?

മറ്റു ജില്ലയില്‍ നിന്നും ഭിന്നമായി കാസറഗോഡ് ജില്ലയില്‍ മാത്രം പരക്കെ കണ്ടുവരുന്ന ഒരു മുസ്ലിം വേഷവിധാനമാണ് മുഖം മൂടി അണിഞ്ഞുള്ള പർദ.ഇസ്ലാം നിഷ്ക്കർഷിക്കാത്ത ഈ വേഷത്തെ അന്യരാജ്യത്ത് നിന്നും നമ്മുടെ നാട്ടിലെ സ്ത്രീകൾ കടംകൊണ്ടതിലൂടെ ഇതുമറയാക്കി അനാശ്യാസവും നഗരത്തിൽ കൂടിവന്നു.മുഖാവരണം ധരിച്ചാൽ എന്തുമാവാം ,ആരും തിരിച്ചറിയില്ല എന്ന സ്ഥിതിവിശേഷമാണു ഇന്ന്.

മുഖവും,മുൻകൈയും ഒഴിവാക്കിയുള്ളതാണു ഇസ്ലാമികവസ്ത്രരീതി എന്നു സമ്മതിക്കുന്നവർ തന്നെ മുഖം മൂടിയെ ന്യായീകരിക്കുന്നതു കാണുമ്പോഴാണു വിചിത്രമായി തോന്നുന്നത്. ഇസ്ലാമിക വേഷവിധാനത്തിൽ മുഖം മറക്കൽ നിർബന്ധമാക്കിയിട്ടില്ലെന്നു പ്രമുഖരായ പലപണ്ഡിതരും അഭിപ്രായപ്പെട്ടിട്ടുണ്ട്.
പിന്നെ എങ്ങനെയാണു നമ്മുടെ നഗരത്തിൽ ഈ ‘വിചിത്ര വേഷം’ എത്തപ്പെട്ടത് ?
പഴയ കാലത്ത് അറേബ്യൻ നാടുകളിൽ മണൽകാറ്റിനെ പ്രതിരോധിക്കാൻ ജനങ്ങൾ തലയിൽ നിന്നും തട്ടം മുഖത്തേക്കു താഴ്ത്തിയിട്ടിരുന്നതായി ചരിത്രം പറയുന്നു.പിന്നീട് ഹൈദരാബാദിൽ കുടിയേറിയ യമൻ വംശജരുടെ പിൻതലമുറക്കാരും ഈ രീതി തുടർന്നിരുന്നു. പക്ഷേ, കേരളത്തിൽ ഇത് മറ്റൊരു ജില്ലയും സ്പർശിക്കാതെ നേരിട്ട് കാസറഗോഡ് മാത്രം എത്തപ്പെട്ടതിന്റെ ഗുട്ടൻസാണു ഇനിയും പിടികിട്ടാതെപോകുന്നത്.

മതം നിഷ്ക്കർഷിക്കാത്ത മുഖം മൂടി ധരിക്കുന്നത് കൊണ്ട് ഗുണമൊന്നും എടുത്തു പറയാനില്ല.മറിച്ചു ദോഷം ഏറെയുണ്ടു താനും. ദിനംപ്രതി മാധ്യമങ്ങളിലൂടെ നാം അതറിയുന്നു.
“നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മുഖം മൂടി പർദ്ദ ധരിച്ചു മുസ്ലിം സ്ത്രീയുടെ പാസ്പോർട്ടുമായി യാത്ര ചെയ്യാനെത്തിയ ക്രിസ്ത്യൻ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.“
“മുഖം മൂടി പർദ്ദ ധരിച്ച് സ്ത്രീകളുടെ സീറ്റിലിരുന്ന കൌമാരക്കാരനെ യാത്രക്കാർ കൈകാര്യം ചെയ്തു“.
“പർദ്ദയണിഞ്ഞ് ഓണത്തിരക്കിനിടയിൽ സ്ത്രീകളുടെ മാല കവരാൻ ശ്രമിച്ച തമിഴ് സ്ത്രീകളെ പോലീസ് പിടികൂടി.”അവരും മുഖം മൂടി അണിഞ്ഞിരുന്നു.
മംഗലാപുരത്ത് ജ്വല്ലറിയിൽ വന്ന സ്ത്രീകൾ തിരക്കിനിടയിൽ രണ്ടുപവന്റെ വള എടുത്ത് കടന്നു കളഞ്ഞു.ജ്വല്ലറിയിലെ ക്യാമറായിൽ ചിത്രം പതിഞ്ഞിട്ടും ജീവനക്കാർക്കോ,പോലീസിനോ ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ല.കാരണം വ്യക്തം,രണ്ടു സ്ത്രീകളും മുഖാവരണം അണിഞ്ഞിരുന്നുവത്രെ.

ഇതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും പറഞ്ഞ് മുഖാവരണത്തെ ന്യായീകരിക്കുന്നവർക്ക് ആശ്വാസിക്കാൻ ശ്രമിക്കാം.പക്ഷേ ഈ ‘ഒറ്റപ്പെട്ട’സംഭവങ്ങളും സമുദായത്തിന്റെ മുഖത്തേക്കു കരിവാരി തേക്കപ്പെടുന്നു എന്നകാര്യം നാം കാണാതെപോകരുത്.

ഉത്തരേന്ത്യയിൽ തിരിച്ചറിയൽ കാർഡിനു ഫോട്ടോയെടുക്കാനെത്തിയ മുസ്ലിം സ്ത്രീയോട് മുഖാവരണം മാറ്റാൻ ആവശ്യപ്പെട്ടപ്പോൾ അവർ വിസമ്മതിച്ചതും,ഒടുവിൽ പ്രശ്നം കോടതിയിലെത്തിയതും ഈ അടുത്ത കാലത്ത് നാം കേട്ട വാർത്തയാണ്.
‘മുഖാവരണം നീക്കാൻ പറ്റില്ലെങ്കിൽ തിരിച്ചറിയൽ കാർഡ് എടുക്കാതിരിക്കുന്നതാണു ഉചിതം‘. എന്നാണ് കോടതി അഭിപ്രായപ്പെട്ടത്.

മുഖാവരണമണിയുന്ന പർദ്ദ മറയാക്കി സമൂഹത്തിൽ കുറ്റക്രത്യങ്ങൾ കൂടിവരുമ്പോൾ നിയമം മൂലം ഈ വേഷം നിരോധിക്കപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.അതിനുമുമ്പായി നാം ഇതു വർജ്ജിക്കുകയാണു വേണ്ടത്.മതം നിഷ്കർഷിക്കാത്ത വേഷത്തെ മതത്തിന്റെ പേരിൽ വരവുവെച്ചതാണു നമുക്കു പറ്റിയ അബദ്ധം.അതു തിരിച്ചറിഞ്ഞ് ഈ മുഖാവരണത്തെ അറബിക്കടലിലേക്ക് വലിച്ചെറിയേണ്ട സമയം സംജാതമായിരിക്കുന്നു. ഇനിയും വൈകിയാൽ സമൂഹത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് ഒരുപക്ഷേ അതു വഴിവെച്ചേക്കാം.
ഇതൊക്കെ മുൻകൂട്ടി കണ്ടതുകൊണ്ടാവാം ശരീരം മറക്കാൻ നിർദ്ദേശിച്ചപ്പോഴും മുഖവും,മുൻകൈയും ഒഴിവാക്കാൻ പ്രവാചകൻ എടുത്തുപറഞ്ഞത്.

സമുദായത്തിലെ കാക്കത്തൊള്ളായിരം സംഘടനകൾ കീരിയും,പാമ്പുമായി പരസ്പരം കടിച്ചുകീറുമ്പോൾ നെല്ലും,പതിരും തിരിച്ചറിഞ്ഞു ഉപദേശിച്ചു കൊടുക്കാൻ നാഥനില്ലാതെ പോയതിന്റെ പതനമാണിത്. പ്ലസ് വണ്ണിനു പഠിക്കുന്ന കുട്ടിയെപ്പോലും മുഖം മൂടിയണിയിച്ചു ക്ലാസ്സിലേക്കു പറഞ്ഞയക്കുന്ന രക്ഷിതാക്കളുടെ ആത്മീയസംസ്കാരത്തിനു സംഭവിച്ച പതനം.
മുഖാവരണം ആഭിജാത്യത്തിന്റെ അടയാളമല്ല , അരാജകത്തത്തിന്റെ നേർകാഴ്ചയാണ്.അനാചാരത്തിന്റെ പ്രതീകമാണത്.

2010, ഓഗസ്റ്റ് 27, വെള്ളിയാഴ്‌ച

റിയാന പര്‍ദ്ദയണിയാതിരിക്കുമ്പോള്‍

'റിയാന പര്‍ദ്ദ ധരിക്കാത്തതിന്‌ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തുന്നു. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം റിയാനയുടെ വീടിനു ഇപ്പോള്‍ പോലീസ്‌ കാവലുണ്ട്‌.' നല്ല വാര്‍ത്ത. ഈ അടുത്തകാലത്തൊന്നും ഇത്രയും നല്ല കൗതുകവാര്‍ത്ത വായിച്ചിട്ടില്ല.

ഒരാഴ്‌ചയോളമായി മാധ്യമങ്ങളില്‍ ഈ വിഷയം ഒറ്റയ്‌ക്കും, തെറ്റയ്‌ക്കും, പെട്ടികോളത്തിലും, കോളത്തിനു പുറത്തുമൊക്കെയായി അല്‌പസ്വല്‌പം കണാന്‍ തുടങ്ങിയിട്ട്‌.പക്ഷേ, വിശദവിവരം ദേ ഇപ്പോഴല്ലേ അറിയുന്നത്‌.

നമുക്കു റിയാനയുടെ വാക്കുകളിലേക്കുതന്നെ പോകാം.
'പര്‍ദ്ദ ധരിക്കാന്‍ ഇസ്ലാം ഒരിടത്തും പറയുന്നില്ല.പര്‍ദ്ദ ധരിക്കുന്നില്ലെങ്കിലും ഞാന്‍ ഒരു യഥാര്‍ത്ഥ മുസ്ലീമാണ്‌. അഞ്ച്‌ നേരം നിസ്‌കരിക്കുകയും, നോമ്പ്‌ അനുഷ്ടിക്കുകയും ചെയ്യുന്നു.ജീന്‍സും, ടോപ്പും ധരിക്കണമെന്നത്‌ എന്റെ ആഗ്രഹമാണ്‌, മൗലികാവകാശമാണ്‌. ഭീഷണിക്കു വഴങ്ങില്ല, പോരാടുക തന്നെ ചെയ്യും.'
ഹൊ സമ്മതിക്കുന്നു റിയാനയുടെ ചങ്കൂറ്റത്തെ .
റിയാനയ്‌ക്ക്‌ പര്‍ദ്ദ ധരിക്കാന്‍ ഇഷ്ടമില്ല. റിയാന പര്‍ദ്ദ ധരിക്കാത്തത്‌ കൊണ്ട്‌ റിയാനയുടെ ഉമ്മയ്‌ക്കോ, ഉപ്പയ്‌ക്കോ മകളോട്‌ യാതൊരു നീരസവുമില്ല. പിന്നെ ഈ ബന്ധുക്കള്‍ക്കെന്താ ഇക്കാര്യത്തില്‍ ഇത്ര ശ്വാസം മുട്ടാന്‍ ? അതാണു മാലോകര്‍ക്കു പിടികിട്ടാത്തത്‌. അല്ലെങ്കിലും ഈ ബന്ധുക്കളൊക്കെ ഇങ്ങനെയാ. എന്തിനും,ഏതിനും വരും, ഇടംകോലിടാന്‍. വെറുതെയല്ല ശ്രീകുമാരന്‍തമ്പി പണ്ട്‌ കുറിച്ചത്‌ , ബന്ധുക്കള്‍ ശത്രുക്കള്‍ എന്ന്‌.
റിയാന കൊച്ചുകുട്ടിയൊന്നുമല്ല. സിവില്‍ സര്‍വ്വീസ്‌ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന പക്വതയും, പാകതയും ഉള്ള പെണ്‍കുട്ടിയാ. ഈ ഭീഷണിപ്പെടുത്തുന്നവരോടൊക്കെ നാളെ അവള്‍ എണ്ണിയെണ്ണി പകരം ചോദിക്കും.

ഇനി നമുക്കു അല്‌പം കാര്യത്തിലേക്കു വരാം.
കേരളത്തില്‍ മറ്റൊരു ജില്ലയിലും കാണാത്ത വേഷവിധാനമാണു ഇപ്പോള്‍ കാസര്‍കോട്‌ ജില്ലയില്‍ കൂടുതല്‍ കണ്ടു വരുന്നത്‌. മുഖം മൂടി അണിഞ്ഞുള്ള പര്‍ദ്ദ. പര്‍ദ്ദ അണിഞ്ഞവരൊക്കെ നല്ലവരും, അല്ലാത്തവര്‍ മോശവുമാണെന്നുള്ള ഒരു പൊതുധാരണ കാസര്‍കോട്ടെ മുസ്ലിം സമൂഹത്തിനിടയില്‍ വളര്‍ന്നു വന്നിരിക്കുന്നു എന്നതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ്‌ ഈ റിയാന സംഭവം.

പര്‍ദ്ദയണിയിക്കാന്‍ മുന്നിട്ടിറങ്ങുന്നവരും, പര്‍ദ്ദയുടെ മഹാത്മ്യം വിളിച്ചു പറയുന്നവരും അറിഞ്ഞിരിക്കേണ്ട ഒരു വസ്‌തുതയുണ്ട്‌. പര്‍ദ്ദയുടെ മറവില്‍ നടക്കുന്ന അനാചാരത്തിന്റെയും, അനാശ്യാസത്തിന്റെയും പച്ചയായ കാഴ്‌ചകള്‍.അതിനു ദൂരെയൊന്നും പോകണ്ട. നമ്മുടെ കാസര്‍കോട്‌ നഗരത്തില്‍ അല്‌പനേരം വീക്ഷിച്ചാല്‍ മതി. മുഖം മൂടി പര്‍ദ്ദയണിഞ്ഞു ബസ്റ്റാന്റില്‍ 'ടൈം പാസ്സ്‌ ' ചെയ്യാന്‍ വരുന്ന 'ഇഞ്ഞ'മാരെക്കുറിച്ചു കേള്‍ക്കുന്ന കഥകളൊക്കെ എല്ലാം ശരിയായിക്കൊള്ളണമെന്നില്ലെങ്കിലും കുറേയൊക്കെ വാസ്‌തവമാണ്‌.
മുഖം മൂടി പര്‍ദ്ദയണിഞ്ഞാല്‍ കാര്യം സുഖമായി. ആരും തിരിച്ചറിയില്ല. ആങ്ങള ജോലി ചെയ്യുന്ന ചെരിപ്പുകടയില്‍ നിന്നും കാമുകനോടൊപ്പൊം പോയി ചെരിപ്പു വാങ്ങി നാടുവിട്ട പെങ്ങളെക്കുറിച്ച്‌ ഒരിക്കല്‍ ഒരു സഹൃത്ത്‌ പറഞ്ഞതോര്‍ക്കുന്നു. സ്വന്തം സഹോദരനു പോലും തിരിച്ചറിയാന്‍ കഴിഞ്ഞില്ല സഹോദരിയെ. ഇത്‌ പര്‍ദ്ദയുടെ ഗുണം, 'മുഖം മൂടി അണിയുന്നതിന്റെ ഗുണം'.

പര്‍ദ്ദയണിയുന്നതിനു ഇവിടെ ആരും എതിരല്ല. അണിയാതിരിക്കുന്നതിനും ആരും എതിരാവരുത്‌. റിയാനയ്‌ക്കു റിയാനയുടെ ഇഷ്ടം. അവള്‍ പറയുമ്പോലത്തന്നെ അതവളുടെ മൗലികാവകാശമാണ്‌. ഇതില്‍ ബന്ധുക്കള്‍ക്കോ, നാട്ടുകാര്‍ക്കോ കൈകടത്തേണ്ട ഒരാവശ്യവുമില്ല.
പിന്നെ, പര്‍ദ്ദ ഇസ്ലാമിക വേഷമാണ്‌. അതണിഞ്ഞേ തീരൂ എന്നു വാശി പിടിക്കുന്നവരോട്‌ പണ്ട്‌ ഉമ്മുമ്മ പറഞ്ഞ ഒരു ഡയലോഗ്‌ പറയേണ്ടിവരും.
'ഓളെ ഖബറിലേക്ക്‌ നമ്മളും പോകുന്നില്ല, നമ്മളെ ഖബറിലേക്ക്‌ ഓളും വരുന്നില്ല' എന്ന്‌.

പ്രതികരണം വിവേകത്തോടെയല്ല എന്നുള്ളതാണു പലപ്പോഴും നമുക്കു പറ്റുന്ന പരാജയം.സഹിഷ്‌ണുത തീരേയില്ലാത്തവരാണെന്നു മറ്റുള്ളവരെക്കൊണ്ടു പറയിപ്പിക്കുന്നതും ഇതുകൊണ്ടു തന്നെയാണ്‌.നാളെ മാധ്യമങ്ങള്‍ അച്ചുനിരത്തും, 'പര്‍ദ്ദ ധരിക്കാത്തതിനു പെണ്‍കുട്ടിക്ക്‌ നേരെ മുസ്ലിം തീവ്രവാദികളുടെ വധഭീഷണി' എന്ന്‌.കേരളത്തിലെ സ്വതന്ത്ര രാഷ്ട്രീയ വാരിക ഇതില്‍ നിന്നും കവര്‍സ്‌റ്റോറിക്കുള്ള അണിയറ പ്രവര്‍ത്തനം ഇപ്പോള്‍ തുടങ്ങിക്കാണും.

മേല്‍പ്പോട്ടു നോക്കിതുപ്പിയാല്‍ തിരിച്ചു വീഴുന്നതു എവിടെയാണെന്നുള്ള സാമാന്യബോധം പോലും നമുക്കു എന്തുകൊണ്ടു ഇല്ലാതെ പോയി ?റിയാന പര്‍ദ്ദ ധരിക്കാത്തത്‌ കൊണ്ട്‌ ഇടിഞ്ഞു വീഴുന്നതല്ല സമുദായത്തിന്റ മാന്യതയെന്നു തിരിച്ചറിയാനുള്ള വിവേകം നമുക്കെന്നാണുണ്ടാവുക ?