2010, ഓഗസ്റ്റ് 28, ശനിയാഴ്‌ച

മുഖാവരണം,അനാശ്യാസത്തിനും ഒരു അലങ്കാരമോ ?

മറ്റു ജില്ലയില്‍ നിന്നും ഭിന്നമായി കാസറഗോഡ് ജില്ലയില്‍ മാത്രം പരക്കെ കണ്ടുവരുന്ന ഒരു മുസ്ലിം വേഷവിധാനമാണ് മുഖം മൂടി അണിഞ്ഞുള്ള പർദ.ഇസ്ലാം നിഷ്ക്കർഷിക്കാത്ത ഈ വേഷത്തെ അന്യരാജ്യത്ത് നിന്നും നമ്മുടെ നാട്ടിലെ സ്ത്രീകൾ കടംകൊണ്ടതിലൂടെ ഇതുമറയാക്കി അനാശ്യാസവും നഗരത്തിൽ കൂടിവന്നു.മുഖാവരണം ധരിച്ചാൽ എന്തുമാവാം ,ആരും തിരിച്ചറിയില്ല എന്ന സ്ഥിതിവിശേഷമാണു ഇന്ന്.

മുഖവും,മുൻകൈയും ഒഴിവാക്കിയുള്ളതാണു ഇസ്ലാമികവസ്ത്രരീതി എന്നു സമ്മതിക്കുന്നവർ തന്നെ മുഖം മൂടിയെ ന്യായീകരിക്കുന്നതു കാണുമ്പോഴാണു വിചിത്രമായി തോന്നുന്നത്. ഇസ്ലാമിക വേഷവിധാനത്തിൽ മുഖം മറക്കൽ നിർബന്ധമാക്കിയിട്ടില്ലെന്നു പ്രമുഖരായ പലപണ്ഡിതരും അഭിപ്രായപ്പെട്ടിട്ടുണ്ട്.
പിന്നെ എങ്ങനെയാണു നമ്മുടെ നഗരത്തിൽ ഈ ‘വിചിത്ര വേഷം’ എത്തപ്പെട്ടത് ?
പഴയ കാലത്ത് അറേബ്യൻ നാടുകളിൽ മണൽകാറ്റിനെ പ്രതിരോധിക്കാൻ ജനങ്ങൾ തലയിൽ നിന്നും തട്ടം മുഖത്തേക്കു താഴ്ത്തിയിട്ടിരുന്നതായി ചരിത്രം പറയുന്നു.പിന്നീട് ഹൈദരാബാദിൽ കുടിയേറിയ യമൻ വംശജരുടെ പിൻതലമുറക്കാരും ഈ രീതി തുടർന്നിരുന്നു. പക്ഷേ, കേരളത്തിൽ ഇത് മറ്റൊരു ജില്ലയും സ്പർശിക്കാതെ നേരിട്ട് കാസറഗോഡ് മാത്രം എത്തപ്പെട്ടതിന്റെ ഗുട്ടൻസാണു ഇനിയും പിടികിട്ടാതെപോകുന്നത്.

മതം നിഷ്ക്കർഷിക്കാത്ത മുഖം മൂടി ധരിക്കുന്നത് കൊണ്ട് ഗുണമൊന്നും എടുത്തു പറയാനില്ല.മറിച്ചു ദോഷം ഏറെയുണ്ടു താനും. ദിനംപ്രതി മാധ്യമങ്ങളിലൂടെ നാം അതറിയുന്നു.
“നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മുഖം മൂടി പർദ്ദ ധരിച്ചു മുസ്ലിം സ്ത്രീയുടെ പാസ്പോർട്ടുമായി യാത്ര ചെയ്യാനെത്തിയ ക്രിസ്ത്യൻ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.“
“മുഖം മൂടി പർദ്ദ ധരിച്ച് സ്ത്രീകളുടെ സീറ്റിലിരുന്ന കൌമാരക്കാരനെ യാത്രക്കാർ കൈകാര്യം ചെയ്തു“.
“പർദ്ദയണിഞ്ഞ് ഓണത്തിരക്കിനിടയിൽ സ്ത്രീകളുടെ മാല കവരാൻ ശ്രമിച്ച തമിഴ് സ്ത്രീകളെ പോലീസ് പിടികൂടി.”അവരും മുഖം മൂടി അണിഞ്ഞിരുന്നു.
മംഗലാപുരത്ത് ജ്വല്ലറിയിൽ വന്ന സ്ത്രീകൾ തിരക്കിനിടയിൽ രണ്ടുപവന്റെ വള എടുത്ത് കടന്നു കളഞ്ഞു.ജ്വല്ലറിയിലെ ക്യാമറായിൽ ചിത്രം പതിഞ്ഞിട്ടും ജീവനക്കാർക്കോ,പോലീസിനോ ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ല.കാരണം വ്യക്തം,രണ്ടു സ്ത്രീകളും മുഖാവരണം അണിഞ്ഞിരുന്നുവത്രെ.

ഇതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും പറഞ്ഞ് മുഖാവരണത്തെ ന്യായീകരിക്കുന്നവർക്ക് ആശ്വാസിക്കാൻ ശ്രമിക്കാം.പക്ഷേ ഈ ‘ഒറ്റപ്പെട്ട’സംഭവങ്ങളും സമുദായത്തിന്റെ മുഖത്തേക്കു കരിവാരി തേക്കപ്പെടുന്നു എന്നകാര്യം നാം കാണാതെപോകരുത്.

ഉത്തരേന്ത്യയിൽ തിരിച്ചറിയൽ കാർഡിനു ഫോട്ടോയെടുക്കാനെത്തിയ മുസ്ലിം സ്ത്രീയോട് മുഖാവരണം മാറ്റാൻ ആവശ്യപ്പെട്ടപ്പോൾ അവർ വിസമ്മതിച്ചതും,ഒടുവിൽ പ്രശ്നം കോടതിയിലെത്തിയതും ഈ അടുത്ത കാലത്ത് നാം കേട്ട വാർത്തയാണ്.
‘മുഖാവരണം നീക്കാൻ പറ്റില്ലെങ്കിൽ തിരിച്ചറിയൽ കാർഡ് എടുക്കാതിരിക്കുന്നതാണു ഉചിതം‘. എന്നാണ് കോടതി അഭിപ്രായപ്പെട്ടത്.

മുഖാവരണമണിയുന്ന പർദ്ദ മറയാക്കി സമൂഹത്തിൽ കുറ്റക്രത്യങ്ങൾ കൂടിവരുമ്പോൾ നിയമം മൂലം ഈ വേഷം നിരോധിക്കപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.അതിനുമുമ്പായി നാം ഇതു വർജ്ജിക്കുകയാണു വേണ്ടത്.മതം നിഷ്കർഷിക്കാത്ത വേഷത്തെ മതത്തിന്റെ പേരിൽ വരവുവെച്ചതാണു നമുക്കു പറ്റിയ അബദ്ധം.അതു തിരിച്ചറിഞ്ഞ് ഈ മുഖാവരണത്തെ അറബിക്കടലിലേക്ക് വലിച്ചെറിയേണ്ട സമയം സംജാതമായിരിക്കുന്നു. ഇനിയും വൈകിയാൽ സമൂഹത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് ഒരുപക്ഷേ അതു വഴിവെച്ചേക്കാം.
ഇതൊക്കെ മുൻകൂട്ടി കണ്ടതുകൊണ്ടാവാം ശരീരം മറക്കാൻ നിർദ്ദേശിച്ചപ്പോഴും മുഖവും,മുൻകൈയും ഒഴിവാക്കാൻ പ്രവാചകൻ എടുത്തുപറഞ്ഞത്.

സമുദായത്തിലെ കാക്കത്തൊള്ളായിരം സംഘടനകൾ കീരിയും,പാമ്പുമായി പരസ്പരം കടിച്ചുകീറുമ്പോൾ നെല്ലും,പതിരും തിരിച്ചറിഞ്ഞു ഉപദേശിച്ചു കൊടുക്കാൻ നാഥനില്ലാതെ പോയതിന്റെ പതനമാണിത്. പ്ലസ് വണ്ണിനു പഠിക്കുന്ന കുട്ടിയെപ്പോലും മുഖം മൂടിയണിയിച്ചു ക്ലാസ്സിലേക്കു പറഞ്ഞയക്കുന്ന രക്ഷിതാക്കളുടെ ആത്മീയസംസ്കാരത്തിനു സംഭവിച്ച പതനം.
മുഖാവരണം ആഭിജാത്യത്തിന്റെ അടയാളമല്ല , അരാജകത്തത്തിന്റെ നേർകാഴ്ചയാണ്.അനാചാരത്തിന്റെ പ്രതീകമാണത്.

6 അഭിപ്രായങ്ങൾ:

ബദ്റുദ്ധീന്‍ കുന്നരിയത്ത് പറഞ്ഞു...

മുസ്ലിം സ്ത്രീകള്‍ പര്‍ദ്ദ ധരിക്കുന്നതിനു നിങ്ങള്‍ എന്തിനാണ് മുറവിളി കൂട്ടുന്നത്‌ ? പര്‍ദ്ദ ധരിക്കാന്‍ ആഗ്രഹമില്ലാത്ത സ്ത്രീകള്‍ അത് ധരിക്കേണ്ട. പര്‍ദ്ദ ധരിക്കുന്നവര്‍ ധരിച്ചോട്ടെ.
" ബുര്‍ക്ക ധരിക്കണമെന്ന നിയമമാണ്‌ സൗദിയിലുള്ളത്‌. അവിടെ ബുര്‍ക്കധരിച്ച സ്ത്രീകള്‍ അന്യപുരുഷന്മാരോടൊപ്പം ഡെയ്റ്റിങ്ങിനുപോയാലും ആരും തിരിച്ചറിയില്ല. അത്തരം സംഭവങ്ങളവിടെ നിത്യസംഭവമാണ്‌",എന്ന് ചിലര്‍ വാദിക്കുന്നു.
അവരോടൊന്ന് ചോദിച്ചോട്ടെ,ബുര്‍ക്ക ധരിക്കാത്ത, സാരിയുടുത്ത സ്ത്രീകളും ഡെയ്റ്റിങ്ങിനു പോകാരുണ്ടല്ലോ,അപ്പൊ സാരിയും ചുരിദാറും ഒക്കെ നിരോധിക്കേണ്ടി വരുമല്ലോ..?
" ഉഷ്ണമേഖലയായ കേരളത്തില്‍ പാവം മുസ്ലീം സ്ത്രീകള്‍ കറുപ്പ് പര്‍ദ്ദയ്ക്കും ബുര്‍ക്കയ്ക്കും കീഴില്‍ വിയര്‍പ്പണിഞ്ഞ് ശ്വാസമ്മുട്ടി നടക്കുന്നു",എന്ന് മറ്റു ചിലര്‍ ഖേദം പ്രകടിപ്പിക്കുന്നു.പാവം മുസ്ലീം സ്ത്രീകള്‍ കറുപ്പ് പര്‍ദ്ദയ്ക്കും ബുര്‍ക്കയ്ക്കും കീഴില്‍ വിയര്‍പ്പണിഞ്ഞ് ശ്വാസമ്മുട്ടി നടക്കുന്നു പോലും. മുസ്ലിം സ്ത്രീകളോട് ഭയങ്കര കാരുണ്യം!വിയര്‍ക്കുന്നതിന്റെ പേരില്‍ ബുര്‍ക ഉപേക്ഷിക്കാന്‍ പറയുന്നവര്‍,പൊരിവെയിലത് പണിയെടുത്തു വിയര്‍പ്പോഴുക്കുന്നവരോടും,വെയില്‍ കൊണ്ട്തളര്‍ന്നുവീഴുന്നവരോടും,നിങ്ങള്‍ പണിയെടുക്കേണ്ട, പോയി പട്ടിണി കിടന്നു ചാവ് എന്ന്പറയുമോ? അല്ലെങ്കില്‍പണിയെടുക്കേണ്ട മൂന്നു നേരം ഭക്ഷണവും വസ്ത്രവും വീട്ടില്‍കൊണ്ടുത്തരാം എന്ന് പറയുമോ?
"ബുര്‍ക്ക ധരിച്ച്‌ സ്ത്രീകളുടെ ഇടയിലേക്ക്‌ ചേക്കേറി പല അതിക്രമങ്ങളും മറ്റും നടത്തുന്നു" എന്ന് വാദിക്കുന്നവരും ഉണ്ട്. അങ്ങിനെയാണെങ്കില്‍ ,
സ്വാമി വേഷത്തില്‍ വീടുകളില്‍ വന്നു പലരും പല തട്ടിപ്പുകളും നടത്താരുണ്ടല്ലോ?
എങ്കില്‍ സ്വമിമാരോദ് അവരുടെ വസ്ത്ര രീതി ഉപേക്ഷിക്കാന്‍ പറയുമോ?
പോലീസ് വേഷത്തില്‍ വന്നു ആള്‍കാര്‍ തട്ടിപ്പ് നടതുന്നല്ലോ? അപ്പോള്‍ പോലീസ് യുണിഫോം
ഉപേക്ഷിക്കണമെന്ന് പറയുമോ?
മഞ്ഞ കണ്ണട വെച്ചാല്‍ കാണുന്നതെല്ലാം മഞ്ഞ യായിരിക്കും എന്ന പോലെ,മുസ്ലിം വിരോധം മനസ്സില്‍ കൊണ്ട് നടക്കുന്നവര്‍, കാണുന്നതിനെയെല്ലാംവെറുതെ എതിര്‍ത്ത് സംഭാവമാക്കും.അവരുടെ ഈ മഞ്ഞ സ്വഭാവം ഒരിക്കലും മാറുകയില്ല ,
കാരണം അത് അവരുടെ ചോരയില്‍ അലിഞ്ഞു ചേര്‍ന്ന് പോയി.
ഇന്ത്യന്‍ വിമാനം റാഞ്ചി കൊണ്ടുപോയി കാന്തഹാറില്‍ ഇറക്കിയ തീവ്രവാദി,തണുപ്പ് കാലത്ത് ഉപയോഗിക്കുന്ന, കണ്ണ് മാത്രം കാണുന്ന,മങ്കി തൊപ്പി ഇട്ടു നില്‍കുന്നഫോട്ടോ കള്‍ നമ്മള്‍ പത്രങ്ങളില്‍ കണ്ടതാണ്. എന്നിട്ട്, കണ്ണ് മാത്രം കാണുന്നആ തൊപ്പിസര്‍ക്കാര്‍ നിരോധിച്ചോ? തീവ്രവാദി ആ തൊപ്പിയെ മുഖം മറക്കാന്‍ ഉപയൊഗിച്ചു എന്ന് വെച്ച്,ലോകത്താരും അത് ഉപയോഗിക്കരുതെന്ന് പറയാന്‍ പറ്റുമോ?
അതുപോലെ, ബുര്‍ക യെ ഏതെങ്കിലും തെമ്മാടികള്‍ കുറ്റ കൃത്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്ന് പറഞ്ഞുനിരോധിക്കുന്നത് അംഗീകരിക്കാന്‍ കഴിയുമോ?അങ്ങിനെയാണെങ്കില്‍, കമ്പ്യുട്ടറും മൊബൈലും ആദ്യം നിരോധിക്കേണ്ടി വരും.

ക്ഷമിക്കണം,കന്യാസ്ത്രീകള്‍ ധരിക്കുന്ന വസ്ത്രവും ബുര്‍ക
പോലത്തെയാണ്.കറുപ്പ്നിറമല്ല എന്ന്മാത്രം.അതാരും പ്രശ്നമാക്കുന്നില്ലല്ലോ?
badarkunnariath
http://www.badruism.com/2010/05/blog-post.html?showComment=1273510070842

MOIDEEN ANGADIMUGAR പറഞ്ഞു...

അല്ല സ്നേഹിതാ..മുകളിൽ താങ്കൾ വായിച്ച ലേഖനം ബുർക്കക്കെതിരെയുള്ളതല്ല.തീർത്തും ഇസ്ലാമികമല്ലാത്ത മുഖാവരണത്തിനെതിരേയുള്ള വിമർശനമാണ്.
ലോകപ്രശസ്ത ഇസ്ലാമിക പണ്ഡിതൻ യൂസഫൽ ഖറദാവിയെപ്പോലുള്ള പ്രമുഖർ മുഖാവരണം ഇസ്ലാമിൽ നിർബന്ധമാക്കിയിട്ടില്ലെന്നു അഭിപ്രായപ്പെട്ടിട്ടുണ്ട്.

Unknown പറഞ്ഞു...

ഇസ്ലാമിൽ സ്ത്രീകള്‍ക്ക് മുഖവും മുന്കൈയും ഒഴികെയുള്ള ഭാഗങ്ങള്‍ മാത്രമേ മറക്കാന്‍ കല്പ്പിക്കപ്പെട്ടിട്ടുള്ളൂ . അത് നിസ്കരിക്കുമ്പോൾ

അന്യ പുരുഷന്റെ മുന്നിൽ മുഖം മറക്കണമെന്ന് തന്നെയാണ് ഇസ്ലാം കൽ‌പ്പിക്കുന്നത്

baiju പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
ബദ്റുദ്ധീന്‍ കുന്നരിയത്ത് പറഞ്ഞു...

സുഹുര്ത്തെ...പര്ധയെയും മുഖാവരനത്തെയും എതിര്‍ക്കാന്‍ വേണ്ടി പര്ധ വിരോധികളായ അമുസ്ലിമ്കള്‍ പല കള്ള വാദങ്ങളും നിരത്താറുണ്ട്. അതിലെ പൊള്ളത്തരങ്ങള്‍ മനസ്സിലാക്കാതെ താങ്കളും അതിനെ ഏറ്റു പിടിക്കുകയാണെന്ന് മനസ്സിലായി.
>>>പഴയ കാലത്ത് അറേബ്യൻ നാടുകളിൽ മണൽകാറ്റിനെ പ്രതിരോധിക്കാൻ ജനങ്ങൾ തലയിൽ നിന്നും തട്ടം മുഖത്തേക്കു താഴ്ത്തിയിട്ടിരുന്നതായി ചരിത്രം പറയുന്നു<<<
താങ്കളും ഗള്‍ഫില്‍ തന്നെയാണല്ലോ ഉള്ളത്. ഇപ്പോള്‍ അവിടത്തെ സ്ത്രീകള്‍ എ സി യുള്ള വീട്ടില്‍ നിന്നും ഇറങ്ങിയാല്‍ എ സി യുള്ള കാറിലേക്ക്, എ സി യുള്ള കാറില്‍ നിന്നും ഇറങ്ങിയാല്‍ എ സി യുള്ള ഓഫീസ്, അല്ലെങ്കില്‍ എ സി യുള്ള ഷോപ്പിംഗ്‌ മാളുകള്‍ . ഇന്നത്തെ അവസ്ഥയില്‍ താങ്കള്‍ 'കണ്ടെത്തിയ' പോലെ മണല്‍ കാറ്റിനെ പ്രതിരോധിക്കാന്‍ മുഖത്ത് തുണി ഇടേണ്ട ആവശ്യം ഇല്ല. കാരണം അവര്‍ മണല്‍ കാറ്റ് കൊല്ലുന്നേ ഇല്ല. എന്നിട്ടും താങ്കള്‍ പറയുന്ന 'മുഖം മൂടി' ഇടുന്ന അറബി സ്ത്രീകള്‍ ഇല്ലേ? മണല്‍ കാറ്റ് കൊള്ളാത്ത ഇന്നത്തെ അവസ്ഥയിലും അവര്‍ മുഖം മറക്കുന്നതിന്റെ പൊരുള്‍ എന്ത്? താങ്കളുടെ കണ്ടെത്തല്‍ പോള്ളയാനെന്നതിനു വേറെ തെളിവിന്റെ ആവശ്യം ഉണ്ടോ?

Unknown പറഞ്ഞു...

മാധ്യമ പ്രവര്‍ത്തകരിലെ വര്‍ഗ്ഗീയ്‌വാദികളെ ജനമധ്യത്തില്‍ തുറന്നു കാട്ടെണ്ട സമയം അതിക്രമിച്ചു.
ഇത് വായിക്കുക..
റെയ്ഹാന: മാധ്യമ ബലിയാട്