2010, ഓഗസ്റ്റ് 27, വെള്ളിയാഴ്‌ച

റിയാന പര്‍ദ്ദയണിയാതിരിക്കുമ്പോള്‍

'റിയാന പര്‍ദ്ദ ധരിക്കാത്തതിന്‌ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തുന്നു. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം റിയാനയുടെ വീടിനു ഇപ്പോള്‍ പോലീസ്‌ കാവലുണ്ട്‌.' നല്ല വാര്‍ത്ത. ഈ അടുത്തകാലത്തൊന്നും ഇത്രയും നല്ല കൗതുകവാര്‍ത്ത വായിച്ചിട്ടില്ല.

ഒരാഴ്‌ചയോളമായി മാധ്യമങ്ങളില്‍ ഈ വിഷയം ഒറ്റയ്‌ക്കും, തെറ്റയ്‌ക്കും, പെട്ടികോളത്തിലും, കോളത്തിനു പുറത്തുമൊക്കെയായി അല്‌പസ്വല്‌പം കണാന്‍ തുടങ്ങിയിട്ട്‌.പക്ഷേ, വിശദവിവരം ദേ ഇപ്പോഴല്ലേ അറിയുന്നത്‌.

നമുക്കു റിയാനയുടെ വാക്കുകളിലേക്കുതന്നെ പോകാം.
'പര്‍ദ്ദ ധരിക്കാന്‍ ഇസ്ലാം ഒരിടത്തും പറയുന്നില്ല.പര്‍ദ്ദ ധരിക്കുന്നില്ലെങ്കിലും ഞാന്‍ ഒരു യഥാര്‍ത്ഥ മുസ്ലീമാണ്‌. അഞ്ച്‌ നേരം നിസ്‌കരിക്കുകയും, നോമ്പ്‌ അനുഷ്ടിക്കുകയും ചെയ്യുന്നു.ജീന്‍സും, ടോപ്പും ധരിക്കണമെന്നത്‌ എന്റെ ആഗ്രഹമാണ്‌, മൗലികാവകാശമാണ്‌. ഭീഷണിക്കു വഴങ്ങില്ല, പോരാടുക തന്നെ ചെയ്യും.'
ഹൊ സമ്മതിക്കുന്നു റിയാനയുടെ ചങ്കൂറ്റത്തെ .
റിയാനയ്‌ക്ക്‌ പര്‍ദ്ദ ധരിക്കാന്‍ ഇഷ്ടമില്ല. റിയാന പര്‍ദ്ദ ധരിക്കാത്തത്‌ കൊണ്ട്‌ റിയാനയുടെ ഉമ്മയ്‌ക്കോ, ഉപ്പയ്‌ക്കോ മകളോട്‌ യാതൊരു നീരസവുമില്ല. പിന്നെ ഈ ബന്ധുക്കള്‍ക്കെന്താ ഇക്കാര്യത്തില്‍ ഇത്ര ശ്വാസം മുട്ടാന്‍ ? അതാണു മാലോകര്‍ക്കു പിടികിട്ടാത്തത്‌. അല്ലെങ്കിലും ഈ ബന്ധുക്കളൊക്കെ ഇങ്ങനെയാ. എന്തിനും,ഏതിനും വരും, ഇടംകോലിടാന്‍. വെറുതെയല്ല ശ്രീകുമാരന്‍തമ്പി പണ്ട്‌ കുറിച്ചത്‌ , ബന്ധുക്കള്‍ ശത്രുക്കള്‍ എന്ന്‌.
റിയാന കൊച്ചുകുട്ടിയൊന്നുമല്ല. സിവില്‍ സര്‍വ്വീസ്‌ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന പക്വതയും, പാകതയും ഉള്ള പെണ്‍കുട്ടിയാ. ഈ ഭീഷണിപ്പെടുത്തുന്നവരോടൊക്കെ നാളെ അവള്‍ എണ്ണിയെണ്ണി പകരം ചോദിക്കും.

ഇനി നമുക്കു അല്‌പം കാര്യത്തിലേക്കു വരാം.
കേരളത്തില്‍ മറ്റൊരു ജില്ലയിലും കാണാത്ത വേഷവിധാനമാണു ഇപ്പോള്‍ കാസര്‍കോട്‌ ജില്ലയില്‍ കൂടുതല്‍ കണ്ടു വരുന്നത്‌. മുഖം മൂടി അണിഞ്ഞുള്ള പര്‍ദ്ദ. പര്‍ദ്ദ അണിഞ്ഞവരൊക്കെ നല്ലവരും, അല്ലാത്തവര്‍ മോശവുമാണെന്നുള്ള ഒരു പൊതുധാരണ കാസര്‍കോട്ടെ മുസ്ലിം സമൂഹത്തിനിടയില്‍ വളര്‍ന്നു വന്നിരിക്കുന്നു എന്നതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ്‌ ഈ റിയാന സംഭവം.

പര്‍ദ്ദയണിയിക്കാന്‍ മുന്നിട്ടിറങ്ങുന്നവരും, പര്‍ദ്ദയുടെ മഹാത്മ്യം വിളിച്ചു പറയുന്നവരും അറിഞ്ഞിരിക്കേണ്ട ഒരു വസ്‌തുതയുണ്ട്‌. പര്‍ദ്ദയുടെ മറവില്‍ നടക്കുന്ന അനാചാരത്തിന്റെയും, അനാശ്യാസത്തിന്റെയും പച്ചയായ കാഴ്‌ചകള്‍.അതിനു ദൂരെയൊന്നും പോകണ്ട. നമ്മുടെ കാസര്‍കോട്‌ നഗരത്തില്‍ അല്‌പനേരം വീക്ഷിച്ചാല്‍ മതി. മുഖം മൂടി പര്‍ദ്ദയണിഞ്ഞു ബസ്റ്റാന്റില്‍ 'ടൈം പാസ്സ്‌ ' ചെയ്യാന്‍ വരുന്ന 'ഇഞ്ഞ'മാരെക്കുറിച്ചു കേള്‍ക്കുന്ന കഥകളൊക്കെ എല്ലാം ശരിയായിക്കൊള്ളണമെന്നില്ലെങ്കിലും കുറേയൊക്കെ വാസ്‌തവമാണ്‌.
മുഖം മൂടി പര്‍ദ്ദയണിഞ്ഞാല്‍ കാര്യം സുഖമായി. ആരും തിരിച്ചറിയില്ല. ആങ്ങള ജോലി ചെയ്യുന്ന ചെരിപ്പുകടയില്‍ നിന്നും കാമുകനോടൊപ്പൊം പോയി ചെരിപ്പു വാങ്ങി നാടുവിട്ട പെങ്ങളെക്കുറിച്ച്‌ ഒരിക്കല്‍ ഒരു സഹൃത്ത്‌ പറഞ്ഞതോര്‍ക്കുന്നു. സ്വന്തം സഹോദരനു പോലും തിരിച്ചറിയാന്‍ കഴിഞ്ഞില്ല സഹോദരിയെ. ഇത്‌ പര്‍ദ്ദയുടെ ഗുണം, 'മുഖം മൂടി അണിയുന്നതിന്റെ ഗുണം'.

പര്‍ദ്ദയണിയുന്നതിനു ഇവിടെ ആരും എതിരല്ല. അണിയാതിരിക്കുന്നതിനും ആരും എതിരാവരുത്‌. റിയാനയ്‌ക്കു റിയാനയുടെ ഇഷ്ടം. അവള്‍ പറയുമ്പോലത്തന്നെ അതവളുടെ മൗലികാവകാശമാണ്‌. ഇതില്‍ ബന്ധുക്കള്‍ക്കോ, നാട്ടുകാര്‍ക്കോ കൈകടത്തേണ്ട ഒരാവശ്യവുമില്ല.
പിന്നെ, പര്‍ദ്ദ ഇസ്ലാമിക വേഷമാണ്‌. അതണിഞ്ഞേ തീരൂ എന്നു വാശി പിടിക്കുന്നവരോട്‌ പണ്ട്‌ ഉമ്മുമ്മ പറഞ്ഞ ഒരു ഡയലോഗ്‌ പറയേണ്ടിവരും.
'ഓളെ ഖബറിലേക്ക്‌ നമ്മളും പോകുന്നില്ല, നമ്മളെ ഖബറിലേക്ക്‌ ഓളും വരുന്നില്ല' എന്ന്‌.

പ്രതികരണം വിവേകത്തോടെയല്ല എന്നുള്ളതാണു പലപ്പോഴും നമുക്കു പറ്റുന്ന പരാജയം.സഹിഷ്‌ണുത തീരേയില്ലാത്തവരാണെന്നു മറ്റുള്ളവരെക്കൊണ്ടു പറയിപ്പിക്കുന്നതും ഇതുകൊണ്ടു തന്നെയാണ്‌.നാളെ മാധ്യമങ്ങള്‍ അച്ചുനിരത്തും, 'പര്‍ദ്ദ ധരിക്കാത്തതിനു പെണ്‍കുട്ടിക്ക്‌ നേരെ മുസ്ലിം തീവ്രവാദികളുടെ വധഭീഷണി' എന്ന്‌.കേരളത്തിലെ സ്വതന്ത്ര രാഷ്ട്രീയ വാരിക ഇതില്‍ നിന്നും കവര്‍സ്‌റ്റോറിക്കുള്ള അണിയറ പ്രവര്‍ത്തനം ഇപ്പോള്‍ തുടങ്ങിക്കാണും.

മേല്‍പ്പോട്ടു നോക്കിതുപ്പിയാല്‍ തിരിച്ചു വീഴുന്നതു എവിടെയാണെന്നുള്ള സാമാന്യബോധം പോലും നമുക്കു എന്തുകൊണ്ടു ഇല്ലാതെ പോയി ?റിയാന പര്‍ദ്ദ ധരിക്കാത്തത്‌ കൊണ്ട്‌ ഇടിഞ്ഞു വീഴുന്നതല്ല സമുദായത്തിന്റ മാന്യതയെന്നു തിരിച്ചറിയാനുള്ള വിവേകം നമുക്കെന്നാണുണ്ടാവുക ?

5 അഭിപ്രായങ്ങൾ:

ബദ്റുദ്ധീന്‍ കുന്നരിയത്ത് പറഞ്ഞു...

>>>>പര്‍ദ്ദ ധരിക്കാന്‍ ഇസ്ലാം ഒരിടത്തും പറയുന്നില്ല.പര്‍ദ്ദ ധരിക്കുന്നില്ലെങ്കിലും ഞാന്‍ ഒരു യഥാര്‍ത്ഥ മുസ്ലീമാണ്‌. അഞ്ച്‌ നേരം നിസ്‌കരിക്കുകയും, നോമ്പ്‌ അനുഷ്ടിക്കുകയും ചെയ്യുന്നു.ജീന്‍സും, ടോപ്പും ധരിക്കണമെന്നത്‌ എന്റെ ആഗ്രഹമാണ്‌, മൗലികാവകാശമാണ്‌<<<<
എന്ന് റിയാന പറഞ്ഞ മണ്ടത്തരത്തെ താങ്കള്‍ ചങ്കൂറ്റം എന്ന് പറഞ്ഞു സമ്മതിക്കുന്നു.
റിയാന പര്ധ ധരിക്കുന്നില്ലെങ്കില്‍ അത് അവളുടെ ഇഷ്ട്ടം.എന്നാല്‍ ഇസ്ലാമില്‍ പര്ധ ധരിക്കാന്‍ പറഞ്ഞിട്ടുണ്ടെന്നു ഒരു മുസ്ലിം ആയ താങ്കള്‍ക്കു അറിയില്ലേ?
താങ്കളും അമുസ്ലിമ്കളുടെ വാക്കുകള്‍ കടം പറ്റുകയാണോ?
അന്യ പുരുഷന്മാര്‍ക്ക് ശരീര വടിവ് കാണാന്‍ പറ്റാത്ത രീതിയില്‍ ശരീരത്തെ മറക്കാന്‍ സ്ത്രീകളോട് ഇസ്ലാം ആഹ്വാനം ചെയ്യുന്നു.അതിനു പര്ധ നല്ലൊരു ഉപാധി ആയതുകൊണ്ട് സ്ത്രീകള്‍ അതിനെ ധരിക്കുന്നു.
അതില്‍ എന്താണ് തെറ്റുള്ളത്?ഒരു റിയാന പറഞ്ഞാല്‍ മതത്തിലെ കാര്യങ്ങള്‍ എങ്ങിനെ മാറ്റി മറിക്കാമോ?അവള്‍ക്കു വേണ്ടെങ്കില്‍ വേണ്ട,അവള്‍ എങ്ങിനെ വേണമെങ്കിലും നടന്നോട്ടെ ,അതിനെ താങ്ങിപ്പിടിക്കാന്‍ കുറെ പേരും.താങ്കളുടെ ചിന്താ ഗതികള്‍ എന്താ ഇങ്ങനെ?
>>>>റിയാനയ്‌ക്ക്‌ പര്‍ദ്ദ ധരിക്കാന്‍ ഇഷ്ടമില്ല. റിയാന പര്‍ദ്ദ ധരിക്കാത്തത്‌ കൊണ്ട്‌ റിയാനയുടെ ഉമ്മയ്‌ക്കോ, ഉപ്പയ്‌ക്കോ മകളോട്‌ യാതൊരു നീരസവുമില്ല. പിന്നെ ഈ ബന്ധുക്കള്‍ക്കെന്താ ഇക്കാര്യത്തില്‍ ഇത്ര ശ്വാസം മുട്ടാന്?<<<
ഉമ്മയും ഉപ്പയും തെറ്റിനെ അനുകൂലിച്ചാല്‍ തെറ്റ് ചെയ്യാം എന്ന് ആരാ പറഞ്ഞത്? നാളെ ആരെങ്കിലും മോഷണം നടത്തുകയും ഉമ്മക്കും ഉപ്പക്കും എതിര്‍പ്പ് ഇല്ലാത്തതു കൊണ്ട് നാട്ടുകാര്‍ക്ക് എന്താ എന്ന് താങ്കള്‍ പറയുമല്ലോ?
>>>>മുഖം മൂടി പര്‍ദ്ദയണിഞ്ഞു ബസ്റ്റാന്റില്‍ 'ടൈം പാസ്സ്‌ ' ചെയ്യാന്‍ വരുന്ന 'ഇഞ്ഞ'മാരെക്കുറിച്ചു കേള്‍ക്കുന്ന കഥകളൊക്കെ എല്ലാം ശരിയായിക്കൊള്ളണമെന്നില്ലെങ്കിലും കുറേയൊക്കെ വാസ്‌തവമാണ്‌.
മുഖം മൂടി പര്‍ദ്ദയണിഞ്ഞാല്‍ കാര്യം സുഖമായി. ആരും തിരിച്ചറിയില്ല. ആങ്ങള ജോലി ചെയ്യുന്ന ചെരിപ്പുകടയില്‍ നിന്നും കാമുകനോടൊപ്പൊം പോയി ചെരിപ്പു വാങ്ങി നാടുവിട്ട പെങ്ങളെക്കുറിച്ച്‌ ഒരിക്കല്‍ ഒരു സഹൃത്ത്‌ പറഞ്ഞതോര്‍ക്കുന്നു. സ്വന്തം സഹോദരനു പോലും തിരിച്ചറിയാന്‍ കഴിഞ്ഞില്ല സഹോദരിയെ. ഇത്‌ പര്‍ദ്ദയുടെ ഗുണം, 'മുഖം മൂടി അണിയുന്നതിന്റെ ഗുണം'.<<<<
വളരെ ദുഃഖം തോന്നുന്നു താങ്കളുടെ കണ്ടുപിടുതങ്ങളെ ക്കുറിച്ച് ഓര്‍ക്കുമ്പോള്‍! തെമ്മാടികള്‍ നല്ല കാര്യങ്ങളെ മറയാക്കി ചീത്ത കാര്യങ്ങള്‍ ചെയ്‌താല്‍ നല്ല കാര്യങ്ങളെ എതിര്‍ക്കുകയും പരിഹസിക്കുകയും ചെയ്യുന്നതില്‍ എന്ത് ന്യായമാനുള്ളത്?അങ്ങിനെയാണെങ്കില്‍ ലോകത്തുള്ള എല്ലാ കാര്യങ്ങളും എതിര്‍ക്കപ്പെടെണ്ടി വരുമല്ലോ? പോലീസ് വേഷത്തിലും, സാമി വേഷത്തിലും, കസ്റ്റംസിന്റെ വേഷത്തിലും, കന്യാസ്ത്രീയുടെ വേഷത്തിലും, പുരോഹിതന്മാരുടെ വേഷത്തിലും വന്നു തെമ്മാടികള്‍ തട്ടിപ്പുകള്‍ നടത്തുന്നത് പത്രങ്ങളിലൊക്കെ വായിക്കാരുല്ലതല്ലേ..? എന്നിട്ട് താങ്കള്‍ അത്തരം വസ്ത്ര രീതിയെ എതിര്തോ പരിഹസിച്ചോ ഒരു വാക്കെങ്കിലും എഴുതിയിട്ടുടാകുമോ?തെമ്മാടികള്‍ പരധ യെ മിസ്‌ യുസ് ചെയ്യുന്നുണ്ടാവാം..അത് കൊണ്ട് പരധ യെ പരിഹസിക്കുന്നതിനു പിന്നിലെ മനശാസ്ത്രം എന്ത്? പരധ വിരോധികളായ അമുസ്ലികള്‍ വിതറിയ കൊടിയ വിഷം താങ്കളിലും എത്തിയിരിക്കുന്നു.അള്ളാഹു കാത്തു രക്ഷിക്കുമാരാകട്ടെ.

MOIDEEN ANGADIMUGAR പറഞ്ഞു...

ലേഖനത്തിൽ റിയാനയുടെ വാദത്തെ ന്യായീകരിച്ചിട്ടില്ല.തീർത്തും യാഥാസ്തിക സമൂഹം വസിക്കുന്ന കാസറഗോഡ് പോലുള്ള നഗരത്തിൽ മുംബൈ,ബാംഗ്ലൂർ തുടങ്ങിയ മെട്രൊ നഗരങ്ങളിലെ വേഷവിധാനത്തോടെ ഒരു മുസ്ലിം പെൺകുട്ടി കറങ്ങി നടക്കുക എന്നത് അല്പം കടുപ്പംകൂടിയ കാര്യം തന്നെയാണ്.റിയാന പർദ്ദ ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യട്ടെ.അത് അവളുടെ ഇഷ്ടം.പക്ഷേ ചുറ്റുവട്ടത്തുള്ളവരുടെ വാക്കുകൾക്കു നേരെ അവൾ ‘കൊഞ്ഞനം‘ കുത്തരുതായിരുന്നു,
അവളെ, അവളുടെ പാട്ടിനു വിടുകയായിരുന്നു ഉചിതം. അതിനു പകരം ഭീഷണിപ്പെടുത്തി പർദ്ദ ധരിപ്പിക്കാൻ ശ്രമിച്ചതിനെയാണു ഞാൻ വിമർശിച്ചത്.
പർദ്ദയെയല്ല,മുഖാവരണം ധരിക്കുന്ന വേഷത്തെയാണു ലേഖനത്തിൽ വിമർശിച്ചത്. മുഖവും,മുൻകൈയും ഒഴിവാക്കിയുള്ളതാണു ഇസ്ലാമികവസ്ത്രരീതി എന്നു സമ്മതിക്കുന്നവർ തന്നെ മുഖം മൂടിയെ ന്യായീകരിക്കുന്നതു കണ്ടപ്പോഴാണു വിചിത്രമായി തോന്നിയത്.ഇസ്ലാമിക വേഷവിധാനത്തിൽ മുഖം മറക്കൽ നിർബന്ധമാക്കിയിട്ടില്ലെന്നു പ്രമുഖരായ പലപണ്ഡിതരും അഭിപ്രായപ്പെട്ടിട്ടുണ്ട്.
മറ്റു വേഷങ്ങളിൽ തട്ടിപ്പ് നടത്തുന്നവരുണ്ട്.പക്ഷേ അതു മാധ്യമങ്ങൾക്കു വേണ്ട.പ്രേക്ഷകരെ പിടിച്ചിരുത്താൻ കിട്ടുന്ന ഏറ്റവും നല്ല ഇര ഇവരാണ്.
മറ്റു വേഷങ്ങൾക്കൊന്നും ഈ സമുദായവുമായി വലിയ ബന്ധമില്ല.അതുകൊണ്ടു തന്നെ അതു ചർച്ച ചെയ്യപ്പെടുന്നില്ല.ഇസ്ലാമിൽ മാത്രാമേ നിർബന്ധമാക്കപ്പെട്ട ഒരു വേഷവിധാനമുള്ളു.അതുകൊണ്ടു തന്നെയാണു ആ വേഷമണിഞ്ഞു ചെയ്യുന്ന അശ്ലീലങ്ങൾ മാധ്യമങ്ങൾ വാർത്തയാക്കുന്നതും,സമൂഹം ചർച്ച ചെയ്യപ്പെടുന്നതും.ആ വേദന തന്നെയാണു ഈ ലേഖനത്തിനു പ്രൊചോദനവും.താങ്കളെപ്പോലുള്ളവർ അതു മനസ്സിലാക്കാതെ പോയതിൽ ഖേദമുണ്ട്.
മേല്‍പ്പോട്ടു നോക്കിതുപ്പിയാല്‍ തിരിച്ചു വീഴുന്നതു എവിടെയാണെന്നുള്ള സാമാന്യബോധം പോലും നമുക്കു എന്തുകൊണ്ടു ഇല്ലാതെ പോയി ?റിയാന പര്‍ദ്ദ ധരിക്കാത്തത്‌ കൊണ്ട്‌ ഇടിഞ്ഞു വീഴുന്നതല്ല സമുദായത്തിന്റ മാന്യതയെന്നു തിരിച്ചറിയാനുള്ള വിവേകം നമുക്കെന്നാണുണ്ടാവുക ?

ബദ്റുദ്ധീന്‍ കുന്നരിയത്ത് പറഞ്ഞു...

റിയാന യോട് മുഖാവരണം അണിയാന്‍ പറഞ്ഞതിനാണോ, അതോ പരധ ധരിക്കാന്‍ പറഞ്ഞതിനാണോ കോടതിയില്‍ കേസ് കൊടുത്തത്, സുഹുര്‍തെ?

Unknown പറഞ്ഞു...

ഇസ്ലാമിക വസ്ത്ര ധാരണം അടിമത്തത്തിന്‍റെ അടയാളമല്ല പ്രത്യുത ആഭിജാത്യത്തിന്‍റെ
അടയാളമാണ് എന്ന് അല്‍പം ചിന്തിച്ചാല്‍ ബോധ്യാകും. മുഖവും മുന്‍കൈയ്യും
ഒഴികെയുള്ള എല്ലാ ശരീര ഭാഗങ്ങളും മറക്കണമെന്ന് ഇസ്‌ലാം സ്ത്രീയോട്
കല്പിക്കുന്നു എന്നത് ശരിയാണ്. എന്തിനാണ് ഈ കല്‍പന? സ്ത്രീയെ
അടിമത്തത്തിന്‍റെ കാരാഗ്രഹത്തിലടക്കുകയോ സുരക്ഷിതത്വത്തിന്‍റെ താഴ്വരയില്‍
വിഹരിക്കാന്‍ അനുവദിക്കുകയോ എന്താണ് ഈ കല്‍പന ചെയ്യുന്നത്? ഇസ്ലാമിക
വസ്ത്രധാരണം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഖുര്‍ആന്‍ സൂക്തങ്ങള്‍ ഈ
ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കുന്നുണ്ട് അത് ഇങ്ങനെയാണ്



”നബിയെ, താങ്കളുടെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെ മേല്‍ താഴ്ത്തിയിടാന്‍ പറയുക. അവര്‍ തിരിച്ചറിയപ്പെടാനും അങ്ങനെ അവര്‍ ശല്യം
ചെയ്യപ്പെടതിരിക്കാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ
പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു ”.(33:59).

“സത്യവിശ്വസിനികളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുരക്ഷിക്കുവാനും അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ചു മറ്റൊന്നും വെളിപ്പെടുത്തതിരിക്കുവാനും നീ പറയുക.
അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക് മീതെ അവര്‍ താഴ്ത്തിയിട്ടു
കൊള്ളട്ടെ”.(24:31)

“പഴയ അജ്ഞാന കാലത്തെ സൗന്ദര്യപ്രകടനം പോലുള്ള സൗന്ദര്യപ്രകടനം നിങ്ങള്‍ നടത്തരുത് ”(33:33)

സ്ത്രീയോട് മാന്യമായ വസ്ത്രധാരണ രീതി സ്വീകരിക്കാന്‍ കല്പിച്ചതിനു പിന്നിലുള്ള ലക്ഷ്യങ്ങള്‍ ഈ സൂക്തങ്ങളില്‍ നിന്ന് സുതരാം വ്യക്തമാണ് .

1-തിരിച്ചറിയപ്പെടുക.

2-ശല്യം ചെയ്യപ്പെടതിരിക്കുക

Unknown പറഞ്ഞു...

മാധ്യമ പ്രവര്‍ത്തകരിലെ വര്‍ഗ്ഗീയ്‌വാദികളെ ജനമധ്യത്തില്‍ തുറന്നു കാട്ടെണ്ട സമയം അതിക്രമിച്ചു.
ഇത് വായിക്കുക..
റെയ്ഹാന: മാധ്യമ ബലിയാട്